Special Report

എവിടെ നോക്കിയാലും കളിപ്പാട്ടങ്ങളും കുഞ്ഞുചെരുപ്പുകളും: ഫോറസ്റ്റ് ഉദ്യോഗസ്ഥ അമൃത സംസാരിക്കുന്നു

ഏതൊരു രാത്രിയിലും നമ്മള്‍ ഉറങ്ങാന്‍ കിടക്കുന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളുമായാകും. എന്നാല്‍ ചിലപ്പോഴൊക്കെ ആ പ്രതീക്ഷകളൊക്കെ തെറ്റിച്ച് ഒരു വലിയ ദുരന്തം നമ്മുടെ തലയ്ക്ക് മുകളിലേക്ക് വന്ന് പതിച്ചേക്കാം. കവളപ്പാറയിലും പെട്ടിമുടിയിലും ഇപ്പോള്‍ വയനാട് മുണ്ടക്കൈയിലെ ചൂരല്‍മലയിലുമെല്ലാം സംഭവിച്ച ഉരുള്‍പൊട്ടലുകള്‍ പോലെയൊന്ന്. അത്തരം ദുരന്തഭൂമികളില്‍ പ്രദേശവാസികള്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന മനുഷ്യരാണ് അവിടെ കര്‍മ്മനിരതരാകുന്നത്. പ്രാണനേക്കാള്‍ പ്രിയപ്പെട്ട ജീവനുകളും ഒരു ആയുസ്സിന്റെ സമ്പാദ്യവുമെല്ലാം ഉരുളന്‍കല്ലുകള്‍ക്കും ചെളിവെള്ളത്തിനുമൊപ്പം ഒലിച്ച് പോയപ്പോള്‍ അവശേഷിക്കുന്ന മനുഷ്യര്‍ നിസ്സാഹയരാകുന്നത് സ്വാഭാവികം. അന്ന് വരെ അവരെ കണ്ടിട്ടില്ലാത്ത മനുഷ്യരാകും ദുരിതത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ എത്തിച്ചേരുന്നത്. ആ രക്ഷാപ്രവര്‍ത്തകരില്‍ പ്രദേശവാസികളും അയല്‍ദേശക്കാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കുന്ന വ്യക്തികളുമുണ്ടാകും. അവിടെ കണ്ട ദാരുണമായ കാഴ്ച പലരുടെയും ഉള്ളുപൊള്ളിക്കുന്നതാണ്. ചൂരല്‍മലയില്‍ ആദ്യദിവസം തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കല്‍പ്പറ്റ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമൃത എം.ബിയ്ക്കും അത്തരം കാഴ്ചകളെക്കുറിച്ചാണ് പറയാനുള്ളത്. അഞ്ച് നിമിഷം കൊണ്ട് നാമാവശേഷമായി മാറിയ ചൂരല്‍മലയിലെ കാഴ്ചകളെക്കുറിച്ച് അമൃത ദ ക്യൂവിനോട് സംസാരിക്കുന്നു.

ഇത്തരമൊരു ദുരന്തമുഖത്ത് ആദ്യം

സംഭവം നടന്ന ദിവസം തന്നെ പുലര്‍ച്ചെയ്ക്ക് നാല് നാലരയായപ്പോഴേക്കും വനംവകുപ്പിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആര്‍.ഒ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മെസേജ് ഇട്ടിരുന്നു. അതനുസരിച്ച് ഞങ്ങളുടെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഞങ്ങളില്‍ പലരെയും നേരിട്ട് വിളിച്ച് പെട്ടെന്ന് തന്നെ ഓഫീസില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. അടുത്തുള്ളവരും അകലെയുള്ളവരും ഒക്കെ എത്തിച്ചേരുകയും ഓഫീസിലുണ്ടായിരുന്ന രണ്ട് വണ്ടികളില്‍ കൊള്ളാവുന്ന അത്രയും ആളുകള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. ഞങ്ങളവിടെ എത്തിയപ്പോഴേക്കും ഏഴെട്ട് മണിയായിരുന്നു. അവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും വാഹനങ്ങള്‍ കടത്തിവിടാത്തതും കാരണം ഞങ്ങള്‍ കുറച്ച് വൈകി.

ആ സമയത്ത് നല്ല മഴയുമുണ്ടായിരുന്നു. മൊത്തം ചെളിയും വലിയ ഉരുളന്‍കല്ലുകളും നിറഞ്ഞുകിടന്ന അവിടെ നാട്ടുകാരും പോലീസുകാരും മറ്റ് രക്ഷാപ്രവര്‍ത്തകരും നിരവധി ആംബുലന്‍സുകളും എത്തിച്ചേര്‍ന്നിരുന്നു. ചൂരല്‍മലയുടെ താഴത്തെ ഭാഗത്തേക്കാണ് ഞങ്ങളാദ്യം പോയത്. മൃതദേഹങ്ങളെടുത്ത് കൊണ്ട് പോകുന്ന ആംബുലന്‍സുകളുടെയും രക്ഷാപ്രവര്‍ത്തകരുടെയും നടുവിലേക്ക് ചെന്നുപെട്ട എനിക്ക് സത്യത്തില്‍ വല്ലാതെ പേടിയായി. പലപ്പോഴും ഇത്തരം ദുരന്തങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത കാണാറുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു പ്രദേശത്ത് പോകേണ്ടി വന്നത്. 2018ല്‍ പ്രളയമുണ്ടാപ്പോള്‍ ഞാന്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു. അന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ വരുന്ന കോളനികളില്‍ വെള്ളം കയറിയ ഇടങ്ങളില്‍ മാത്രമാണ് പോയത്. അരപ്പൊക്കം വെള്ളത്തില്‍ പോയി എല്ലാവരെയും ചെറിയ തോണിയില്‍ കൊണ്ടുവരികയായിരുന്നു. ആളപായങ്ങളൊന്നും അന്ന് എനിക്ക് കാണേണ്ടി വന്നിട്ടില്ല.

എന്നാല്‍ ഇവിടെ പലസ്ഥലത്തുമായി മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും ആളുകള്‍ വീടുകളില്‍ പെട്ടുപോയിട്ടുണ്ടെന്നും ചെന്നപ്പോള്‍ തന്നെ എല്ലാവരും പറയുന്നുണ്ടായിരുന്നു. കഴിവതും ആ പ്രദേശത്ത് മൊത്തം തെരച്ചില്‍ നടത്താനാണ് ആദ്യം ലഭിച്ച നിര്‍ദ്ദേശം. കുറച്ചുപേരുടെ ടീമുകളായി ഞങ്ങള്‍ പലയിടങ്ങളിലായി തിരച്ചില്‍ നടത്തി. ഞങ്ങള്‍ ആദ്യം പോയയിടത്തു നിന്ന് തന്നെ ആറേഴ് മൃതദേഹങ്ങള്‍ കിട്ടി. ആ മൃതദേഹങ്ങള്‍ സംഘടനാ റെസ്‌ക്യൂ ടീമുകള്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ആംബുലന്‍സിലേക്ക് കൊണ്ടുപോയി.

നടക്കുന്നത് കിണറ്റിലേക്കാണോയെന്ന് അറിയാത്ത അവസ്ഥ

പിന്നീട് ഞങ്ങളിറങ്ങിയത് ഒരു വീടിന്റെ ഭാഗത്തുകൂടിയാണ്. അവിടെ മുട്ടുവരെ ചെളിയുണ്ടായിരുന്നു. ആ സമയത്ത് ഞങ്ങള്‍ക്കൊപ്പമുള്ള ഒരു ഫോറസ്റ്റ് ഓഫീസര്‍ കുറച്ചൊന്ന് താഴ്ന്നുപോയി. അപ്പുറത്തെ വശത്ത് വേറെയാളുകള്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. കിണറുണ്ടാകും പലഭാഗങ്ങളും നമുക്ക് അറിയില്ല, അതുകൊണ്ട് ആ ഭാഗത്തുകൂടി പോകരുതെന്ന് അവര് പറഞ്ഞു. അതിന് ശേഷം അവിടെ നിന്നും മാറി ഒരു പുഴയുടെ ഭാഗത്തേക്ക് നീങ്ങി. അത് മുമ്പ് ഒരു തോടായിരുന്നു. ഇപ്പോള്‍ അത് മുറിച്ച് കടക്കാനാകാത്ത വിധം ഒഴുക്കായി മാറി. അപ്പുറത്തേക്ക് പോകാന്‍ പറ്റാത്തതുകൊണ്ട് കുറച്ച് പേര് സൈഡിലുള്ള വീടുകളിലും മരങ്ങള്‍ വന്നടിഞ്ഞ ഭാഗങ്ങളിലും പരിശോധന നടത്താന്‍ തുടങ്ങി. അന്ന് തന്നെ അറുപത് എഴുപതോളം മൃതദേഹങ്ങള്‍ അവിടെ നിന്നും കിട്ടി.

ചൂരല്‍മലയില്‍ നിന്നും വനത്തിലേക്ക് മൃതദേഹങ്ങളൊന്നും ഒഴുകിപ്പോയിട്ടുണ്ടായിരുന്നില്ല. സുചിപ്പുറം വെള്ളച്ചാട്ടം വഴി ഒഴുകിപ്പോയ മൃതദേഹങ്ങളാണ് വനത്തിനുള്ളില്‍ എത്തിയത്. പക്ഷെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ വനത്തില്‍ അകപ്പെട്ടുപോയവരുണ്ടായിരുന്നു. അവരെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. വനംവകുപ്പില്‍ നിന്നുള്ള ഞങ്ങളുടെ സംഘം ചൂരല്‍മലയുടെ ഏറ്റവും താഴെയുള്ള ഭാഗത്താണ് തിരച്ചില്‍ നടത്തിയത്. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ അവിടേക്കാണ് ഉരുള്‍പൊട്ടി ഒലിച്ചു വന്നത്.

കേരളത്തിന്റെ ഒത്തുരുമയും എടുത്ത് പറയേണ്ടതാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നാണ് രക്ഷാദൗത്യം ഏറ്റെടുത്ത് ആളുകളെത്തിയത്. അത് സര്‍ക്കാര്‍ സംവിധാനത്തിലുള്ള സേനകളേക്കാള്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു. നാട്ടുകാരുടെ സഹായവും രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യപങ്ക് വഹിച്ചു. കാരണം, എവിടെയൊക്കെയാണ് വീടുകളുണ്ടായിരുന്നതെന്നോ കിണറുകളോ തോടുകളോ ഉണ്ടായിരുന്നതെന്നോ നമുക്ക് അറിയില്ലായിരുന്നു. നാട്ടുകാരാണ് ഓരോ പ്രദേശവും ചൂണ്ടിക്കാട്ടി തെരച്ചിലിന് സഹായിച്ചത്.

ഏറ്റവും സങ്കടകരമായ കാഴ്ച

ഒന്നര വയസ്സുള്ള ഒരു കുട്ടിയെ കണ്ടത് എനിക്ക് മറക്കാനാകാത്ത കാഴ്ചയാണ്. അതിന്റെ കാല്‍ത്തളയും വളയും ഒന്നും മറക്കാനാകുന്നില്ല. ഒന്നര വര്‍ഷമായിട്ടേയുള്ളൂ ഞാന്‍ സര്‍വ്വീസില്‍ കയറിയിട്ട്. നേരത്തെ പറഞ്ഞതുപോലെ ഇത്തരമൊരു വലിയ അപകടസ്ഥലത്ത് ആദ്യമായാണ് പോകുന്നത്. കാട്ടില്‍ പ്രതീക്ഷിക്കാത്ത അപകടങ്ങളൊക്കെ സംഭവിക്കാവുന്ന ജോലിയാണ്. പക്ഷേ, അവിടെ ഇതുവരെയും ഇത്തരത്തിലൊരു അനുഭവമൊന്നും ഉണ്ടായിട്ടില്ല. ചൂരല്‍മലയുടെ താഴത്തെ ഭാഗത്ത് ചെന്നിറങ്ങിയപ്പോള്‍ തന്നെ കാണുന്നത് രക്ഷാപ്രവര്‍ത്തകര്‍ ഒരു കുട്ടിയെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞെടുത്ത് തോളില്‍ കിടത്തി കൊണ്ടുവരുന്നതാണ്. അവളുടെ വെളുത്ത കാലും കാല്‍ത്തളയും മാത്രമാണ് ബെഡ്ഷീറ്റിന് പുറത്ത് കാണാമായിരുന്നത്. ആ കുട്ടി മരിച്ചുപോയിരുന്നു. ഏറ്റവും സങ്കടകരമായ കാഴ്ച അവിടെ എവിടെ നോക്കിയാലും കാണാവുന്ന കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും പാഠപുസ്തകങ്ങളും ബാഗുകളും ഐഡന്റിറ്റി കാര്‍ഡുകളും ട്രോഫികളും കുഞ്ഞുചെരുപ്പുകളുമായിരുന്നു.

ഞാന്‍ നിന്ന ഭാഗത്ത് കൂടുതലും രക്ഷാസംഘങ്ങളാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ ഫോറസ്റ്റില്‍ നിന്നുള്ള കുറച്ച് പേരും രക്ഷാദൗത്യത്തിനിറങ്ങിയ സന്നദ്ധസംഘടനയുടെ ആളുകളുമാണ് ഞങ്ങള്‍ തിരച്ചില്‍ നടത്തിയയിടത്ത് ഉണ്ടായിരുന്നത്. ആ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഞങ്ങള്‍ രണ്ട് സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കൂടെയുള്ളവര്‍ ഞങ്ങളോട് മാറിനിന്നോ അവര് നോക്കിക്കൊള്ളാം എന്ന് പറഞ്ഞിരുന്നു. ഇത്തരം ദുരിതങ്ങള്‍ നടക്കുന്നയിടത്ത് രക്ഷാപ്രവര്‍ത്തനം പൊതുവെ ദുഷ്‌കരമാണ്. വീടുകള്‍ തകര്‍ന്നപ്പോള്‍ കമ്പികളും മറ്റും ചെളിയില്‍ പുതഞ്ഞൊക്കെ കിടക്കുന്നുണ്ടാകും. കൂടാതെ നല്ല മൂര്‍ച്ചയുള്ള വലിയ മരക്കുറ്റികളും അവിടെയുണ്ടാകാനിടയുണ്ട്. അതുകൊണ്ടാണ് ഞങ്ങളോട് മാറി നിന്നോളാന്‍ അവര്‍ പറഞ്ഞത്. അവര് പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പരിചയമില്ലാത്ത ഒരു പ്രവര്‍ത്തിയാണ് ഇത്. മുട്ടിന് താഴെ ചെളിയുമുണ്ട്. ഹിറ്റാച്ചിയും ജെസിബിയുമൊക്കെ കൊണ്ടുവന്ന് മൃതദേഹങ്ങളും വലിയ മരങ്ങളുമൊക്കെ വലിച്ച് പൊക്കിയെടുക്കുകയായിരുന്നു. ഒരു പരിധിയില്‍ കൂടുതല്‍ അവിടെയങ്ങനെ നില്‍ക്കാനും പറ്റില്ലായിരുന്നു. മൃതദേഹങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് വേഗം ആംബുലന്‍സിലെത്തിക്കണം.

ആദ്യത്തെ ദിവസം സങ്കടവും പേടിയും എല്ലാമായിരുന്നു. കണ്ടുനില്‍ക്കുമ്പോള്‍ നെഞ്ചിലൊരു പിടച്ചിലായിരുന്നു. കണ്ടുകണ്ടും പിന്നെ ഒരാളെയെങ്കിലും ജീവനോടെ കിട്ടണേയെന്ന പ്രാര്‍ത്ഥന ഉള്ളിലുള്ളതുകൊണ്ടുമാകാം രണ്ടാമത്തെ ദിവസമായപ്പോഴേക്കും എനിക്ക് കുറച്ച് ധൈര്യം വന്നു. ഇതിനിടയില്‍ ഞങ്ങള്‍ തെരച്ചില്‍ നടത്തുന്നതിന് കുറച്ച് മുകളില്‍ നിന്നൊരാളെ ജീവനോടെ കിട്ടുകയും ചെയ്തു. അയാളെ അപ്പോള്‍ തന്നെ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോയി.

പിന്നെ സങ്കടം തോന്നിയ കാഴ്ചയാണ് വളര്‍ത്തുമൃഗങ്ങള്‍. ഏതാനും വളര്‍ത്തുമൃഗങ്ങള്‍ അവിടെ അനാഥരായി നടക്കുന്നത് കാണാമായിരുന്നു. ഒരുപക്ഷേ പ്രകൃതിയിലെ മാറ്റം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അവ ഓടി രക്ഷപ്പെട്ടതാകും. അതിലൊരു നായയുടെ കാഴ്ച ഏറ്റവും വേദനാജനകമായിരുന്നു. അത് അതിന്റെ വീടും ഉടമയെയും തേടി നടക്കുകയായിരുന്നുവെന്ന് തോന്നുന്നു. ഭക്ഷണം കൊടുത്തിട്ട് പോലും കഴിക്കാതെ അവിടെ മൊത്തം തിരയുകയായിരുന്നു പാവം.

വെറും അഞ്ച് മിനിറ്റുകൊണ്ട് എല്ലാം ഒലിച്ചുപോയി

ഉരുള്‍പൊട്ടി വന്ന ഏറ്റവും താഴ്ഭാഗത്താണ് ഞങ്ങള്‍ രണ്ട് ദിവസമുണ്ടായത്. അവിടെ മരങ്ങളൊക്കെ അടിഞ്ഞുകൂടിയിരുന്നു. ചെന്നതിന്റെ രണ്ടാമത്തെ ദിവസം ഉച്ചയോടെ ഭക്ഷണത്തിന് ശേഷമാണ് ഞങ്ങള്‍ മുകളിലേക്ക് നടന്നത്. അക്കാര്യത്തില്‍ നമ്മുടെ മനുഷ്യത്വത്തിന് നന്ദി പറയണം. രക്ഷാപ്രവര്‍ത്തകര്‍ക്കും അതിജീവിച്ച് പ്രിയപ്പെട്ടവരെ തിരയുന്നവര്‍ക്കും കുടിവെള്ളവും ഭക്ഷണവും എത്തിക്കാന്‍ മലയാളി യാതൊരു മടിയും കാണിച്ചില്ല. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്കാണ് ഞങ്ങള്‍ നടന്നുനോക്കിയത്. നടന്നാലെത്താത്ര അകലെ നിന്നാണ് ഉരുള് പൊട്ടലുണ്ടായത്. തകര്‍ന്നുകിടക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളും അതിനോട് ചേര്‍ന്നുള്ള വീടുകളും ആ ടൗണും ഒക്കെ ഒലിച്ച് പോയതാണ് കണ്ടത്. നാട്ടുകാരില്‍ ഒരാളോട് ഇത് എങ്ങനെയാണ് സംഭവിച്ചതെന്നും നിങ്ങളെങ്ങനെയാണ് അറിഞ്ഞതെന്നും ഞാന്‍ ചോദിച്ചു. വെറും അഞ്ച് മിനിറ്റുകൊണ്ട് എല്ലാം സംഭവിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. കണ്ണടച്ച് തുറന്നപ്പോഴേക്കും എല്ലാം സംഭവിച്ചിരുന്നു. അത്രയേറെ വേഗത്തിലാണ് ഉരുള്‍പൊട്ടി ഒലിച്ച് വന്നത്. ആ അഞ്ച് മിനിറ്റ് കൊണ്ട് അത്രത്തോളം ആഘാതം അവിടെയുണ്ടായി.

വൈറ്റ് വാഷ് അടിച്ചിട്ടിരിക്കുന്ന വീടുകളും വീടിന്റെ തറഭാഗം മാത്രം ബാക്കിയായ വീടുകളും അവിടെ കണ്ടു. കണ്ടുനില്‍ക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരിലാര്‍ക്കോ സംഭവിച്ച ദുരന്തമായി മാത്രമേ അത് നേരിട്ട് കാണുമ്പോള്‍ തോന്നുകയുള്ളൂ. പിന്നെയും ഒരുപാട് ദൂരം കൂടി ഞങ്ങള്‍ നടന്നു നോക്കി. ഭയങ്കരമായ ഒച്ചയും വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതായും കേട്ട് ഞങ്ങള്‍ തിരിച്ച് പോന്നു. തെരച്ചില്‍ നടത്തുന്നതിനിടയിലും രണ്ട് തവണ ഉരുള്‍ പൊട്ടലുണ്ടായി വേഗം കയറാന്‍ നിര്‍ദ്ദേശം കിട്ടി ഞങ്ങള്‍ തിരിച്ച് കയറിയിരുന്നു.

മനുഷ്യര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടതുണ്ടെന്നാണ് എനിക്ക് ഈ ദുരന്തം കണ്ടപ്പോള്‍ തോന്നിയത്. വയനാട്ടിലാണെങ്കില്‍ പോലും ഞാനിന്നേവരെ ആ പ്രദേശത്ത് പോയിട്ടില്ല. എങ്കിലും പലരും പറഞ്ഞുകേട്ടത് വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു ഇതെന്നാണ്. തേയിലത്തോട്ടവും പുഴകളുമൊക്കെയായി നല്ല ഭംഗിയുണ്ടായിരുന്ന സ്ഥലം. ഇവിടെയിങ്ങനെയൊരു ഉരുള്‍പൊട്ടലുണ്ടാകുമെന്നോ ഇത്രമാത്രം നശിച്ച് പോകുമെന്നോ മുമ്പ് ആ പ്രദേശം കണ്ടവരാരും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല.

ചൂരല്‍മലയിലേക്ക് പോകുന്ന പ്രദേശത്തെ മണ്ണ് പശിമ കുറവുള്ള പെട്ടെന്ന് വിട്ടുപോകുന്ന തരത്തിലുള്ള മണ്ണാണ്. ഞങ്ങള്‍ തേയിലത്തോട്ടത്തിനടുത്ത് കൂടി പോകുമ്പോള്‍ തന്നെ അവിടുത്തെ മണ്ണ് പെട്ടെന്ന് പെട്ടെന്ന് ഇടിയുന്നത് കാണാമായിരുന്നു. അത്രയും ലോലമായ പ്രദേശമാണ് അത്. ഉരുള്‍പൊട്ടിയ സ്ഥലത്തേക്ക് ഞങ്ങളുടെ ടീം അഞ്ചാമത്തെ ദിവസമാണ് പോയത്. ഞാന്‍ ഓഫീസിലെ ജോലിത്തിരക്ക് മൂലം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തിരികെ പോന്നു. അവര് പറഞ്ഞ് അറിഞ്ഞത് ആ പ്രദേശം ഇപ്പോള്‍ ഒരു ഗര്‍ത്തം പോലെയായിട്ടുണ്ടെന്നാണ്. ഉരുള്‍പൊട്ടലുണ്ടാകുമെന്ന് ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത സ്ഥലമായിരുന്നു ഇത്. നമ്മള്‍ സേഫ് സോണിലാണെന്ന് കരുതി ആശ്വസിക്കുന്നവര്‍ ഇവിടെ വന്നൊന്ന് കണ്ടാല്‍ ഇത് ലോകത്തിലാര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണെന്ന് തിരിച്ചറിയുമെന്നാണ് എനിക്ക് തോന്നുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT