അമ്പലപ്പുഴ പാല്‍പായസമെന്ന പേരില്‍ ആര് പായസം വില്‍പന നടത്തിയാലും നടപടിയെടുക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ സിപിഐഎം എംല്‍എയുമായ എ പദ്മകുമാര്‍. അമ്പലപ്പുഴ പാല്‍പായസം ക്ഷേത്രത്തിലെ നിവേദ്യമാണെന്നും നിവേദ്യം കടകളില്‍ വില്‍പന നടത്താനുള്ളതല്ലെന്നും പദ്മകുമാര്‍ 'ദ ക്യൂ'വിനോട് പറഞ്ഞു.
തിരുവല്ലയില്‍ ‘അമ്പലപ്പുഴ പാല്‍പായസം’ ലേബല്‍ ഒട്ടിച്ച് പായസം വിറ്റ ബേക്കറി ഉടമക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ബേക്കറിയുടമ മാപ്പ് പറയേണ്ടി വന്നു.
പഴയിടം മോഹനന്‍ നമ്പൂതിരി അങ്ങനെ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. അമ്പലപ്പുഴ പാല്‍പായസം അമ്പലപ്പുഴ ക്ഷേത്രത്തിലെ ദേവന് നിവേദ്യമായി സമര്‍പ്പിക്കുന്നതാണ്. അതാണെന്ന് പറഞ്ഞ് വില്‍പന നടത്തുന്നത് നിയമവിരുദ്ധമാണ്. അമ്പലപ്പുഴ പാല്‍പായസമാണെന്ന് പറഞ്ഞ് എവിടെയെങ്കിലും വില്‍പന നടത്തിയാല്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കും.എ പദ്മകുമാര്‍
പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ തങ്ങള്‍ അമ്പലപ്പുഴ പാല്‍പായസം വില്‍ക്കുന്നതിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. സെപ്തംബര്‍ 9,10,11 ദിവസങ്ങളില്‍ നടത്തുന്ന ഓണപ്പായസമേളയ്ക്ക് ബുക്കിങ് ആരംഭിച്ചതായി അറിയിക്കുന്ന പോസ്റ്ററില്‍ ഒന്നാമതായി ചേര്‍ത്തിരുന്നത് അമ്പലപ്പുഴ പാല്‍പായസമാണ്. എതിര്‍പ്പുകള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന് മെനുവില്‍ നിന്ന് അമ്പലപ്പുഴ പാല്‍പായസം നീക്കിയെന്നും ഇനി തങ്ങള്‍ അത് വില്‍പന നടത്തില്ലെന്നും ഗുരുവായൂര്‍ 'പഴയിടം നിവേദ്യം' റെസ്റ്റോറന്റ് 'ദ ക്യൂ'വിനോട് പ്രതികരിച്ചു.
പാല്‍പായസമുണ്ട്. അമ്പലപ്പുഴ പാല്‍പായസമില്ല. മെനുവില്‍ നിന്ന് നീക്കം ചെയ്തു. ഞങ്ങള്‍ക്ക് കുറേ ഫോണ്‍കോളുകള്‍ വന്നു. അമ്പലപ്പുഴ പാല്‍പായസത്തിന് എതിരായിട്ടോ, അത് ഡീഗ്രേഡ് ചെയ്യാന്‍ വേണ്ടിയോ ഒന്നും ഉദ്ദേശിച്ചിട്ടില്ല. ഞങ്ങളും ഈശ്വരഭക്തിയുള്ള ആളുകള്‍ തന്നെയാണ്. ഒരു സമുദായത്തെ അത് ബാധിക്കുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ അത് മാറ്റി.പഴയിടം റെസ്റ്റോറന്റ്
തിരുവല്ല മാന്നാര്‍ കടപ്രയിലെ ബേക്കറിയില്‍ 'അമ്പലപ്പുഴ പാല്‍ പായസം' എന്ന് സ്റ്റിക്കര്‍ പതിച്ച് പായസം വിറ്റ തോംസണ്‍ ബേക്കറിയിലാണ് ദേവസ്വം വിജിലന്‍സ് പരിശോധന നടത്തിയത്. തീവ്രഹിന്ദുത്വ സംഘടനയില്‍ നിന്നുയര്‍ന്ന പരാതിയേത്തുടര്‍ന്ന് എ പദ്മകുമാറാണ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. ഇന്നലെ രാവിലെ മുതല്‍ തന്നെ ബേക്കറിയുടമ ലേബലില്‍ അമ്പലപ്പുഴയുടെ സ്‌പെല്ലിങ്ങ് മാറ്റിയെങ്കിലും ദേവസ്വംബോര്‍ഡ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. ദേവസ്വം വിജിലന്‍സ് എസ്പി, ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ സിഐ എന്നിവര്‍ക്ക് ദേവസ്വം ബോര്‍ഡ് പരാതി നല്‍കി. നടപടിയെടുക്കാന്‍ ഡെപ്യൂട്ടി കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു. ബേക്കറിയുടമ തോമസ് ഈപ്പനെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് മാപ്പു പറയിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.