അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പ്രഭാഷണങ്ങളിലൂടെയും ചര്‍ച്ച ചെയ്യപ്പെട്ട ഡോ.രജത്കുമാര്‍ ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ സെക്കന്‍ഡിന്റെ വേദിയില്‍ വെച്ച് സഹ മത്സരാര്‍ഥിയായ രേഷ്മ രാജന്റെ കണ്ണില്‍ മുളക് തേച്ചിരുന്നു, തുടര്‍ന്ന് രജിത് കുമാറിനെ മത്സരത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും രേഷ്മ രാജനെതിരെ രജിത് ആര്‍മി എന്ന് വിളിച്ചിരുന്ന കൂട്ടര്‍ സൈബര്‍ അറ്റാക്ക് നടത്തിയിരുന്നു. മാസങ്ങള്‍ക്ക് ശേഷവും തന്റെ സോഷ്യല്‍ മീഡിയകളില്‍ മോശം കമന്റുകളുമായി അതേ കൂട്ടര്‍ എത്തുന്നുവെന്ന് രേഷ്മ പറയുന്നു. താന്‍ നേരിടുന്ന ട്രോമ പോലും കണക്കിലെടുക്കാതെ കണ്ണില്‍ മുളക് തേച്ചത് മാറ്റിപ്പറയുന്ന രജിത് കുമാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് താനെന്നും രേഷ്മ രാജന്‍ 'ദ ക്യൂ'വിനോട് പറഞ്ഞു.
നിയമനടപടി എന്തുകൊണ്ട് വൈകി രേഷ്മയുടെ പ്രതികരണം
മുളക് തേച്ചത് വലിയ ചര്‍ച്ചയായെങ്കിലും എനിക്ക് സപ്പോര്‍ട്ടായിട്ടുള്ള ചര്‍ച്ചകളല്ല ഉണ്ടായത്, എല്ലാ രീതിയിലും സൈബര്‍ അറ്റാക്കായിരുന്നു നടന്നത്, സ്ത്രീയെന്ന നിലയിലും അല്ലാതെയും എനിക്കും വീട്ടുകാര്‍ക്കുമെല്ലാം എതിരെ ആയിരുന്നു അറ്റാക്ക്. വളരെ കുറച്ച് പേര്‍ മാത്രമാണ് ഒപ്പം നിന്ന്ത്. അവിടെ നിന്ന്പുറത്ത് വരുമ്പോള്‍, ഹേറ്റ് ഗ്രൂപ്പുകളില്‍ വരുന്ന മെസേജ് അവള്‍ക്ക് മേല്‍ ചാണകവെള്ളം ഒഴിക്കണം, ആസിഡ് ഒഴിക്കണം എന്നൊക്കെയാണ്. കേരളത്തിലേക്ക് തിരിച്ചുവരരുത് എന്ന നിലയിലാരുന്നു അവിടെയെല്ലാം ക്യാമ്പയിനുകള്‍. സുരക്ഷ ഉറപ്പാക്കി നാട്ടിലേക്ക് വരണമെന്നാണ് കരുതിയിരുന്നത് എന്നാല്‍ ലോക്ഡൗണ്‍ വന്നത് കൊണ്ട് പെട്ടന്ന് തിരിച്ച് വരാന്‍ കഴിഞ്ഞില്ല, ഈ അടുത്താണ് തിരിച്ച് വന്നത്.. ആദ്യം അറിയാതെയാണ് കണ്ണില്‍ മുളക് തേച്ചത് എന്ന് പറഞ്ഞിരുന്നയാള്‍, നെടുമ്പാശേരിയില്‍ എത്തിയപ്പോള്‍ ലൈവില്‍ ഞാന്‍ പ്രൊവോക്ക് ചെയ്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞിരുന്നു ഇപ്പോഴിതാ ഒരു വ്‌ളോഗില്‍ വന്ന് പറഞ്ഞത് കവിളില്‍ മുളകിന്റെ വെള്ളം തേച്ചുവെന്നായി, നാളെ ചിലപ്പോള്‍ മുളക് തേച്ചിട്ടില്ലെന്നാവും അപ്പോള്‍ ഞാന്‍ കള്ളം പറയുന്നുവെന്നാവും. നടന്നത് നാട്ടുകാര് മുഴുവന്‍ കണ്ടതാണ്, ആ വീഡിയോ കാണാത്തതായി ആരുമില്ല, ഇനി എന്താണ് എനിക്ക് പ്രൂവ് ചെയ്യാനുള്ളത് എന്നറിയില്ല, കണ്‍മഷി എഴുതുന്ന പോലെയാണ് കണ്ണില്‍ മുളക് തേച്ചത്, എന്നിട്ട് അതെല്ലാം മാറ്റി പറയുന്നത് ഒരു പെണ്ണല്ലേ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് വിചാരിച്ചാണ്, അത് വിക്ടിമിനെ അപമാനിക്കലാണ്, അത് സഹിക്കാന്‍ കഴിയാത്തതാണ്