Special Report

മാധ്യമങ്ങള്‍ തിരുത്തണം; ചാനല്‍ ചര്‍ച്ചകളിലെ സി.പി.എം പ്രതിനിധികള്‍ക്ക് പറയാനുള്ളത്

സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള വിവാദങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും സംബന്ധിച്ച വാര്‍ത്തകള്‍ ഏകപക്ഷീയമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞവരാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത സി.പി.എം പ്രതിനിധികള്‍. തെരഞ്ഞെടുപ്പിലെ വിജയം മുഖ്യധാര മാധ്യമങ്ങള്‍ക്കെതിരായ വിധിയെഴുത്താണെന്ന് ഇടതുപക്ഷം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. തിരുത്തല്‍ വേണമെന്ന് മാധ്യമങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ജനവിധിയെന്്‌ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സി.പി.എം പ്രതിനിധികള്‍ പ്രതികരിക്കുന്നു

ചര്‍ച്ചയ്‌ക്കെടുത്ത വിഷയങ്ങള്‍ ജനങ്ങള്‍ക്ക് ദഹിച്ചില്ല

പി എ മുഹമ്മദ് റിയാസ്

അനാവശ്യ വിവാദങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തത് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്തു. ഇനിയെങ്കിലും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും വികസനവും പോലുള്ള ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതില്‍ എതിരല്ല. കൊവിഡ് കാലത്ത് ചാനലുകള്‍ ചര്‍ച്ചയെക്കെടുത്ത വിഷയങ്ങള്‍ ജനങ്ങള്‍ക്ക് ദഹിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ബോധ്യപ്പെട്ട ഒരുകാര്യം, വിവാദങ്ങളും അസത്യ പ്രചരണങ്ങളുമൊന്നും മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് വിഷയമേയല്ലെന്നതാണ്. ജീവല്‍ പ്രശ്‌നങ്ങളും അതുപോലെ പെന്‍ഷന്‍, കിറ്റ്, സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍,വികസനം എന്നിവയൊക്കെയാണ് ജനങ്ങളുടെ പ്രധാന വിഷയം. അതില്‍ ഇടത് സര്‍ക്കാരിന് അനുകൂലമായിട്ടായിരുന്നു ജനങ്ങള്‍ നിന്നത്. ദേശീയ അന്വേഷണ ഏജന്‍സികളെ മുന്നില്‍ വെച്ച് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നീക്കവും ജനാധിപത്യ വിരുദ്ധമായ നീക്കവും കേരളത്തിലെ ഇടതുസര്‍ക്കാരിനോട് അനുകൂലമായ സ്ഥിതി ജനങ്ങളില്‍ ഉണ്ടാക്കിയിരുന്നു. കേന്ദ്രഭരണം ഉപയോഗിച്ച് സംസ്ഥാനത്ത് ഭരണം നടത്താന്‍ പോലും അനുവദിക്കാത്തതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും എതിരായ വികാരം ജനങ്ങള്‍ക്കിടയിലുണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ യഥാര്‍ത്ഥ അജണ്ടകളല്ല പലപ്പോഴും ചര്‍ച്ച ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിട്ടാണ് ജനങ്ങള്‍ ഇതിനെ കണ്ടത്. പെട്രോളിന്റെയും ഗ്യാസിന്റെയും വില വര്‍ധിപ്പിക്കുന്നത് ചാനല്‍ ചര്‍ച്ചകളില്‍ വരുന്നില്ല. കൊവിഡ് കാലത്തെ കിറ്റ് വിതരണം, പെന്‍ഷന്‍ ഘട്ടഘട്ടമായി ഉയര്‍ത്തിയത്, ഗെയില്‍ പൈപ്പ് ലൈന്‍ ,കെഫോണ്‍ പദ്ധതിയുടെ പ്രയോജനം എന്നിവയൊന്നും ചര്‍ച്ച ചെയ്യുന്നില്ല.

മാധ്യമങ്ങള്‍ പണിയെടുത്ത് യു.ഡി.എഫ് നോക്കുകൂലി വാങ്ങുന്നത് ജനങ്ങള്‍ അവസാനിപ്പിച്ചു

എ.എ. റഹീം

യു.ഡി.എഫ് ജയിച്ച് വന്നിരുന്നത് രാഷ്ട്രീയത്തിന്റെ മേന്‍മ കൊണ്ടോ നിലപാടുകളിലെ വ്യക്തത കൊണ്ടോ ആയിരുന്നില്ല. യു.ഡി.എഫ് വികസന കാഴ്ചപ്പാട് മുന്നോട്ട് വെച്ച് ജനങ്ങളെ ആകര്‍ഷിച്ചതുമായിരുന്നില്ല. മറിച്ച്, കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന വിവാദ ഉത്പാദനത്തിന്റെ കാരുണ്യത്തിലായിരുന്നു യു.ഡി.എഫ് ജയിച്ചു വന്നത്. ഇത്തവണയും അങ്ങനെ ജയിച്ചുവരാമെന്നാണ് അവര്‍ കരുതിയത്. നോക്കുകൂലി വാങ്ങാന്‍ ജനങ്ങള്‍ അനുവദിച്ചില്ല. തൊഴില്‍ മേഖല നിക്ഷേപ സൗഹൃദമാക്കുന്നതിനായി സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നോക്കുകൂലി അവസാനിപ്പിച്ചിരുന്നു. ഇതേ മാതൃകയില്‍ രാഷ്ട്രീയത്തിലും നോക്കുകൂലി വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചു.

ഏഷ്യാനെറ്റ് നടത്തിയ സര്‍വേയില്‍ തുടര്‍ഭരണം പറഞ്ഞിരുന്നു. 77 മുതല്‍ 83 വരെ സീറ്റുകളായിരുന്നു പ്രവചിച്ചത്. യു.ഡി.എഫിന് 54മുതല്‍ 60 വരെ സീറ്റുകളാണ് പറഞ്ഞിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍ കഴിയുമ്പോള്‍ 90 സീറ്റ് വരെ ഇടതുപക്ഷം ലീഡ് ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ സര്‍വേയേക്കാള്‍ കുറെക്കൂടി മുന്നോട്ട് പോയിരിക്കുന്നുവെന്ന് വ്യക്തം. ജൂലൈ 3നാണ് ഏഷ്യാനെറ്റിന്റെ സര്‍വേ. സ്വര്‍ണക്കടത്ത് വിവാദം ആരംഭിക്കുന്നത് ജൂലൈ 6നാണ്. അന്ന് തുടങ്ങിയ ചര്‍ച്ച ഡിസംബറില്‍ ജനങ്ങള്‍ പോളിംഗ് ബൂത്തില്‍ പോകുമ്പോഴും ആവര്‍ത്തിച്ചു. മറ്റ് വിഷയങ്ങള്‍ വളരെ കുറച്ച് ദിവസങ്ങളിലാണ് ചര്‍ച്ച ചെയ്തത്. ഇങ്ങനെ യു.ഡി.എഫിനും ബി.ജെ.പിക്കും വേണ്ടി ഓവര്‍ ടൈം പണിയെടുക്കുകയായിരുന്നു മാധ്യമങ്ങള്‍. മാധ്യമങ്ങളെടുത്ത പണി വെള്ളത്തില്‍ വരച്ച വര പോലെയായി എന്നാണ് അര്‍ത്ഥം.

സ്പിരിറ്റ് ഓഫ് ദ ടൈം ആണ് ദൃശ്യമാധ്യമങ്ങളുടെ വാര്‍ത്തകളെ നിശ്ചയിക്കുന്നതെന്നാണ് ഒരു മാധ്യമസ്ഥാപനത്തിലെ പ്രധാനി പറഞ്ഞത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് കൊടുക്കുന്നതെന്നായിരുന്നു ഇത്. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് മനസിലാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്.

ഞാനും ഇരയാണ്

എ.എന്‍.ഷംസീര്‍ എം.എല്‍.എ

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ നിഷ്പക്ഷവും സത്യസന്ധവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തയ്യാറാകണം. പകരം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ വെച്ച്, രാഷ്ട്രീയ താല്‍പര്യത്തോടെ വാര്‍ത്തകള്‍ സൃഷ്ടിക്കരുത്. നിര്‍ഭാഗ്യവശാല്‍ കുറെ വര്‍ഷങ്ങളായി ഇവിടെ നടക്കുന്നത് അതാണ്. അത്തരം അപവാദ പ്രചരണത്തിന്റെ ഇരയാണ് ഞാന്‍. അപവാദ പ്രചരണം നടത്തിയാണ് എന്നെ തോല്‍പ്പിച്ചത്. ജനങ്ങളില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ തയ്യാറാകണം.കാരണം ജനങ്ങള്‍ ഇപ്പോഴും മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണായി കാണുന്നുണ്ട്.

മാധ്യമങ്ങള്‍ ഇടതുവിരുദ്ധ അച്ചുതണ്ടിലെ പ്രധാന കക്ഷി

ജെയ്ക്ക്.സി.തോമസ്

ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ വിരുദ്ധ ദുഷ്ടശക്തികള്‍ക്കെതിരായ എല്ലാ അര്‍ത്ഥത്തിലുമാണ് വിധിയെഴുതിയത്. ഇടതുപക്ഷ വിരുദ്ധ അച്ചുതണ്ടില്‍ സുപ്രധാന പദവി അലങ്കരിച്ചത് ബി.ജെ.പിയും ആര്‍.എസ്.എസും കോണ്‍ഗ്രസും മാത്രമല്ല. അതിന്റെ ഇടത്തോ വലത്തോ അല്ല ഒത്ത നടുവില്‍ തന്നെയായിരുന്നു കേരളത്തിലെ എല്ലാ മുഖ്യധാര മാധ്യമങ്ങള്‍ ഒരേ അജണ്ടയുമായി നിലയുറപ്പിച്ചത്. 180 ദിവസം പുറത്ത് വിടുന്ന പ്രതികളുടെ മൊഴികള്‍, അപസര്‍പ്പകകഥകള്‍, പാതി ശരികള്‍, പാതി നുണകള്‍ ഇവയൊക്കെ ഓരോ ദിവസവും ചര്‍ച്ച ചെയ്തു കൊണ്ടിരുന്നു. പക്ഷേ അതിന് ശേഷം എന്തുസംഭവിച്ചുവെന്ന വസ്തുതാപരമായ അന്വേഷണം നടക്കുന്നില്ല. ഇതിനെതിരെയുള്ള വിധിയെഴുത്ത് കൂടിയായി ഈ തെരഞ്ഞെടുപ്പ് ഫലം മാറിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചാനല്‍ ചര്‍ച്ചകളും ജീവിതാനുഭവങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍

എസ്.കെ.സജീഷ്

നിരന്തരം ബ്രേയ്ക്കിംഗുകള്‍ നല്‍കിയും വലതുപക്ഷ നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വെണ്ടയ്ക്കാ നിരത്തിയും ജനങ്ങളുടെ മനസില്‍ തറപ്പിക്കാമെന്നുമാണ് മുഖ്യധാര മാധ്യമങ്ങള്‍ കരുതിയത്. എന്നാല്‍ ഈ ചര്‍ച്ചകളും ജീവിതാനുഭവങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്നത്. ജീവിതാനുഭവങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് ഇടതുപക്ഷം ഞങ്ങള്‍ക്കൊപ്പമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് ഈ സംഘടിതമായ മാധ്യമപ്രചാരവേലകളെ അതിജീവിച്ച് ഇടതുപക്ഷത്തിന് നിര്‍ണായകമായ വിജയം ഉണ്ടായത്.

ഇടതുപക്ഷത്തിനെതിരായ സംഘടിതമായ അജണ്ടയാണ് മാധ്യമങ്ങള്‍ നടപ്പാക്കിയത്. അതിനാല്‍ പല വാര്‍ത്തകളും അവര്‍ തമസ്‌കരിച്ചു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും പ്രതിസന്ധി കാലത്തെ കരുതലും ജനങ്ങളിലെത്തിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ വിട്ടുനിന്നു. രണ്ടരലക്ഷത്തിലധികം ആളുകള്‍ക്ക് വീടുനല്‍കുന്ന ലൈഫ് പദ്ധതിയെ ഇകഴ്ത്തി കാണിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കൊവിഡ് കാലം മുതല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അതിനകത്ത് അഞ്ച് ഗ്രാം ശര്‍ക്കര കുറവുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. റേഷന്‍ ഷാപ്പുകള്‍ യു.ഡി.എഫ് കാലത്ത് അടഞ്ഞു കിടന്നിരുന്നു. എന്നാല്‍ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തി ഈ സര്‍ക്കാര്‍. പ്രളയദുരിതാശ്വാസ നിധി ചിലവിടുന്നതിനെ ഇകഴ്ത്തി കാണിക്കാനും ചില മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു.ചര്‍ച്ചകളില്‍ വലതുപക്ഷക്കാരെയും നിരീക്ഷകരെന്ന പേരില്‍ ഇടതുപക്ഷ വിരുദ്ധരെയും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ച് അജണ്ട സെറ്റ് ചെയ്തു. അഭാസന്‍മാരെ പോലും ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാനും മടിച്ചില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT