Special Report

കുടിപ്പകയുടെ വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന സ്റ്റാലിന്‍

വര്‍ഷം 1953 മാര്‍ച്ച് 5. സോവിയറ്റ് യൂണിയന്‍ നേതാവും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ആയിരുന്ന ജോസഫ് സ്റ്റാലിന്‍ മരണപ്പെടുന്നു. ഈ വാര്‍ത്ത തീപോലെ ആളിപ്പടര്‍ന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രിയ നേതാവിന് അനുശോചനം അറിയിക്കാന്‍ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ ഒത്തുകൂടി. തൊട്ടടുത്ത ദിവസം, അതായത് മാര്‍ച്ച് 6 ന് തമിഴ്നാട്ടിലെ മധുരയില്‍ ഒരു അനുശോചന യോഗം നടന്നു. യോഗത്തില്‍ അന്നത്തെ ദ്രാവിഡ കഴകത്തിന്റെ തീപ്പൊരി പ്രാസംഗികനും പിന്നീട് തമിഴ് ജനതയുടെ രാഷ്ട്രീയ ബിംബവുമായി മാറിയ മുത്തുവേല്‍ കരുണാനിധിയും പങ്കെടുക്കുന്നുണ്ടായിരുന്നു. വേദിയില്‍ കരുണാനിധി പ്രസംഗിക്കാന്‍ തുടങ്ങി. ജോസഫ് സ്റ്റാലിനെ പറ്റി വാചാലനാകുന്നതിനിടയില്‍ അനുയായികളില്‍ ഒരാള്‍ വേദിക്കരികിലേക്ക് വന്ന് അദ്ദേഹത്തിന് ഒരു തുണ്ട് പേപ്പര്‍ കൈമാറി. കരുണാനിധിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു എന്നതായിരുന്നു കുറിപ്പ്. തന്നെ കേട്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തോട് മൈക്കിലൂടെ അദ്ദേഹം ആ സന്തോഷം പങ്കുവെച്ചു. ഒപ്പം ഒരു രാഷ്ട്രീയ പ്രഖ്യാപനവും നടത്തി.

ഞാന്‍ ഏറെ ആദരിക്കുന്ന രാഷ്ട്രീയ നേതാവിന്റെ ഓര്‍മ്മയ്ക്കായി എന്റെ ആണ്‍കുഞ്ഞിന് ഈ വേദിയില്‍ വെച്ച് ഞാന്‍ സ്റ്റാലിന്‍ എന്ന് പേരിടുന്നു.

ആ മകനാണ്, പിന്നീട് ഡി.എം.കെ വേദികളിലെ സജീവ സാന്നിധ്യമായി, തീപ്പൊരി പ്രസംഗങ്ങളുമായി വേദികളെ പ്രകമ്പനം കൊള്ളിച്ച, വിദ്യാര്‍ഥിയായിരിക്കെ സാമൂഹ്യ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്ന് നയിച്ച, ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന എം.കെ സ്റ്റാലിന്‍ എന്ന മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍.

തമിഴ്നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ എം.കെ സ്റ്റാലിന്‍, പെട്ടെന്നൊരുനാള്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അധികാര കസേരയിലേക്ക് പൊട്ടിവീണയാളല്ല. പറഞ്ഞു വരുമ്പോള്‍ തന്റെ പതിമൂന്നാം വയസില്‍ ഡി.എം.കെ രാഷ്ട്രീയത്തില്‍ ഇറങ്ങി, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കരുണാനിധിയുടെ മകന്‍ എന്നതിനപ്പുറം സ്വന്തമായ ഒരു പൊളിറ്റിക്കല്‍ ഐഡന്റിറ്റി സൃഷ്ടിച്ചെടുത്ത, തമിഴകത്തിന്റെ പ്രിയപ്പെട്ട ദളപതിയായി മാറിയ, തമിഴ്നാട് കണ്ട മികച്ച നേതാവിന്റെയും മുഖ്യമന്ത്രിയുടെയും പേര് കൂടിയാണ് എം.കെ സ്റ്റാലിന്‍.

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ഒരു പ്രധാനപ്പെട്ട ക്ഷേത്രമുണ്ട്. ശ്രീ സ്ഥല ശയന പെരുമാള്‍ ക്ഷേത്രം. ഇന്ന് അവിടെ പോയാല്‍ അന്നദാനത്തിന്റെ സമയത്ത് എല്ലാ ജാതിയിലും പെട്ട ആളുകള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ച കാണാം. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് അങ്ങനെയായിരുന്നില്ല സ്ഥിതി. മേല്‍ജാതിക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറച്ചാളുകള്‍ നരിക്കുറവ, ഇരുളര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അന്നദാനം നിഷേധിച്ചു. വിശന്നു വലഞ്ഞ് ഒരു നട്ടുച്ച നേരത്ത് കൈക്കുഞ്ഞുമായി ക്ഷേത്രത്തിലെത്തിയ ആദിവര്‍ഗ നരിക്കുറവ വിഭാഗത്തില്‍ പെട്ട അശ്വിനിയെ ജാതിക്കോമരങ്ങള്‍ തടഞ്ഞു. പുറത്തിറങ്ങാനും ഞങ്ങളെല്ലാം കഴിച്ചിട്ട് ബാക്കി വല്ലതുമുണ്ടെങ്കില്‍ ക്ഷേത്രത്തിന് പുറത്തേക്ക് തരാമെന്നും അവര്‍ അശ്വിനിയോട് എല്ലാവരുടെയും മുന്നില്‍ വിളിച്ചുപറഞ്ഞു. ആ യുവതി ആകെ ചൂളിപ്പോയി. അന്ന് അവിടെ അപമാനിക്കപ്പെട്ടത് അശ്വിനി മാത്രമായിരുന്നില്ല. അവരുള്‍പ്പെടുന്ന ഒരു ജന സമൂഹം തന്നെയായിരുന്നു. അപമാനം കടിച്ചമര്‍ത്തി നിശബ്ദയായി അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ അശ്വിനി തയാറായിരുന്നില്ല. ക്ഷേത്രത്തിന് പുറത്തിറങ്ങിയ അശ്വിനി തന്റെ മൊബൈല്‍ ഫോണെടുത്ത് തനിക്ക് നേരിടേണ്ടി വന്ന അപമാനവും തന്റെ സമൂഹം അനുഭവിക്കുന്ന പരിഹാസവും തുറന്ന് പറഞ്ഞ് ഒരു വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഈ വീഡിയോ തമിഴ്‌നാട്ടില്‍ തീപോലെ ആളിപ്പടര്‍ന്നു.

തൊട്ടടുത്ത ദിവസം തമിഴ്‌നാട്ടില്‍ രാജ്യം ഉറ്റുനോക്കിയ ഒരു സംഭവം ഉണ്ടായി. ദേവസ്വം മന്ത്രി പി.കെ ശേഖര്‍ ബാബു അശ്വിനിയെയും ഒപ്പം നൂറുകണക്കിന് ആദിവാസി ജനങ്ങളെയും കൂട്ടി ഈ ക്ഷേത്രത്തിലെത്തി. അശ്വിനിയെ അപമാനിച്ച് ഇറക്കിവിട്ട അതേ ജാതി മേലാളന്‍മാരെ കൊണ്ട് ഇലയിടീച്ചു. ഒരേ പന്തിയില്‍ മന്ത്രിയും, കാലാകാലങ്ങലായി പലയിടങ്ങളില്‍ നിന്നും അപമാനിച്ച് ഇറക്കിവിടപ്പെട്ട ഒരു ജനതയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

ഈ സംഭവം രാജ്യത്തിന് അകത്തും പുറത്തും വലിയ വാര്‍ത്തയായി. മാറുന്ന തമിഴ്നാടെന്നും, ഇത് തമിഴ്നാടിന്റെ ചരിത്രത്തിലെ സുവര്‍ണ ലിപികളാല്‍ എഴുതിവെക്കേണ്ട നിമിഷമെന്നുമൊക്കെ മാധ്യമങ്ങള്‍ എഴുതി. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് ഒപ്പമാണ് താനും തന്റെ സര്‍ക്കാരുമെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ചുകൊണ്ടിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പേര് ആ തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു.

പതിനാലാം വയസില്‍ ഡി.എം.കെ വേദികളില്‍ പ്രസംഗിച്ച് തുടങ്ങിയെങ്കിലും അഛന്റെ തണലില്‍ മാത്രമായിരുന്നു സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങള്‍. അടിയന്തരാവസ്ഥയാണ് കരുണാനിധിയുടെ മകന്‍ എന്നതില്‍ നിന്ന് സ്റ്റാലിനെ രാഷ്ട്രീയക്കാരനാക്കുന്നത്. മിസ നിയമപ്രകാരം ഒരുവര്‍ഷക്കാലം സ്റ്റാലിന്‍ ജയിലില്‍ അടക്കപ്പെട്ടു. പൊലീസിന്റെ ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയായി. അതിനെയെല്ലാം അതിജീവിച്ച് അയാള്‍ ജയിലില്‍ നിന്ന് വീറും വാശിയോടെ പുറത്തിറങ്ങിത് തമിഴ്നാടിന്റെ രാഷ്ട്രീയ തട്ടകത്തിലേക്കായിരുന്നു. മക്കള്‍ രാഷ്ട്രീയമെന്നും കുടുംബ രാഷ്ട്രീയമെന്നുമെല്ലാം ആരോപണങ്ങള്‍ അന്ന് ഉയര്‍ന്ന് വന്നു. അതിനോട് കരുണാനിധിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. സ്റ്റാലിനെ രാഷ്ട്രീയത്തില്‍ ഇറക്കിയത് ഞാനല്ല. അത് ഇന്ദിരാ ഗാന്ധിയും അടിയന്തരാവസ്ഥയുമാണ്.

1982 ലെ ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറി പദവിയായിരുന്നു പാര്‍ട്ടിയിലെ ആദ്യ ഉത്തരവാദിത്വം. 1984 ലോടെ സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായി. 84 ലെ തെരഞ്ഞെടുപ്പില്‍ ആയിരം വിളക്ക് മണ്ഡലത്തിലെ ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടു. അന്ന് എം.ജി.ആറിന്റെ പ്രഭാവത്തില്‍ 234 ല്‍ 195 സീറ്റും എ.ഐ.എ.ഡി.എം.കെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ 89ലെ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ ആയിരം വിളക്കെന്ന ഇന്നത്തെ തൗസന്റ് ലൈറ്റ്സ് മണ്ഡലം പിടിച്ചെടുത്തു.

1996 ലാണ് ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ആദ്യ ചെന്നൈ മേയറായി സ്റ്റാലിന്‍ അധികാരമേല്‍ക്കുന്നത്. ഈ പദവിയില്‍ ഇരുന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് സ്റ്റാലിന് വലിയ രീതിയില്‍ പൊതുജനസമ്മിതി നേടിക്കൊടുക്കുന്നത്. ചെന്നൈ നഗരത്തിന്റെ മുഖം മിനുക്കിയ നഗര പിതാവായി സ്റ്റാലിന്‍ തിളങ്ങി. ഇന്ന് ചെന്നൈ നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായ ഫ്ളൈ ഓവറുകളും പാര്‍ക്കുകളും ഒക്കെ ഉണ്ടാകുന്നത് ഈ കാലത്താണ്. ഈ പ്രവര്‍ത്തന മികവ് കൊണ്ട് തന്നെ രണ്ടാം തവണയും സ്റ്റാലിന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ജയലളിത അധികാരത്തില്‍ വന്നതോടെ 2002 ല്‍ ഇരട്ട പദവി പാടില്ല എന്ന പുതിയ ചട്ടം കൊണ്ടുവന്നു. ഇതോടെ സ്റ്റാലിന്‍ മേയര്‍ പദവി ഉപേക്ഷിച്ച് എം.എല്‍.എയായി തുടര്‍ന്നു.

1967 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സ്റ്റാലിന്‍ നാല് പതിറ്റാണ്ടോളം പിന്നിട്ട് 2006 ലാണ് ആദ്യമായി മന്ത്രിയാകുന്നത്. 2009ല്‍ കരുണാനിധിയെ ഭരണത്തില്‍ സഹായിക്കാന്‍ തമിഴ്നാടിന്റെ ആദ്യ ഉപമുഖ്യമന്ത്രിയുമായി. കരുണാനിധിയുടെ സൈന്യത്തെ മുന്നില്‍ നിന്ന് നയിച്ച പടനായകന്‍ എന്ന നിലയില്‍ തമിഴര്‍ക്ക് സ്റ്റാലിന്‍ അവരുടെ ദളപതിയായി. ഇതോടെ ഡി.എം.കെയുടെ അടുത്ത നേതാവ് ആര് എന്ന ചോദ്യത്തിനും ഉത്തരമായി.

എം.ജി.ആര്‍ അധികാരത്തിലിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ ഒരു രാഷ്ട്രീയ വെല്ലുവിളിയായി ഉയരാന്‍ ഒരിക്കല്‍ പോലും കരുണാനിധിക്ക് കഴിഞ്ഞിരുന്നില്ല. ജയലളിതയോട് പൊരുതി നിന്നെങ്കിലും അപ്പോഴും ഡി.എം.കെ തമിഴ്നാടിന്റെ മുന്‍നിര രാഷ്ട്രീയ ചിത്രത്തില്‍ എങ്ങുമില്ലായിരുന്നു. ജയലളിതയുടെ വിജയത്തുടര്‍ച്ചകള്‍ മാറിനിന്ന് നോക്കി കാണാന്‍ മാത്രമേ അവര്‍ക്ക് വിധി ഉണ്ടായിരുന്നുള്ളൂ. ജയലളിതയുടെ മരണവും അണ്ണാ ഡി.എം.കെ തമ്മില്‍ തല്ലി പിരിയുകയും ചെയ്തതോടെയാണ് ഡിഎംകെയുടെ അമരത്തേക്ക് സ്റ്റാലിനും എത്തുന്നത്.

2018 ഓഗസ്റ്റില്‍ കരുണാനിധി വിട വാങ്ങിയതോടെ സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ സ്റ്റാലിന് ശത്രുക്കള്‍ കൂടി. സഹോദരനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.കെ അഴഗിരി ഉയര്‍ത്തിയ കലാപ ശ്രമങ്ങളെ ചെറുത്ത് തോല്‍പിച്ച് സ്റ്റാലിന്‍ തന്റെ രാഷ്ട്രീയ പാഠവം തെളിയിച്ചു. ഒരു കാലത്ത് കരുണാനിധിയുടെ പിന്‍ഗാമി എന്ന് കരുതപ്പെട്ടിരുന്ന വൈക്കോ എന്ന വൈ ഗോപാലസ്വാമി പാര്‍ട്ടി വിട്ട് പുറത്തുപോയത് സ്റ്റാലിന് നല്‍കുന്ന അമിത പരിഗണനയില്‍ പ്രതിഷേധിച്ചായിരുന്നു. അതേ വൈക്കോയെ 2021 ല്‍ ഡി.എം.കെ മുന്നണിയില്‍ ഉദയ സൂര്യന്‍ ചിഹ്നത്തില്‍ മത്സരിപ്പിച്ചത് സ്റ്റാലിന്റെ പ്രായോഗിക രാഷ്ട്രീയത്തിലെ വൈദഗ്ദ്യം തുറന്നു കാട്ടിയ സംഭവമായിരുന്നു. ജയലളിത കരുണാനിധി വൈരത്തിന്റെ പക പോക്കലുകള്‍ പലയാവര്‍ത്തി കണ്ടതാണ് തമിഴ് ജനത.

പക്ഷേ മുന്‍ഗാമികള്‍ നടന്നുപോയ കുടിപ്പകയുടെ, രാഷ്ട്രീയ പകപോക്കലിന്റെ വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുകയാണ് സ്റ്റാലിന്‍ ചെയ്തത്. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു സ്റ്റാലിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. 2016 ല്‍ ജയലളിത സര്‍ക്കാര്‍ ഭരണ തുടര്‍ച്ച നേടിയപ്പോള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ വേദിയായ മദ്രാസ് യൂണിവേഴ്സിറ്റി ശതാബ്ദി ഹാളില്‍ പതിനാറാം നിരയിലാണ് പ്രതിപക്ഷ നേതാവായിരുന്ന സ്റ്റാലിന് ഇരിപ്പിടം ഒരുക്കിയത്. എന്നാല്‍ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി അധികാരം ഏല്‍ക്കുന്നത് കാണാന്‍ എത്തിയവരുടെ മുന്‍നിരയില്‍ തന്നെ ഒ.പനീര്‍സെല്‍വത്തിന് സ്റ്റാലിന്‍ ഇരിപ്പിടം ഒരുക്കിയിരുന്നു.

കാവേരി ബോര്‍ഡ് വിഷയം, തൂത്തുകുടി സ്റ്റെര്‍ലൈറ്റ് വെടിവെപ്പ്, കര്‍ഷക സമരങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ സ്റ്റാലിന്‍ സ്വീകരിച്ച മാതൃകാപരമായ ഇടപെടലുകളും നിലപാടുകളും ഡി.എം.കെ ക്യാമ്പുകളില്‍ ആവേശത്തിന്റെ തിരയിളക്കങ്ങളുണ്ടാക്കി.

പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങളൊന്നും നടപ്പിലാക്കാനുള്ളവയല്ലെന്നും, മറിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള നുണകള്‍ മാത്രമാണെന്നും തുറന്നുപറഞ്ഞ നേതാക്കളെ കഴിഞ്ഞുപോയ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ നമ്മള്‍ കണ്ടിരുന്നു. എന്നാല്‍ സ്റ്റാലിന്‍ അവിടെയും മാതൃകയായിരുന്നു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നാലായിരം രൂപ കൊവിഡ് കാല സാഹായം, സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര, പാലിന്റെ വില 3 രൂപ കുറക്കുന്നു, ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍ പദ്ധതി, സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് തന്നെ സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ. ഇങ്ങനെ അഞ്ച് ജനപ്രിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു തമിഴ്നാടിന്റെ മുതല്‍ അമയ്ച്ചര്‍ 2021 മെയ് ഏഴിന് ഭരണത്തിലേറിയത്.

അവിടെയും നിന്നില്ല സ്റ്റാലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍. പെട്രോള്‍ വില കുറച്ചു, കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 7.5 ശതമാനം റിസര്‍വേഷന്‍ നടപ്പിലാക്കി, ക്ഷേത്രങ്ങളില്‍ ബ്രാഹ്മണേതര പൂജാരികളെ നിയമിച്ചു, പാഠ പുസ്തകങ്ങളില്‍നിന്ന് പ്രശസ്തരായവരുടെ പേരുകള്‍ക്ക് ഒപ്പം ചേര്‍ത്ത ജാതിവാല്‍ ഒഴിവാക്കി. ഇങ്ങനെ കാലാകാലങ്ങളായി ജാതീയതയുടെ മതില്‍കെട്ടിനകത്ത് കുരുങ്ങി കിടക്കുന്ന ഒരു നാടിനെ ആ വേലിക്കെട്ടുകള്‍ക്ക് പുറത്തേക്ക് നയിക്കാന്‍ ഉതകുന്ന ഒട്ടേറെ നയ പ്രഖ്യാപനങ്ങള്‍ക്ക് ഈ കാലയളവില്‍ തമിഴ്നാട് സാക്ഷിയായി. ഏറ്റവും ഒടുവില്‍ ക്രിമിനലുകളും കള്ളന്മാരും മാത്രമാണെന്ന് സിനിമകളിലടക്കം സ്റ്റീരിയോടൈപ്പ് ചെയ്തിരുന്ന വടക്കന്‍ ചെന്നൈയില്‍ നിന്ന് ഒരു ദളിത് വനിത ചെന്നൈ മേയറായി അധികാരമേറ്റു എന്നതില്‍ വരെ സ്റ്റാലിന്റെ ആര്‍ക്കൊപ്പം നിക്കണമെന്നുള്ള കൃത്യമായ നിലപാടുണ്ട്.

രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ന പദം ഒഴിവാക്കി, പകരം യൂണിയന്‍ ഗവണ്‍മെന്റ് എന്നര്‍ഥം വരുന്ന ഒന്‍ഡ്രിയ അരസ് എന്ന പ്രയോഗം നിലവില്‍ വരുത്തിയത്, സ്വന്തം ഭാഷയില്‍ അഭിമാനം കൊള്ളുന്ന ദ്രാവിഡ ജനതയുടെ മനസില്‍ സ്റ്റാലിന് വലിയ സ്വീകാര്യത ഉണ്ടാക്കി. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരിലും കരൂരിലുമായി പ്ലസ്ടു വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ലൈംഗിക പീഡനത്തിന് ഇരയായതായിരുന്നു ആത്മഹത്യക്ക് കാരണം. കരൂരില്‍ മരിച്ച കുട്ടിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ

അധ്യാപകനെ അറസ്റ്റ് ചെയ്തു. കരൂരിലെ സംഭവത്തില്‍ ആത്മഹത്യ കുറിപ്പില്‍ ആരുടെയും പേര് പരാമരര്‍ശിച്ചിരുന്നില്ല. ദാരുണമായ ഈ സംഭവത്തിന് ശേഷം തമിഴ്നാട്ടിലെ പെണ്‍കുട്ടികളോട് ഒരു അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി സ്റ്റാലിന്‍ രംഗത്ത് വന്നു. അന്ന് അദ്ധേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

നിങ്ങള്‍ ജീവിച്ച് പോരാടണം. ആത്മഹത്യ ചെയ്യരുത്. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ ഏതറ്റം വരെയും കൂടെ ഉണ്ടാകും. ഒരഛനെ പോലെ, നിങ്ങളുടെ സഹോദരനെ പോലെ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. തമിഴ് ചിത്രം ജയ് ഭീം ഇറങ്ങിയതിന് പിന്നാലെ നരിക്കുറവ, ഇരുള സമുദായാംഗങ്ങള്‍ക്കായി പ്രത്യേക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചതും, ക്ഷേത്രത്തില്‍ ഭക്ഷണം നിഷേധിക്കപ്പെട്ട ആദിവര്‍ഗ നരിക്കുറവ വിഭാഗത്തിലെ അശ്വിനിയെന്ന യുവതിയെ അവരുടെ വീട്ടില്‍ പോയി നേരിട്ട് കണ്ട് ചേര്‍ത്ത് നിര്‍ത്തിയതും, മഴക്കെടുതിയില്‍ വലഞ്ഞ ജനത്തെ മുഖ്യമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിച്ചതുമൊക്കെ തമിഴ് രാഷ്ട്രീയ കളത്തില്‍ സ്റ്റാലിനിസം എന്ന പ്രയോഗത്തിന് ജന്മം കൊടുത്തു.

തമിഴ്‌നാട് രാഷ്ട്രീയത്തിന് എന്നോ കൈമോശം വന്നുപോയ ദ്രാവിഡ രാഷ്ട്രീയമൂല്യങ്ങളെ, ജാതീയത തുടച്ചുനീക്കുന്നതിനുള്ള പോരാട്ടങ്ങളെ വീണ്ടും ഉയര്‍ത്തി കൊണ്ടുവരാനാണ് സ്റ്റാലിന്‍ ശ്രമിക്കുന്നത്. അതിന് ഹിന്ദുത്വശക്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. മോദിസര്‍ക്കാരിനോട് നേരിട്ട് കൊമ്പുകോര്‍ക്കാന്‍ കഴിയുന്ന, അതിന് തയ്യാറായിട്ടിറങ്ങിയിട്ടുള്ള നേതാവാണ് എം.കെ സ്റ്റാലിന്‍. നീറ്റ് പരീക്ഷ പേടിയില്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികളുലഞ്ഞപ്പോള്‍, അതിനെതിരെ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചതോടെ ഗവര്‍ണര്‍ക്കെതിരെ ശക്തമായി തന്നെ സ്റ്റാലിന്‍ രംഗത്തെത്തി. ആടിന് താടിയും സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണറേയും ആവശ്യമുണ്ടോ എന്നായിരുന്നു സ്റ്റാലിന്‍ ചോദിച്ചത്. രാജ്യം കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വേളയില്‍ കുട്ടികളുടെ സുരക്ഷ കണിക്കിലെടുത്ത് നീറ്റ്, അതുപോലുള്ള ദേശീയ തലത്തില്‍ നടക്കുന്ന എല്ലാ എന്‍ട്രന്‍സ് എക്‌സാമുകളും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

റിപ്പബ്ലിക് ദിന പരേഡില്‍ കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ കേന്ദ്രം തിരിച്ചയച്ചപ്പോഴും മോദിക്കും കേന്ദ്രത്തിനും മറുപടി നല്‍കാന്‍ സ്റ്റാലിന്‍ മടിച്ചില്ല. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതും നിരാശാജനകവുമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് സ്റ്റാലിന്‍ കത്തയച്ചു. അതില്‍ പ്രതിഷേധം ഒതുക്കാതെ, സംസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡില്‍ അതേ ടാബ്ലോ അവതരിപ്പിച്ച് മാതൃക ആവുകയും ചെയ്തു. താന്‍ രൂപീകരിച്ച 'ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്' എന്ന ഫോറത്തിലേക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി ക്ഷണിച്ചുകൊണ്ട് 37 പ്രതിപക്ഷ നേതാക്കള്‍ക്കും സ്റ്റാലിന്‍ കത്തയക്കുകയുണ്ടായി. രാജ്യം മതാധിപത്യത്തിന്റെ ഭീഷണിയിലാണ് എന്നും സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂ എന്നായിരുന്നു സ്റ്റാലിന്‍ കത്തില്‍ പറഞ്ഞത്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പെടുക്കാന്‍ സ്റ്റാലിന്‍ മുന്നിലുണ്ടാകുമെന്നും മതേതര ഇന്ത്യ കണക്ക് കൂട്ടുന്നു.

അഴിമതിയുടെ അപ്പക്കഷ്ണങ്ങള്‍ക്കായി കടിപിടി കൂടുന്ന രാഷ്ട്രീയ സംസ്‌കാരത്തിന്റെ കാലത്ത്, തുടക്കത്തിലെ ഈ മൂല്യങ്ങള്‍ ഒടുക്കം വരെയും ഉയര്‍ത്തി പിടിക്കാന്‍ കഴിഞ്ഞാല്‍ സ്റ്റാലിനും അയാളുടെ രാഷ്ട്രീയത്തിനും എല്ലാക്കാലത്തും തമിഴ് മക്കളുടെ ഇടനെഞ്ചില്‍ ഇടമുണ്ടാകും. സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ ചൊല്ലിക്കൊടുത്ത എം.കെ സ്റ്റാലിന്‍ എന്ന തന്റെ പേര് ഏറ്റുചൊല്ലാതെ അയാള്‍ തിരുത്തി ചൊല്ലിയ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന പേര് തമിഴകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും സുവര്‍ണ ലിപികളാല്‍ എഴുതപ്പെടുക തന്നെ ചെയ്യും.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT