Special Report

‘എന്റെ മകന്റെ മരണത്തിന് പിന്നില്‍ കൃഷ്ണദാസാണ്’; സിബിഐ കുറ്റപത്രത്തില്‍ ഗൂഢാലോചന വ്യക്തമല്ലെന്ന് ജിഷ്ണുവിന്റെ അമ്മ

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

മകന്റെ മരണത്തിന് കാരണക്കാരായ എല്ലാവരേയും കണ്ടെത്താതെയും ഗൂഢാലോചന വ്യക്തമാക്കാതെയുമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ജിഷ്ണു പ്രണോയ്‌യുടെ അമ്മ. മകന്റെ മരണത്തിന് പിന്നില്‍ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസാണെന്ന് മഹിജ ആവര്‍ത്തിച്ചു. പി കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒന്നും നടക്കില്ല. ഷഹീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ചത് കൃഷ്ണദാസ് നേരിട്ടാണ്. കോപ്പിയടി പിടിച്ചതില്‍ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്ന് സിബിഐ കണ്ടെത്തി. ചെയ്യാത്ത കുറ്റം ചുമത്താന്‍ ജിഷ്ണുവിനോട് എന്ത് വൈരാഗ്യമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാകണമെന്നും മഹിജ 'ദ ക്യു'വിനോട് പ്രതികരിച്ചു.

ശക്തിവേലും പ്രവീണും കോപ്പിയടിച്ചെന്ന് വരുത്തിത്തീര്‍ത്തത്‌ ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് കണ്ടെത്തണം. ചെയ്യാത്ത ഒരു കുറ്റമാണ് എന്റെ മകന്റെ മേല്‍ ചുമത്തിയത്. അത് എന്തിന് വേണ്ടിയാണ്, എന്ത് വൈരാഗ്യമാണ് ഇവര്‍ക്ക് ജിഷ്ണുവിനോട് ഉണ്ടായിരുന്നത്?
മഹിജ

സുപ്രീം കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ ഒരു പ്രാവശ്യം മാത്രമാണ് തങ്ങളില്‍ നിന്ന് മൊഴിയെടുത്തത്. പിന്നീട് വന്നിട്ടില്ല. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ധരിപ്പിക്കും. നീതി കിട്ടാന്‍ മുന്നോട്ട് പോകുമെന്നും മഹിജ പറഞ്ഞു.

കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, സി പി പ്രവീണ്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ ക്കുറ്റം ചാര്‍ത്തിയാണ് കുറ്റപത്രം. നെഹ്റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സിബിഐ പറയുന്നത്.  

മഹിജയുടെ പ്രതികരണം

പി കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒരു കാര്യവും നടക്കില്ല. ജിഷ്ണു കോപ്പിയടിച്ചെന്ന് വരുത്തിത്തീര്‍ത്തത് കൃഷ്ണദാസ് മുതലുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്. കോപ്പിയടിച്ച് പിടിച്ചതില്‍ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നാണ് മുന്‍പ് കൃഷ്ണദാസ് പറഞ്ഞിരുന്നത്. കോപ്പിയടി നടന്നിട്ടില്ല എന്ന കാര്യം സിബിഐ കണ്ടെത്തിയിട്ടുണ്ട്. ശക്തിവേലും പ്രവീണും ഇത് ഇത് നടപ്പാക്കിയത്‌ ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് കണ്ടെത്തണം. ചെയ്യാത്ത ഒരു കുറ്റമാണ് എന്റെ മകന്റെ മേല്‍ ചുമത്തിയത്. അത് എന്തിന് വേണ്ടിയാണ്, എന്ത് വൈരാഗ്യമാണ് ഇവര്‍ക്ക് ജിഷ്ണുവിനോട് ഉണ്ടായിരുന്നത്? കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമായിരുന്നു. എന്റെ മകന്റെ മരണത്തിന് പിന്നില്‍ കൃഷ്ണദാസാണ്. ഷഹീര്‍ ഷൗക്കത്തിന്റെ കേസ് അതിന് ഏറ്റവും വലിയ തെളിവാണ്. ഷഹീര്‍ ഷൗക്കത്തിനെ ഇടിമുറിയില്‍ വെച്ച് മര്‍ദ്ദിച്ചത് കൃഷ്ണദാസ് നേരിട്ടാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഷഹീറിനെ അടിയ്ക്കുകയും ചവിട്ടുകയും ചെയ്ത് അവശനിലയിലാക്കിയത് കൃഷ്ണദാസാണ്. കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒന്നും നടക്കില്ല. ഷഫീര്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് എന്തുസംഭവിച്ചു എന്ന് നമ്മളോട് പറയുന്നത്. ജിഷ്ണു ഇന്ന് ജീവനോടെയില്ല. ഒന്നേ എനിക്ക് പറയാനുള്ളൂ കൃഷ്ണദാസും സന്‍ജിത്തും എങ്ങനെ രക്ഷപ്പെട്ടു കഴിഞ്ഞാലും ദൈവത്തിന്റെ കോടതിയില്‍ അവര്‍ രക്ഷപ്പെടില്ല. ശിക്ഷ അനുഭവിക്കും. ഇനിയെന്ത് പറയാനാ.. 17-18 വയസ്.. (മഹിജ കരച്ചില്‍ തുടര്‍ന്നതുകൊണ്ട് പ്രതികരണം പൂര്‍ത്തീകരിക്കാനായില്ല)

ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലി നല്‍കിയ പരാതിയില്‍ 2017ല്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരുന്നു. കോളേജിന്റെ അനധികൃത പണപ്പിരിവുകളേക്കുറിച്ച് പരാതിപ്പെട്ടതിന് കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിച്ചെന്നും ഷഹീര്‍ പരാതിപ്പെട്ടു. റാഗിങ് നടത്തി എന്ന് കാണിക്കുന്ന രേഖയിലും ടി സി അപേക്ഷയിലും ഒപ്പിടാന്‍ കൃഷ്ണദാസ് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി. ജീവനോടെ പുറത്തുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ എല്ലാ പേപ്പറിലും ഒപ്പിട്ടുനല്‍കി. മര്‍ദ്ദനത്തേക്കുറിച്ച് ചോദിക്കാനെത്തിയ രക്ഷിതാവിനെ കൃഷ്ണദാസ് ഭീഷണിപ്പെടുത്തി. ടി സി വാങ്ങുന്നതുവരെ ഭയം മൂലം കുടുംബം പരാതിപ്പെട്ടില്ലെന്നും ഷഹീര്‍ വെളിപ്പെടുത്തുകയുണ്ടായി. പരാതി പ്രകാരം ജിഷ്ണു പ്രണോയിയുടെ മരണത്തിന് മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നത്.

ജിഷ്ണുവിന്റെ മരണത്തേത്തുടര്‍ന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ തുടരുകയാണെന്ന് ആരോപണമുണ്ട്.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയ്. 17കാരനായ ജീഷ്ണുവിനെ 2017 ജനുവരി ആറിന് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കൂട്ടുകാര്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണുവിനെ രക്ഷിക്കാനായില്ല. കോപ്പിയടി ആരോപിച്ച് കോളേജ് അധികൃതര്‍ നടപടിയെടുത്തതിനേത്തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. കോളേജില്‍ ഇടിമുറിയും രക്തക്കറയും കണ്ടെത്തിയതോടെ കേസില്‍ ദുരൂഹതയേറി. കോളേജ് അധികൃതരില്‍ നിന്നുണ്ടായ പീഡനവും ഭീക്ഷണിയും വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. നീതി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ സമരം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT