ജയില്‍ കിടക്കുന്ന എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞിനും എം.സി കമറുദ്ദീനും പകരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ മുസ്ലിംലീഗ് നീക്കം തുടങ്ങി. ഇരുവരെയും വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് നേതൃത്വം നേരത്തെ തീരുമാനമെടുത്തിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.കെ.എം അഷറഫായിരിക്കും മഞ്ചേശ്വരത്ത് മത്സരിക്കുക. വി.കെ ഇബ്രാഹിംകുഞ്ഞിനെയും എം.സി കമറുദ്ദീനെയും മാറ്റി നിര്‍ത്തുന്നതിലൂടെ കേസുകള്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കി തിരിച്ചടിയില്‍ നിന്നും രക്ഷപ്പെടാമെന്നാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്.
മലബാറിന് പുറത്തുള്ള ലീഗിന്റെ ഏക സീറ്റാണ് കളമശ്ശേരി മണ്ഡലം. വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകനും ലീഗ് ജില്ലാ സെക്രട്ടറിയുമായ വി.കെ അബ്ദുള്‍ ഗഫൂര്‍ മത്സരിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ഇബ്രാഹിംകുഞ്ഞുമായി ബന്ധമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്റെ നിലപാട്. സംസ്ഥാന നേതാക്കളിലാരെങ്കിലും മത്സരിക്കണമെന്നാണ് ഈ വിഭാഗത്തിന്റെ നിര്‍ദേശം. സി.പി.എം ഇത്തവണ മണ്ഡലം പിടിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. മണ്ഡലം കൈവിടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മഞ്ചേശ്വരത്ത് എം.സി കമറുദ്ദീന്റെയും എ.കെ.എം അഷറഫിന്റെയും പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നു. മുസ്ലിംലീഗ് നേതൃത്വത്തിന്റെ താല്‍പര്യവും മണ്ഡലം ഭാരവാഹികളുടെ പിന്തുണയും ലഭിച്ചതോടെ എം.സി.കമറുദ്ദീന്‍ സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു. ഫാഷന്‍ ജുവല്ലറി തട്ടിപ്പ് കേസില്‍ ജയിലിലായതോടെയാണ് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടത്തേണ്ട സാഹചര്യമുണ്ടായത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് 89 വോട്ടിനായിരുന്നു പി.ബി അബ്ദുള്‍ റസാഖ് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ ംസി കമറുദ്ദീന്റെ ഭൂരിപക്ഷം 7923ആയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. ഇതിനിടെയാണ് എം.എല്‍.എ തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലിലായത്. കേസിലെ പരാതിക്കാരില്‍ ഭൂരിഭാഗവും ലീഗ് അണികളും പ്രവര്‍ത്തകരുമാണെന്നതും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.