Special Report

ഓണസന്ദേശത്തില്‍ വാമനനെ അപമാനിച്ചുവെന്ന് ഹിന്ദുഐക്യവേദിയുടെ പരാതി; പ്രധാനാധ്യപികയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് പൊലീസ്

ഓണസന്ദേശത്തില്‍ വാമനനെ അപമാനിച്ചുവെന്ന ഹിന്ദുഐക്യവേദിയുടെ പരാതിയില്‍ പ്രധാനാധ്യപികയെ കൊണ്ട് പൊലീസ് മാപ്പ് പറയിപ്പിച്ചു. കോട്ടയം നെടുങ്കുന്നം സെന്റ് തെരാസ സ്‌കൂള്‍ പ്രധാനാധ്യപിക സിസ്റ്റര്‍ റീത്താമ്മ സ്‌കൂള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട ഓണസന്ദേശമാണ് ഹിന്ദുഐക്യവേദി വിവാദമാക്കിയത്. ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ് ഓണമെന്നായിരുന്നു സന്ദേശം. പൊലീസില്‍ പരാതി നല്‍കിതിനെ തുടര്‍ന്ന് സിസ്റ്റര്‍ റീത്ത മാപ്പ് പറഞ്ഞു. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന എഴുതി തയ്യാറാക്കിയ മാപ്പപേക്ഷ സിസ്റ്റര്‍ റീത്താമ്മ വായിക്കുന്ന വീഡിയോ ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കറുകച്ചാല്‍ പൊലീസാണ് മാപ്പ് പറയിപ്പിച്ചത്.

തിരുവോണ ആശംസയ്‌ക്കൊപ്പം സിസ്റ്റര്‍ പറഞ്ഞ കാര്യങ്ങള്‍ ഇതാണ്.

'ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ് ഓണം. കൊടുത്തവനെ വാങ്ങിച്ചവന്‍ ചവിട്ടുന്ന കഥയാണ്. ദാനം കൊടുത്തവനെ ദാനം കൈനീട്ടി വാങ്ങിയവന്‍ ചവിട്ടിത്താഴ്ത്തുന്നതിന്റെ കാലാതീത കഥയാണ്. കൊടുക്കുന്നവന് ചവിട്ടേല്‍ക്കുമ്പോള്‍, ചവിട്ടുന്നവന്‍ വാമനനാകുന്നു. ലോക ചരിത്രത്തില്‍ ആരെങ്കിലും കൊടുത്തിട്ടുണ്ടോ അവരെല്ലാം ചവിട്ടേറ്റിറ്റുണ്ട്. ഇതിന് പ്രധാന ഉദാഹരണം മനുഷ്യര്‍ക്ക് സ്‌നേഹവും സത്യവും സ്വാതന്ത്ര്യവും സമത്വവും നല്‍കാന്‍ വന്ന യോശുക്രിസ്തു തന്നെയാണ്. ചവിട്ടി താഴ്ത്തിയവരുടെ മുന്നില്‍ യേശു ഇന്നും വലിയ ഉദാത്ത മാതൃകയായി നില്‍ക്കുന്നു. മാനവ മക്കള്‍ക്ക് വേണ്ടി സ്വയം ഇല്ലാതാകാന്‍ വന്ന യേശു നല്ല മാതൃകയാണ്. ആ വഴിയില്‍ ഗാന്ധിജി, എബ്രഹാം ലിങ്കണ്‍,മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, നെല്‍സണ്‍ മണ്ടേല, ഫ്രാന്‍സിലെ ബോബി ഫാന്‍സ്, മാഗ്‌സ് വില്യന്‍ ഗോള്‍ബേ,മദര്‍ തെരേസ, ഇറോം ഷര്‍മിള, ആങ് സാന്‍ സൂചി തുടങ്ങി മാനവികതയ്ക്ക് തിരുവോണ വിരുന്നാകാന്‍ സ്വയം മഹാബലിയാകുന്നവര്‍ ഏറെയുണ്ട്. പ്രിയപ്പെട്ട മക്കളേ നമുക്ക് നന്‍മയുടെ പക്ഷം ചേരാം. ചതിയും വഞ്ചനയും സ്വാര്‍ത്ഥതയും വിഭാഗീയതയും വര്‍ഗ്ഗീയതയും കുഴിക്കുന്ന എത്രയോ പാതാള ഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്‍മാര്‍ ചവിട്ടിത്താഴ്ത്തിയാലും പ്രത്യാശയുടെ ഉള്‍ക്കരുത്ത് ചേര്‍ത്ത് വെക്കാം'.

സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടതിന് പിന്നാലെ വാമനനെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി രംഗത്തെത്തി. ഓണാശംസയില്‍ വര്‍ഗ്ഗീയത കലര്‍ത്തിയെന്നും മാപ്പ് പറയണമെന്നുമുള്ള കുറിപ്പോടെ ടീച്ചറുടെ സന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ സമരം നടത്തി. മതസ്പര്‍ദ്ദ ഉണ്ടാക്കാനുള്ള നീക്കമാണെന്നായിരുന്നു ആരോപണം. പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് എഴുതി നല്‍കി. ഇത് വായിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു. ഈ വീഡിയോ ഹിന്ദു ഐക്യവേദി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്.

കുട്ടികള്‍ക്ക് അയച്ച വീഡിയോയില്‍ വാമനമൂര്‍ത്തിയെ സംബന്ധിച്ച് പരാമര്‍ശിച്ചത് അറിവില്ലായ്മ കൊണ്ട് മാത്രമാണെന്ന് സമ്മതിക്കുന്നു. ഇതില്‍ ഹിന്ദുസമൂഹത്തിനുണ്ടായ മനോവേദന മനസിലാക്കി മാപ്പ് ചോദിക്കുന്നുവെന്നും മാപ്പപേക്ഷയില്‍ സിസ്റ്റര്‍ റീത്താമ്മ പറയുന്നു.

പൊലീസ് സ്റ്റേഷനില്‍ വെച്ച് മാപ്പ് പറയിപ്പിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ വര്‍ഗ്ഗീയ അജണ്ടയ്‌ക്കൊപ്പം പൊലീസ് നിന്നെന്നാണ് ആരോപണം.

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT