Special Report

ലീഗ് മതേതരവേഷം മാറ്റുമ്പോള്‍ രാഷ്ട്രീയകക്ഷികള്‍ മൗനത്തില്‍; വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരഭാഗമല്ലെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍

മുസ്ലീം ലീഗ് മതേതരവേഷം അഴിച്ചുമാറ്റി തീവ്രവാദഗ്രൂപ്പെന്ന നിലയില്‍ അകറ്റിനിര്‍ത്തിയ കക്ഷികളുമായി തെരഞ്ഞെടുപ്പില്‍ ധാരണയിലേക്ക് കടക്കുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളുമായി തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് പരസ്പര സഹായത്തിന്റെ അന്തര്‍ധാരയുണ്ടെന്ന് കരുതേണ്ടി വരുന്നുവെന്നും ജാഗ്രതാ സമിതി ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് കരിയില്‍. മലബാര്‍ കലാപം പശ്ചാത്തലമാക്കിയ വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നും

അക്രമാസക്തമായ മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ സ്വാഭാവിക ഭാഗമല്ലെന്നും ബിഷപ്പ് കരിയില്‍ ജാഗ്രതാ ന്യൂസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. വാരിയംകുന്നനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയര്‍ത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോ എന്ന് ചോദിക്കുന്ന ലേഖനം ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ലെന്നും പറയുന്നു.

കേരളത്തില്‍ ജിഹാദി തീവ്രവാദ ഗ്രൂപ്പുകളുമായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തകകരും അന്തര്‍ധാരയിലാണെന്ന് ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ ആരോപിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. സമാന ആരോപണമാണ് ബിഷപ്പ് ജോസഫ് കരിയിലും ഉയര്‍ത്തുന്നത്. വാരിയംകുന്നന്‍ സിനിമക്കെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന സമാന വാദങ്ങളും കെസിബിസി ജാഗ്രതാ കമ്മിഷന്‍ ചെയര്‍മാന്‍ ഉയര്‍ത്തുന്നു. മലയാള സിനിമയില്‍ ഇസ്ലാമിനെ ഉദാത്തവല്‍ക്കരിച്ചും ക്രിസ്തുമതത്തെ അവഹേളിച്ചും സിനിമകളുണ്ടായെന്നും ബിഷപ്പ് പറയുന്നു.

ഇസ്ലാമിനെയും ഇസ്ലാമികജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായി.

ഓര്‍ത്തുപറയലുകളെ ശ്രദ്ധിക്കുക എന്ന തലക്കെട്ടില്‍ സെപ്തംബര്‍ ലക്കം ജാഗ്രതാ ന്യൂസില്‍ എഴുതിയ ലേഖനത്തിലാണ് മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെയും, ഹയാ സോഫ്യ മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ചതിനെയും രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കൂടിയായ ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ ലേഖനം.

നവോത്ഥാന കേരളത്തിന്റെ ചരിത്രമെഴുതുമ്പോള്‍ പ്രധാന സംഭാവന നല്‍കിയ ക്രൈസ്തവ മിഷണറിമാര്‍ക്ക് അര്‍ഹമായ പരാമര്‍ശം നല്‍കുന്നില്ല. നവോത്ഥാന ചരിത്രമെഴുതുന്നവര്‍ ഉദയംപേരൂര്‍ സുനഹദോസില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം നിയമമാക്കിയതിനെ വിസ്മരിക്കുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന് മുന്നോടിയായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാല് സിനിമകള്‍ ഒരേ ദിവസം പ്രഖ്യാപിച്ചതില്‍ യാദൃശ്ചികതയുടെ കൗതുകം ബാക്കിനില്‍ക്കുന്നുവെന്നും ലേഖനം.

ഇസ്ലാമിനെയും ഇസ്ലാമികജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായി. ഇവയ്ക്കെല്ലാം പിറകില്‍ 'ഷാഡോ പ്രൊഡ്യൂസേഴ്സ്' ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകള്‍ വെളിപ്പെടുത്തുന്നുണ്ടെന്നും ബിഷപ്പ് കരിയില്‍.

മുസ്ലീംലീഗ് മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്

കേരളത്തിലെ മുസ്ലീംലീഗ് മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്. ഇക്കാലംവരെ തീവ്രവാദികളെന്നു പറഞ്ഞ് പ്രത്യക്ഷത്തില്‍ അകറ്റിനിര്‍ത്തിയിരുന്ന തീവ്രവാദഗ്രൂപ്പുമായി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി ധാരണ ഉണ്ടാക്കിയതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിനു തടയിടാനോ കൂടുതല്‍ രാഷ്ട്രീയാധികാരം നേടാനോ ആവാം ഈ നയവ്യതിയാനം. ഇത്രയുംനാളത്തെ സ്വന്തം ചരിത്രത്തിന്റെ തള്ളിപ്പറയല്‍ ഇവിടെ ഉണ്ട്. *ഇതൊക്കെ കണ്ടിട്ടും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണ്. ഇവര്‍ക്കെല്ലാവര്‍ക്കും തമ്മില്‍ത്തമ്മില്‍ പ്രത്യക്ഷത്തില്‍ അഭിപ്രായവ്യത്യാസമുള്ളപ്പോഴും, ഇവര്‍ക്കും തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ പരസ്പരസഹായത്തിന്റെ 'സജീവമായ ഒരു അന്തര്‍ധാര' നിലനില്ക്കുന്നുവെന്നു കരുതേണ്ടിവരുന്നു!*

വാരിയംകുന്നനെയും സിനിമയെയും വിമര്‍ശിക്കുന്ന ഭാഗം

എല്ലാ ജനവിഭാഗങ്ങളെയും സ്വാതന്ത്ര്യസമരത്തില്‍ പങ്കുകാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാന്ധിജി ഖിലാഫത്ത്കാരെയും സ്വാതന്ത്ര്യസമരത്തിലേക്ക് ഉള്‍ക്കൊണ്ടത്. അക്രമരഹിതമായിരിക്കണം സമരം എന്നത് ഗാന്ധിജിയുടെ പ്രഖ്യാപിത നയമായിരിക്കേ മലബാര്‍കലാപം അക്രമാസക്തമായപ്പോള്‍ സ്വാതന്ത്ര്യസമരത്തോടുള്ള അതിന്റെ ബന്ധവും ഫലത്തില്‍ ഇല്ലാതാവുന്നുണ്ട്. മലബാറിലെ കര്‍ഷകരുടെ സമരത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാന്‍ സാധുവായ മറ്റെന്തെല്ലാം കാരണങ്ങളുണ്ട്. ബോധ്യപ്പെടുംവിധം തെളിവുകള്‍ ഇനിയും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അതിനുമുമ്പ് വാരിയന്‍കുന്നത്തെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയര്‍ത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോ? ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT