Special Report

കടുത്ത എതിര്‍പ്പുയര്‍ന്നതോടെ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' പ്രസ്താവന പിന്‍വലിച്ച് കൊടിക്കുന്നില്‍ സുരേഷ്,ആലങ്കാരിക പ്രയോഗമെന്ന് ക്യുവിനോട്

കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നതോടെ ശശി തരൂര്‍ എംപിക്കെതിരെ നടത്തിയ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' പ്രയോഗവും പ്രസ്താവനയും പിന്‍വലിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' എന്നത് ആലങ്കാരിക പ്രയോഗം മാത്രമാണ്. ഗൗരവമുള്ള പ്രയോഗമായല്ല ഉദ്ദേശിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് ദ ക്യുവിനോട് പറഞ്ഞു. അതിന് ഇത്രമേല്‍ വ്യാഖ്യാനങ്ങളുണ്ടാകുമെന്ന് കരുതിയില്ല. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ഭാഗമായിട്ട് കുറഞ്ഞകാലമേ ആയുള്ളൂ. അതിനാലാണ് അത്തരമൊരു പ്രയോഗം ആലങ്കാരികമായി ഉപയോഗിച്ചത്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ കത്തില്‍ അദ്ദേഹം ഒപ്പുവെയ്ക്കാന്‍ പാടില്ലായിരുന്നു. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ അത്തരം നടപടികളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുന്നതായി ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിനെതിരായ തന്റെ പ്രസ്താവനയും പിന്‍വലിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ അദ്ദേഹത്തിനറിയില്ല, തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നുമായിരുന്നു കൊടിക്കുന്നില്‍ ആരോപിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊടിക്കുന്നില്‍ സുരേഷ് ദ ക്യുവിനോട്

കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവി സംബന്ധിച്ച വിഷയത്തില്‍ കത്തയച്ച നിലപാടില്‍ നിന്ന് ശശി തരൂര്‍ പിന്‍മാറിയെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ എന്റെ പ്രസ്താവന പിന്‍വലിക്കുകയാണ്. സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരായിട്ടാണ് ആ കത്ത്. അതില്‍ അദ്ദേഹം ഒപ്പുവെച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് താനുള്‍പ്പെടെയുള്ള പല നേതാക്കള്‍ക്കുമുള്ളത്. അദ്ദേഹവും ഞങ്ങളെ പോലെ കേരളത്തില്‍ നിന്നുള്ള എംപിയാണ്. അത്തരമൊരു കത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് അദ്ദേഹം ഞങ്ങളുമായൊന്നും ആശയവിനിമയം നടത്തിയില്ല. സംസ്ഥാന നേതൃത്വവുമായും ആശയവിനിമയം നടത്തിയില്ല. സോണിയഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും പിന്‍തുണയ്ക്കുകയെന്ന സംസ്ഥാന കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ നടപടി. ആ സാഹചര്യത്തിലാണ് അദ്ദേഹത്തെ വിമര്‍ശിച്ചത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ എന്റെ പ്രസ്താവനയില്‍ നിന്ന് പിന്‍മാറുകയാണ്. സോണിയ ഗാന്ധി മുഴുവന്‍ സമയ പ്രസിഡന്റാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ട് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് എന്നതേയുള്ളൂ. ബാക്കിയെല്ലാ കാര്യങ്ങളിലും അവര്‍ സജീവമായി ഇടപെടുകയും ശക്തമായി നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.

സോണിയ ഗാന്ധി മാറുന്നെങ്കില്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ്‌ ഭൂരിപക്ഷം കോണ്‍ഗ്രസുകാരും ആഗ്രഹിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസുകാരോ രാജ്യത്തെ കോണ്‍ഗ്രസുകാരോ മറിച്ച് ആഗ്രഹിക്കുന്നില്ല. കേരള ഘടകത്തിന്റെ നിലപാട് ഉയര്‍ത്തിപ്പിടിക്കേണ്ട ശശി തരൂരില്‍ നിന്ന് അത്തരമൊരു നടപടിയുണ്ടാകാന്‍ പാടില്ലായിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ അദ്ദേഹത്തിനെതിരെ പ്രതികരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഞാനും നിലപാട് വ്യക്തമാക്കിയത്. ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നത് ആലങ്കാരികമായി പറഞ്ഞതാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ വന്നിട്ട് കുറഞ്ഞ കാലമല്ലേ ആയുള്ളൂ. പാര്‍ട്ടിയെ സംബന്ധിക്കുന്ന അതിനിര്‍ണായക കാര്യങ്ങളിലൊക്കെ അഭിപ്രായം പറയാവുന്ന രീതിയിലേക്ക് അദ്ദേഹം വന്നോയെന്നതില്‍ സംശയമുണ്ട്. അദ്ദേഹം വിശ്വപൗരനായിരിക്കാം. പക്ഷേ പാര്‍ട്ടി അദ്ധ്യക്ഷ പദവിയെയൊക്കെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പക്വതയോടെയാണ് ഇടപെടേണ്ടത്. അതുകൊണ്ടാണ് ആലങ്കാരികമായി അത്തരമൊരു പ്രയോഗം നടത്തിയത്. സ്‌പെഷ്യല്‍ ഗസ്റ്റ് എന്ന അര്‍ത്ഥത്തിലൊക്കെയാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ അത്ര ഗൗരവത്തോടെ പ്രയോഗിച്ചതല്ല. അതിന് ഇത്രമേല്‍ വ്യാഖാനങ്ങളുണ്ടാകുമെന്ന് കരുതിയില്ല. ആ അധ്യായം അവസാനിപ്പിക്കുകയാണ്. അതിന്‍മേല്‍ ഇനി ചര്‍ച്ച വേണ്ട. പല നേതാക്കള്‍ക്കും അദ്ദേഹത്തിന്റെ നിലപാടിനോട് വിയോജിപ്പുണ്ട്. പലരും അത് പരസ്യപ്പെടുത്തിയിട്ടില്ലെന്നേയുള്ളൂവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT