Special Report

കോടതികള്‍ മനസിലാക്കണം പ്രായമല്ല ലൈംഗികമായി അതിക്രമിക്കാന്‍ പറ്റുമോ എന്നതിന്റെ മാനദണ്ഡം

സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ പരാതി പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം സ്ത്രീപക്ഷ വിഷയങ്ങളിലെ ജുഡീഷ്യറിയുടെ നിലപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നതിലേക്കാണ് നയിക്കുന്നത്.

പരാതിക്കാരി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ചിത്രങ്ങളില്‍ നിന്നും പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തിയിട്ടുണ്ട് എന്ന് മനസിലാക്കുന്നു അതുകൊണ്ടു തന്നെ സെക്ഷന്‍ 354 എ നിലനില്‍ക്കില്ല എന്ന കോടതി പരാമര്‍ശമാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

'ശാരീരിക അവശതകളുള്ള എഴുപത് വയസ്സ് പ്രായമുള്ള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തി എന്നുപറയുന്നത് വിശ്വസിക്കാന്‍ കഴിയാത്തതാണ്,' എന്നുകൂടി കോടതി കൂട്ടിച്ചേര്‍ക്കുമ്പോള്‍, കോടതി വേട്ടക്കാരനൊപ്പമാണ് എന്ന വാദം ബലപ്പെടുകയാണ്. സമ്മതമില്ലാത്ത ലൈംഗിക ബന്ധമോ, സ്പഷ്ടമായ ലൈംഗികാതിക്രമ ശ്രമങ്ങളോ, ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള അഭ്യര്‍ത്ഥനകളോ നടന്നിട്ടുണ്ടെങ്കില്‍ ഈ വകുപ്പ് പ്രകാരം കേസെടുക്കാമെന്നുമാണ് കോടതി പറഞ്ഞത്.

സ്ത്രീപക്ഷ വിഷയങ്ങളെ കോടതി എങ്ങനെ സമീപിക്കണം, അത്തരം കേസുകളില്‍ പരാതിക്കാരിയായ സ്ത്രീക്ക് ലഭിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ പരിഗണന എന്താണ് തുടങ്ങി, നിയമവ്യവസ്ഥിതി ഇത്തരം കേസുകളില്‍ കേവല സാങ്കേതികത്വങ്ങളില്‍ നില്‍ക്കുന്നതിന് പകരം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നിലപാട് സ്വീകരിക്കണമെന്ന ചര്‍ച്ചകള്‍ നിരവധി പരാതികളില്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്.

മുംബൈ ഹൈക്കോടതി നേരത്തെ ഒരു പോക്‌സോ കേസില്‍ നടത്തിയ നിരീക്ഷണം ഇതുപോലെ വിവാദമായിരുന്നു. വസ്ത്രത്തിനു മുകളിലൂടെ ശരീരത്തില്‍ തൊടുന്നത് ലൈംഗികാതിക്രമമായി കാണാന്‍ കഴിയില്ല എന്ന ആ പരാമര്‍ശം സുപ്രീം കോടതിയില്‍ ഇന്നത്തെ ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. കോടതികള്‍ ഇത്തരത്തില്‍ നിര്‍മമതയോടുകൂടി പെരുമാറുന്ന സമയങ്ങളില്‍ നീതി തേടി ചെല്ലുന്ന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാകുന്നത്.

ജന്‍ഡര്‍ ട്രെയിനിങ് ഇല്ലാതെ ഒരാളും ഇത്തരം അധികാര പദവികളില്‍ ഇരിക്കാന്‍ പാടില്ല

'പ്രായമല്ല ലൈംഗികമായി അതിക്രമിക്കാന്‍ പറ്റുമോ ഇല്ലയോ എന്നതിന്റെ മാനദണ്ഡം. അത് പവര്‍ ആണ്. അധികാരം പ്രയോഗിക്കാന്‍ പറ്റുമോ ഇല്ലയോ എന്നുള്ളതാണ് കാര്യം. ഇത് ജഡ്ജിമാര്‍ അറിയേണ്ടതാണ്. എഴുപതുവയസ്സില്‍ ഒരാള്‍ക്ക് ലൈംഗികാതിക്രമം നടത്താന്‍ കഴിയില്ല എന്നത് എന്തൊരു വിചിത്ര വാദമാണ്,'' എന്ന് സംവിധായിക കുഞ്ഞില മാസിലാമണി ദ ക്യുവിനോട് പറഞ്ഞു.

ജന്‍ഡര്‍ ട്രെയിനിങ് ഇല്ലാതെ ഒരാളും ഇത്തരം അധികാര പദവികളില്‍ ഇരിക്കാന്‍ പാടില്ല.

'സെഷന്‍സ് കോടതികളിലെ ജഡ്ജിമാരെല്ലാം എങ്ങനെയാണ് ഉണ്ടായിവരുന്നത്? നടിയെ ആക്രമിച്ച കേസിലും ജഡ്ജിമാര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്. മദ്രാസ് ഹൈക്കോടതി അല്ലായിരുന്നോ താലിയുടെ പവിത്രതയെ കുറിച്ച് പറഞ്ഞത്?

ജുഡീഷ്യറിയില്‍ ഇത്രയും പ്രധാനപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്. ജന്‍ഡര്‍ ട്രെയിനിങ് ഇല്ലാതെ ഒരാളുമിത്തരം അധികാര പദവികളില്‍ ഇരിക്കാന്‍ പാടില്ല. സിവിക് ചന്ദ്രന്‍ കോടതിയില്‍ ഹാജരാക്കിയ ഫോട്ടോകള്‍ കണ്ടാണ് കോടതി പരാതിക്കാരി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തിയിട്ടുണ്ട് എന്ന് നിരീക്ഷിച്ചത്. എന്തിനാണ് സിവിക് ചന്ദ്രന്‍ ആ ഫോട്ടോ ഹാജരാക്കിയത് എന്ന് മനസിലാകുന്നില്ല. എന്ത് തെളിയിക്കാനാണത്? പെണ്‍കുട്ടിയുടെ ഫോട്ടോ കുറ്റാരോപിതന്‍ എന്തിനാണ് ഹാജരാക്കിയത് എന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഈ ഉപദേശം കൊടുത്ത വക്കീലുള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യപ്പെടണം,'' കുഞ്ഞില കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ ബില്‍ക്കിസ് ബാനു ഗാങ് റേപ്പ് കേസിലെ പതിനൊന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയ അതേ ദിവസം മറ്റൊരു സ്ത്രീ കേരളത്തില്‍ ഒരു കോടതിയില്‍ അപമാനിക്കപ്പെട്ടു.

ഇത്ര എളുപ്പത്തില്‍ കീഴ്‌മേല്‍ മറിക്കാന്‍ കഴിയുന്നതാണ് 354 ആം വകുപ്പ് എങ്കില്‍ ആ വകുപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലേക്കും, സ്ത്രീപക്ഷമാക്കുന്നതിലേക്കും സര്‍ക്കാര്‍ സംവിധാനങ്ങളെ നയിക്കുന്ന തരത്തിലേക്ക് ഈ ചര്‍ച്ചകള്‍ എത്തിക്കേണ്ടതുണ്ട് എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഇനിയും നീതി പ്രതീക്ഷിച്ച് എങ്ങനെ ഈ കോടതികളെ സമീപിക്കും എന്ന ആശങ്കകള്‍ ന്യായമുള്ളതാണ്.

'ഒരു വ്യക്തമായ വിചാരണ പോലുമില്ലാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് പ്രതി പറയുന്നതു മുഴുവന്‍ അതേപടി അംഗീകരിച്ചുകൊണ്ട് കോടതി നടത്തിയ ഈ പ്രതികരണം, കേവലം ജാമ്യാപേക്ഷയിലുള്ള വിധിയായി മാത്രം കണ്ടാല്‍ പോരാ. ഇത് ആ കേസിന്റെ വിധിയായി തന്നെ കണക്കാക്കാവുന്നതാണ്,'' എന്ന് സാമൂഹിക പ്രവര്‍ത്തക കെ. അജിത ദ ക്യുവിനോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട അതിജീവിതകളെ സമൂഹത്തിനു മുന്നില്‍ വിലകുറച്ച് കാണിക്കാന്‍ കഴിയുന്ന ഏകാധിപത്യ സ്വഭാവമുള്ള ഒരു വിധിയാണിത്.

ആ സിസ്റ്റര്‍ എന്ത് വസ്ത്രം ധരിച്ചിട്ടാണ് റേപ്പ് ചെയ്യപ്പെട്ടത്?

'വളരെ സ്ത്രീ വിരുദ്ധമായ വിധിയാണിത്, വസ്ത്രധാരണമാണ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് കാരണം എന്ന ആരോപണം എത്രയോ നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങള്‍. ആറ് മാസവും രണ്ടു വയസ്സും ഒക്കെയുള്ള കുട്ടികളും അതുപോലെ തന്നെ പ്രായമുള്ള മുത്തശ്ശിമാരും ഏത് വസ്ത്രം ധരിച്ചിട്ടാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത് എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ കേസെടുത്തോളു, ആ സിസ്റ്റര്‍ എന്ത് വസ്ത്രം ധരിച്ചിട്ടാണ് റേപ്പ് ചെയ്യപ്പെട്ടത്? വസ്ത്രധാരണം ഒരിക്കലും ഒരു കാരണമല്ല എന്ന് ഞാന്‍ അടിവരയിടുന്നു. ഇത് സ്ത്രീകള്‍ പുരുഷന്റെ ഉപഭോഗ വസ്തു മാത്രമാണെന്ന പുരുഷാധിപത്യ മനോഭാവത്തിന്റെ പ്രകടനമായിട്ടാണ് ഞാന്‍ കാണുന്നത്. സ്ത്രീപക്ഷ കേരളമെന്ന് വിശേഷിപ്പിക്കുന്ന ഈ കാലത്ത് ഇത്തരമൊരു വിധിയ്ക്കു ശേഷം എങ്ങനെ കേരളത്തില്‍ ഒരു സ്ത്രീ നീതിക്കു വേണ്ടി കോടതികളെ സമീപിക്കും? ' സാമൂഹിക പ്രവത്തക കെ. അജിത ചോദിക്കുന്നു.

'ആക്രമിക്കപ്പെട്ട അതിജീവിതകളെ സമൂഹത്തിനു മുന്നില്‍ വിലകുറച്ച് കാണിക്കാന്‍ കഴിയുന്ന ഏകാധിപത്യ സ്വഭാവമുള്ള ഒരു വിധിയാണിത്. പ്രതിയുടെ ശാരീരികാസ്വാസ്ഥ്യവും പ്രായവും പരാമര്‍ശിച്ച് സിംപതി പ്രകടിപ്പിക്കുന്നിടത്ത് കോടതി പ്രതിയോടൊപ്പമാണെന്ന് കൃത്യമായി പറയുകയാണ്,' അജിത പറഞ്ഞു.

സമൂഹത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള പ്രക്രിയയില്‍ കോടതിക്കുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്.

പലതരത്തിൽ പുതിയൊരു സാമൂഹിക ബോധം നിര്‍മ്മിക്കാന്‍ ശ്രമങ്ങൾ നടക്കുന്ന കാലത്ത് കോടതികള്‍ പിന്തിരിഞ്ഞുപോകുന്ന ഇത്തരം സംഭവങ്ങള്‍ സാമൂഹിക സംഘടനകളും വ്യക്തികളും കാലങ്ങളായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഒരു തരത്തില്‍ റദ്ദുചെയ്തുകളയാന്‍ കെല്‍പ്പുള്ളതാണ്. ഓരോ നീക്കവും വളരെ സൂക്ഷ്മമായി മാത്രം നടത്തേണ്ട, ഏറെ രാഷ്ട്രീയ ജാഗ്രത വേണ്ട ഇന്നത്തെ കാലത്ത് പിഴയ്ക്കുന്ന ഓരോ ചുവടും അപകടമാണ്, പുരുഷാധിപത്യ അധികാര സംവിധാനത്തിന് അത് ഊര്‍ജ്ജം നല്‍കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT