നൂറോളം വകുപ്പുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും പി.എസ്.സി മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങളുടെ ഏകീകൃത വിശദാംശങ്ങള്‍ ലഭ്യമാകുന്ന കേന്ദ്രീകൃത സംവിധാനം ഒരുക്കാത്തത് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കോപ്പുകൂട്ടാന്‍. നിയമനങ്ങള്‍ സംബന്ധിച്ച പൊള്ളയായ അവകാശവാദങ്ങള്‍ പൊളിയാതിരിക്കാനുമാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ യഥാര്‍ത്ഥ കണക്ക് പൊതുമധ്യത്തില്‍ അവതരിപ്പിക്കാന്‍ വിമുഖത കാട്ടുന്നത്. പി.എസ്.സി മുഖേനയോ അല്ലാതെയോ നടത്തുന്ന നിയമനങ്ങള്‍ സംബന്ധിച്ച് ക്രോഡീകരിച്ച കണക്ക് സൂക്ഷിക്കുന്നില്ലെന്ന് വിവരാവകാശ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ഇപ്പോള്‍ സര്‍വീസില്‍ എത്ര സ്ഥിര ജീവനക്കാരും വിവിധ തരത്തില്‍പ്പെടുന്ന താല്‍ക്കാലികക്കാരും ആശ്രിത നിയമനം ലഭിച്ചവരും ഉണ്ടെന്ന ഏകീകൃത കണക്ക് സൂക്ഷിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വ്യക്തമാക്കിയത്. എല്ലാ തരത്തിലുമായുള്ള ആകെ ജീവനക്കാരുടെ എണ്ണം പോലും വകുപ്പിന് വ്യക്തമാക്കാനായിട്ടില്ല. ഒഴിവുകളെക്കുറിച്ചും സ്ഥിര,താല്‍ക്കാലിക,ആശ്രിത നിയമനങ്ങളെക്കുറിച്ചും അതാത് വകുപ്പുകളോട് ചോദിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധീനതയിലുള്ള വകുപ്പ് കൈമലര്‍ത്തിയത്.
പിന്‍വാതില്‍ നിയമനം എളുപ്പമാകില്ല
ഓരോ വകുപ്പിലും മറ്റ് സ്ഥാപനങ്ങളിലും എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നോ. എത്ര സ്ഥിര, താല്‍ക്കാലിക, ആശ്രിത നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നോ പൊതുജനത്തിന് ഒരുമിച്ചറിയാന്‍ സംവിധാനമില്ലാത്തതിനാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എളുപ്പം സാധ്യമാകും. വഴിവിട്ട രാഷ്ട്രീയ ഇടപെടലുകളിലൂടെ എല്ലാകാലത്തും അനധികൃത നിയമനങ്ങള്‍ നിര്‍ബാധം നടക്കാറുണ്ട്. ഓരോ വകുപ്പിലെയും നിയമനങ്ങളുടെ സ്വഭാവം അതത് ഓഫീസുകളില്‍ ജോലിയെടുക്കുന്നവര്‍ക്കുപോലും കൃത്യമായി അറിയാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. നിയമനവിവരങ്ങള്‍ അനുദിനം പുതുക്കുന്ന ഏകീകൃത രീതി നടപ്പായാല്‍ പൊതുജനത്തിന് കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും. പൊതുപരിശോധന സാധ്യമാകുമ്പോള്‍ ക്രമക്കേടുകള്‍ ഒഴിവാക്കാനുമാകും. എന്നാല്‍ നിയമനപ്രക്രിയയില്‍ പഴുതുകള്‍ നിലനിര്‍ത്തേണ്ടത് മാറിമാറിവരുന്ന സര്‍ക്കാരുകളുടെ ആവശ്യമാണ്. ഏങ്കിലേ തങ്ങളുടെ സ്വന്തക്കാരെ തിരുകിക്കയറ്റാനും സ്ഥിരപ്പെടുത്താനും സാധിക്കുകയുള്ളൂവെന്ന് ഫെഡറേഷന്‍ ഓഫ് വേരിയസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ (ഫെറ) ആരോപിക്കുന്നു.
അവകാശ വാദങ്ങള്‍ അടപടലം പൊളിയും
കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിലായാല്‍ നിയമനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കാനാകില്ല. പി,എസ്,സി നിയമനമെന്നത് കേരളത്തില്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള സുപ്രധാന രാഷ്ട്രീയ വിഷയമാണ്. തങ്ങള്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയവരാണെന്ന് ഭരണപക്ഷവും പ്രതിപക്ഷവും മത്സരിച്ച് വാദിക്കുന്ന സ്ഥിതിയുണ്ട്. പി.എസ്.സി നല്‍കുന്ന നിയമന ശുപാര്‍ശകളുടെ എണ്ണമുയര്‍ത്തിയാണ് ഇരുപക്ഷവും അവകാശവാദം ഉന്നയിക്കാറ്. എന്നാല്‍ നിയമനശുപാര്‍ശകളുടെ എണ്ണവും യഥാര്‍ത്ഥ നിയമനവും തമ്മില്‍ വലിയ അന്തരമുണ്ട്. ആയിരം നിയമനശുപാര്‍ശകള്‍ നല്‍കിയാല്‍ പലപ്പോഴും അറുപത് മുതല്‍ എഴുപത് ശതമാനം വരെ നിയമനങ്ങളൊക്കെയേ നടക്കാറുള്ളൂവെന്ന് ഫെറ വ്യക്തമാക്കുന്നു.. കേന്ദ്രീകൃത സംവിധാനം അവതരിപ്പിച്ചാല്‍ കൃത്യമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിവരും. എത്ര ഒഴിവുകള്‍, നിയമനങ്ങള്‍, സ്ഥിരപ്പെടുത്തലുകള്‍, ആളെയെടുക്കുന്നതിന്റെ സ്വഭാവം എന്നിവയൊക്കെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. അങ്ങനെ വരുമ്പോള്‍ പൊള്ളയായ അവകാശവാദങ്ങള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കാനാകില്ല.
പ്രസിദ്ധീകരിക്കണമെന്നത് ഏറെനാള്‍ മുന്‍പുള്ള നിബന്ധന
ഓരോ സര്‍ക്കാര്‍ വകുപ്പുകളിലെയും തസ്തികകളുടെ എണ്ണം, ജീവനക്കാരുടെ വിശദാംശങ്ങള്‍ പ്രതീക്ഷിത ഒഴിവുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊതു വെബ്‌സൈറ്റിലോ അതത് വകുപ്പുകളുടെ വെബ്‌സൈറ്റിലോ മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ മുഖേനയോ പ്രസിദ്ധപ്പെടുത്തണമെന്ന് 2005 ലെ വിവരാവകാശ നിയമത്തിന്റെ നാലാം വകുപ്പില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നിട്ടും പൊതുമധ്യത്തില്‍ ഇവ ലഭ്യമല്ല. ക്രോഡീകരിച്ച കണക്ക് ലഭ്യമാക്കാന്‍ നടപടികളുമില്ല. ഇത്തരമൊരു പൊതു സംവിധാനം സര്‍ക്കാര്‍ തലത്തില്‍ സൃഷ്ടിക്കപ്പെടാന്‍ നിയമപോരാട്ടത്തിലാണ് ഫെഡറേഷന്‍ ഓഫ് വേരിയസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സുതാര്യതാ, ആധുനികവല്‍ക്കരണ വാദങ്ങള്‍ പാഴ്‌വാക്ക്
മന്ത്രിസഭാ നിര്‍ദേശം മുന്‍നിര്‍ത്തി, കാലാകാലങ്ങളില്‍,ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെടാറുണ്ട്. അതിനപ്പുറം ആകെ ഒഴിവുകളുടെ ക്രോഡീകരണമോ, അതില്‍ എത്ര നിയമനങ്ങള്‍ സാധ്യമായെന്നോയുള്ള പരിശോധന, ആധുനിക വല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന വകുപ്പ് നടത്താറില്ല. ഏകീകൃത വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അതത് വകുപ്പുകളെ സമീപിക്കണമെന്ന് നിര്‍ദേശിച്ച് കൈകഴുകുകയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര കമ്മീഷന്‍. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ സുതാര്യവും സുഗമവുമായ പ്രവര്‍ത്തനത്തിനുള്ള വകുപ്പായാണ് പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ചുവപ്പുനാടക്കുരുക്കില്ലാതെ സര്‍ക്കാര്‍ സേവനങ്ങളെ ലളിതമാക്കാനുള്ള ഉദ്യമമാണെന്നെല്ലാം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അവകാശപ്പെടുന്നു.സര്‍ക്കാരിന്റെ ആധുനികവല്‍ക്കരണത്തിനായുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കലുമാണ് ലക്ഷ്യമെന്നുമാണ് വാദം. എന്നാല്‍ സര്‍ക്കാരില്‍ എത്ര ജീവനക്കാരുണ്ടെന്ന ലളിതമായ ചോദ്യത്തിന് പോലും വകുപ്പിന് ഉത്തരമില്ല.