ദുരിതാശ്വാസ ക്യാംപില്‍ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചതിനേത്തുടര്‍ന്ന് അനാഥയായ മാനുഷയെ മകളായി തരുമോ എന്ന് ചോദിച്ച് ഒരു കുടുംബം. അങ്കമാലി സ്വദേശിനിയായ മിനി വിനോദും കുടുംബവുമാണ് മാനുഷയെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പ്രളയസമയത്ത് പെട്ടെന്ന് തോന്നിയ ഒരു അനുകമ്പയുടെ പുറത്തല്ല ഇങ്ങനെ ചെയ്യുന്നതെന്ന് അങ്കമാലിയില്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന മിനി 'ദ ക്യൂ' വിനോട് പറഞ്ഞു.
ഒരു മകളെ ദത്തെടുക്കണമെന്ന് കുറേ നാളായി ആഗ്രഹമുണ്ട്. ഒരു പെങ്ങളെ വേണമെന്ന് മക്കളായ രണ്ട് ആണ്‍കുട്ടികളും പറയാറുണ്ട്. ഹസ്ബന്റും പിന്തുണയ്ക്കുന്നു. മാനുഷയേക്കുറിച്ച് ഇന്നലെയാണ് വാട്‌സാപ്പില്‍ കണ്ടത്. അവളെ ഞങ്ങള്‍ക്ക് തരുമോ?മിനി വിനോദ്
മാനുഷയെ ദത്തെടുക്കുന്നതിന് വേണ്ടി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. എത്രയും പെട്ടെന്ന അത് സാധ്യമാക്കാന്‍ കഴിയുന്നവര്‍ മകന്‍ വിവേക് വിനോദിന്റെ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കാമോയെന്നും മിനി അഭ്യര്‍ത്ഥിച്ചു. <b>വിവേക് വിനോദ്: 98475 63036</b>
കോഴിക്കോട് മണക്കാട് യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മാനുഷ. അമ്മ ഉപേക്ഷിച്ചുപോയതിന് ശേഷം തെരുവ് സര്‍ക്കസുകാരനായ അച്ഛന്‍ രാജുവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. നാടോടി കുടുംബം താമസിച്ചിരുന്ന ഷെഡ്ഡ് പേമാരിയില്‍ തകര്‍ന്നതോടെ മാനുഷയും അച്ഛനും മണക്കാട് യുപി സ്‌കൂളിലെ ക്യാംപിലെത്തി. ദുരിതാശ്വാസ ക്യാംപില്‍ വെച്ച് രാജു കുഴഞ്ഞുവീണ് മരിച്ചതോടെ മാനുഷ ഒറ്റപ്പെട്ടു. അധികം വൈകാതെ തന്നെ ക്യാംപ് പിരിച്ചുവിടുകയും ചെയ്തു. തുടര്‍ന്ന് മാനുഷയെ പഞ്ചായത്ത് വൃദ്ധ സദനത്തില്‍ താമസപ്പിക്കാന്‍ അധികൃതര്‍ സൗകര്യമൊരുക്കിയിരുന്നു. കളക്ടറുമായി സംസാരിച്ച് മാനുഷയ്ക്ക് തുടര്‍ന്ന് പഠിക്കാനും ജീവിക്കാനുമുള്ള വഴികള്‍ തേടവേയാണ് മിനിയുടേയും കുടുംബത്തിന്റേയും അഭ്യര്‍ത്ഥനയെത്തുന്നത്.
ഇസ്രയേലില്‍ നേഴ്‌സായിരുന്ന മിനിയും കുടുംബവും അങ്കമാലിയില്‍ ജെവിജെ എന്ന ആംബുലന്‍സ് സര്‍വ്വീസ് നടത്തുന്നുണ്ട്. ജെവിജെയുടെ നാല് ആംബുലന്‍സുകള്‍ ദുരന്തസ്ഥലങ്ങളില്‍ സജീവമാണ്.