എറണാകുളം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കുമ്പോഴും അനിശ്ചിതത്വം തുടരുന്നു. സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടത് നാളെയാണ്. പൊളിച്ച് മാറ്റുന്നതിന് മുമ്പ് പരിസ്ഥിതി ആഘാത പഠനം വേണമെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന മദ്രാസ് ഐഐടി നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുക. വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവയ്ക്ക് കാരണമാകുമെന്നും അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ദിവസങ്ങളോളം തങ്ങിനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മദ്രാസ് ഐ ഐ ടി റിപ്പോര്‍ട്ട്
നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യവും അതിന്റെ നിര്‍മ്മാര്‍ജ്ജനവും വെല്ലുവിളിയാണെന്നാണ് മദ്രാസ് ഐഐടി റിപ്പോര്‍ട്ട്. പൊളിച്ച് നീക്കുന്ന മാലിന്യത്തിന്റെ അളവ്, സ്വഭാവം എന്നിവ പഠിക്കണം. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കൊപ്പം പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതികാഘാതവും പൊളിച്ചു നീക്കുമ്പോള്‍ അന്തരീക്ഷത്തിലൂണ്ടാകുന്ന പ്രശ്‌നങ്ങളും പരിഗണിക്കണം.
കെട്ടിടം നിര്‍മ്മിച്ചതോടെ ആവാസവ്യവസ്ഥയുടെ സ്വാഭാവികത തകിടം മറിഞ്ഞിട്ടുണ്ട്. അത് ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തീരദേശ പരിപാലന പരിധിയില്‍ ഉള്‍പ്പെടുന്ന മേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുമ്പോള്‍ ഉണ്ടാകുന്ന ആഘാതം പരിശോധിക്കണം. തൊട്ടടുത്ത കെട്ടിടങ്ങളിലും വിള്ളലുണ്ടാക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നുണ്ട്.
കായലിനും മരങ്ങള്‍ക്കും ഇടയിലായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പൊളിക്കുമ്പോള്‍ 27000 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്റര്‍ മാലിന്യം അന്തരീക്ഷത്തിലേക്ക് എത്തും. നൂറ്റ് മീറ്ററോളം ഇത് വ്യാപിക്കും. ദിവസങ്ങളോളം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കൈവിട്ട് കേന്ദ്രസര്‍ക്കാര്‍
കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനെ സംസ്ഥാനം സമീപിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാടുണ്ടായിട്ടില്ല. കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാറിനാണ് ഉത്തരവാദിത്വമെന്ന് പരസ്യമായി പ്രകാശ് ജാവഡേക്കര്‍ പ്രതികരിക്കുകയും ചെയ്തതോടെ ഇതിനുള്ള സാധ്യത മങ്ങുകയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കണമെന്ന മരട് സ്വദേശി എന്‍ ജി അഭിലാഷിന്റെ ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു.
കുടിയൊപ്പിക്കുന്നതിനുള്ള നോട്ടീസ് ഫ്‌ളാറ്റുകളില്‍ പതിക്കുകയും പുനരധിവാസം ആവശ്യമുള്ളവരുടെ അപേക്ഷ ക്ഷണിക്കുകയുമാണ് നഗരസഭ ഇതുവരെ ചെയ്തത്. ഫ്‌ളാറ്റുകളുടെ ഫോട്ടോകള്‍ എടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നതിലേക്കാണിതെന്നാണ് സൂചന. ഫ്‌ളാറ്റുകളുടെ വലിപ്പം, താമസക്കാരുടെ എണ്ണം, പൊളിച്ച് മാറ്റുന്നതിന്റെ സാമ്പത്തിക ബാധ്യത എന്നിവയെല്ലാം സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയെ അറിയിക്കും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം