സിസ്റ്റര്‍ ലൂസി കളപ്പുര 
Special Report

‘എത്രയോ കന്യാസ്ത്രീകളുടെ ഉള്ളില്‍ എരിയുന്ന പുസ്തകങ്ങളുണ്ട്’; സിസ്റ്റര്‍ ലൂസി കളപ്പുര

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

വൈദികര്‍ കന്യാസ്ത്രീ മഠങ്ങളില്‍ സന്ദര്‍ശകരായെത്തി ലൈംഗീക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. വെളിപ്പെടുത്തല്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചിരിക്കുകയാണ്. കന്യാസ്ത്രീ ആയതിന് ശേഷം തന്നെ മൂന്ന് തവണ വൈദികര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തുന്നു. ചില മഠങ്ങളില്‍ നിന്ന് യുവതികളായ സന്ന്യാസിനികളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞുവിടുന്ന പതിവുണ്ട്. അവര്‍ അസാധാരണ വൈകൃതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗഭോഗത്തിന് വിധേയരാക്കാറുണ്ട്. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചപ്പോള്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണുണ്ടായതെന്നും 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി പറയുന്നു. പുസ്തകങ്ങളിലുള്ളത് താന്‍ അനുഭവിച്ചതിന്റേയും അറിഞ്ഞതിന്റേയും ചെറിയൊരു ഭാഗം മാത്രമാണെന്ന് സിസ്റ്റര്‍ 'ദ ക്യു'വിനോട് പ്രതികരിച്ചു.

എത്രയോ കന്യാസ്ത്രീകളുടെ ഉള്ളില്‍ എരിയുന്ന പുസ്തകങ്ങളുണ്ട്

ഞാന്‍ അനുഭവിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും എന്റെയടുക്കല്‍ വന്ന് പറഞ്ഞിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ഏതാനും കാര്യങ്ങള്‍ മാത്രമാണ് പുസ്തകത്തിലുള്ളത്. പൊരുതാന്‍ പറ്റാത്ത ഒരു സിസ്റ്റര്‍മാര്‍ സഭയിലുണ്ട്. പരിമിതികള്‍ കാരണം കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. വരികളാകാതെ ഉള്ളില്‍ വരികളായിട്ട് എരിഞ്ഞ് എത്രയോ കന്യാസ്ത്രീകളുടെ ഉള്ളില്‍ പുസ്തകങ്ങളുണ്ടെന്ന് അറിയാമോ? എത്രയോ പേരുടെ ഉള്ളിന്റെയുള്ളില്‍. പക്ഷെ പുറത്തോട്ട് പറയാനോ എഴുതാനോ അവര്‍ക്ക് കഴിയില്ല. അത്രയ്ക്കുണ്ട് സാഹചര്യസമ്മര്‍ദ്ദം. അനേകം പുസ്തകങ്ങള്‍ കൂടി പുറത്തേക്ക് വരാനുണ്ട്. കന്യാസ്ത്രീകളുടെ മാതാപിതാക്കളുടെ, സഹോദരങ്ങളുടെ അനുഭവങ്ങള്‍. വിശ്വാസികള്‍ അനുഭവിക്കേണ്ടി വന്നതും അറിയാവുന്നതുമായ പ്രശ്‌നങ്ങളെല്ലാം അവരുടെ മനസാക്ഷിക്കുള്ളില്‍ പുസ്തകങ്ങളായുണ്ട്. സമൂഹം അത് പറയാന്‍ അനുവദിക്കുന്ന സമയത്തേ അവര്‍ക്കത് പുറത്തുപറയാന്‍ കഴിയൂ. അത്തരം പുസ്തകങ്ങളില്‍ ഒന്നുമാത്രമാണിത്.

ജനങ്ങള്‍ക്കെല്ലാം മനസിലായി വരുന്നുണ്ട്. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിന്റെ കരുതലുണ്ടാകും. ഇല്ലാതാക്കലിനും ഒരു പരിധിയുണ്ടാകും.

എന്തുകൊണ്ട് ഇത്ര നാള്‍ മിണ്ടാതിരുന്നു എന്നത് ക്രൂരമായ ചോദ്യമാണ്. അതില്‍ മനസാക്ഷിയില്ല. ഒരു കാരണവശാലും ഒരു സ്ത്രീയോട് അത് ചോദിക്കാന്‍ പുരുഷ സമൂഹത്തിന് അവകാശമില്ല. സ്ത്രീകള്‍ തന്നെ ആ ചോദ്യം ഉന്നയിക്കുന്നെങ്കില്‍ അത് അവരുടെ അജ്ഞതയാണ്. ഒരു വ്യക്തി സാഹചര്യങ്ങള്‍ കൊണ്ടാണ് നിയന്ത്രിക്കപ്പെടുന്നത്. കുട്ടിയായിരിക്കെ മുതല്‍ വളര്‍ന്നുവരുന്ന ചുറ്റുപാടുകളാണ് ഒരാളെ രൂപപ്പെടുത്തുന്നത്. ചിലര്‍ ഒരിടത്ത് നിന്നുകൊണ്ടേ ചിന്തിക്കൂ. ആ ഇടത്തിന് പുറത്തേക്ക് ചിന്തിക്കില്ല. നൂറുപേര്‍ കൈയില്‍ തണുത്തവെള്ളം പിടിക്കുകയാണെങ്കില്‍ നൂറ് തരത്തിലാകും അത് അനുഭവപ്പെടുക.

കഴിഞ്ഞ ദിവസം ഫ്രാങ്കോ കോടതിയിലേക്ക് വന്ന സമയത്തും അകമ്പടിയുണ്ടായിരുന്നു. പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കുന്ന സമയത്തെല്ലാം കൂടെ ധാരാളം ആളുകളുണ്ട്. ഞങ്ങളുടെ സമൂഹത്തില്‍ പെട്ട ഒരു സിസ്റ്ററും അക്കൂട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. വസ്ത്രധാരണം കൊണ്ടാണ് അത് മനസിലായത്. അവരുടെയൊക്കെ മനസ് എന്താണെന്ന് ആലോചിച്ച് നോക്കാവുന്നതേയുള്ളൂ.

എന്തുകൊണ്ട് നേരത്തേ പ്രതികരിച്ചില്ല, എന്തുകൊണ്ട് സഭയില്‍ നിന്ന് പുറത്തുവരാതിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ വരാന്‍ തുടങ്ങിക്കഴിഞ്ഞു. സന്യാസത്തിന് അകത്തുള്ളവര്‍ക്ക് മാത്രമേ അത് മനസിലാകൂ. എങ്ങനെയാണ് പറയാന്‍ പറ്റുക? ആ ചുറ്റുപാടുകളില്‍ എങ്ങനെയാണ് ചെറുത്തുനില്‍ക്കാന്‍ പറ്റുക? അനുഭവിക്കുന്നവര്‍ക്കേ അത് അറിയാവൂ. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുറച്ചെങ്കിലും ഇടം കിട്ടിയതുകൊണ്ടാണ് പ്രതികരിക്കുന്നത്. അത് ഉള്‍ക്കൊനുള്ള വിദ്യാഭ്യാസം സമൂഹത്തില്‍ നടക്കുന്നതുകൊണ്ട്. പറയുന്നത് കേള്‍ക്കാന്‍ കുറച്ച് പേരുള്ളതാണ് ധൈര്യം. സാഹചര്യങ്ങളാണ് നമ്മെ ഓരോന്നിലേക്ക് നയിക്കുന്നത്.

ഞാന്‍ ചെറുതായിരുന്ന കാലത്ത് പറയുന്നതിനേക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. അങ്ങനെയൊരു ഫോര്‍മേഷന്‍ തരുന്നില്ല. സന്യാസത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും അതിനോട് എങ്ങനെ പ്രതികരിക്കണം എന്നൊന്നും അറിയില്ല. മറുഭാഗത്ത് അച്ചന്‍മാര്‍ ആണെങ്കില്‍ ഒരക്ഷരം മിണ്ടാന്‍ പാടില്ല. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്തുകൊണ്ട് നേരത്തെ പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നത് കാഴ്ച്ചയില്ലാത്തവരാണ്. അവരെ തൃപ്തിപ്പെടുത്താന്‍ നമുക്ക് കഴിയില്ല. അവരോട് സംസാരിച്ചിട്ട് കാര്യമില്ല. സമൂഹത്തിലെ ഏത് സാഹചര്യങ്ങളിലേക്ക് നോക്കിയാലും അനേകം ചൂഷണങ്ങള്‍ നടക്കുന്നത് കാണാം. എന്തുകൊണ്ട് വൈകി എന്ന ചോദ്യം മറുപടി അര്‍ഹിക്കുന്നേയില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT