ഇ.എഫ്.എല്‍ ഭൂമിയായി കണ്ടെത്തിയ തോട്ടം സ്വാകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം. കോഴിക്കോട് കാവിലുംപാറ വില്ലേജിലെ 219.5 ഏക്കര്‍ വനഭൂമി അഭിരാമി പ്ലാന്റേഷന് വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചു. ഇതിനായി അഞ്ചംഗ വിദഗ്ദ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.വനം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജി.ആര്‍ .രാജേഷ് അഞ്ചംഗ സമിതിയെ നിയമിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയില്‍ അഭിരാമി പ്ലാന്റേഷന്‍ പ്രതിനിധിയെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വനഭൂമി സ്വന്തമാക്കാനാണ് സ്വകാര്യ വ്യക്തികളുടെ നീക്കമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വനംവകുപ്പ് പ്രതിനിധി, പീച്ചി ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ സയന്റിസ്റ്റ്, കോഫി ബോര്‍ഡ് പ്രതിനിധി, കാര്‍ഷിക മേഖലയിലെ വിദഗ്ധന്‍ എന്നിവര്‍ക്കൊപ്പമാണ് പരാതിക്കാരുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാവിലുംപാറ വില്ലേജില്‍ പെട്ട ആക്കിലേടത്ത് തറവാടിന്റെ 2500 ഏക്കര്‍ വനഭൂമി നേരത്തെ സര്‍ക്കറിലേക്ക് നിക്ഷിപ്തമായിരുന്നു. ഇതിന്നെതിരെ ഭൂവുടമ സമര്‍പ്പിച്ച അപ്പീലില്‍ ട്രിബ്യൂണല്‍ 343 .6 ഏക്കര്‍ തിരികെ കൊടുത്തു. ഈ ഭൂമിയിലെ മരങ്ങള്‍ മുറിച്ച് മാറ്റിയത് പ്രതിഷേധത്തിനിടയാക്കി. പ്രദേശം സന്ദര്‍ശിച്ച് നിയമാസഭാ കമ്മറ്റി വനഭൂമിയാണെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2000ല്‍ ഇ.എഫ്.എല്‍ നിയമപ്രകാരം ഭൂമിയാണെന്ന് കണ്ടെത്തി. നേരത്തെ കൈമാറിയ 343.6 ഏക്കറില്‍ 219.15 ഏക്കര്‍ അഭിരാമി പ്‌ളാന്റഷന്‍ & റിസോര്‍ട്ടിന് വിറ്റിരുന്നു.2000ത്തില്‍ 343.6ഏക്കറും ഇ.എല്‍.എല്‍ ആയി വിജ്ഞാപനം ചെയ്ത് ഏറ്റെടുത്തു. ഇതിനെതിരെ കോഴിക്കോട് ടിബൂണലില്‍ അഭിരാമി പ്‌ളാന്‍േറഷന്‍ അപ്പീല്‍ നല്‍കി. 2016ല്‍ തന്നെ ആദിവാസി വനാവകാശ പ്രകാരവും ഉടമകള്‍ അവകാശവാദം ഉന്നയിച്ചിരുന്നു.ട്രിബ്യൂണലില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിച്ച് സര്‍ക്കാരിനെ സമീപിച്ചു. ഇതിലാണ് വനംവകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുന്നത്.
കൂടുതല്‍ മരമുള്ള മേഖലയാണ് 343.6 ഏക്കറില്‍ ഉള്‍പ്പെടുന്നതെന്ന് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിനെതിരെ പോരാട്ടം നടത്തിയ മുന്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയായ നാണു ദ ക്യുവിനോട് പറഞ്ഞു. കുറെ മരങ്ങള്‍ നേരത്തെ മുറിച്ച് കടത്തിയിരുന്നു. താല്‍ക്കാലിക ജെണ്ട കെട്ടിയത് മാറ്റുകയും ചെയ്തിരുന്നു. താല്‍ക്കാലിക വാച്ചര്‍മാരുടെ സഹായത്തോടെ വീണ്ടും മരം മുറിച്ച് കടത്തിയിരുന്നു. ഇതില്‍ വനംവകുപ്പ് അന്വേഷണം നടത്തിയിരുന്നു. സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ച് ഭൂമി കൈമാറാന്‍ നീക്കം നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇ.എഫ്.എല്‍ ഭൂമി ആവശ്യപ്പെട്ട് കൂടുതല്‍ ഉടമകള്‍ രംഗത്തെത്താന്‍ ഇത് ഇടയാക്കുമെന്നാണ് ആശങ്ക.