കോടതി ഉത്തരവ് അനുകൂലമായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ദ ക്യുവിനോട്. പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ കേരളത്തിന് പുറത്തുള്ള സി.ബി.ഐ സംഘം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. അത് കുറച്ചുകൂടി ഗുണമായിരിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്ന പാലക്കാട് പോക്‌സോ കോടതി ഉത്തരവിനോട് പ്രതികരിച്ചാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയത്. കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. സി.ബി.ഐ കുറ്റപത്രം കോടതി തള്ളുകയും ചെയ്തു.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ വാക്കുകള്‍
കോടതി ഉത്തരവ് അനുകൂലമായി വന്നതില്‍ ഒരുപാട് സന്തോഷം. സി.ബി.ഐ കൊടുത്ത കുറ്റപത്രം തെറ്റാണെന്ന് കോടതി കണ്ടെത്തിയതില്‍ കോടതിയോട് ആയിരം നന്ദി പറയാനുണ്ട്. പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ കേരളത്തിന് പുറത്തുള്ള സിബിഐ സംഘം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. അത് കുറച്ചുകൂടി ഗുണമായിരിക്കും. അല്ലെങ്കില്‍ സോജന്‍ എന്ന ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണെന്ന് തെളിഞ്ഞതാണ്. അവരും കേരളത്തിലുള്ള ആളുകള്‍ തന്നെയാണ്. കേരളത്തില്‍ നിന്നുള്ളവരാണെങ്കില്‍ ഇനിയും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് കേരളത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത് തന്നെയാണ് ഗുണകരം.
സര്‍ക്കാര്‍ ആണ് പറഞ്ഞ് ചെയ്യിക്കേണ്ടത്. ഇതുവരെ എത്തിയ സ്ഥിതിയ്ക്ക് സര്‍ക്കാര്‍ അത് ചെയ്യും എന്നാണ് വിശ്വസിക്കുന്നത്. മക്കളുടേത് കൊലപാതകം തന്നെയാണ് എന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. മക്കളുടേത് കൊലപാതകമാണെന്ന് അതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നോക്കിയാല്‍ തന്നെ അറിയാം. ഫോറന്‍സിക് റിപ്പോര്‍ട്ട് ഒക്കെ വന്നിട്ടുള്ളതാണ് കൊലപാതകത്തിന് സാധ്യത ഉണ്ട് എന്നത്. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് കുട്ടികള്‍ സ്വയം ചെയ്തതാണെന്ന രീതിയില്‍ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
മൂത്ത കുട്ടി മരിച്ച സമയത്തും പറഞ്ഞിരുന്നതാണ്, രണ്ട് പേര്‍ ഇറങ്ങി പോകുന്നത് ഇളയവള്‍ കണ്ടു എന്ന് മൊഴി കൊടുത്തതാണ്. എന്നിട്ട് നാളിതുവരെ അതൊന്നും കോടതിയില്‍ എത്തിയിട്ടില്ല. എന്നിട്ട് പ്രധാപ്പെട്ട തെളിവുകളെല്ലാം നശിപ്പിച്ചുകൊണ്ട് അവര്‍ മുന്നോട്ട് പോകുന്നതെന്താണെന്നാണ് അറിയാത്തത്. അതുകൊണ്ട് ഇനി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പുറത്തുനിന്നുള്ളവരായിരിക്കണം.