Special Report

‘ഹൈക്കോടതിക്കും സര്‍ക്കാരിനും ഒരു വിലയുമില്ലേ?’; മാനേജ്‌മെന്റ് പ്രതികാരനടപടി പിന്‍വലിക്കും വരെ സമരമെന്ന് മുത്തൂറ്റ് ജീവനക്കാര്‍

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

ഹൈക്കോടതി നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പ് ലംഘിച്ച് തൊഴിലാളികള്‍ക്ക് നേരെ പ്രതികാര നടപടി സ്വീകരിച്ച മാനേജ്‌മെന്റിനെതിരെ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍. 166 ജീവനക്കാരെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുകയും ചെയ്ത മുത്തൂറ്റ് മാനേജ്‌മെന്റ് നടപടി ചതിയാണെന്ന് തൊഴിലാളികള്‍ പ്രതികരിച്ചു. 52 ദിവസം നീണ്ടു നിന്ന പണിമുടക്കിന് ശേഷം കോടതിയുടെ നിര്‍ദ്ദേശവും ട്രേഡ് യൂണിയന്‍ മര്യാദയും പാലിച്ചു കൊണ്ടാണ് ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത്. പക്ഷെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജീവനക്കാരെ വഴിയാധാരമാക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. നിയമവിരുദ്ധമായി പിരിച്ചു വിട്ടവരെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് നോണ്‍ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍ 'ദി ക്യു'വിനോട് പറഞ്ഞു.

ഹൈക്കോടതിയേയും സര്‍ക്കാരിനേയും ലേബര്‍ ഡിപ്പാര്‍ട്‌മെന്റിനേയും ഒന്നും മാനേജ്‌മെന്റ് വില കല്‍പിക്കുന്നില്ല. ഹൈക്കോടതി ആദ്യമായി ഒപ്പിട്ട് തന്ന ഒത്തുതീര്‍പ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.
നിഷ കെ ജയന്‍

മുത്തൂറ്റ് ഫിനാന്‍സ്, ജീവനക്കാര്‍, ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് എന്നിവര്‍ എല്ലാം ചേര്‍ന്നാണ് ത്രികക്ഷി കരാറില്‍ ഒപ്പിട്ടത്. ജീവനക്കാരെ കുട്ടികളെ പോലെ കണക്കാക്കണമെന്നും ഇരയാക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കില്‍ ലേബര്‍ ഡിപ്പാര്‍ട്‌മെന്റിനെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞത് ഞങ്ങള്‍ അനുസരിച്ചു. 100 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ പൂട്ടുന്നതിന് മുമ്പ് സര്‍ക്കാരിനെ അറിയിക്കണമെന്ന് നിയമമുണ്ട്. പക്ഷെ മാനേജ്‌മെന്റ് സര്‍ക്കാരിന് ഇതുവരെ ഒരു അറിയിപ്പും നല്‍കിയിട്ടില്ല. 17 വര്‍ഷം വരെ ജോലി ചെയ്തവരെയാണ് ഒറ്റയടിക്ക് പിരിച്ചുവിടുന്നത്. സ്ത്രീകളാണ് ടെര്‍മിനേറ്റ് ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും. 166 പേരുടെ ജോലിയാണ് ഇല്ലാതാക്കിയത്. സംഘടന പൊളിക്കാന്‍ വേണ്ടി ചെയ്ത ചതിയാണിത്. 41 പേരുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റിയില്‍ 10 പേരൊഴികെ എല്ലാവരേയും ടെര്‍മിനേറ്റ് ചെയ്തിരിക്കുന്നു. നേതാക്കന്‍മാരുടെ ബ്രാഞ്ചുകളാണ് അടച്ചിടുന്നത്. നല്ല ലാഭമുള്ള ബ്രാഞ്ചുകളാണ് പൂട്ടിയിരിക്കുന്നതും. പ്രതികാര നടപടിയല്ലെന്ന് വാദിക്കാനായി യൂണിയനില്‍ ഇല്ലാത്ത 40 പേരേയും ഇരയാക്കി.

മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍, ചെയര്‍മാന്‍ എം ജി ജോര്‍ജ്   

'ശരീരത്തിലെ ഒരു അവയവത്തില്‍ ക്യാന്‍സര്‍ പടര്‍ന്നുപിടിച്ചാല്‍ ആ അവയവം മുറിച്ചുമാറ്റണം. അത് ഞങ്ങള്‍ ചെയ്യും' എന്ന് എംഡി സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. അതാണിപ്പോള്‍ നടപ്പിലാക്കുന്നത്. 43 ബ്രാഞ്ചുകള്‍ പൂട്ടുമെന്ന് പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. ബ്രാഞ്ച് അടയ്ക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ മുന്‍പേ ആരംഭിച്ചു. ഞങ്ങളെ എന്ത് ചെയ്യുമെന്ന് പറഞ്ഞിരുന്നില്ല. ഇതിനു മുൻപ് നഷ്ടത്തിൽ പ്രവർത്തിക്കുന്നതല്ലാതെ ലാഭകരമായി പ്രവർത്തിക്കുന്ന ശാഖകൾ പൂട്ടുന്ന ചരിത്രം ഉണ്ടായിട്ടില്ല. അങ്ങനെ പൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ തൊട്ടടുത്ത മറ്റു ബ്രാഞ്ചുകളിലേക്ക് മാറ്റുകയാണ് പതിവ്. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് പേഴ്‌സണല്‍ മെയിലിലേക്കും ബ്രാഞ്ചിലേക്കും ടെര്‍മിനേഷന്‍ ഓര്‍ഡര്‍ എത്തി. മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിക്കുമെന്നറിഞ്ഞ് ജീവനക്കാര്‍ ലേബര്‍ ഡിപ്പാര്‍ട്‌മെന്റിനും മാനേജ്‌മെന്റിനും കത്ത് നല്‍കിയിരുന്നു. ലേബര്‍ കമ്മീഷണര്‍ നവംബര്‍ 26ന് വിളിച്ച ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പങ്കെടുത്തില്ല. പൂട്ടലും പിരിച്ചുവിടലും നടപ്പിലാക്കാനായി മാനേജ്‌മെന്റ് കരുതിക്കൂട്ടി ചര്‍ച്ച ഒഴിവാക്കുകയായിരുന്നെന്നും നിഷ കെ ജയന്‍ ആരോപിച്ചു.

ഒരു തൊഴില്‍ സ്ഥാപനത്തില്‍ സാമ്പത്തിക പ്രയാസം നേരിട്ടാല്‍ തൊഴിലാളി സംഘടനയുമായി ചര്‍ച്ച ചെയ്ത് പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി സി രതീഷ് ചൂണ്ടിക്കാട്ടി.

ഇന്ന് രാജ്യത്താകെയുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ഒരു നോണ്‍ ബാങ്കിംഗ് സ്ഥാപനവും ഒരു തൊഴിലാളിയെ പോലും ലേ ഓഫ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്തിട്ടില്ല.
സി സി രതീഷ്

ലേബര്‍ കമ്മീഷണര്‍ നവംബര്‍ 26 ന് വിളിച്ച ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പങ്കെടുക്കാത്തതിനാല്‍ ഡിസംബര്‍ 11ന് തീയതി പുനര്‍ നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ഏകപക്ഷീയമായ പിരിച്ചുവിടല്‍ നോട്ടീസ് തൊഴിലാളികള്‍ക്ക് അയച്ചിരിക്കുന്നത്. ഈ നടപടി സംസ്ഥാനത്തെ ഒരു തൊഴില്‍ ഉടമയും ചെയ്യാന്‍ ധൈര്യം കാണിക്കാത്തതാണ്. കൂട്ട പിരിച്ചുവിടല്‍ വന്നതോടെ ചര്‍ച്ചക്ക് ഇനി പ്രസക്തി ഇല്ലാതായി. പിരിച്ചുവിടല്‍ നോട്ടീസ് പിന്‍വലിക്കുന്നതുവരെ ശക്തമായി സമരമുറകളുമായി മുന്നോട്ട് പോകുമെന്നും രതീഷ് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 10-ാം തീയതി മുത്തൂറ്റ് ഫിനാന്‍സ് ഹെഡ് ഓഫീസിന് മുന്നില്‍ കൂട്ട ധര്‍ണ്ണ നടത്തും. ഡിസംബര്‍ 11 മുതല്‍ എറണാകുളം ഹെഡ് ഓഫീസ്, കോഴിക്കോട്, തിരുവനന്തപുരം എന്നീ റീജിയണല്‍ ഓഫീസുകളിലേക്കും സമരം വ്യാപിപ്പിക്കും. 2020 ജനുവരി 2-ാം തീയതി മുതല്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുമെന്നും ജീവനക്കാര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT