ചിന്നക്കനാൽ മുന്നൂറ്റൊന്ന് കോളനിയിലെ ആദിവാസികൾക്ക് വീടുണ്ടെങ്കിലും അതിനുള്ളിൽ കിടന്നുറങ്ങാനുള്ള ഭാഗ്യമില്ല. കോളനിയിലെ ഓരോ വീടുകൾക്ക് മുകളിലും പ്ലാസ്റ്റിക്കും പുല്ലും വെച്ച് കെട്ടിയ കുഞ്ഞുകൂരകൾ ഉണ്ടാകും. ആനയെ പേടിച്ച് മഴയത്തും വെയിലത്തും കോളനിക്കാർ ഈ കൂരകളിലാണ് കഴിയുന്നത്.
ഉദ്യോഗസ്ഥർക്ക് ഇത് ആനപ്പാർക്കാണ്. വിദേശികളെ കൊണ്ടുവന്ന് ആനകളെ കാണിച്ച് പണം കൊയ്യാനുള്ള സ്ഥലം. ആനപ്പേടിയിൽ ഇവിടെ കുറേ ആദിവാസികൾ ജീവിക്കുന്നത് അവർ കാണുന്നില്ല. വീടുണ്ടായിട്ടും അതിൽ കിടക്കാൻ കഴിയാതെ പുരപ്പുറത്ത് ജീവിതം കഴിക്കുകയാണിവർ.