Special Report

കിറ്റക്‌സിനെയും 'സഹായിച്ച്' ആരോഗ്യവകുപ്പ്; പിപിഇ കിറ്റ് ഇരട്ടി വിലയ്ക്ക്

കിറ്റക്‌സില്‍ നിന്നും കോവിഡ് കാലത്ത് ഇരട്ടി വില നല്‍കി പിപിഇ കിറ്റ് വാങ്ങി ആരോഗ്യവകുപ്പ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കിറ്റക്സില്‍ നിന്നും പിപിഇ കിറ്റുകള്‍ വാങ്ങിയിരിക്കുന്നത്. ഒരു പിപിഇ കിറ്റിന് 800 രൂപ നിരക്കിലാണ് കിറ്റക്‌സില്‍ നിന്നും പിപിഇ കിറ്റ് കെ.എം.എസ്.സി.എല്‍ വാങ്ങിയത്. മാര്‍ക്കറ്റില്‍ 250 മുതല്‍ 450 രൂപയ്ക്ക് വരെ പിപിഇ കിറ്റ് കിട്ടുന്ന സമയത്താണ് ഇരട്ടി വിലയ്ക്ക് കിറ്റക്‌സിന് കരാര്‍ നല്‍കിയത്. എന്നാല്‍ കെ.എം.എസ്.സി.എല്ലിന്റെ വെബ്‌സൈറ്റിലെ രേഖകളില്‍ കിറ്റക്‌സിന്റെ പേരോ വാങ്ങിയ വിലയോ രേഖപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ പേര് രേഖപ്പെടുത്തേണ്ടയിടത്ത് കെ.എം.എസ്.സി.എല്‍/ കോറോണ സപ്ലൈ എന്നാണുള്ളത്. പൂജ്യമാണ് വില. കിറ്റക്‌സിന്റെ പേര് പതിച്ച പിപിഇ കിറ്റുകള്‍ ആശുപത്രികളില്‍ എത്തിയിരുന്നെന്ന് ഫാര്‍മസിസ്റ്റുകള്‍ ദ ക്യുവിനോട് വെളിപ്പെടുത്തി. കിറ്റക്‌സ് ഉടമകള്‍ നേതൃത്വം നല്‍കുന്ന കിഴക്കമ്പലത്തെ ട്വന്റി ട്വന്റിക്കെതിരെ ഇടതുപക്ഷം രാഷ്ട്രീയ പോരാട്ടം നടത്തുമ്പോഴാണ് സര്‍ക്കാര്‍ വകുപ്പ് കമ്പനിയില്‍ നിന്നും ഇരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയിരിക്കുന്നത്.

കിറ്റക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരമുണ്ടെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കിറ്റക്‌സിന്റെ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നതിനിടെ നിര്‍ജ്ജലീകരണം സംഭവിക്കുന്നതായി പരാതി ഉയര്‍ന്നു. ഡ്യൂട്ടിക്കിടെ പലരും തലകറങ്ങി വീണു. ഇതോടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കിറ്റക്‌സിന്റെ പിപിഇ കിറ്റുകള്‍ ആദ്യ ആഴ്ചയ്ക്ക് ശേഷം ഉപയോഗിക്കാന്‍ തയ്യാറായില്ല. ഇത് ധരിച്ചാല്‍ കടുത്ത ചൂട് അനുഭവപ്പെടുന്നുവെന്നായിരുന്നു പൊതുവായുള്ള പരാതി. കിറ്റക്‌സിന്റെ പിപിഇ കിറ്റ് ധരിച്ച് നാല് മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചു. ഇതോടെ ആശുപത്രികളില്‍ കിറ്റക്‌സിന്റെ പിപിഇ കിറ്റുകള്‍ കെട്ടിക്കിടന്നു. ഉപയോഗിച്ച മെറ്റീരിയലിന്റെ ഗുണനിലവാരത്തിലെ വ്യത്യാസമായിരിക്കാം പ്രശ്‌നമുണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോവിഡ് പടര്‍ന്ന് തുടങ്ങിയ ഘട്ടത്തിലാണ് കിറ്റക്‌സുമായുള്ള കരാര്‍. മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ ഈ പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കിറ്റക്‌സിന് കരാര്‍ നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായതായും ആരോപണമുണ്ട്. പിപിഇ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടാകുമെന്ന് വാദിച്ചായിരുന്നു കിറ്റക്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്നും പിപിഇ കിറ്റ് വാങ്ങിയത്.

കോവിഡ് കാലത്ത് വാങ്ങിയ മറ്റ് ചില കമ്പനികളുടെ പിപിഇ കിറ്റുകളും ഗുണനിലവാരമില്ലാത്തവയായിരുന്നു. 2020 ഫെബ്രുവരിയില്‍ 450 രൂപയ്ക്ക് പിപിഇ കിറ്റുകള്‍ നല്‍കാമെന്ന് കെ.എം.എസ്.സി.എല്ലിന് മരുന്ന് വിതരണം ചെയ്ത കമ്പനി അറിയിച്ചിരുന്നു. അത് സ്വീകരിക്കാതെയാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ഇങ്ങനെ വാങ്ങിയതില്‍ ഉപയോഗിച്ച പിപിഇ കിറ്റുകളും പാക്ക് ചെയ്ത് അയച്ചിട്ടുണ്ടെന്ന് കണ്ടെത്തി. രക്തക്കറയുള്ളവയും മുടിയുള്ളവയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നിട്ടും ഗുണനിലവാരമില്ലാത്തവ വാങ്ങിക്കൊണ്ടിരുന്നു.

സംസ്ഥാനത്ത് ലഭ്യമായിട്ടും ഗ്ലൗസുകള്‍ യു.കെയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് വിവാദമായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വിദേശത്ത് നിന്നും വാങ്ങുന്നത് തടഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് കെ.എം.എസ്.സി.എല്‍ അനുമതിയില്ലാതെ ഇറക്കുമതി ചെയ്തുവെന്ന് കണ്ടെത്തി.

കാരുണ്യ സ്റ്റോര്‍ വഴിയും കോവിഡ് കാലത്ത് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇവയില്‍ മിക്കതും കടലാസ് കമ്പനികളുടെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. കെ.എം.എസ്.സി.എല്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്നവയുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ അപ് ലോഡ് ചെയ്യും. ബാച്ച് നമ്പര്‍, ഐറ്റത്തിന്റെ പേര്, നിര്‍മ്മാതാവ്, നിര്‍മ്മാണ തിയ്യതി, കാലാവധി അവസാനിക്കുന്ന തിയ്യതി, സ്റ്റോക്ക് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി എന്ന പേരില്‍ വരുന്നത് കാരുണ്യ സ്റ്റോര്‍ വഴിയാണ് വാങ്ങിക്കുന്നത്. ഇങ്ങനെ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. കാരുണ്യ കമ്യൂണിറ്റ് ഫാര്‍മസി എന്ന് മാത്രമാണ് സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്നത്. കമ്പനിയുടെ പേരുകളോ മറ്റ് വിവരങ്ങളോ ഇതില്‍ ചേര്‍ക്കുന്നില്ല. കിറ്റക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ രേഖപ്പെടുത്തിയത് പോലെ കമ്പനിയുടെ പേരോ വിലയോ ഇല്ലാതെയാണ് ചേര്‍ത്തിരിക്കുന്നത്.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT