Special Report

ഇഴജന്തുക്കളുള്ള ഗുഹയില്‍ ബ്രാഹ്‌മണന് മുമ്പ് കയറേണ്ടത് ദളിതന്‍; ജാംബ്രി ഗുഹാ പ്രവേശന ചടങ്ങിലെ ദളിത് ചൂഷണം

കടുത്ത ജാതി വിവേചനം അനുഭവിക്കുന്നവരാണ് കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ജീവിക്കുന്ന ദളിതരെന്നതിന് കാസര്‍കോട് ജില്ലയില്‍ നിന്നും മറ്റൊരു തെളിവ് കൂടി. ബെള്ളൂര്‍ പഞ്ചായത്തിലെ നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ഗുഹാ പ്രവേശനം പ്രശസ്തമാണ്. കേരള- കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ 12 വര്‍ഷത്തിലൊരിക്കലാണ് ജാംബ്രി ഗുഹാ പ്രവേശം നടക്കുന്നത്. ക്ഷേത്രാചാരത്തിന്റെ പേരില്‍ ദളിതര്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ജാംബ്രി ഗുഹാ പ്രവേശം.

12 വര്‍ഷം ആരും പ്രവേശിക്കാത്ത ഗുഹയിലേക്ക് ആദ്യം പോകേണ്ടത് ദളിതന്‍

മീന മാസത്തിലാണ് നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രോത്സവം. ഉത്സവത്തിന് പിറ്റേദിവസമാണ് പ്രശസ്തമായ ഗുഹാ പ്രവേശം.അതിര്‍ത്തിയില്‍ വനത്തിനുള്ളിലാണ് ഗുഹ. ക്ഷേത്രത്തിലെ തന്ത്രികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഗുഹയിലേക്ക് പോകുന്നത്. ചടങ്ങിന് ശേഷം ആര്‍ക്കും ഗുഹയിലേക്ക് പ്രവേശനമില്ല. ഇങ്ങനെ 12 വര്‍ഷം ആരും കയറാതിരിക്കുന്ന ഗുഹയിലേക്ക് തന്ത്രികളുള്‍പ്പെടെയുള്ള മേല്‍ജാതിക്കാര്‍ പ്രവേശിക്കുന്നതിന് മുമ്പായി ദളിത് വിഭാഗക്കാരെ കയറ്റി വിടും. കാപാടന്‍മാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മൊഗേര വിഭാഗത്തില്‍പ്പെട്ടവരാണിത്. മൊഗേര വിഭാഗത്തില്‍ നിന്നും ഗുഹയില്‍ പ്രവേശിക്കേണ്ടവരെ നേരത്തെ തന്നെ നിശ്ചയിക്കും.

മേല്‍ജാതിക്കാരുടെ ഗുഹാപ്രവേശനത്തിന് മുമ്പായി മൊഗേര വിഭാഗത്തില്‍പ്പെട്ട ദളിതന്‍ കത്തിച്ച പന്തവുമായി ഗുഹയില്‍ ഇറങ്ങും. തന്ത്രിയും സംഘവും സഞ്ചരിക്കുന്നതിനുള്ള വഴി ഇവര്‍ തെളിച്ച് വയ്ക്കും. ഗുഹയിലേക്ക് ഇറങ്ങാനായി ഏണി സജ്ജമാക്കും. അതിന് അകത്ത് കണ്ട കാര്യങ്ങള്‍ പുറത്ത് പറയരുതെന്നാണ് ഇവര്‍ക്കുള്ള നിര്‍ദേശം. രണ്ട് മണിക്കൂറിനുള്ളില്‍ ദളിതന്‍ തിരിച്ചെത്തും. പുറത്തെത്തുന്ന ദളിതരുടെ കൈവശം വെളുത്ത തുണി കൊണ്ടുള്ള പൊതിയുണ്ടാകും. ഇതിലെന്താണെന്നും പുറത്താരോടും പറയരുതെന്നാണ് വിശ്വാസം. ഗുഹയിലെ ഇഴ ജന്തുക്കളുടെ അവശിഷ്ടമായിരിക്കും. ഇത് മരത്തില്‍ കെട്ടിവച്ചതിന് ശേഷം ക്ഷേത്ര തന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഗുഹയിലേക്ക് ഇറങ്ങും. ദളിതന്‍ പന്തം കത്തിച്ച് വച്ച ഇടം വരെയാണ് തന്ത്രിയും കൂട്ടരും പോകുക. ഗുഹയിലെ മണ്ണ് പ്രസാദമായി കൊണ്ടുവരും. മരത്തില്‍ കെട്ടിവെച്ച പൊതി മൂന്ന് ദിവസത്തിന് ശേഷം മണ്ണില്‍ കുഴിച്ചിടും. അന്ന് ക്ഷേത്രത്തില്‍ സര്‍പ്പ സംസ്‌കാര പൂജയും അന്നദാനവും ഉണ്ടാകും.

പാമ്പൊക്കെയുണ്ടാകും അതിനുള്ളില്‍, അതിന്റെ ശവമാണ് കൊണ്ടുവരുന്നത്

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അച്ഛനും പിന്നീട് അനന്തരവനും ഗുഹയിലെ ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നതിന് സാക്ഷ്യം വഹിച്ച അയ്ത്തപ്പന്‍ അനുഭവം പറയുന്നു.

ഗുഹയില്‍ പാമ്പൊക്കെയുണ്ട്. അതിന്റെ ശവമെല്ലാമാണ് പോയവര്‍ ഉള്ളില്‍ നിന്നും കൊണ്ടുവരുന്നത്. നമ്മളാണ് മുന്നാലെ പോകുന്നത്. പിന്നാലെയാണ് ബ്രാഹ്‌മണര്‍ പോകുക. അകത്ത് പോയവര്‍ ഒന്നും പറയില്ല. അച്ഛന്‍ നാലഞ്ച് തവണ പോയി. വലിയ വിഷമത്തോടെയും പേടിയോടെയുമാണ് നമ്മള്‍ നില്‍ക്കുക. ഗുഹയിലേക്ക് പോയാല്‍ ഇപ്പം വരും ഇപ്പം വരും എന്ന് വിചാരിച്ച് കാത്ത് നില്‍ക്കും.
അയ്ത്തപ്പന്‍

ഭാര്യയുടെ താലി പൊട്ടിക്കും; മരണാനന്തര ചടങ്ങും നടത്തും

കര്‍ശനമായ വ്രതമാണ് ചടങ്ങിനായി തെരഞ്ഞെടുത്ത ദളിതന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. വീടുമായുള്ള ബന്ധം ഈ സമയത്ത് പാടില്ല. ചടങ്ങിന് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ക്ഷേത്രത്തിന് സമീപം കുടില്‍ കെട്ടി 48 ദിവസം താമസിക്കണം.ആരെയും കാണാന്‍ പാടില്ല. ക്ഷേത്രത്തില്‍ നിന്നും നല്‍കുന്ന ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളു. പച്ചോലയിലാണ് കിടക്കേണ്ടത്. തല മുണ്ഠനം ചെയ്യുകയും കണ്‍പീലി ഉള്‍പ്പെടെ ശരീരത്തിലെ മുഴുവന്‍ രോമങ്ങളും വടിച്ച് കളയണം. പുതിയ വെള്ള വസ്ത്രം ധരിക്കണം. ഷര്‍ട്ട് ധരിക്കാന്‍ പാടില്ല. ചടങ്ങിന് മൊഗേര വിഭാഗത്തില്‍പ്പെട്ട ആളെ കിട്ടിയില്ലെങ്കില്‍ ഇതേ സമുദായത്തില്‍ ഉള്‍പ്പെട്ട ആളെ കര്‍ണാടകയില്‍ നിന്നും എത്തിക്കും. ഇവരുടെ മുഴുവന്‍ ചിലവുകളും ക്ഷേത്ര നടത്തിപ്പുകാരാണ് വഹിക്കുക.

ആചാരത്തിനായി തെരഞ്ഞെടുത്ത ആളുടെ കണ്‍പീലി പോലും പാടില്ല. ഷെഡില്‍ കയറിയാല്‍ പുറത്തിറങ്ങാനോ ആരെയും കാണാനോ പാടില്ല. മൊകറ സമുദായത്തില്‍പ്പെട്ട ഒരാള് ഭക്ഷണം എത്തിച്ച് കൊടുക്കും. എല്ലാവരും എഴുന്നേല്‍ക്കുന്നതിന് മുമ്പ്, നാല് മണിക്ക് തന്നെ കുളിക്കണം.
ശശിധര ഗോളിക്കട്ട, പ്രദേശവാസി

ചടങ്ങിനായി നിയോഗിക്കപ്പെട്ട ആള്‍ മരിക്കുന്നതായാണ് കണക്കാക്കുന്നത്. ചടങ്ങ് നടക്കുന്നതിന് മുമ്പായി ഭാര്യയെ ബന്ധുക്കള്‍ ഇയാള്‍ക്ക് മുമ്പിലെത്തിക്കും. ബന്ധുക്കള്‍ ഭാര്യയുടെ താലി പൊട്ടിക്കും. കൂട്ടക്കരച്ചിലായിരിക്കും. പിന്നെ മരണാനന്തര ചടങ്ങുകള്‍ നടത്തും. ഒരു വ്യക്തി മരിച്ചാല്‍ സമുദായത്തില്‍ ഏതെല്ലാം ചടങ്ങുകളാണോ നടത്തുന്നത് അതെല്ലാം ഇയാള്‍ക്ക് വേണ്ടി ചെയ്യും. ബലിതര്‍പ്പണം ഉള്‍പ്പെടുള്ളവ. പിന്നീട് ഇയാള്‍ മരിച്ചാലും മരണാനന്തര ചടങ്ങുകള്‍ ഉണ്ടാകില്ല. അവിവാഹിതനാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെങ്കില്‍ അയാളുടെ വിവാഹം ഇതിന് തൊട്ടുമുമ്പായി നടത്തിക്കും.

വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ദളിതരെ മേല്‍ജാതിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്. ഗുഹയില്‍ കടന്നതിന് ശേഷമുള്ള കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ശാപം കിട്ടുമെന്നാണ് തലമുറകളിലേക്ക് പ്രചരിപ്പിച്ചിരിക്കുന്നത്. ഗുഹയ്ക്കുള്ളില്‍ ദുരനുഭവം ഉണ്ടായാലും ആരോടും പറയാന്‍ പാടില്ല.

ഗുഹയിലേക്ക് പോയാല്‍ തിരിച്ച് വരുമെന്ന് ഉറപ്പൊന്നുമില്ല. അതാണ് ദളിതനെ ആദ്യം അയക്കുന്നത്. ഇയാള്‍ പോയി തിരിച്ചു വന്നാല്‍ മാത്രമേ ബ്രാഹ്‌മണര്‍ പ്രവേശിക്കുകയുള്ളു. ബലിയാടിനെ പോലെ കൊണ്ടുപോകുകയാണ്. ആചാരമെന്നാണ് പേര്. ആചാരത്തിന്റെ പേരിലാണ് ഈ ചൂഷണം. ഇതിനെതിരെ പ്രതികരിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.
ബി.എം പ്രദീപ്, പട്ടികജാതി ക്ഷേതസമിതി ജില്ലാ സെക്രട്ടറി

ഗുഹയില്‍ കണ്ടത് പറയാന്‍ തുനിഞ്ഞ മൊകേറ സമുദായക്കാരന്‍ കഥ പറയുന്നതിനിടെ തന്നെ വീണു മരിച്ചെന്ന് ദളിതരെ വിശ്വസിപ്പിച്ചിട്ടുണ്ട്. വിശ്വാസത്തെ ഉറപ്പിക്കാനായി തലമുറകളിലേക്ക് പ്രചരിപ്പിക്കുന്ന ആ കഥ ഇങ്ങനെയാണ്. ഗുഹയ്ക്ക് അകത്ത് വിളക്ക് വച്ച് മടങ്ങിയ ദളിതന്‍ കൊണ്ടു പോയ പാത്രം മറന്നുവെച്ചിട്ട് എടുക്കാനായി തിരിച്ച് ചെന്നപ്പോള്‍ അവിടെ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയായ ശിവനും പാര്‍വതിയും ഊഞ്ഞാലാടുന്നത് കണ്ടെന്നും മടക്കം നാളെയാകാമെന്ന് നിര്‍ദേശിച്ചുവത്രേ. നാളെ എന്നത് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമുള്ള ചടങ്ങിനായി മറ്റൊരു മൊകറ സമുദായക്കാരന്‍ ഗുഹയില്‍ പ്രവേശിച്ചപ്പോള്‍ മുമ്പ് പോയ ദളിതനെ കണ്ടു. അവര്‍ ഒരുമിച്ച് തിരിച്ചുവന്നു. അകത്ത് കണ്ട കാര്യം പുറത്ത് പറയരുതെന്ന് ശിവന്‍ ദളിതനെ കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. എന്നാല്‍ പന്ത്രണ്ട് വര്‍ഷം എവിടെയായിരുന്നുവെന്ന് പറയാന്‍ ദളിതന്റെ ഭാര്യ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ക്ക് അത് വിശദീകരിക്കേണ്ടി വന്നു. തന്റെ ചിതയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയതിന് ശേഷം പറയാമെന്നായിരുന്നു ദളിതന്റെ മറുപടി. ഗുഹയില്‍ താന്‍ കണ്ട കാര്യങ്ങള്‍ ഭാര്യയോട് വിശദമായി പറഞ്ഞതിന് പിന്നാലെ ഇയാള്‍ വീണു മരിച്ചെന്നാണ് കഥ. ഈ വിശ്വാസത്തിന്റെ ഭയത്തിലാണ് ദളിതര്‍ എതിര്‍ ശബ്ദങ്ങളില്ലാതെ തലമുറകളായി ചടങ്ങുകളില്‍ പങ്കെടുക്കുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT