Special Report

ഞങ്ങളുടെ കുട്ടികള്‍ക്കും പഠിക്കണം, കരിങ്കല്‍ ക്വാറിയുടെ ഭീഷണിയില്‍ സ്‌കൂളില്‍ പോകാനാകാതെ കായണ്ണയിലെ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് കായണ്ണയിലെ കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ 50 ദിവസമായി സമരത്തിലാണ്. ക്വാറിയുടെ പ്രവര്‍ത്തനം മൂലം സ്‌കൂളിന്റെ ചുവര്‍ വിണ്ടു കീറിയതോടെ സമാധാനത്തോടെ മക്കളെ അടുത്തുള്ള സ്‌കൂളിലേക്ക് വിടാന്‍ പോലും കഴിയാതായിരിക്കുകയാണ് തങ്ങള്‍ക്കെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ക്വാറിയുടെ 400 മീറ്റര്‍ ചുറ്റളവില്‍ ഇതിനോടകം 60ലധികും വീടുകളുടെ ചുവരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം തുടരുന്ന ഓരോ നിമിഷവും ഭയത്തോടെയാണ് തങ്ങള്‍ കഴിയുന്നതെന്ന് കായണ്ണക്കാര്‍ പറയുന്നു.

2018ലാണ് കായണ്ണയില്‍ ക്വാറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് നാല്‍പതിലധികം വീടുകള്‍ക്ക് ക്വാറിയുടെ പ്രവര്‍ത്തനം കാരണം വിള്ളല്‍ വീണിരുന്നു. അന്ന് നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

ഇപ്പോള്‍ പുതിയ പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് പ്രവര്‍ത്തിക്കാന്‍ അഞ്ച് വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കിയതിന് പിന്നാലെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധ സമരത്തിനിറങ്ങിയത്. ക്വാറി പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ ജീവനും ജീവിതത്തിനും വസ്തുക്കള്‍ക്കും അപകടമാണെന്ന് സമരസമിതി അംഗം ജോബി ദ ക്യുവിനോട് പറഞ്ഞു.

''ക്വാറിയ്ക്കടുത്തുള്ള നിര്‍മ്മല യു.പി സ്‌കൂളിലാണ് എന്റെ കുട്ടി പഠിക്കുന്നത്. ക്വാറി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ സ്‌കൂള്‍ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുകയും ചില ഭാഗങ്ങള്‍ അടര്‍ന്നു വീഴുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ കുട്ടിയെ സ്‌കൂളിലേക്ക് അയക്കുന്നതില്‍ സുരക്ഷ ഭീഷണിയുള്ളതുകൊണ്ട് തന്നെ കുഞ്ഞിനെ ഇപ്പോള്‍ സ്‌കൂളിലേക്ക് അയക്കാറില്ല. താന്‍ മാത്രമല്ല പല രക്ഷിതാക്കളും ഭയന്ന് കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നില്ലെന്ന് ജോബി പറയുന്നു.

കുട്ടികളുടെ ജീവന് ഭീഷണിയായ ക്വാറിക്കെതിരെ നേരത്തെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് പകരം സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്.

''സ്‌കൂളിന്റെ പ്ലാസ്റ്ററിങ്ങൊക്കെ അടര്‍ന്ന് വീണിരിക്കുകയാണ്. പഞ്ചായത്തിന്റെ എ.ഇ സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കില്ലെന്ന് പറഞ്ഞിരുന്നു. സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കളക്ടര്‍ ഇടപെട്ടാണ് സ്‌കൂളിന് ഫിറ്റ്‌നസ് കിട്ടിയത്. ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പകരം സ്‌കൂളിന്റെ ഫിറ്റ്‌നെസാണ് തടഞ്ഞുവെച്ചത്,'' ജോബി പറഞ്ഞു.

ഇതിനോടകം ക്വാറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കുമെല്ലാം നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT