എറണാകുളം മഹാരാജാസ് കോളേജിൽ മാഗസിൻ പ്രകാശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഒരു കലാപരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വിദ്യാർത്ഥികൾ പങ്കുവെക്കുന്നു. കാമ്പസിലെ ആഘോഷവുമായി ബന്ധപ്പെട്ട വീഡിയോ പക്ഷേ ഒരുകൂട്ടം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എഡിറ്റ് ചെയ്ത് ഹോമോഫോബിയയും വിദ്വേഷവും ചേർത്ത് സംഘടിതമായി പ്രചരിപ്പിക്കുന്നു. വിദ്യാർഥികളെ തെറിവിളിച്ചും മഹാരാജാസ് കോളേജിനെ തന്നെ ആക്രമിച്ചും ഒന്നിന് പിറകെ ഒന്നായി സോഷ്യൽ മീഡിയ പോസ്റ്റുകളും കമന്റുകളും സൃഷ്ടിക്കപ്പെടുന്നു.
സമൂഹ മാധ്യമങ്ങളിലെ ക്വീർ വിരുദ്ധതയുടെ പ്രചാരണവും അതിന്റെ പേരിലുള്ള സൈബർ ബുള്ളിയിങ്ങും മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ മാത്രമല്ല നേരിടുന്നത്. എൽജിബിറ്റിക്യു പ്ലസ് കമ്മ്യൂണിറ്റിയിൽ ഉൾപെടുന്ന, അവരെ പിന്തുണക്കുന്ന, പൊതുവിടത്തിൽ അവർക്ക് വേണ്ടി സംസാരിക്കുന്ന. അവർക്കൊപ്പം നിൽക്കുന്ന മനുഷ്യർക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഈ ക്വീർ വിരുദ്ധർ പതുങ്ങിയിരിക്കുന്നുണ്ട്. സ്വന്തമായി പേരില്ലാത്ത വ്യാജ അക്കൗണ്ടുകൾ വഴി ക്വീർ വ്യക്തികളെ പിന്തുണക്കുന്ന എല്ലായിടത്തം ഇവർ ആക്രമണം നടത്തുന്നു.
സ്ത്രീ വിരുദ്ധത, ക്വീർ വിരുദ്ധത, പാട്രിയാർക്കിയെ ഉയർത്തിപിടിച്ച അഭിപ്രായ പ്രകടനങ്ങൾ എന്നിവ ഈ അക്കൗണ്ടുകളിലെല്ലാം കാണാം, ടോക്സിക് ദൈവമെന്നും, ടോക്സിക് പാട്രിയാർക്കെന്നും, ടോക്സിക് മല്ലുവെന്നും, ഹൈടെക് ദൈവമെന്നുമെല്ലാമുള്ള പേരുകളിൽ സ്വയം വിശേഷിപ്പിക്കുന്ന, അത് സ്വയം ആഘോഷിക്കുന്ന അക്കൗണ്ടുകൾ സമൂഹത്തിൽ എയ്ഡ്സ് പരത്തുന്നത് ക്വീർ സമൂഹമാണെന്ന തരത്തിൽ , വഴിപിഴച്ചു പോയവരെന്നും, ലൈംഗിക തൊഴിലിലേർപ്പെടുന്നവരെന്നും മുദ്രകുത്തി ക്വീർ മനുഷ്യരുടെ ഫോട്ടോയും വിഡിയോയും ഉപയോഗിച്ചുള്ള പ്രചരണങ്ങളും അവയുടെ ആഘോഷവും നടത്തിക്കൊണ്ടിരിക്കുന്നു.
മുൻപെങ്ങും കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ക്വീർ മനുഷ്യർ വ്യക്തിയധിക്ഷേപവും ആക്രമണങ്ങളും നേരിടുന്നുണ്ടെന്ന് ആക്ടിവിസ്റ്റ് ശീതൾ ശ്യാം പറയുന്നു. സംഘടിതമായ ശ്രമങ്ങളിലൂടെയും തുടർച്ചയായ പോരാട്ടങ്ങളിലൂടെയുമാണ് ഇന്നു കാണുന്ന തരത്തിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ക്വീർ മനുഷ്യർ എത്തിനിൽക്കുന്നത്. ക്ലബ് ഹൗസ് കാലം മുതൽ സംഘടിതമായി ക്വീർ കമ്യൂണിറ്റിക്കെതിരെ ആക്രമണം തുടങ്ങിയിട്ടുണ്ട്. ഇത് മാനസികമായി ക്വീർ മനുഷ്യരെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതിനെ ഒരു തരത്തിലുള്ള ഭീകര പ്രവർത്തനമായാണ് ക്വീർ സമൂഹം വിലയിരുത്തുന്നതെന്നും ഇത്തരം നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ തീവ്ര പാട്രിയാർക്കിയുടെ ഭാഗമാണെന്നും ശീതൾ ദ ക്യുവിനോട് പറഞ്ഞു.
നൂറിലധികം ഫേക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് കൂട്ടം ചേർന്ന് ക്വീർ വ്യക്തികളെയും അവരെ അനുകൂലിക്കുന്നവരേയും തേജോവധം ചെയ്യുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത് വർദ്ധിച്ചു വരുന്നു. ചെറുപ്പക്കാരായ ക്വീർ വ്യക്തികളും ഇവരെ അനുകൂലിക്കുന്ന സമൂഹിക പ്രവർത്തകരുമാണ് നിരന്തരം ഇവരുടെ ഇരകളായി മാറുന്നത്.ശീതൾ ശ്യാം
കേട്ടാലറയ്ക്കുന്ന വാക്കുകൾ കൊണ്ട് ഇക്കൂട്ടർ ക്വീർ വ്യക്തികളെ അവഹേളിക്കുകയാണ്. അവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അശ്ലീല പ്രചരണങ്ങൾ നടത്തി മാനസികമായി തകർക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഈ കാലയളവിൽ വർദ്ധിച്ചിട്ടുണ്ടെന്നും ശീതൾ കൂട്ടിച്ചേർത്തു.
കേരളത്തിൽ ആദ്യമായി ട്രാൻസ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്തത് എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു. ആറ് ട്രാൻസ് വിദ്യാർഥികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. യൂണിയൻ ട്രാൻസ് റപ്രസൻറേറ്റിവ്, പ്രൈഡ് ക്ലബുകൾ, ട്രാൻസ്ജൻ്റർ സെൽ എന്നിവയും ഈ ക്യാമ്പസിലുണ്ട്. ക്വീർ മനുഷ്യർക്കുള്ള കാമ്പസിലെ സ്വീകാര്യത മുൻപും സോഷ്യൽ മീഡിയയിൽ ബുള്ളി ചെയ്യപ്പെട്ടിട്ടുണ്ട്. ക്വീർ വിദ്യാർത്ഥികളെ മാത്രമല്ല ക്യാമ്പസിനെ ഒന്നടങ്കം അവഹേളിക്കുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ബുള്ളിയിംഗ് നടക്കുന്നതെന്ന് കോളേജ് യൂണിയൻ ചെയർ പേഴ്സൺ, തമീം ദ ക്യുവിനോട് പറഞ്ഞു. കോളേജ് മാഗസിൻ പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിയിലെ ഏതാനും ഭാഗങ്ങൾ അടർത്തിയെടുത്ത് റീലുകളാക്കി ക്യാമ്പസിനെതിരെ പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ മഹാരാജാസ് കോളേജ് ഒന്നടങ്കം പ്രതിഷേധം സംഘടിപ്പിക്കുകയും കോളേജിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഉന്നത വിദ്യാഭ്യാസമന്ത്രി അടക്കമുള്ള മേലധികാരികളിലേയ്ക്ക് പരാതി എത്തിക്കുകയും ചെയ്യുമെന്നും തമീം ദ ക്യുവിനോട് പറഞ്ഞു.
ക്വീർ പോലെ ഒരു മൈനോരിറ്റി വിഭാഗത്തിൻ്റെ പ്രശ്നങ്ങൾക്കു നേരെ അധികാര കേന്ദ്രങ്ങളിൽ നിന്നു വരുന്ന ഉദാസീനമായ നിലപാടുകൾ ഇതിനെതിരെ നിയമപോരാട്ടം നടത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആക്ടിവിസ്റ്റും ദിശയുടെ ഫൗണ്ടറുമായ ദിനു വെയിൽ പറയുന്നു. ഒരിക്കൽ ഫേക്ക് അക്കൗണ്ടുകൾ വഴി ഹരാസ്മെന്റ് നേരിട്ട ക്വീർ വ്യക്തികൾ പാലാരിവട്ടം പോലീസിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പൊലീസ് പരാതി രജിസ്റ്റർ ചെയ്യാതെ സൈബർ സെല്ലിന് വിട്ടു. ഒരു മാസത്തിന് ശേഷം സൈബർ സെൽ നൽകിയ മറുപടി ഫേക്ക് അക്കൗണ്ടുകളുടെ യൂസർ ഐഡി ഇൻസ്റ്റാഗ്രാമിൽ നിന്ന് ലീഗൽ എഗ്രിമെന്റ് ഇല്ലാതെ ലഭിക്കില്ലെന്നായിരുന്നു. സൈബർ സ്പേസിന് അകത്തുളള പോലീസിന്റെ ഉത്തരവാദിത്തക്കുറവും തുടർനടപടികൾ വൈകുന്നതുമാണ് പരാതികളിൽ സ്ഥിരമായി കാണുന്നതെന്നും ദിനു പറഞ്ഞു.
സമൂഹത്തിൻ്റെ മുൻനിരകളിൽ നിൽക്കുന്ന പ്രിവിലെജ്ഡ് ആയ വ്യക്തികൾക്കു നേരെ സൈബർഇടങ്ങളിൽ ഉണ്ടാകുന്ന അധിക്രമങ്ങൾ സമയബന്ധിതമായി ചോദ്യം ചെയ്യപ്പെടുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. കേരളത്തിൽ മഹാരാജാസ് കോളേജും അവിടുത്തെ ക്വീർ വിദ്യാർത്ഥികളും സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെടുമ്പോഴും കൃത്യ സമയത്ത് നിയമ നടപടികൾ ഉണ്ടാവാതെ പോവുന്നു. യു ജി സി റാഗിങ്ങുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിയമങ്ങളിൽ ലൈംഗികതയുടെ പേരിലുള്ള ബുള്ളിയിങ്ങിനെ കൃത്യമായി റാഗിംങ് എന്നുത്തന്നെയാണ് വിശേഷിപ്പിക്കുന്നത്.ദിനു വെയിൽ
നിരന്തരമായ പോരാട്ടങ്ങളിലൂടെ ക്വീർ ജനത നേടിയെടുത്ത ഇത്തരം അവകാശങ്ങൾ നിയമ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്നും ദിനു പറയുന്നു. യെസ് കേരള പോലെ യുവജന സംരക്ഷണം ബൈലോയുടെ ഭാഗമാക്കിയ സംഘടനകൾ ആരുടെ സംരക്ഷണമാണ് അവകാശപ്പെടുന്നത് എന്നത് കൗതുകകരമാണ്. ഹെട്രോനോമേറ്റിവ് ആയ യുവജനങ്ങളെ മാത്രം സംരക്ഷിക്കുന്ന രീതികളും വേദനാജനകമാണെന്നും ദിനു കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം ബുള്ളിയിങ്ങിന്റെ തുടർച്ച ഈ വർഷത്തെ മലപ്പുറത്ത് നടന്ന പ്രൈഡ് മാർച്ചിലും ഉണ്ടായിരുന്നു. പ്രൈഡ് ആഘോഷങ്ങൾക്ക് എതിരെ ഭരണ ഘടന വിരുദ്ധമായ പോസ്റ്ററുകൾ പ്രൈഡ് നടക്കുന്ന സ്ഥലങ്ങളിൽ ഒട്ടിച്ചിരുന്നു.
പരേഡിനെതിരെ തലേദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരെ സംഘാടകർ പൊലീസിൽ പരാതി നൽകിയിരുന്നു, പ്രൈഡ് മാർച്ച് നടക്കുന്നതിനിടെ അതിൽ പങ്കെടുത്തവർ പോസ്റ്ററുകൾ കീറിക്കളയാൻ ശ്രമിക്കുകയും തുടർന്ന് കുറച്ച് പേർ അത് തടയാനെത്തുകയും ചെയ്യുകയായിരുന്നു.
പ്രൈഡിനിടയിൽ മാസ്ക് ധരിച്ച് അഞ്ച് വ്യക്തികൾ പരേഡ് തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ശീതൾ ശ്യാം പറയുന്നു. മാസ്ക് മാറ്റി വരൂ ആളുകൾ നിങ്ങളെ കാണട്ടെ എന്നു പറഞ്ഞുവെങ്കിലും മാസ്ക് മാറ്റാൻ അവർ തയ്യാറായില്ല. തുടർന്ന് പോലീസ് എത്തി അഞ്ച് പേരെ അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ പോലീസ് പറഞ്ഞ മറുപടി ആയിരം പേരെ അറസ്റ്റ് ചെയ്യുന്നതിനേക്കാൾ എളുപ്പം അഞ്ചുപേരെ അറസ്റ്റ് ചെയ്യുന്നതാണ് എന്നായിരുന്നു. അതൊരു ശരിയായ പ്രസ്താവനയല്ലെന്നും ഇത്തരം പ്രസ്താവനകൾ വിരൽ ചൂണ്ടുന്നത് കേരളത്തിലെ ക്വീർ വിരുദ്ധ നിലപാടുകളിലേയ്ക്കാണെന്നും ശീതൾ കൂട്ടിച്ചേർത്തു.
സൈബർ ഇടങ്ങളിൽ വെറുപ്പ് പ്രചരണങ്ങൾക്കെതിരെ ഐ. ടി ആക്ടിന്റെ പരിധിയിൽ കേസ് എടുക്കാമെങ്കിലും ക്വീർ മനുഷ്യരുടെ കാര്യങ്ങളിലേക്ക് പോകുമ്പോൾ പൊലീസ് സംവിധാനത്തിന് മെല്ലെപ്പോക്ക് നയമാണ്. സംഘടിതമായി ആക്രമിക്കപ്പെടുമ്പോൾ പോലും അതിനെതിരെ നടപടി സ്വീകരിക്കാൻ കഴിയുമോയെന്ന് പോലും പലർക്കും അറിയില്ല. സൈബർ സ്പേസിൽ എഡിറ്റ് ചെയ്തും മറ്റും പ്രചരിപ്പിക്കുന്ന അധിക്ഷേപകരമായ പല വീഡിയോകളും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ മെന്റൽ ഹെൽത്തിനെ പോലും ബാധിക്കുന്നുണ്ട്. വെറുപ്പ് പ്രചരണത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന പല അക്കൗണ്ടുകൾക്കും കുട്ടികളടങ്ങുന്ന വലിയ ഫാൻ ഫോളോവിങ്ങുണ്ടെന്നതും യാഥാർത്ഥ്യമാണ്.