'വീട്ടിലെ അംഗങ്ങളെ പോലെയാണ് അവര്‍ അഞ്ചുപേരെയും ഞങ്ങള്‍ നോക്കുന്നത്. ചെറുപ്പത്തിലേ ശീലിച്ചതു കൊണ്ട് ബിസ്‌ക്കറ്റ് മാത്രമാണ് അവരുടെ ആഹാരം. അതില്ലെങ്കില്‍ അവര്‍ പട്ടിണിയാകും. അവരുടെ ജീവനെന്താ വിലയില്ലേ?', ലോക്ക് ഡൗണ്‍ സമയത്ത് വീട്ടിലെ പൂച്ചകള്‍ക്ക് ബിസ്‌ക്കറ്റ് വാങ്ങാന്‍ അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച എന്‍. പ്രകാശ് പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മരട് സ്വദേശിയായ പ്രകാശ് കടവന്ത്രയില്‍ നിന്ന് പൂച്ചകള്‍ക്കുള്ള ബിസ്‌ക്കറ്റ് വാങ്ങാന്‍ പോകാനാണ് പൊലീസിന്റെ അനുമതി തേടിയത്. ഏപ്രില്‍ 3ന് വെള്ളിയാഴ്ചയാണ് ഓണ്‍ലൈനായി ആദ്യ അപേക്ഷ നല്‍കിയത്. ഇത് നിരസിച്ചതിന് പിന്നാലെ നല്‍കിയ രണ്ടാമത്തെ അപേക്ഷയും തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് പ്രകാശ് ദ ക്യുവിനോട് പറഞ്ഞു.
'ഹൈക്കോടതിയില്‍ പോകുമ്പോള്‍ പേടിയുണ്ടായിരുന്നു. മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കണമെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയ ആള്‍ക്ക് 50,000 രൂപ പിഴ ചുമത്തിയ വാര്‍ത്തയൊക്കെ കേട്ടിരുന്നു. അതുകൊണ്ട് തന്നെ ചെറിയൊരു പേടിയുണ്ടായി. പക്ഷെ വാദം തുടങ്ങിയ ശേഷം കോടതിയില്‍ നിന്ന് നല്ല പരിഗണനയാണ് ലഭിച്ചത്. പൂച്ചകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ് ഉള്‍പ്പടെ വെച്ച് ഡിക്ലറേഷനുമായി പുറത്തുപോകാന്‍ കോടതി അനുവാദം നല്‍കി'',- പ്രകാശ് പറഞ്ഞു.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പൂച്ചകള്‍ക്ക് നല്‍കാന്‍ പാടില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. ഞങ്ങള്‍ സസ്യാഹാരം മാത്രമേ കഴിക്കാറുള്ളുവെന്നും അത് പൂച്ചകള്‍ കഴിക്കില്ലെന്നും കോടതിയെ അറിയിച്ചുവെന്നും പ്രകാശ് ദ ക്യുവിനോട് പറഞ്ഞു. മൃഗങ്ങള്‍ക്കുള്ള ഭക്ഷണവും കേന്ദ്രസര്‍ക്കാര്‍ അവശ്യ സേവനങ്ങളില്‍ പെടുത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരാണ് പ്രകാശിന്റെ ഹര്‍ജി പരിഗണിച്ചത്. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെന്നും അവയും സമൂഹത്തിന്റെ ഭാഗമാണെന്നും നിരീക്ഷിച്ച കോടതി വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണം നിഷേധിക്കുന്നത് കുറ്റകരമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
അഞ്ച് പൂച്ചകളാണ് പ്രകാശിനുള്ളത്. എട്ട് വര്‍ഷം മുമ്പാണ് മൂക്കിയെ പ്രകാശിന് ലഭിക്കുന്നത്. കപ്പി എന്നാണ് മറ്റൊരു പൂച്ചയുടെ പേര്. പിന്നീട് ഈ കൂട്ടത്തിലേക്ക് വന്നവരാണ് ബാക്കി 3 പൂച്ചകള്‍. 'കോടതി ഉത്തരവ് ലഭിച്ച ഉടനെ പോയി രണ്ട് മാസത്തേക്കുള്ള ബിസ്‌ക്കറ്റ് വാങ്ങി, അപ്പോഴേക്കും പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- പ്രാകാശ് ദ ക്യുവിനോട് പറഞ്ഞു.