തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മഴക്കാലത്തുണ്ടാകുന്ന ദുരന്തങ്ങള്‍ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നു. വലിയ മലകളിടിഞ്ഞാണ് നിരവധി ജീവനുകള്‍ തുടച്ചു നീക്കിയത്. കഴിഞ്ഞ മണ്‍സൂണില്‍ മലപ്പുറത്തെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും ഇക്കൊല്ലം രാജമലയിലെ പെട്ടിമുടിയും ദുരന്തഭൂമിയായി. പെട്ടിമലയില്‍ 78 പേര്‍ അപകടത്തില്‍പ്പെട്ടെന്നാണ് റവന്യു അധികൃതരുടെ കണക്ക്. കഴിഞ്ഞ വര്‍ഷം കവളപ്പാറയില്‍ 59 പേരും പുത്തുമലയില്‍ 17 പേരും മലയും മണ്ണുമിടിഞ്ഞ് മരിച്ചു. 2018ലാണ് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളുണ്ടായത്. ചെറുതും വലുതുമായ 4,726 ഉരുല്‍പൊട്ടലാണ് ഉണ്ടായത്. ഇതില്‍ 800 എണ്ണം വനത്തിനുള്ളിലാണ്. സംസ്ഥാനത്തെ 14.4ശതമാനം പ്രദേശം മണ്ണിടിച്ചില്‍ സാധ്യതാ മേഖലയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. 2018ല്‍ മണ്ണിടിച്ചിലില്‍ 104 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 2018ല്‍ 331 മണ്ണിടിച്ചിലാണ് കേരളത്തില്‍ ഉണ്ടായത്. ഇതില്‍ 143 എണ്ണം ഇടുക്കിയിലാണ്. വയനാട്ടില്‍ 47, മലപ്പുറം 30, കോട്ടയം 29, പാലക്കാട് 20, കണ്ണൂര്‍ 17 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കണക്ക്.
ഈ പ്രദേശങ്ങളിലുണ്ടായ ശക്തമായ മഴയാണ് ഉരുള്‍പൊട്ടലിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഴ മാത്രമല്ല ദുരന്തങ്ങള്‍ക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമഘട്ടത്തിന്റെ ഏത് ഭാഗവും അപകടമേഖലയാണെന്നാണ് ഇവരുടെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സംസ്ഥാനത്തിന് ദുരന്തകാലമായി മാറുമ്പോള്‍ ചില ആശങ്കകള്‍ ഉയരുന്നുണ്ട്. ഒറ്റത്തവണ 15 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നത് ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നു. പശ്ചിമഘട്ടത്തില്‍ നേരത്തെയും ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിച്ചിട്ടുണ്ടാകാമെങ്കിലും ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങള്‍ ദുരന്തത്തിന്റെ ആക്കം കൂട്ടുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മലയോര മേഖലയില്‍ മണ്ണിടിച്ചിലും തീരപ്രദേശങ്ങളില്‍ കടലാക്രമണവും ഇടനാട്ടില്‍ വെള്ളപ്പൊക്കവും ഉണ്ടാകുന്നു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളാണ് മഴക്കാലത്ത് കനത്ത നഷ്ടത്തിന് ഇരയാകുന്നത്.
അതിതീവ്ര മഴ മാത്രമാണോ വില്ലന്‍
ആഗസ്ത് മാസത്തിലുണ്ടാകുന്ന അതിതീവ്രമഴയാണ് തുടര്‍ച്ചയായി മൂന്ന് വര്‍ഷം കേരളത്തിലെ പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. 2250 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണ് കേരളത്തിലെ നദികള്‍ക്കുള്ളതെന്ന് കേന്ദ്ര ജല കമ്മിഷന്‍ പറയുന്നു. പ്രളയം നിയന്ത്രിക്കാന്‍ ശേഷിയുള്ള ഡാമുകളും കേരളത്തിലില്ല. 14000 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് 2018ലെ മഴയില്‍ ഒഴുകിയെത്തിയത്. മുമ്പത്തെക്കാളും ശക്തമായ മഴയാണ് ദുരന്തമുണ്ടായ രാജമല മേഖലയില്‍ പെയ്തത്. 61.62 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. അതിനോടനുബന്ധിച്ചാണ് പെട്ടിമലയില്‍ ഉരുള്‍പൊട്ടിയത്. വയനാട്ടിലെ പുത്തുമലയില്‍ ഇതേദിവസം 58 സെന്റിമീറ്റര്‍ മഴ പെയ്തു. കഴിഞ്ഞ വര്‍ഷം ദുരന്തമുണ്ടായപ്പോള്‍ പുത്തുമലയില്‍ 51 സെന്റിമീറ്ററാണ് പെയ്തത്. 60 സെന്റിമീറ്റര്‍ മഴ നേരത്തെ ലഭിക്കാറില്ലായിരുന്നു. 2018ല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി പമ്പയുടെ വൃഷ്ടിപ്രദേശങ്ങളില്‍ 30 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്. ഒരു ഇടവേള മാത്രമാണ് ഇതിനിടെയുണ്ടായത്. പമ്പയുടെ തീരങ്ങളില്‍ വലിയ വെള്ളപ്പൊക്കത്തിന് ഇത് കാരണമായി. കാലാവസ്ഥ വ്യതിയാനം മൂലം അറബിക്കടലിലുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. കാറ്റിന്റെ ഗതിയിലും ന്യുനമര്‍ദ്ദത്തിലും മാറ്റം വന്നു. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി പേമാരിയുണ്ടാകുന്നു.
പെട്ടിമുടിയില്‍ വ്യാഴ്ഴ്ച രാത്രിയാണ് ഉരുള്‍പൊട്ടിയത്. പെട്ടിമുടി പൊട്ടിയിറങ്ങുമെന്ന് കരുതിയില്ലെന്നാണ് ആ പ്രദേശത്തെക്കുറിച്ച് അറിയുന്നവര്‍ പറയുന്നത്. 1924ലെ വെള്ളപ്പൊക്കത്തിലും ഈ മേഖലയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്നാണ് മൂന്നാറില്‍ റെക്കോര്‍ഡ് മഴ ലഭിച്ചത്. 21 ദിവസം തുടര്‍ച്ചയായി മഴ പെയ്തു. ആ വര്‍ഷത്തെ മഹാപ്രളയത്തില്‍ ജൂലൈ- ഓഗസ്ത് മാസങ്ങളില്‍ 2000 മില്ലി മീറ്റര്‍ മഴയാണ് മൂന്നാറില്‍ ലഭിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതും മൂന്നാറിലായിരുന്നു. ആ സമയത്തും പൊട്ടാത്ത പെട്ടിമുടി ഇപ്പോള്‍ പൊട്ടി. മേഘവിസ്‌ഫോടനം ഉണ്ടായതിലൂടെ 61.62 സെന്റിമീറ്റര്‍ മഴ ലഭിച്ചു. മൂന്നാറില്‍ ആ ദിവസം ഇത്രയളവില്‍ മഴ ലഭിച്ചിട്ടില്ല.
വെള്ളം ഒഴുകി പോകാനുള്ള കിടങ്ങുകളുള്ള പ്രദേശമാണ് പെട്ടിമുടി. വെള്ളം മാങ്കുളത്തേക്ക് ഒഴുകി പോകുന്നു. ചെറിയൊരു മണ്ണൊലിപ്പ് പോലും ഉണ്ടാകാത്ത പ്രദേശം. 5 ലൈനുകളാണ് ഉണ്ടായിരുന്നത്. മലയുടെ മുകളില്‍ ഷോല കാടുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ലൈനുകളുടെ സമീപത്തുള്ള ചാലിലൂടെ വെള്ളവും കല്ലും പാറകളും ഒഴുകി വന്നു. ഇവയോടൊപ്പം ലായങ്ങളും പുഴയിലേക്ക് ഒലിച്ചു പോയി. വലിയ പാറകളും മലയില്‍ നിന്നും ഒലിച്ചു വന്നിട്ടുണ്ട്. കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
പ്രദേശികമായുള്ള ഈ മാറ്റം കേരളത്തില്‍ എവിടെയും സംഭവിക്കാമെന്ന് പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച പ്രൊഫസര്‍ ഇ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു. പ്ലാന്റേഷനുകളും റോഡുകളും ഉള്‍പ്പെടെ ഭൂവിനിയോഗത്തില്‍ വന്ന വലിയ മാറ്റമാണ് വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും കാരണം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ റീബിള്‍ഡ് കേരള മാത്രം പോരാ. മനോഭാവത്തില്‍ മാറ്റം വരണം. മൂന്നാര്‍ ആര്‍ക്കും എപ്പോളും കയ്യോറാവുന്ന പ്രദേശമാണെന്ന സ്ഥിതി മാറണം. അതിതീവ്ര മഴ ലഭിക്കുമ്പോള്‍ അത് താങ്ങാനുള്ള ശേഷി ഇപ്പോള്‍ മണ്ണിനില്ല. മരങ്ങള്‍ വെട്ടി മാറ്റിയതും അശാസ്ത്രീയ നിര്‍മ്മാണങ്ങളും വെള്ളം മണ്ണിലേക്ക് ഒഴുകി ഇറങ്ങാനുള്ള വഴികള്‍ ഇല്ലാതാക്കി.
ചെങ്കുത്തായ സ്ഥലങ്ങളില്‍ പോലും കയ്യേറ്റവും റിസോര്‍ട്ട് നിര്‍മ്മാണവും നടക്കുന്നു. വയനാട്ടിലും ഇത് തന്നെയാണ് സ്ഥിതി. അതൊക്കെയാണ് ഇടിഞ്ഞ് വരുന്നത്. സാധാരണ മഴയില്‍ ചെറിയ മണ്ണിടിച്ചിലായി മാറി പോകും. അതിതീവ്ര മഴയില്‍ ഇതുപോലെയുള്ള ദുരന്തങ്ങളുണ്ടാകും.പ്രൊഫസര്‍ ഇ കുഞ്ഞിക്കൃഷ്ണന്‍
അതിതീവ്ര മഴ മാത്രമല്ല പശ്ചിമഘട്ടത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്‍ അധ്യക്ഷ ഡോക്ടര്‍ കെ ജി താര പറയുന്നു. അശാസ്ത്രീയമായ ഇടപെടലുകളാണ് പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനം അതിന് ആക്കം കൂട്ടുകയാണ്. സ്ഥായിയായി നില്‍ക്കുന്ന രീതിയില്‍ വിഭവങ്ങളെ ഉപയോഗിക്കാന്‍ ശീലിക്കണം. വിഭവങ്ങള്‍ എത്രയുണ്ടെന്ന് ആദ്യം കണക്കാക്കണം. അതിന് ശേഷം വേണം നിര്‍മ്മാണങ്ങള്‍ നടത്താനെന്നും കെ ജി താര പറയുന്നു. സെന്റര്‍ അമേരിക്കയിലെ പല രാജ്യങ്ങളിലും മുള കൊണ്ട് പാലങ്ങളുണ്ടാക്കുന്നു. വലിയ ഭാരമുള്ള വാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാന്‍ കഴിയുന്ന പാലങ്ങളാണിത്. പ്രത്യേക കടലാസ് കൊണ്ട് ജപ്പാനില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. ഇവിടെ അത്തരം പരീക്ഷണങ്ങളിലേക്ക് കേരളം മാറണം.
പാറപൊട്ടിക്കലും മണലെടുപ്പും നിയന്ത്രിക്കാന്‍ കഴിയണം. നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ ശാസ്ത്രീയമായ വിഭവ വിനിയോഗം കേരളത്തിലുണ്ടാകുകയുള്ളു.കെ ജി താര
കവളപ്പാറയിലും പുത്തുമലയിലും സംഭവിച്ചതിന് സമാനമായ ദുരന്തമാണ് രാജമലയിലും ഉണ്ടായതെന്ന് മൂന്നാര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയിലെ ആര്‍ മോഹന്‍ നിരീക്ഷിക്കുന്നു. പശ്ചിമഘട്ടത്തിലെ പല ജനവാസ കേന്ദ്രങ്ങളിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാമെന്നും ആര്‍ മോഹന്‍ പറയുന്നു.
നദികളുടെ തീരങ്ങളിലെ കയ്യേറ്റങ്ങളും മലകളിലെ റിസോര്‍ട്ടുകളും ഇപ്പോള്‍ ഓരോ മഴക്കാലത്തും തിരിച്ചടിയാകുന്നു. നീര്‍ത്തടങ്ങള്‍ കുറഞ്ഞതോടെ മഴവെള്ളം ഒഴുകിയെത്താന്‍ സ്ഥലമില്ലാതായി.അതിതീവ്ര മഴയെ നേരിടാവുന്ന തരത്തില്‍ മണ്ണിനെ മാറ്റണം. ചില റോഡുകളും കെട്ടിടങ്ങളും തോട്ടങ്ങളും ഒഴുവാക്കേണ്ടിയും വരും. ക്വാറികള്‍ക്കും ഖനനത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടി വരും. നിര്‍മ്മാണ രീതികളിലും പുനരാലോചനകള്‍ ആവശ്യമാണ്.റീ ബില്‍ഡ് കേരള എന്നത് മഴക്കാലക്കെടുതിയില്‍ മാത്രം ഉയര്‍ന്നുവരേണ്ട ആലോചനയും ചര്‍ച്ചയുമല്ല.