Special Report

'ചിരി'പരിഹരിക്കുമോ നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മഹത്യ?, 66പേരുടെ മരണം ഉയർത്തുന്ന ചോദ്യങ്ങൾ

കൊവിഡ് പ്രതിസന്ധിക്കിടെ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷവും ആത്മഹത്യ പ്രവണതയും കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ചിരി പദ്ധതി പ്രായോഗികമല്ലെന്ന് വിദഗ്ധര്‍. മാര്‍ച്ച് 25 ന് ശേഷം 66 കുട്ടികള്‍ ആത്മഹത്യ ചെയ്തതുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. 18 വയസ്സില്‍ താഴെയുള്ളവരാണ് ആത്മഹത്യ ചെയ്തത്. അഗ്‌നിശമന സേനാ വിഭാഗം മേധാവി ആര്‍ ശ്രീലേഖയെ വിഷയം പഠിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ഫോണ്‍ വഴി കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളെ ഗൗരവത്തില്‍ കൈകാര്യം ചെയ്യണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ത്?

കഴിഞ്ഞ ആഴ്ച്ച കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓണ്‍ലൈന്‍ ക്ലാസ് മനസിലാകാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. മുമ്പില്ലാത്ത വിധം നിയന്ത്രണങ്ങള്‍ വരുന്നത് കുട്ടികളെ മാനസികമായി തകര്‍ക്കുന്നുണ്ടെന്ന് കോഴിക്കോട് ഇംഹാന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ പി കൃഷ്ണകുമാര്‍ പറയുന്നു. കുട്ടികള്‍ക്ക് നേരെ കുടുംബത്തിനകത്ത് നിന്നുള്ള അതിക്രമങ്ങള്‍ ലോക്ഡൗണില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

66 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നത് ഗൗരവത്തോടെ കാണണം. കുട്ടികള്‍ക്ക് പുറത്തിറങ്ങനോ കളിക്കാനോ കഴിയുന്നില്ല,മാസ്‌ക് കെട്ടണം, തെടാന്‍ പാടില്ല തുടങ്ങിയ നിയന്തരണങ്ങളും കുട്ടികള്‍ക്ക് പുതിയ അനുഭവമാണ്. ഓണ്‍ലൈന്‍ ക്ലാസുകളോട് പെരുത്തപ്പെടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അത് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്.
ഡോക്ടര്‍ പി കൃഷ്ണകുമാര്‍

66 കുട്ടികള്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കണ്ടെത്തണമെന്നും അതിനെക്കുറിച്ച് പഠനം നടത്തണമെന്നും ഇന്‍ഫോക്ലിനിക്കിലെ ഡോക്ടര്‍ ജിതിന്‍ ടി ജോസഫ് പറയുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുകയും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍, അതിജീവിക്കാന്‍ ശ്രമിക്കുന്ന വിഭാഗത്തിനുള്ളില്‍ ആത്മഹത്യ കൂടുതലായി കാണുന്നത് ലോകത്താകമാനമുള്ള പ്രവണതയാണ്. ടീനേജ് പ്രായത്തിലുള്ള കുട്ടികള്‍ കൂട്ടുകാരുമായാണ് ഏറ്റവും കൂടുതല്‍ സമയം ഇടപെടാന്‍ ഇഷ്ടപ്പെടുന്നത്. വീട്ടുകാരുമായി മാനസികമായി അകന്ന് നില്‍ക്കുന്ന പ്രായമാണിത്. ആ ബന്ധങ്ങള്‍ നഷ്ടപ്പെടുന്നതും വീട്ടില്‍ ഒറ്റപ്പെട്ട് പോകുന്നതായിരിക്കും ആത്മഹത്യ കൂടാന്‍ കാരണമെന്നും ഡോക്ടര്‍ ജിതിന്‍ ടി ജോസഫ് ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് 'ചിരി'യാണോ മരുന്ന്

ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം കൂടിയെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ കുട്ടികളുടെ ആത്മഹത്യ, ആത്മഹത്യശ്രമം എന്നിവ സംബന്ധിച്ച് 9 കേസുകളാണ് ചൈല്‍ഡ് ലൈനിന് ലഭിച്ചത്. ഈമാസം 9ന് 26 കേസുകളാണ് ചൈല്‍ഡ് ലൈനിന് മുന്നിലെത്തിയത്. ഇതില്‍ ലൈംഗികാതിക്രമ പരാതി മൂന്നെണ്ണമാണ്. മാനസിക പീഡനവും ഉണ്ട്. എട്ടാം തിയ്യതി 24 പരാതികള്‍ ലഭിച്ചു. മദ്യപിച്ചും അല്ലാതെയും രക്ഷിതാക്കള്‍ ഉപദ്രവിക്കുന്ന പരാതികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

കുട്ടികള്‍ക്കെതിരെ വീടുകള്‍ക്കുള്ളിലും അടുത്ത ബന്ധുക്കളില്‍ നിന്നുമുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിയിട്ടുണ്ടെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നു. പൊതുഇടങ്ങളില്‍ കുട്ടികളെ പീഡിപ്പിക്കുന്നത് കുറഞ്ഞിട്ടുണ്ട്. 11നും 15 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് ലൈംഗിക പീഡന പരാതി നല്‍കിയത്. പെണ്‍കുട്ടികളാണ് കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത്.

പെണ്‍കുട്ടികളെ പ്രണയം നടിച്ച് ശാരീരികമായി ഉപദ്രവിക്കുന്നതും അത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതികളും ഈക്കാലയളവില്‍ കൂടുതലായി ലഭിച്ചിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും പൊലീസും ഇടപെടുന്നുണ്ടെങ്കിലും പരാതികള്‍ കുറയുന്നില്ല. കുട്ടികള്‍ ഗര്‍ഭിണികളായ സംഭവങ്ങളുമുണ്ടെന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ജൂണ്‍ മാസം മുതല്‍ പരാതികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

ഏറ്റവും അടുത്ത ബന്ധുക്കളില്‍ നിന്നുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളുമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകയായ അഡ്വക്കേറ്റ് സന്ധ്യ ജനാര്‍ദ്ദനന്‍പിള്ള ചൂണ്ടിക്കാണിക്കുന്നു. ഇതിനെ അതിജീവിക്കുകയെന്നത് കുട്ടികള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മുതിര്‍ന്നവര്‍ക്ക് നിസാരമായി തോന്നുന്ന കാര്യങ്ങളും കുട്ടികളെ സാരമായി ബാധിച്ചിട്ടുണ്ടാകാം.

മനശാസ്ത്രപരമായി മാത്രമല്ല ഇക്കാര്യത്തെ വിശകലനം ചെയ്യേണ്ടത്. സാമൂഹ്യതലത്തിലും ചര്‍ച്ച ചെയ്യപ്പെടണം. കുട്ടികളെ ആത്മഹത്യ ചെയ്യുന്നത് ചുറ്റും നില്‍ക്കുന്നവരുടെ പോരായ്മ കൊണ്ടാണ്. കുട്ടികളെ വളര്‍ത്തുന്ന രീതിയുടെ പ്രശ്നമാണ്. അവരെ കൂട്ടിപ്പിടിക്കേണ്ടത് ചുറ്റുമുള്ളവരാണ്. കുട്ടികള്‍ക്ക് ജീവിക്കാനുള്ള അന്തരീക്ഷം സമൂഹത്തിലും വീട്ടിലും ഒരുക്കേണ്ടത് മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്.
അഡ്വക്കേറ്റ് സന്ധ്യ

എന്താണ് പരിഹാരം

കുട്ടികളുടെ മാനസിക പ്രശ്നങ്ങളും ആത്മഹത്യ പ്രവണതയും ഇല്ലാതാക്കുന്നതിന് ശാസ്ത്രീയമായ വഴികള്‍ തേടണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മതിയാകില്ല. പ്രൊഷണലായിട്ട് ട്രെനിംഗ് ലഭിച്ചവര്‍ തന്നെ വേണം. ആത്മഹത്യ പ്രവണത ഇല്ലാതാക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമുള്ള വഴികളാണ് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതെന്നാണ് ഇവര്‍ നിര്‍ദേശിത്തുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആവശ്യത്തിന് വിദഗ്ധരില്ല എന്നതാണ് നേരിടുന്ന പ്രതിസന്ധി. അധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കണമെന്നാണ് ഉയരുന്ന നിര്‍ദേശങ്ങളിലൊന്ന്. സൈക്യാട്രിക് സോഷ്യല്‍വര്‍ക്കേഴ്സിനെയും സൈക്കോളജി വിദ്യാര്‍ത്ഥികളെയും ഇതിന്റെ ഭാഗമാക്കാം. ഓണ്‍ലൈനായിട്ടുള്ള ഹെല്‍പ് ലൈന്‍ സേവനം കാര്യക്ഷമമാക്കണം. സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരിക്കണം പദ്ധതി. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകമായി നിര്‍ദേശങ്ങള്‍ നല്‍കണം.

അടച്ചിടല്‍ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ ഇംഹാന്‍സ് നല്‍കിയിരുന്നു. ടെലിവിഷനും മൊബൈലും ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിര്‍ദേശം. രക്ഷിതാക്കളോ മുതിര്‍ന്നവരോ കുട്ടികള്‍ക്കൊപ്പം വീടിന് ചുറ്റും നടക്കണം. ചെറിയ തെറ്റുകള്‍ തിരുത്തുന്നത് കുറ്റപ്പെടുത്തിയാവരുത്. അവര്‍ക്ക് ആത്മവിശ്വാസം നല്‍കി കൊണ്ടായിരിക്കണം. ചെറിയ വഴക്കുകളും തെറ്റുകളും അവഗണിക്കുക, കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് നിര്‍ദേശിച്ചിട്ടുള്ളത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT