Special Report

വിദേശ കമ്പനിക്ക് വേണ്ടി സ്റ്റാര്‍ട്ട് അപ്പുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നുവെന്ന് ആരോപണം, മുഖ്യമന്ത്രിയെ സമീപിച്ച് സംരംഭകര്‍

വിദേശ കമ്പനിക്ക് വേണ്ടി കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കിലെ 17 സ്റ്റാര്‍ട്ട് അപ്പുകളെ ഒഴിപ്പിക്കാനൊരുങ്ങുന്നുവെന്ന് പരാതി. സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ നോട്ടീസ് അയച്ചു. പുറത്തുനിന്നുള്ള എം.എന്‍.സിക്ക് വേണ്ടിയാണ് പ്രൊഡക്ട് ബേസ്ഡ് സ്റ്റാര്‍ട്ട് അപ് കമ്പനികളെ ഒഴിപ്പിക്കാന്‍ തീരുമാനമെന്ന് അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് (സിഐടിയു) കോഴിക്കോട് യൂണിറ്റ് സെക്രട്ടറി എം. ജുനൈസ് ദ ക്യുവിനോട് പറഞ്ഞു.

സൈബര്‍ പാര്‍ക്കില്‍ നിന്ന് ഒഴിയണമെന്ന നിര്‍ദേശം കൊവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംരംഭകര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. പ്രൊഡക്ഷന്‍, സര്‍വീസ് കാറ്റഗറികളില്‍ 33 ഓളം സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് പ്രൊഡക്ഷന്‍ വിഭാഗത്തിലെ സംരംഭകരോട് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ജുനൈസ് പറഞ്ഞു.

'ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.എ.എം.എ.ഐ (ദ ഇന്റര്‍നെറ്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ) എന്ന കമ്പനിയ്ക്കായിരുന്നു സ്റ്റാര്‍ട്ട് അപ്പ് ഹബിന്റെ നടത്തിപ്പ് ചുമതല. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെയുണ്ടായ ലോക്ക്ഡൗണ്‍ ശേഷം ഓഫീസ് തുറക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഐ.എ.എം.എ.ഐ എന്ന കമ്പനി തങ്ങളോട് സൈബര്‍ പാര്‍ക്കില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തുന്നത്. തുടര്‍ന്ന് സംരംഭകര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് അന്ന് നടപടി ഉണ്ടാവാതിരുന്നത്. തുടര്‍ന്ന് എ.എം.എ.ഐ സൈബര്‍ പാര്‍ക്ക് വിടുകയും സ്റ്റാര്‍ട്ട് അപ് ഹബ് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ ഏറ്റെടുക്കുകയുമായിരുന്നു. കമ്പനികള്‍ക്ക് അവിടെ തന്നെ തുടരാമെന്ന ഉറപ്പും സ്റ്റാര്‍ട്ട് അപ് മിഷന്‍ നല്‍കിയിരുന്നു. പിന്നീടാണ് നിങ്ങള്‍ പ്രൊഡക്ട് ബേസ്ഡ് ആയ കമ്പനികള്‍ അവിടെ നിന്നും ഒഴിയണമെന്ന് സ്റ്റാര്‍ട്ട് അപ് മിഷന്‍ പറയുന്നത്,'ജുനൈസ് പറഞ്ഞു.

മൊബൈല്‍ ടെന്‍ എക്സില്‍ നിന്ന് ഇന്‍കുബേഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെയാണ് ഒഴിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രൊഡക്ഷന്‍ വിഭാഗത്തിലെ 17 കമ്പനികളോട് ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ടാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നോട്ടീസ് നല്‍കിയത്. സര്‍വീസ് കാറ്റഗറിയിലെ 16 കമ്പനികളെ രണ്ടാം ഘട്ടത്തില്‍ ഒഴിപ്പിക്കാനാണ് നീക്കം.

'പുറത്തുള്ള ഒരു എം.എന്‍.സിക്ക് കൊടുക്കാനാണ് ഞങ്ങളെ ഒഴിപ്പിക്കുന്നതെന്നാണ് ആദ്യം ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് ചര്‍ച്ചയാക്കി കൊണ്ടു വന്ന സമയത്ത് അവര്‍ പറഞ്ഞത്, അങ്ങനെ ഒരു കമ്പനി ഇല്ലെന്നാണ്. ചില അറ്റക്കുറ്റപ്പണികള്‍ ഉണ്ട് അതിന് വേണ്ടിയാണ് ഒഴിപ്പിക്കുന്നത് എന്നാണ്. എന്നാല്‍ പുറത്തുള്ള വിദേശ കമ്പനിക്ക് വേണ്ടിയാണ് സൈബര്‍ പാര്‍ക്കില്‍ നിന്ന് കമ്പനികളെ ഒഴിപ്പിക്കാനൊരുങ്ങുന്നതെന്നും കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്കയച്ച നോട്ടീസില്‍ ബില്‍ഡിംഗിന്റെ മുകള്‍ ഭാഗം ഒരു റെപ്യൂട്ടഡ് കമ്പനിക്ക് നല്‍കുകയാണ്, അതുകൊണ്ട് ഒഴിഞ്ഞു തരണമെന്നാണ് കാരണമായി സ്റ്റാര്‍ട്ട് അപ് മിഷന്‍ പറയുന്നത്,' ജുനൈസ് പറഞ്ഞു.

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിനിടെയാണ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ ഒഴിപ്പിക്കാന്‍ നീക്കം.

മലബാറിലുള്ള ഐടി സംരംഭകരുടെ വളര്‍ച്ചയ്ക്കായി സ്റ്റാര്‍ട്ട് അപ് മിഷന്റെ ബില്‍ഡിംഗിനെ നിലനിര്‍ത്തണമെന്നാണ് ഐ.ടി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് വസിം ദ ക്യുവിനോട് പറഞ്ഞത്.

'കേരള സ്റ്റാര്‍ട്ട് മിഷന്‍ തന്നെ ഈ ബില്‍ഡിംഗ് ഏറ്റെടുത്ത് കോഴിക്കോടുള്ള ഒരു ഡിജിറ്റല്‍ ഇന്‍കുബേഷന്‍ ഹബ് ആയി ഇതിനെ നിലനിര്‍ത്തണമെന്നത് മലബാര്‍ ഐടി ഇക്കോ സിസ്റ്റത്തിന്റെ ആവശ്യമാണ്. ഇതിനെ നിലനിര്‍ത്തേണ്ടത് മലബാറിലുള്ള ഐടി സംരംഭകരുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ഏത് സാധാരണക്കാരനായ ആര്‍ക്കും ആക്സസിബ്ള്‍ ആയ ഒരു കേന്ദ്രമായി ഇത് തുടരണം,' വസിം പറഞ്ഞു.

ഇപ്പോള്‍ ഒഴിപ്പിക്കുന്ന 17 കമ്പനികള്‍ക്ക് യു.എല്‍.സി.സി സൈബര്‍ പാര്‍ക്കില്‍ സൗകര്യമൊരുക്കാമെന്ന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ജനറല്‍ മാനേജര്‍ അശോക് പറഞ്ഞത്. എന്നാല്‍ പ്രോഡക്ട്‌സും സര്‍വീസും മറ്റൊരു ബില്‍ഡിംഗിലേക്ക് മാറ്റുന്നതോടെ അത് കമ്പനികളുടെ എക്കോ സിസ്റ്റത്തെ ബാധിക്കുമെന്നാണ് വസിം പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടികള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഒഴിപ്പിക്കുന്നതല്ലാതെ മറ്റെന്ത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും സംരംഭകര്‍ പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT