Special Report

‘അവന്‍ തീവ്രവാദി ആശയമാണ് പറഞ്ഞത്’; നജ്ബുലിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് വയക്കര ജുമാ മസ്ജിദ് കമ്മിറ്റി

മുഹമ്മദ് ഇമ്രാന്‍

ബംഗാള്‍ സ്വദേശി നജ്ബുല്‍ ഷെയ്ഖിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ചെറുപുഴ വയക്കര ജുമാ മസ്ജിദ് കമ്മിറ്റി. സെപ്റ്റംബര്‍ 13ന് ജുമഅയ്ക്കിടെ വാക്കുതര്‍ക്കമുണ്ടായി എന്നത് ശരിയാണെന്ന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍കുട്ടി 'ദ ക്യൂ'വിനോട് പറഞ്ഞു. മഖ്ബറ പൊളിക്കണമെന്ന് പറഞ്ഞ് നജ്ബുല്‍ ബഹളമുണ്ടാക്കി. തീവ്രവാദി ആശയമാണ് പറഞ്ഞത്. ഖുതുബ കഴിഞ്ഞ് നിസ്‌കരിക്കാന്‍ സമ്മതിച്ചില്ല. ഇമാമിനെ പിടിക്കാന്‍ ചെന്നപ്പോള്‍ നജ്ബുലിനെ പുറത്താക്കി വാതിലടച്ചു. ഉന്തിനും തള്ളിനും ഇടയില്‍ ഒന്നോ രണ്ടോ അടി കിട്ടിയിരിക്കാം. പൊലീസ് ചോദിച്ചപ്പോള്‍ അടി കിട്ടിയില്ലെന്നും ആശുപത്രിയില്‍ പോകേണ്ടെന്നും പരാതിയില്ലെന്നുമാണ് നജ്ബുല്‍ പറഞ്ഞത്. ട്രെയിനില്‍ പോകുന്നതിനിടെ ചെന്നൈ കഴിഞ്ഞപ്പോള്‍ അവന്‍ അക്രമസാക്തനായി. അതിന് ശേഷമാണോ മര്‍ദ്ദനമുണ്ടായതെന്ന് അന്വേഷിക്കണം. നജ്ബുലിന്റെ മരണകാരണത്തേക്കുറിച്ചുള്ള ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ചെറുപുഴ വയക്കര ജുമാ മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.

‘സാക്കിര്‍ നായിക്കിന്റെ ആളാണ് ഞാന്‍. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല, മഖ്ബറ പൊളിക്കണം’ എന്നിങ്ങനെയെല്ലാമാണ് പറഞ്ഞത്. അവന്‍ തീവ്രവാദ ആശയങ്ങളാണ് പറഞ്ഞത്.
ഖാദര്‍കുട്ടി

മസ്ജിദ് കമ്മിറ്റി പറഞ്ഞത്

“നിങ്ങള്‍ പറയുന്നത് പോലെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഹിന്ദിക്കാരന്‍ ചെക്കന്‍ ജുമഅക്ക് വന്നിട്ടുണ്ടായിരുന്നു. ഇമാം ഖുതുബ ഓതിക്കഴിഞ്ഞ് നിസ്‌കരിക്കാന്‍ പോയപ്പോള്‍ ഇവന്‍ ഒച്ചപ്പാടുണ്ടാക്കി. 'നിങ്ങളുടെ നിലപാട് ശരിയല്ല. മഖ്ബറ പൊളിക്കണം' അവിടൊരാള്‍ മരണപ്പെട്ടിട്ടുണ്ടായിരുന്നു. അവന്‍ ആ മയ്യത്തിന്റെ കൂടെയാണ് അങ്ങോട്ട് വന്നത്. ഖുതുബ കഴിഞ്ഞതിന് ശേഷം നിസ്‌കരിക്കാന്‍ സമ്മതിച്ചില്ല. നിങ്ങള്‍ പറഞ്ഞത് തെറ്റാണ് എന്ന് പറഞ്ഞ് ഇമാമിനെ പിടിക്കാനായി ചെന്നു. അപ്പോള്‍ അവനെപ്പിടിച്ച് പുറത്താക്കി ഞങ്ങള്‍ വാതിലടച്ചു. നിസ്‌കാരം പൂര്‍ത്തീകരിച്ചു. അപ്പോള്‍ ഇവന്‍ പുറത്ത് നിന്നും ഡോറില്‍ ചവിട്ടിക്കൊണ്ടിരുന്നു. ആരുടെയും നിസ്‌കാരം ശരിയായില്ല. ഞങ്ങള്‍ പൊലീസിനെ വിളിച്ചു ഏല്‍പ്പിക്കുകയും പൊലീസ് അവനെ കൊണ്ടുപോകുകയും ചെയ്തു. അവന്‍ തീവ്രവാദി ആശയമാണ് പറഞ്ഞത്. സാക്കിര്‍ നായിക്കിന്റെ ആളാണ് ഞാന്‍. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല, അങ്ങനെയാണ് അവന്‍ പറഞ്ഞത്. ഇതൊന്നും ഇവിടെ പറ്റില്ല. എന്നൊക്കെ പറഞ്ഞു. ഇവന്‍ പള്ളിയുടെ അടുത്താണ് താമസിക്കുന്നത്. അപ്പോള്‍ ഇനിയും പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ടല്ലോ. അവന് പണികൊടുക്കുന്ന ആളെ വിളിച്ചിട്ട് അവനെ ഇവിടുന്ന് മാറ്റാന്‍ വേണ്ടി പറഞ്ഞിരുന്നു. അപ്പോള്‍ അവര് ഉടന്‍ നാട്ടിലേക്കയക്കാം എന്നൊക്കെപ്പറഞ്ഞു. അതിന് ശേഷം അവന്‍ പള്ളിയില്‍ നിന്നും റൂമിലെത്തി ഭക്ഷണമുണ്ടാക്കി അസറും മഗ്രിബുമൊക്കെ നിസ്‌കരിച്ചു. അതിന് ശേഷം 8 മണിക്കാണ് കയറ്റി വിടുന്നത്. അവനെ ഞങ്ങള്‍ മര്‍ദിച്ചിട്ടില്ല. ഉന്തിലും പിടിയില്‍ ഒന്നും രണ്ടും കിട്ടിയെന്ന് പറയാമെങ്കിലേ ഉള്ളൂ. അല്ലാതെ മറ്റൊന്നുമില്ല. നിങ്ങള്‍ പറയുന്നതുപോലെയുള്ള മര്‍ദ്ദനമുണ്ടായിട്ടില്ല.

ട്രെയിനില്‍ മദ്രാസ് വരെ ഓക്കെ ആയിരുന്നയാള് മദ്രസ് നിന്നങ്ങോട്ട് വയലന്റായി. അതുകൊണ്ട് നാട്ടിലേക്ക് പിന്നെ കെട്ടിയിട്ടിട്ടാണ് കൊണ്ടുപോയത്. അടി ഇവിടുന്ന് കിട്ടിയതാണോ അതോ നാട്ടില്‍ നിന്നും കിട്ടിയതാണോ എന്ന് അന്വേഷിക്കണം. ബന്ധുക്കള്‍ പറഞ്ഞതാണിത്. ഇപ്പോള്‍ അവന് ഒരവകാശിയല്ല ഒരുപാട് പേര് കൂടി. പൈസ പിരിച്ച് കൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ അവന്റെ എളാമാന്റെ മോനാണ് എന്ന് പറഞ്ഞ് 5,6 ആള് വന്നു. അവന് കുട്ടിയുണ്ട്, ഭാര്യയുണ്ട് അതുകൊണ്ട് പൈസ കിട്ടണം എന്നെല്ലാം പറഞ്ഞു. ഞങ്ങള്‍ പൈസ തരുന്നില്ല എന്നും പറഞ്ഞു. കൊടുക്കേണ്ട ആവശ്യമില്ലല്ലോ. മരക്കഷ്ണം വെച്ച് മര്‍ദ്ദിച്ചു എന്നത് ശെരിയല്ല. പൊലീസുകാരല്ലേ അവനെ കൊണ്ടുപോയത്? ഞങ്ങളല്ലല്ലോ. നിങ്ങള്‍ അവരോട് ചോദിക്ക്. പൊലീസ് വന്നപാടെ അവനോട് ചോദിച്ചത് നിനക്ക് അടി കിട്ടിയിരുന്നോ എന്നാണ്. അപ്പോള്‍ അവന്‍ എനിക്ക് അടി കിട്ടിയിട്ടില്ല എന്ന് പറഞ്ഞു. ഹോസ്പിറ്റലില്‍ പോകണോ എന്ന് ചോദിച്ചപ്പോള്‍ പോകണ്ട എന്നും പറഞ്ഞു. പൊലീസുകാര്‍ ഇപ്പോഴും അത് പറയുന്നുണ്ട്. അവന്‍ പരാതിയില്ല എന്ന് പറയുന്നു. വൈകിട്ട് അവനെ ഓട്ടോയില്‍ കൊണ്ട് വിട്ടവരുണ്ട്. അവന്‍ നടന്ന് പോകുന്നത് കണ്ടവരുണ്ട്. വേണമെങ്കില്‍ റയില്‍വേ സ്റ്റേഷനില്‍ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാം. ഇതില്‍ കൂടുതല്‍ ഉണ്ടായിട്ടില്ല. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും അന്വേഷിക്കാം. ഞങ്ങള്‍ ഏത് രീതിയില്‍ വേണമെങ്കിലും സഹകരിക്കും. ഇതിന് ഒരാളല്ല എത്രയോ ആളുകള്‍ സാക്ഷിയാണ്. ദൃക്സാക്ഷിയുടെ പേര് വെളിപ്പെടുത്തിയാല്‍ മാത്രമേ അവര്‍ അവിടെയുണ്ടായിരുന്നോ എന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയുള്ളു. അവന്‍ പറഞ്ഞത് പുളിങ്ങോത്തെ മഖ്ബറ പൊളിക്കണമെന്നാണ്. ഇവിടുന്ന് 15 കിലോമീറ്ററുണ്ട് പുളിങ്ങോത്ത്. 100, 150 ആളുകള്‍ സംഭവത്തിന്‌ സാക്ഷിയാണ്.”

പള്ളിയില്‍ വെച്ച് നജ്ബുലിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും മര്‍ദ്ദനത്തിലേറ്റ പരുക്കാണ് മരണത്തിന് കാരണമെന്നുമാണ് സഹോദരന്‍ റാക്കിബ് ഷെയ്ഖിന്റെ ആരോപണം. ഇമാമിനോട് അഭിപ്രായവ്യത്യാസം അറിയിച്ചതിന്റെ പേരില്‍ സഹോദരനെ മരക്കഷ്ണം കൊണ്ട് തല്ലിച്ചതച്ചു. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളായിരുന്നു. വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് അന്ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചത്. മര്‍ദ്ദനമേറ്റ് ക്ഷീണിതനായിരുന്ന നജ്ബുല്‍ 22-ാം തീയതി മരിക്കുകയാണുണ്ടായതെന്നും റാക്കിബ് പറയുന്നു.

ഇമാമിന്റെ ഖുതുബയ്ക്കിടെ നജ്ബുല്‍ സംശയം ചോദിച്ചതിനേത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ദൃക്‌സാക്ഷി 'ദ ക്യൂ'വിനോട് പറഞ്ഞിരുന്നു. നജ്ബുലിനെ പള്ളിയില്‍ നിന്ന് പുറത്താക്കി മര്‍ദ്ദിച്ചെന്നും പൊലീസ് എത്തിയാണ് 24കാരനെ രക്ഷിച്ചതെന്നും ദൃക്‌സാക്ഷി പറയുകയുണ്ടായി.

സംഭവസ്ഥലത്ത് എത്തിയപ്പോള്‍ മര്‍ദ്ദനം നടക്കുന്നതായി കണ്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. നജ്ബുലിന്റെ ശരീരത്തില്‍ പാടുകളുള്ളതും ശ്രദ്ധയില്‍ പെട്ടില്ല. നജ്ബുലിനെ അവിടെ നിന്ന് മാറ്റി. പരാതി നല്‍കാന്‍ നജ്ബുല്‍ തയ്യാറായില്ല. ഈ പള്ളിയിലെ നിസ്‌കാരം ശരിയല്ലെന്ന് നജ്ബുല്‍ പറയുന്നുണ്ടായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ളവരേപ്പോലെയാണ് അയാള്‍ പെരുമാറിയത്. വാട്സാപ്പില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ നജ്ബുലിനെ മാറ്റാന്‍ പൊലീസ് തയ്യാറായി എന്ന് പറയുന്നത് ശരിയല്ല. സംഭവം നടന്ന പള്ളിയുടെ സമീപത്ത് തന്നെയാണ് നജ്ബുല്‍ താമസിച്ചിരുന്നത്. നജ്ബുലിന്റെ സുരക്ഷയെ കരുതി അവനെ കുറച്ച് ദിവസം മാറ്റി നിര്‍ത്തണമെന്ന് സ്പോണ്‍സറോട് പറഞ്ഞിരുന്നെന്നും ചെറുപുഴ എസ്‌ഐ മഹേഷ് വ്യക്തമാക്കി.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT