ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മധുരത്തോടൊപ്പം ജിഷ്ണുവിന്റെ ചിത്രമുള്ള കാര്‍ഡ് വിതരണം ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. എസ്എഫ്‌ഐ പ്രവര്‍ത്തകരായ അരുണ്‍ നാരായണന്‍, കിരണ്‍ നാരായണന്‍, ഗോവര്‍ധന്‍, ശ്രീരാജ് കെ, പ്രണവ് കൃഷ്ണന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് 'അന്വേഷണവിധേയമായി' സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
പഠിപ്പിച്ചുകൊണ്ടിരിക്കെ ക്ലാസില്‍ അതിക്രമിച്ചു കയറി അദ്ധ്യാപകരോട് കയര്‍ത്തു എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവിലുള്ളത്. ഇന്റര്‍വെല്‍ സമയത്താണ് മിഠായിയും കാര്‍ഡും വിതരണം ചെയ്തതെന്ന് അദ്ധ്യാപകന്‍ തന്നെ സമ്മതിക്കുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടു. ജിഷ്ണുവിനേക്കുറിച്ച് വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കുന്നതുപോലും മാനേജ്‌മെന്റിന് വൈരാഗ്യമുണ്ടാക്കുന്നെന്ന് നാലാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ അരുണ്‍ നാരായണന്‍ 'ദ ക്യൂ'വിനോട് പറഞ്ഞു.
ക്ലാസില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന വാദം തെറ്റാണെന്ന് അദ്ധ്യാപകന്‍ തന്നെ സമ്മതിച്ചു. ഇന്റര്‍വെല്‍ സമയത്താണ് ലഡുവും കാര്‍ഡും കൊടുത്തത്. മരിച്ചിട്ടും പോലും ജിഷ്ണുവിനെ വെറുതെ വിടുന്നില്ല. അവര്‍ എന്തിനാണ് ജിഷ്ണുവിനെ പേടിക്കുന്നത്? അരുണ്‍ നാരായണന്‍
ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ വരാന്തയില്‍ നിന്ന് വിതരണം ചെയ്യാന്‍ നോക്കി. അതും എതിര്‍ത്തപ്പോള്‍ കാന്റീനില്‍ പോയി. അദ്ധ്യാപകരും തങ്ങളില്‍ നിന്ന മധുരം വാങ്ങി കഴിച്ചിരുന്നു. എന്നിട്ടും സസ്‌പെന്‍ഷന്‍ വരാന്‍ കാരണം ജിഷ്ണുവിന്റെ ചിത്രമാണ്. മാനേജ്‌മെന്റ് ആവശ്യപ്പെട്ടതുപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയതെന്ന് അദ്ധ്യാപകന്‍ ജോജോ ജോര്‍ജ് തങ്ങളോട് പറഞ്ഞു. കാന്റീനില്‍ മധുരം വിതരണം ചെയ്ത രണ്ട് എബിവിപി പ്രവര്‍ത്തകരുടെ പേരും മാനേജ്‌മെന്റ് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ ഉള്‍പ്പെടുത്തി. മാനേജ്‌മെന്റ് മാതാപിതാക്കളെ വിളിച്ച് വിദ്യാര്‍ത്ഥികളേക്കുറിച്ച് മോശമായി സംസാരിച്ചെന്നും അരുണ്‍ ചൂണ്ടിക്കാട്ടി.
ജിഷ്ണുവിന്റെ മരണത്തേത്തുടര്‍ന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് സ്വീകരിച്ച പ്രതികാര നടപടികളുടെ തുടര്‍ച്ചയാണിത്. ജിഷ്ണുവിന്റെ സീനിയര്‍മാരായിരുന്ന അതുല്‍, ആഷിഖ്, വസീം എന്നിവരെ മൂന്നാം വര്‍ഷ പരീക്ഷകള്‍ മുഴുവന്‍ തോല്‍പിച്ചു. അതുലായിരുന്നു സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. ലാബ് എക്‌സാം തോറ്റാല്‍ പിന്നെ തിയറി എക്‌സാം കഴിയില്ല. ആരോഗ്യ സര്‍വ്വകലാശാലയുടെ അന്വേഷണകമ്മിറ്റി ഇവരെ മനപൂര്‍വ്വം തോല്‍പിച്ചതാണെന്ന് കണ്ടെത്തി. പ്രാക്ടിക്കല്‍ പരീക്ഷയില്‍ മനപ്പൂര്‍വ്വം തോല്‍പിച്ചെന്ന് തെളിഞ്ഞതിനേത്തുടര്‍ന്ന് കണ്ണൂര്‍ പരിയാരം കോളേജില്‍ പരീക്ഷാ കേന്ദ്രത്തില്‍ എഴുതിയാണ് അവര്‍ പാസായത്. മൂന്ന് പേരുടേയും ഒന്നര വര്‍ഷം ഇതുമൂലം നഷ്ടമായി. നെഹ്‌റു കോളേജ് അധികൃതര്‍ ഫാം ഡി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അതുലിനെ അനുവദിക്കില്ല. അതുല്‍ പരിയാരം ഫാര്‍മസി കോളേജിലേക്ക് ട്രാന്‍സ്ഫറിന് ശ്രമിക്കുകയാണ്. അതുലിനോട് സംസാരിക്കുന്നവരെപ്പോലും മാനേജ്‌മെന്റ് ഒറ്റപ്പെടുത്തുകയാണെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയ്. 17കാരനായ ജീഷ്ണുവിനെ 2017 ജനുവരി ആറിന് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കൂട്ടുകാര്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണുവിനെ രക്ഷിക്കാനായില്ല. കോപ്പിയടി ആരോപിച്ച് കോളേജ് അധികൃതര്‍ നടപടിയെടുത്തതിനേത്തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. കോളേജില്‍ ഇടിമുറിയും രക്തക്കറയും കണ്ടെത്തിയതോടെ കേസില്‍ ദുരൂഹതയേറി. കോളേജ് അധികൃതരില്‍ നിന്നുണ്ടായ പീഡനവും ഭീക്ഷണിയും വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. നീതി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ സമരം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.