സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയ എന്‍.ജി.ഒ എന്നതിനപ്പുറം രാഷ്ട്രീയ വിവാദങ്ങളിലേക്ക് എച്ച്.ആര്‍.ഡി.എസ് എത്തിയത് സംഘടന തന്നെ പരസ്യമായി പറഞ്ഞിട്ടുള്ള ബി.ജെ.പി-സംഘപരിവാര്‍ ബന്ധത്തിന്റെ പേരിലാണ്. സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണെന്ന് പുറമേക്ക് പറയുമ്പോളും അടിമുടി ദുരൂഹമാണ് എച്ച്.ആര്‍.ഡി.എസിന്റെ പ്രവര്‍ത്തനങ്ങള്‍. സ്വപ്ന സുരേഷിന് എച്ച്.ആര്‍.ഡി.എസില്‍ സ്ത്രീ ശാക്തീകരണം, സി.എസ്.ആര്‍ ചുമതലകളാണ് നല്‍കിയിരിക്കുന്നത്.
പ്രസിഡന്റായിരുന്ന എസ്.കൃഷ്ണകുമാര്‍ തന്നെ ഇപ്പോള്‍ സംഘടന നേതൃത്വത്തിനെതിരെ സാമ്പത്തികാരോപണങ്ങള്‍ ഉന്നയിക്കുന്നു. സംഘപരിവാര്‍ ബന്ധമുള്ള സന്നദ്ധ സംഘടനയാണെന്നും ആ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും എച്ച്.ആര്‍.ഡി.എസിന്റെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ വാര്‍ത്തയുടെ ആവശ്യത്തിനായി നേരിട്ട് കണ്ടപ്പോള്‍ ദ ക്യു വാര്‍ത്താസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയുടെ ജോലി വിവാദമായതോടെ ബി.ജെ.പി നേതൃത്വം എച്ച്.ആര്‍.ഡി.എസിനെ തള്ളിപ്പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റില്‍ അജി കൃഷ്ണന്റെ സഹോദരനും പ്രൊജക്ട് ഡയറക്ടറുമായ ബിജു കൃഷ്ണന്‍ എങ്ങനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായെന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള രാഷ്ട്രീയ ബാധ്യത ബി.ജെ.പി നേതൃത്വത്തിനുണ്ട്. ആത്മ നമ്പിയാണ് ഇപ്പോള്‍ എച്ച്.ആര്‍.ഡി.എസിന്റെ തലപ്പത്തുള്ളത്.
എസ്.കൃഷ്ണകുമാറും ബി.ജെ.പി നേതൃത്വവും കൈയൊഴിഞ്ഞതോടെ ഫേസ്ബുക്ക് പേജില്‍ നിന്നും ബി.ജെ.പി അനുകൂല പോസ്റ്റുകള്‍ പലതും എച്ച്.ആര്‍.ഡി.എസ് നീക്കം ചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുള്ള പോസ്റ്റും പേജില്‍ നിന്നും അപ്രത്യക്ഷമായി. ബിജു കൃഷ്ണന്റെ പ്രചരണ പോസ്റ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പേജിലുള്ളത്.
ദുരൂഹതകള്‍ നിറഞ്ഞ എച്ച്.ആര്‍.ഡി.എസ്
ദില്ലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയെന്നാണ് എച്ച്.ആര്‍.ഡി.എസിന്റെ മേല്‍വിലാസം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സംഘടന അവകാശപ്പെടുന്നു. കേരളത്തില്‍ പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളാണ് പ്രവര്‍ത്തന മേഖലകള്‍. ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.കൃഷ്ണകുമാറിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു എച്ച്.ആര്‍.ഡി.എസ് പ്രവര്‍ത്തിച്ചിരുന്നത്. സ്വപ്നയുടെ ജോലി വിവാദമുണ്ടായപ്പോഴും വെബ്സൈറ്റില്‍ എസ്.കൃഷ്ണകുമാര്‍ തന്നെയായിരുന്നു സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത്. ബി.ജെ.പി-സംഘപരിവാര്‍ ബന്ധം വിവാദമായപ്പോള്‍ കൃഷ്ണകുമാര്‍ അജി കൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രംഗത്തെത്തി. അഴിമതി ആരോപണവും അന്വേഷണം ആവശ്യപ്പെടലും. പിന്നാലെ കൃഷ്ണകുമാരിനെ എച്ച്.ആര്‍.ഡി.എസ് തള്ളിപ്പറഞ്ഞു. എസ്.കൃഷ്ണകുമാറിനെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ 30.8. 2021 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന് ബിജു കൃഷ്ണന്‍ അറിയിച്ചു.
അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ നിയമവിരുദ്ധമായി പാട്ടക്കരാര്‍ ഉണ്ടാക്കുകയും അനധികൃത വീട് നിര്‍മ്മാണം നടത്തുകയും ചെയ്യുന്ന എന്‍.ജി.ഒയെക്കുറിച്ചുള്ള വാര്‍ത്ത ദ ക്യു 2019 ജൂണ്‍ 22നാണ് പ്രസിദ്ധീകരിച്ചത്. ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി 5000 ഏക്കറിലാണ് പാട്ടകൃഷി നടത്താന്‍ ലക്ഷ്യമിട്ടത്. അഞ്ച് വര്‍ഷത്തേക്കുള്ള കരാറെന്ന് ആദിവാസികളെ വിശ്വസിപ്പിച്ച് 35 കൊല്ലത്തേക്കുള്ള കരാറിലാണ് കുരുക്കുന്നതെന്ന ഐ.ടി.ഡി.പി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു എച്ച്.ആര്‍.ഡി.എസ് അട്ടപ്പാടിയിലെത്തുന്നത്. ലോക്സഭ എം.പിയായിരുന്നപ്പോള്‍ എം.ബി രാജേഷ് ക്ഷണിച്ചിട്ടാണ് അട്ടപ്പാടിയിലെത്തിയതെന്നും കമ്മീഷന്‍ നല്‍കാത്തതിനാല്‍ സഹകരിക്കേണ്ടതില്ലെന്ന് സി.പി.എം നേതൃത്വം നിര്‍ദേശിക്കുകയായിരുന്നുവെന്ന് അജി കൃഷ്ണന്‍ ആരോപിച്ചിരുന്നു. എം.ബി രാജേഷ് അയച്ച കത്തും ഞങ്ങള്‍ക്ക് തന്നു. സംഭവത്തെക്കുറിച്ച് എം.ബി രാജേഷ്് രണ്ട് തവണ ദ ക്യുവിനോട് വിശദീകരിച്ചിരുന്നു. അട്ടപ്പാടിയില്‍ വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുമായി അജി കൃഷ്ണന്‍ എം.ബി രാജേഷിന്റെ ഓഫീസിനെ സമീപിച്ചു. പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും മറ്റ് ആദിവാസി മേഖലകളില്‍ നിര്‍മ്മിച്ച് നല്‍കി വീടുകളുടെ ഫോട്ടോകള്‍ കാണിക്കുകയും ചെയ്തു. ആവശ്യപ്പെട്ടത് പ്രകാരം പദ്ധതി നടപ്പാക്കാന്‍ ക്ഷണിച്ച് കൊണ്ട് കത്തയച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് തവണ ചര്‍ച്ച നടത്തി. വീട് നിര്‍മ്മിക്കുന്നതിന് എച്ച്.ആര്‍.ഡി.എസ് ഉപാധികള്‍ മുന്നോട്ട് വെച്ചു. ഫണ്ട് സമാഹരിക്കാന്‍ സഹായിക്കണമെന്നതായിരുന്നു ഒരു ഉപാധി. എന്നാല്‍ അത് അംഗീകരിക്കാനാവാത്തതിനാല്‍ പദ്ധതിയുമായി സഹകരിക്കാനാവില്ലെന്ന് എച്ച്.ആര്‍.ഡി.എസിനെ അറിയിച്ചുവെന്ന് എം.ബി രാജേഷ് വിശദീകരിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ അനുമതി വാങ്ങാതെയായിരുന്നു ആദിവാസി ഭൂമിയില്‍ എച്ച്.ആര്‍.ഡി.എസ് വീടുകള്‍ നിര്‍മ്മിച്ചത്. ആദിവാസി ഭൂമിയില്‍ ഏതുതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും സബ് കളക്ടറുടെ അനുമതി വാങ്ങണം. അതും പാലിച്ചിരുന്നില്ല. വീടുകള്‍ കെട്ടുറപ്പില്ലാത്തതാണെന്നും പരാതി ഉയര്‍ന്നു. ഫൈബര്‍ ഷീറ്റുകളായിരുന്നു വീടുകള്‍ നിര്‍മ്മിച്ചത്. ആനയുടെ ആക്രമണമുള്ള പ്രദേശങ്ങളില്‍ ഇത്തരം വീടുകള്‍ സുരക്ഷിതമല്ലെന്നായിരുന്നു ഐ.ടി.ഡി.പി ഓഫീസര്‍ ദ ക്യുവിനോട് പ്രതികരിച്ചത്.
സദ്ഗൃഹ പദ്ധതിക്കായി കോര്‍പ്പറേറ്റ് കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും വിദേശസഹായവും വിനിയോഗിച്ചിട്ടുണ്ടെന്നാണ് എച്ച്.ആര്‍.ഡി.എസ് പറയുന്നത്. മോദി നല്‍കുന്ന വീടുകളാണെന്നായിരുന്നു എച്ച്.ആര്‍.ഡി.എസ് ആദിവാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നത്. പ്രാദേശിക ബി.ജെ.പി നേതൃത്വമാണ് വീട് നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 500 ഓളം വീടുകള്‍ നിര്‍മ്മിച്ചതായും അവകാശപ്പെടുന്നു. ഞങ്ങള്‍ കണ്ട പല വീടുകളിലും ആള്‍താമസമുണ്ടായിരുന്നില്ല. കാടിനോട് ചേര്‍ന്നുള്ള വീടുകളായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്.
കോവിഡ് പ്രതിരോധ മരുന്ന് വിതരണം
കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തതിന്റെ പേരിലും എച്ച്.ആര്‍.ഡി.എസ് വിവാദത്തില്‍പ്പെട്ടു. മരുന്ന് വിതരണം ചെയ്ത കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എച്ച്.ആര്‍.ഡി.എസ് ശേഖരിച്ചു. ഇത് വിവാദമായതോടെ ഒറ്റപ്പാലം സബ്കളക്ടറും പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ആരോഗ്യവകുപ്പ് ഇടപെട്ട് മരുന്ന് വിതരണം നിര്‍ത്തിവെപ്പിച്ചു.
എച്ച്.ആര്‍.ഡി.എസിന്റെ രാഷ്ട്രീയത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്രമോദി അവതാര പുരുഷനാണെന്നും പ്രവര്‍ത്തനങ്ങളും നേതൃപാടവവും തങ്ങള്‍ക്ക് മാതൃകയാണെന്നും അജി കൃഷ്ണന്‍ പറയുന്നു. സംഘപരിവാര്‍ അനുകൂല രാഷ്ട്രീയം ഒരുക്കുകയാണ് തങ്ങളുടെയും ലക്ഷ്യമെന്നും അജി കൃഷ്ണന്‍ തുറന്നു പറഞ്ഞിരുന്നു. എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും സ്റ്റുഡന്റ് മാസികയുടെ എഡിറ്ററുമായിരുന്ന താന്‍ മൂല്യച്യുതികളില്‍ മനംമടുത്താണ് സജീവ രാഷ്ട്രീയം വിട്ടതെന്നും അജി കൃഷ്ണന്‍ പറഞ്ഞു. ആ ആരോപണമാണ് സ്വപ്നയുടെ ജോലി വിവാദത്തില്‍ ബി.ജെ.പി-സംഘപരിവാര്‍ കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്നത്. സ്വപ്നയ്ക്ക ജോലി വാങ്ങി നല്‍കിയത് പഴയ എസ്.എഫ്.ഐ നേതാവായ സി.പി.എമ്മുകാരനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തന്നെ ആരോപിച്ചു. എന്നാല്‍ അജി കൃഷ്ണന്‍ ജന്‍മനാടായ ഇടുക്കിയില്‍ നിന്നോ പഠിച്ച സ്ഥലമെന്ന പറയപ്പെടുന്ന എറണാകുളത്ത് നിന്നോ ഭാരവാഹിയായിട്ടില്ലെന്ന് പല കാലങ്ങളില്‍ ജില്ലാ-സംസ്ഥാന ഭാരവാഹികളായിരുന്ന സി.പി.എം നേതാക്കള്‍ ദ ക്യുവിനോട് പറഞ്ഞു. എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ആണ് സ്റ്റുഡന്റ് എഡിറ്ററാകാറുള്ളത്. ബിജു കൃഷ്ണന്‍ എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്നെങ്കിലും സംഘടനയോട് തെറ്റിപ്പിരിഞ്ഞ് ഗൗരിയമ്മയ്ക്കൊപ്പം ജെ.എസ്.എസിലെത്തി. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു.
കെ.ജി വേണുഗോപാല്‍ എച്ച്.ആര്‍.ഡി.എസിന്റെ വൈസ് പ്രസിഡന്റ് ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ബിജു കൃഷ്ണന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ എച്ച്.ആര്‍.ഡി.എസിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളും പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു.
കേരളത്തിലെ സുപ്രധാന ആദിവാസി മേഖലയില്‍ എച്ച്.ആര്‍.ഡി.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളിലാണ് കൃത്യമായ അന്വേഷണം ഉണ്ടാകേണ്ടത്. ആദിവാസി വിഭാഗങ്ങളില്‍ നിന്ന് തന്നെ ഇവര്‍ക്കെതിരെ പല ഘട്ടങ്ങളിലായി പരാതി ഉയര്‍ന്നിരുന്നതാണ്. സംഘപരിവാര്‍ സഹയാത്രികരെന്ന് പരസ്യമായി സമ്മതിച്ച എച്ച് ആര്‍ ഡി എസിനെ, മുഖ്യമന്ത്രിയും മുന്‍മന്ത്രി എം.എം.മണിയും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് സിപിഎം പിന്തുണയുള്ള സംഘടനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോപിക്കുമ്പോള്‍ ഈ സംഘടനയും സംവിധാനവും പാലക്കാട്ടും ഇടുക്കിയും വയനാട്ടിലും എന്താണ് ചെയ്യുന്നതെന്ന കാര്യത്തില്‍ സുതാര്യമായ അന്വേഷണമാണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം ആദിവാസി ഭൂമിയില്‍ നിയമവിരുദ്ധമായി ഇവര്‍ ചെയ്യുന്നതെന്തെന്ന കാര്യത്തിലാണ് വ്യക്തതയുണ്ടാകേണ്ടത്.