വയനാട് പുത്തുമലയില്‍ പതിനേഴ് പേര്‍ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചിലിന് സമീപത്തെ അശാസ്ത്രീയമായ റിസോര്‍ട്ട് നിര്‍മ്മാണവും കാരണമായെന്ന് ആരോപണം. ദുരന്ത സ്ഥലത്ത് നിന്നും വെറും അഞ്ഞൂറ് മീറ്റര്‍ മാത്രം മാറി അമ്പതോളം കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിലെ കുന്നുകളിലാണ് നിര്‍മ്മാണം നടക്കുന്നത്. മണ്ണിടിച്ചിലിന് കാരണം അന്വേഷിക്കുന്ന വനംവകുപ്പ് സംഘമാണ് റിസോര്‍ട്ട് നിര്‍മ്മാണം കണ്ടെത്തിയത്.
വന്‍തോതില്‍ പാറ പൊട്ടിച്ചും പൈലിംഗ് നടത്തിയുമാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള എസ്റ്റേറ്റിനുള്ളിലാണ് റിസോര്‍ട്ട് നിര്‍മ്മാണം.എസ്‌റ്റേറ്റുകള്‍ തരംമാറ്റുന്നത് നിയമവിരുദ്ധമാണ്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ പാട്ടഭൂമി സ്വകാര്യ റിസോര്‍ട്ട് ഉടമകള്‍ക്ക് എങ്ങനെ കൈവശപ്പെടുത്തിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും വനംവകുപ്പ് അന്വേഷിക്കുകയാണ്.
പുത്തുമലയിലുണ്ടായത് സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ ഇടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.9 സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ച് താഴേക്ക് കുത്തിയൊലിച്ച് 20 ഹെക്ടര്‍ ഭൂമി ഒലിച്ചുപോവുകയായിരുന്നു. ഇവിടത്തെ മേല്‍മണ്ണിന്റെ ആഴം 1.5 മീറ്ററാണ്. അതിനടിയില്‍ ചെരിഞ്ഞുള്ള പാറക്കെട്ടുമാണ്. ചെറിയ ഇടവേളകളില്‍ 2 തവണ പുത്തുമലയില്‍ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. 5 ലക്ഷം ടണ്‍ മണ്ണാണ് ഒറ്റയടിക്ക് ഇടിഞ്ഞ് ഇറങ്ങി മൂടിയത്.
പുത്തുമലയില്‍ 1980 കളില്‍ തേയിലത്തോട്ടങ്ങള്‍ക്കായി വന്‍ തോതില്‍ മരം മുറി നടന്നിരുന്നു. ഇത് സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസത്തിന് ഇടയാക്കിയെന്നാണ് വകുപ്പിന്റെ നിഗമനം.
ഈ മാസം എട്ടിനാണ് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ മണ്ണിടിച്ചിലുണ്ടായത്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ടി. വീടുകള്‍ക്കൊപ്പം ക്ഷേത്രവും മുസ്ലിംപള്ളിയും കാന്റീനും ഒലിച്ചു പോയി. ദിവസങ്ങള്‍ നീണ്ട തിരച്ചിലിലും മണ്ണിലകപ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മണ്ണിടിഞ്ഞ് ഒലിച്ചു പോയ സ്ഥലങ്ങളില്‍ ചതുപ്പുകള്‍ രൂപപ്പെട്ടതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്. അപകടമുണ്ടായതിന്റെ പിറ്റേ ദിവസം മുതല്‍ സൈന്യമടക്കം പരിശോധന നടത്തി.