പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുമ്പ് ലോഡ് ടെസ്റ്റ് ചെയ്യണമെന്ന് മേല്‍പ്പാല നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന കിറ്റ്കോ. പാലം പൊളിക്കാതെ തന്നെ ബലം കൂട്ടാനായി കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് പരിഗണിക്കണമെന്നാണ് കിറ്റ്‌കോയുടെ വാദം. ചെന്നൈ ഐഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ സാങ്കേതിക വിദ്യയേക്കുറിച്ച് പറയുന്നുണ്ട്. ചിലവ് കുറഞ്ഞ ഈ ടെക്നോളജി പരിഗണിക്കാതെ സര്‍ക്കാര്‍ പാലം പൊളിക്കാന്‍ തീരുമാനമെടുത്തത് നിര്‍ഭാഗ്യകരമാണെന്നും പൊതുമേഖല സ്ഥാപനമായ കിറ്റ്കോ 'ദ ക്യൂവിനോട് പ്രതികരിച്ചു.
കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് ഇന്ത്യയില്‍ 15ഓളം പാലങ്ങളില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് ആയുസ് കുറവാണെന്നും അതുകൊണ്ടാണ് പാലം പുതുക്കി പണിയുന്നതെന്നുമാണ് സര്‍ക്കാര്‍ വാദം. കാര്‍ബണ്‍ റാപ്പിങ്ങ് ഇതുവരെ ഉപയോഗിച്ചിടത്തൊന്നും പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ല.കിറ്റ്‌കോ
പാലം പൊളിച്ച് പണിഞ്ഞാല്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്നത് ശരിയാണ്. പക്ഷേ നിലവില്‍ അതിന്റെ ആവശ്യമില്ല. അത്രയും പണം ചിലവില്ലാതെ വളരെയെളുപ്പം ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുള്ളപ്പോള്‍ പൊളിക്കാതെ ബലം കൂട്ടുന്നതല്ലേ നല്ലതെന്നും കിറ്റ്‌കോ ചോദിക്കുന്നു. പാലാരിവട്ടം പാലത്തില്‍ ഉപയോഗിച്ചത് വിദേശത്ത് മാത്രം ഉപയോഗിക്കുന്ന ഡെക് കണ്ടിന്യൂവിറ്റി ടെക്നോളജിയാണെന്ന വാദം തെറ്റാണ്. ഇന്ത്യയില്‍ പലയിടത്തും ഇത് ഉപയോഗിച്ചിട്ടുണ്ട്. കിറ്റ്‌കോ തന്നെ 2010ല്‍ ഈ വിദ്യ അത്താണി റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ ഉപയോഗിച്ചിരുന്നു. പാലാരിവട്ടത്ത് ആ പ്രദേശത്തിന്റെ പ്രശ്നമാണോ അതോ ഡിസൈനിലെ പ്രശ്നമാണോ എന്നതിനേക്കുറിച്ച് പഠനം നടത്തണം. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബലക്ഷയത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ കഴിയൂ എന്നും കിറ്റ്കോ പറയുന്നു.
പാലാരിവട്ടം പാലത്തിലെ വിള്ളല്‍ ആദ്യം കണ്ടെത്തിയതും പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഐഐ ടിയെ സമീപിച്ചതും തങ്ങളാണെന്നാണ് കിറ്റ്‌കോയുടെ അവകാശവാദം. 100 ചാക്ക് സിമന്റ് വേണ്ടിടത്ത് 33 ചാക്ക് മാത്രമാണ് ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ സാമ്പിളിങ്ങ് എത്രത്തോളം ശരിയാണെന്ന് പറയാന്‍ കഴിയില്ല. പാലം പണി നടന്ന സമയത്ത് കിറ്റ്‌കോ നടത്തിയ സാമ്പിളിങ് പരിശോധനയില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഡിസൈനിലേതു പോലെ തന്നെ എം 35 ഗ്രേഡിലാണ് പാലം കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതെന്നും കൺസൾട്ടിങ് സ്ഥാപനമായ കിറ്റ്കോ അവകാശപ്പെടുന്നു.
പാലം നിര്‍മിച്ചിരിക്കുന്നത് ഡിസൈനില്‍ നിര്‍ദേശിച്ചിരുന്ന പോലെ എം 35 ഗ്രേഡ് കോണ്‍ക്രീറ്റ് കൊണ്ടല്ലെന്നും എം 22 ഗ്രേഡില്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതെന്നും ചെന്നൈ ഐഐറ്റി കണ്ടെത്തിയിരുന്നു
എം 22 ഗ്രേഡിലാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണമെന്ന് കണ്ടെത്തിയല്ലോ എന്ന ചോദ്യത്തിന് ചെന്നൈ ഐഐടി യോ ഇ ശ്രീധരനോ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ലഭിച്ചിട്ടില്ല എന്നാണ് കിറ്റ്‌കോയുടെ മറുപടി. അതേ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് എന്ന വിദ്യ പാലത്തില്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടാന്‍ കിറ്റ്‌കോയ്ക്ക് കഴിയുന്നതെങ്ങനെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ കിറ്റ്‌കോ പിആര്‍ഒ ശ്രീകുമാര്‍ ഒഴിഞ്ഞുമാറി.
പാലത്തിന്റെ നിര്‍മ്മാണത്തില്‍ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന കിറ്റ്കോ വന്‍ അനാസ്ഥയാണ് കാണിച്ചതെന്നാരോപിച്ച് നേരത്തെ മന്ത്രി ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. കണ്‍സള്‍ട്ടന്‍സി കരാറെടുത്ത കിറ്റ്കോ ഒരു പണിയും ചെയ്തില്ലെന്നും അഴിമതിയാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലത്ത് കിറ്റ്കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും പരിശോധിക്കുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം നിര്‍മ്മാണത്തില്‍ ആഴത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ കഴിഞ്ഞ ജൂണില്‍ പറഞ്ഞിരുന്നു. പാലാരിവട്ടം അഴിമതിക്കേസില്‍ കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, ഉദ്യാഗസ്ഥനായ തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമതി ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് എന്നിവര്‍ക്കൊപ്പം ഇവര്‍ റിമാന്‍ഡില്‍ തുടരുകയാണ്