ജൂലായ് മാസമാണ് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ പൊതു ഇടങ്ങളിലെ നിരന്തരമായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹരിത മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ നല്‍കിയ പരാതി പുറത്തു വരുന്നത്. മുസ്ലിം ലീഗ് യോഗം ചേര്‍ന്നിട്ടും ചര്‍ച്ചകള്‍ നടത്തിയിട്ടും പാര്‍ട്ടിയിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പിന്നീട് ഹരിത വനിതാ കമ്മീഷന് പരാതി നല്‍കുന്നു.
ഈ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ഹരിതയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പരാതി ഹരിത നേതൃത്വം പിന്‍വലിക്കുന്നില്ല. ഇപ്പോഴിതാ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും പരാതി പിന്‍വലിക്കാത്ത ഹരിതയുടെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗം എട്ടിന് മലപ്പുറത്ത് ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
തങ്ങളുടെ പാര്‍ട്ടിക്ക് അകത്തെ ആഭ്യന്തര പ്രശ്നമാണിത് അതില്‍ പുറത്ത് നിന്ന് ആരും ഇടപെടേണ്ടതില്ല എന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. പക്ഷേ ഇത് മുസ്ലിം ലീഗെന്ന പാര്‍ട്ടിയ്ക്കുള്ളില്‍ പുരുഷന്മാര്‍ മാത്രം കൂടിയിരുന്ന് പരിഹരിക്കേണ്ട പ്രശ്നമല്ല. ഇതൊരു ജെന്‍ഡര്‍ പ്രശ്നമാണ്, രാഷ്ട്രീയ പ്രശ്നമാണ്, പ്രതിനിധാനത്തിന്റെ കൂടി പ്രശ്നമാണ്. അതൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നാണ് ഉണ്ടാകുന്നത് എന്നത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു.
തങ്ങള്‍ നേരിട്ട വിവേചനത്തെ, സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടി പരാതിയില്‍ ഉറച്ച് നില്‍ക്കുന്ന ഹരിത നേതൃത്വത്തിലെ പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ പിന്തുണ ആവശ്യമുണ്ട്.
പുതിയ കാലത്തെ പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനങ്ങളും ഹരാസ്‌മെന്റും സഹിച്ച് ഇരിക്കില്ല. അതിനെ ആ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ ഈ പ്രശ്‌നത്തിന്റെ ഗൗരവം തന്നെ മനസിലാക്കാനോ ലീഗിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ലീഗിന്റെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിന പറയുന്നു.
''ലീഗില്‍ സ്ത്രീകളുടെ പ്രാതിനിധ്യം എത്രയോ നാമമാത്രമാണ് എന്നുള്ളത് നമുക്കറിയാം. എല്ലാ പാര്‍ട്ടികളിലും സ്ത്രീകള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പക്ഷേ ലീഗിനകത്ത് പ്രാതിനിധ്യം വളരെ വളരെ കുറവാണ്. ഇതിന് മുമ്പ് അവര്‍ക്ക് ഇങ്ങനെയൊരു പ്രശ്‌നം തന്നെ ഹാന്‍ഡില്‍ ചെയ്യേണ്ടി വന്നിട്ടില്ല. പാര്‍ട്ടിക്ക് അകത്ത് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടാകാം. പക്ഷേ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് വരുന്ന തരത്തില്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നം കൈകാര്യം ചെയ്യേണ്ടി വരുന്നത് പോലും ആദ്യമായിട്ടാണ്.
പുതിയ കാലത്തെ പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനങ്ങളും ഹരാസ്‌മെന്റും സഹിച്ച് ഇരിക്കില്ല. അതിനെ ആ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ ഈ പ്രശ്‌നത്തിന്റെ ഗൗരവം തന്നെ മനസിലാക്കാനോ ലീഗിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ലീഗിന്റെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്.
ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ അവര്‍ പറയുന്നത് ഇതൊരു കുടുംബ പ്രശ്‌നമാണ്, അല്ലെങ്കില്‍ ഇത് പാര്‍ട്ടിക്ക് അകത്തെ പ്രശ്‌നമാണ് എന്നാണ്. ഉത്തരവാദിത്തപ്പെട്ട ഒരു കമ്മിറ്റി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഹരിതയിലെ പെണ്‍കുട്ടികളെ സംസാരിക്കാന്‍ വിളിക്കുമ്പോള്‍ അഭിസാരികകള്‍ക്കും അവരുടെ അഭിപ്രായം ഉണ്ടാകുമല്ലോ എന്ന് പറഞ്ഞതാണ് കേസ്. അത് ഗൗരവമുള്ളതാണ് എന്നുള്ളതും, അതൊരു ക്രൈമാണ് എന്നതും മനസിലാക്കാന്‍ പോലും സാധിക്കാന്‍ കഴിയാത്ത ലീഡര്‍ഷിപ്പാണ് മുസ്ലിം ലീഗിന്റേത്.
സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന, ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരുന്ന ഒരു കാര്യം തന്നെയാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായിട്ടുള്ള ലൈംഗികമായ അതിക്രമം, ഹരാസ്‌മെന്റ് എന്ന് പറയുന്നത് എന്താണെന്ന് പോലും മനസിലാക്കിയിട്ടില്ലാത്ത, നിലവാരമില്ലാത്ത പാര്‍ട്ടിയാണ് ലീഗ്. ഹരിത നേതൃത്വം തുടങ്ങിവെച്ചിട്ടുള്ളത് വലിയൊരു പോരാട്ടം തന്നെയാണ്. ആദ്യമായിട്ടായിരിക്കും ചെറുപ്പക്കാരികളായിട്ടുള്ള പെണ്‍കുട്ടികള്‍ നെഗോഷിയേറ്റ് ചെയ്യുന്ന ഒരു അവസ്ഥ ലീഗിനകത്ത് ഉണ്ടാകുന്നത്. അവര്‍ക്ക് ഇത് എങ്ങനെ നേരിടണമെന്ന് അറിയാത്ത ഒരു സാഹചര്യമാണുള്ളത്,'' കെ.കെ ഷാഹിന പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് ഇത്തരത്തിലുള്ള പീഡനങ്ങള്‍ നേരിടുക എന്ന് പറയുന്നത് ഗൗരവകരമായ പ്രശ്‌നമാണെന്ന് വി.പി സുഹ്‌റ പറയുന്നു.
''ഒരു വ്യക്തി എന്ന നിലക്കല്ല നമ്മള്‍ പ്രശ്‌നങ്ങളെ കാണുന്നത്. മുസ്ലിം ലീഗെന്നത് ദേശീയ തലത്തിലുള്ള ഒരു സംഘടനയാണ്. അവരുടെ ഇടയില്‍ നിന്ന് ഇങ്ങനെയൊരു പ്രശ്‌നം വരുന്നത് ശരിയല്ല. ഇവിടെ മാനസികമായി സ്ത്രീകളെ ഉപദ്രവിക്കുകയാണ്. ആരോപിക്കപ്പെട്ട വ്യക്തിയെ സംരക്ഷിക്കുകയും, ആരോപണം പറഞ്ഞ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുക എന്ന രീതിയിലേക്കാണ് ഇപ്പോള്‍ അവര്‍ പോകുന്നത്,'' വി.പി സുഹ്‌റ പറയുന്നു.
മുസ്ലിം ലീഗില്‍ മാത്രമായിരിക്കില്ല ലിംഗ നീതിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങള്‍, കേരള രാഷ്ട്രീയത്തില്‍, ദേശീയ രാഷ്ട്രീയത്തില്‍, ലോക രാഷ്ട്രീയത്തില്‍ അങ്ങനെ തുടങ്ങി എല്ലായിടത്തും സ്ത്രീകള്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നു. അതില്‍ മഹാഭൂരിപക്ഷവും പുറത്തുവരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ പുരുഷന്മാര്‍ തങ്ങള്‍ക്കറിയാവുന്ന തെറ്റായ യുക്തിയുടെ പുറത്ത് അവയെല്ലാം മായ്ച്ചു കളയുന്നു.
ഹരിതയിലെ പ്രശ്നവും അങ്ങനെ മായ്ച്ചു കളയപ്പെട്ടേക്കാം, പക്ഷേ വനിതാ കമ്മീഷന് കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് ഉറപ്പിച്ചു കൊണ്ട്, ലീഗ് നേതൃത്വത്തോട് നീതി തങ്ങള്‍ക്ക് വേണമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുന്നോട്ട് പോകുന്ന ഹരിതയിലെ ആ പെണ്‍കുട്ടികള്‍ കയ്യടി അര്‍ഹിക്കുന്നുണ്ട്.
ഒരു പക്ഷേ അവരെ പൂര്‍ണമായും പുറത്താക്കികൊണ്ട് ലീഗ് ഈ പ്രശ്നം ഒതുക്കി തീര്‍ത്തേക്കാം, അല്ലെങ്കില്‍ ഈ പെണ്‍കുട്ടികളുടെ മേല്‍ തന്നെ സമ്മര്‍ദ്ദം ശക്തമാക്കികൊണ്ട് അവരെ കൊണ്ട് പരാതി പിന്‍വലിപ്പിച്ച് കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് തങ്ങള്‍ പരിഹാരം കണ്ടുവെന്ന് പറഞ്ഞേക്കാം. അവരെ കൊണ്ട് തന്നെ തെറ്റ് പറ്റിയത് തങ്ങള്‍ക്കാണെന്നും പറയിപ്പിച്ചേക്കാം.
പരമ്പരാഗതമായി പിന്തുടരുന്ന രാഷ്ട്രീയ യുക്തികള്‍ക്ക് അനുസരിച്ച് നോക്കുകയാണെങ്കില്‍ അതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. പക്ഷേ അത് എളുപ്പമാക്കി കൊടുക്കാതിരിക്കാനുള്ള ജാഗ്രത സമൂഹത്തിന് വേണം. തങ്ങള്‍ നേരിട്ട അനീതിയ്ക്ക് അവര്‍ക്ക് നീതി കിട്ടുക തന്നെ വേണം. കാരണം ഇത് ലീഗിനുള്ളിലെ പ്രശ്നങ്ങള്‍ക്കപ്പുറം ഒരു ജെന്‍ഡര്‍ പ്രശ്നമാണ്.
രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു പിന്തുണ ആ പെണ്‍കുട്ടികള്‍ അര്‍ഹിക്കുന്നു. നാളെ കേരളത്തിലെ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇത്തരമൊരു പ്രശ്നമുണ്ടായാല്‍ നല്ല നിലയില്‍ പരിഹരിക്കണമെന്ന പുരുഷ യുക്തിയോട് നോ പറയാനുള്ള ആത്മവിശ്വാസം ചുരുങ്ങിയ പക്ഷം സ്ത്രീകള്‍ക്കെങ്കിലും ഉണ്ടാവേണ്ടതുണ്ട്.
പരാതിക്ക് ആധാരമായ വിഷയത്തെകൂടി വിശദമായി പരിശോധിക്കാം.
മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്ത എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയില്‍ ഹരിതയുടെ വീശദീകരണം ആവശ്യപ്പെട്ട എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസ് അതിനെ 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്ന് വിശേഷിപ്പിച്ചുവെന്നും 'വേശ്യക്കും' ന്യായീകരണം ഉണ്ടാവുമെന്ന തലത്തിലാണ് ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടതെന്നുമാണ് പരാതിയില്‍ പറയുന്നത്.
വേശ്യയുടെ ചാരിത്ര്യ പ്രസംഗം, വേശ്യയ്ക്കും ന്യായീകരണമുണ്ടാകുമല്ലോ എന്ന് പറഞ്ഞ് ഒരാളോട് വിശദീകരണം തേടുക. എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസാണ് ഇത് പറഞ്ഞത്.
സ്ലട്ട് ഷെയിമിങ്ങാണ് പി.കെ നവാസ് നടത്തിയത്, ജെന്‍ഡര്‍ ക്രൈമാണത്, സെക് ഷ്വല്‍ ഹരാസ്മെന്റിന്റെ പരിധിയില്‍ വരുന്ന പ്രശ്നമാണ്. പി.കെ നവാസിന്റെ പ്രസ്താവനയോട് ഹരിതയിലെ പെണ്‍കുട്ടികള്‍ പരാതി പറഞ്ഞതല്ല പ്രശ്നമാകേണ്ടത്. അവര്‍ പരാതി പറഞ്ഞില്ലെങ്കിലാണ് പ്രശ്നം.
സ്വയം നേരിട്ട സ്ലട്ട് ഷെയിമിങ്ങിനോട് പ്രതികരിക്കാത്ത ആളുകള്‍ വിദ്യാര്‍ത്ഥിനികളുടെ എന്ത് അവകാശത്തെക്കുറിച്ചാണ് പറയുന്നതെന്ന് നാളെ അവര്‍ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചോദിക്കില്ലേ അവരോട്. സ്ലട്ട് ഷെയിമിങ്ങിനെ ഒക്കെ തള്ളികളഞ്ഞ് സ്ലട്ട് വാക്കുകള്‍ നടത്തിയുള്ള പ്രതിഷേധങ്ങളിലേക്ക് പോലും സ്ത്രീകള്‍ എത്തി തുടങ്ങിയെന്ന് പി.കെ നവാസിനറിയില്ലായിരിക്കും. പാട്രിയാര്‍ക്കി ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഈ ടൂളിനെയൊക്കെ തള്ളിക്കളഞ്ഞ് മുന്നോട്ട് വരാന്‍ സ്ത്രീകള്‍ പഠിച്ചുവെന്നത് പി.കെ നവാസ് മാത്രമല്ല, രാഷ്ട്രീയം തങ്ങളുടേത് മാത്രമാണെന്ന് കരുതുന്ന എല്ലാ പുരുഷന്മാരും മനസിലാക്കുന്നത് നന്നാകും.
ഇനി ഹരിതയെക്കുറിച്ചുള്ള മറ്റൊരു പരാതിയെന്ന് പറയുന്നത് അവര്‍ ഒരു പ്രത്യേകം തരം ഫെമിനിസം വളര്‍ത്തുന്നുവെന്നതാണ്. അങ്ങനെ പ്രത്യേക തരം ഫെമിനിസം എന്നൊന്നില്ല എന്ന് എല്ലാവരും മനസിലാക്കുന്നത് നന്നാകും ഫെമിനിസം ഒന്നേ ഉള്ളൂ. സ്ത്രീയ്ക്ക് തുല്യ അവകാശം വേണമെന്നാണത് പറയുന്നത്.
അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടിയും കുറച്ചും ഉപയോഗിക്കുന്നതൊന്നും ഫെമിനിസമല്ല. ഇത് മുസ്ലിം ലിഗല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസിലാക്കുന്നത് നന്നാകും. നിങ്ങള്‍ തരാ തരം പോലെ കൂട്ടിയും കുറച്ചും ഉപയോഗിക്കുന്നതൊന്നും ഫെമിനിസമാകില്ല.
ഹരിതയുടെ പരാതിയില്‍ ഗൗതവതരമായ മറ്റ് അനേകം പരാമര്‍ശങ്ങളുണ്ട്. ഹരിതയുടെ പ്രവര്‍ത്തകള്‍ വിവാഹം കഴിക്കാന്‍ മടിയുള്ളവരാണ്, വിവാഹം ചെയ്തു കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവനാന്‍ സമ്മതിക്കാത്തവരാണ് എന്ന് സംസ്ഥാന നേതാക്കള്‍ പറയുന്നുണ്ട് എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍ ഹരിത പരാതിയില്‍ പറയുന്നു.
ഈ പരാതിക്കുമേല്‍ നടപടിയെടുക്കാന്‍ മുസ്ലിം ലീഗിന് എന്തുകൊണ്ട് കഴിയാതെ പോകുന്നു എന്നതാണ് പരിശോധിക്കേണ്ടത്. സ്ത്രീകളില്‍ നിന്ന് ഇത്തരം പ്രതിരോധ ശബ്ദങ്ങള്‍കേട്ട് ലീഗിന് പരിചയക്കുറവുണ്ടാകുമായിരിക്കും. ഇത്തരമൊരു പരാതി സ്ത്രീകളുടെ മുന്നില്‍ നിന്ന് ലീഗിന് വരുന്നതും അവര്‍ പുരുഷ കമ്മിറ്റികള്‍ ഇടുന്ന ഓര്‍ഡറുകള്‍ അനുസരിക്കാതെ നീതി വേണമെന്ന് ഉറച്ച് പറയുന്നത് കേള്‍ക്കുന്നതും ആദ്യമായിരിക്കാം.
നിങ്ങളുടെ പരിഭ്രാന്തിക്കപ്പുറം സ്ത്രീകള്‍ വളര്‍ന്നുവെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഹരിതയുട പരാതിയിന്‍മേല്‍ ലിഗ് നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പരാതിക്കാരെ പുറത്താക്കികൊണ്ടുള്ള രമ്യതയിലേക്ക് ലീഗെത്താതിരിക്കാനുള്ള ജാഗ്രത സമൂഹത്തിനും ഉണ്ടാകേണ്ടതുണ്ട്.
കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണം നാമമാത്രമാണെന്ന് കൂടി ഓര്‍ക്കാം. അതില്‍ തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണ് മുസ്ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത് എന്ന ഇടത്ത് ഇത്തരം പരാതികളും അത് പരിഹരിക്കപ്പെടുന്ന രീതികളും കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.