Special Report

ജാതി വിവേചന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ ദ ക്യുവിനോട്

കെ.ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്ക് ജാതീയമായ വിവേചനം നേരിടേണ്ടി വന്ന സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഡയറക്ടർ ശങ്കർ മോഹന്റെ ഭാ​ഗത്ത് നിന്നും നേരിടേണ്ടി വന്ന ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ വിവേചനങ്ങൾക്കെതിരെ ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാർഥികൾ സമരത്തിലാണ്. ‌

കടുത്ത ജാതീയ വിവേചനമാണ് ഡയറക്ടറിൽ നിന്ന് നേരിടേണ്ടി വരുന്നതെന്ന് ദ ക്യുവിനോട് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ശങ്കർ മോഹന് എതിരെ വിദ്യാർഥികൾ ഉയർത്തിയ ആരോപണങ്ങൾ പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചിട്ടുണ്ടെന്നും, എത്രയും വേ​ഗം വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആർ. ബിന്ദു ദ ക്യു വിനോട് പറഞ്ഞു.

മന്ത്രി ആർ ബിന്ദു ദ ക്യുവിനോട്

വിദ്യാർഥികൾ മുമ്പ് തന്നെ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അന്ന് തന്നെ വിഷയത്തിൽ ഇടപെട്ടിരുന്നു. അന്ന് ഡയറക്ടറുമായി സംസാരിക്കുമ്പോൾ ബോധപൂർവം ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുട്ടികൾക്ക് വിവേചനം നേരിടുന്നു എന്നൊരു തോന്നൽ ഉണ്ടെന്നും, ഇനി അങ്ങനെ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഡയറക്ടറോട് അന്ന് പറ‍ഞ്ഞിരുന്നു. പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന നാല് മണിക്കൂർ നീണ്ട ചർച്ചയിലും വിദ്യാർഥികളും ജീവനക്കാരും പ്രശ്നങ്ങൾ വിശദമായി സംസാരിച്ചിരുന്നു. അന്നത്തെ ചർച്ചക്ക് ശേഷം പ്രശ്നങ്ങൾ കുറഞ്ഞതായിരുന്നു. പിന്നീട് ഇപ്പോഴാണ് സമരം നടക്കുന്നത്.

സമരം തുടങ്ങിയതിന്ശേഷം വിദ്യാർഥികളും ഡയറക്ടർ ശങ്കർ മോഹനും അടക്കം വിളിച്ച് ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ വിദ്യാർഥികൾ ഡയറക്ടർക്ക് നേരെ പല ആരോപണങ്ങളും ഉന്നയിച്ചു. എന്നാൽ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും പ്രശ്നങ്ങളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ ചുമലിലിടുകയുമാണ് അദ്ദേഹം ചെയ്തത്. വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രശ്നത്തിന്റെ ​ഗൗരവം മനസിലാക്കുന്നു, എന്നാൽ അവരുടെ ആരോപണത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഡയറക്ടർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തത് കൊണ്ട് മൂന്നം​ഗ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കമ്മീഷൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്ന അടിസ്ഥാനത്തിൽ എത്രയും വേ​ഗം വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ദ ക്യുവിനോട് പറഞ്ഞു.

ജാതി വിവേചനത്തിൽ പ്രതിഷേധിച്ച് കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ച് ദിവസം പിന്നിടുകയാണ്. സമരവുമായി ബന്ധപ്പെട്ട് ദ ക്യു ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി വിദ്യാർഥികളുമായി നേരിട്ട് സംസാരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

വിദ്യാർഥികൾക്കും ജീവനക്കാർക്കും ഡയറക്ടറുടെ ഭാ​ഗത്ത് നിന്നും നേരിടേണ്ടി വരുന്ന കടുത്ത ജാതീയ വിവേചനങ്ങളിലും വിദ്യാർഥി വിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് ഡിസംബർ 5ന് ആണ് വിദ്യാർഥികൾ ക്യാമ്പസിൽ അനിശ്ചിതകാല സമരം തുടങ്ങിയത്. ‍ശങ്കർ മോഹൻ ഡയറക്ടറായി നിയമിതനായതിന് ശേഷമാണ് ക്യാമ്പസിൽ ജാതീയമായ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് വിദ്യാർഥികൾ പറയുന്നു. അഡ്മിഷൻ സമയത്ത് റിസർവേഷൻ സീറ്റുകളിൽ ആളുകളെ എടുക്കാതെ സംവരണം അട്ടിമറിച്ചു. വ്യക്തി സ്വാതന്ത്ര്യങ്ങൾ പോലും ലംഘിക്കുന്ന വിധത്തിലുള്ള ക്ലോസുകൾ ഉൾപ്പെടുത്തിയ ബോണ്ടിലാണ് വിദ്യാർഥികളെക്കൊണ്ട് ഒപ്പിട്ട് വാങ്ങിയത്. ​ഇ ​ഗ്രാൻസും മറ്റ് ഫെലോഷിപ്പുകളും കൃത്യസമയത്ത് കിട്ടാത്തതിന്റെ പേരിലുണ്ടായ സാമ്പത്തിക ബാധ്യതകൾ താങ്ങാൻ കഴിയാതെ ഒരു വിദ്യാർഥിക്ക് പഠനം പൂർത്തിയാക്കാതെ ടി.സി വാങ്ങി പോകേണ്ടി വന്നു. എന്തുകൊണ്ടാണ് ​ഗ്രാന്റ് വൈകുന്നതെന്ന് ചോദിച്ചപ്പോഴൊന്നും ഡയറക്ടർ കൃത്യമായ ഉത്തരം നൽകിയിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു.

പ്രതിമാസം അടക്കേണ്ട ഹോസ്റ്റൽ, മെസ് ഫീ കുറച്ച് സബ്സിഡി ഏർപ്പെടുത്തണമെന്ന് പറഞ്ഞപ്പോൾ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ട് കുട്ടികളുടെ ഭക്ഷണം സ്പോൺസർ ചെയ്യാൻ ആളെ കണ്ടെത്താമെന്നാണ് ഡയറക്ടർ പറഞ്ഞത്. തങ്ങൾക്ക് വേണ്ടത് ചാരിറ്റിയല്ല തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞപ്പോൾ സർക്കാർ നിങ്ങൾക്ക് തരുന്നതെല്ലാം പിന്നെ ചാരിറ്റി തന്നെയല്ലേ എന്നായിരുന്നു ഡയറക്ടറുടെ മറുപടി എന്നും വിദ്യാർഥികൾ പറയുന്നു. സംവരണത്തെ പോലും ഇത്ര വില കുറച്ച് കാണുന്ന ഒരാൾ കെ.ആർ. നാരായണന്റെ പേരിലുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കാൻ അർഹനല്ലെന്നും വിദ്യാർ‌ഥികൾ പറയുന്നു. ഡയറക്ടർ രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാർഥികൾ ദ ക്യുവിനോട് പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT