വയനാട് മാനന്തവാടിയില്‍ ജൈവ സമ്പന്നമായ സ്വാഭാവിക വനം നശിപ്പിച്ച് തേക്ക് മരങ്ങള്‍ നടാന്‍ വനം വകുപ്പിന്റെ നീക്കം. മാനന്തവാടി ബേഗൂര്‍ റെയ്ഞ്ചിലെ ഒണ്ടയങ്ങാടി ആര്‍എഫ് 58 പ്ലാന്റേഷനിലെ വനമാണ് മുറിച്ചുമാറ്റാനൊരുങ്ങുന്നത്. 1958ല്‍ മാനന്തവാടി കാട്ടിക്കുളം പാതയോരത്ത് കൈതക്കൊല്ലി മുതല്‍ അമ്പത്തിനാല് വരെയുള്ള പ്രദേശത്ത് തേക്ക് മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍ തേക്ക് മരങ്ങളേക്കാള്‍ ഇവിടെ സ്വാഭാവിക വനം വളര്‍ന്നു. നിലവില്‍ 2,224 തേക്ക് മരങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. പക്ഷികളും മൃഗങ്ങളും ഉള്‍പ്പെടെ ഒട്ടേറെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയായ വനം തകര്‍ക്കാനുള്ള നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണുയരുന്നത്.
മുമ്പ് പ്ലാന്റേഷന് വേണ്ടി വനം വെട്ടിവെളുപ്പിച്ചപ്പോള്‍ പ്രദേശത്തെ നീര്‍ച്ചാലുകള്‍ വറ്റിവരണ്ടിരുന്നു. സ്വാഭാവിക മരങ്ങള്‍ വളര്‍ന്ന ശേഷമാണ് ഇവ പുനരുജ്ജീവിച്ചത്.
നിയമം പാലിച്ചുള്ള നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് കണ്ണൂര്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (സിസിഎഫ്) 'ദ ക്യു'വിനോട് പ്രതികരിച്ചു. പ്ലാന്റേഷന്‍ ചെയ്ത മരങ്ങള്‍ 60 വര്‍ഷം കഴിഞ്ഞ് മുറിക്കണമെന്നാണ് നിയമം. മുറിക്കുന്നതിന് മുന്‍പ് മരങ്ങള്‍ മാര്‍ക്ക് ചെയ്യണം. തേക്ക് മരങ്ങള്‍ കുറവാണെങ്കില്‍ മുറിക്കില്ല. തേക്കുമരങ്ങള്‍ കൂടുതലുണ്ടെങ്കില്‍ വെട്ടുമെന്നും സിസിഎഫ് കെ കാര്‍ത്തികേയന്‍ വ്യക്തമാക്കി.
40 ഹെക്ടറില്‍ പകുതി തോട്ടം മാര്‍ക്ക് ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതു പ്രകാരം മുന്നോട്ടുപോകും. കണ്ണൂരില്‍ 120 ഹെക്ടര്‍ മുറിക്കുകയാണല്ലോ. അതാരും ചോദ്യം ചെയ്തില്ലല്ലോ. ചീഫ് കണ്‍സര്‍വേറ്റര്‍
ടെറിട്ടോറിയല്‍ ഡിവിഷന്റെ ലക്ഷ്യം തന്നെ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് സമയം ആകുമ്പോള്‍ മുറിച്ച് സര്‍ക്കാരിന് വരുമാനം ഉണ്ടാക്കി നല്‍കലാണ്. തങ്ങള്‍ നിയമം പാലിച്ചാണ് മുന്നോട്ട് പോകുന്നത്. ഇതേ മേഖലയില്‍ തന്നെ 20 വര്‍ഷം മുമ്പ് മരങ്ങള്‍ മുറിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ സര്‍ക്കിള്‍ സിസിഎഫ് കൂട്ടിച്ചേര്‍ത്തു.
മരം മുറിക്കുന്നതിനുള്ള കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞെന്നാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മരങ്ങളില്‍ നമ്പറിട്ടതിന്റെ ചിത്രങ്ങള്‍ തെളിവായി കാണിക്കുന്നു. ഓഗസ്റ്റില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ പി സമദ് ഡിഎഫ്ഒ യ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍, പ്‌ളാന്റേഷന്‍ ചെയ്തിടം സ്വാഭാവിക വനമായി മാറിയതിനാല്‍ തോട്ടങ്ങളില്‍ ഫെല്ലിങ് നടത്തേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു.
രണ്ട് തോട്ടങ്ങളിലേയും തേക്ക്, സോഫ്റ്റ് വുഡ് മരങ്ങള്‍ മാര്‍ക്ക് ചെയ്യുന്നതിന് വേണ്ടി വിശദമായ പരിശോധന നടത്തിയതില്‍ രണ്ട് തോട്ടങ്ങളും സ്വാഭാവിക വനത്തിലേക്ക് മാറിയിട്ടുള്ളതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആര്‍എഫ്ഒ റിപ്പോര്‍ട്ട്
മുമ്പ് പല പ്രദേശങ്ങളിലും ഏകവിള തോട്ടങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മിശ്രവിളത്തോട്ടമായി മാറ്റേണ്ടി വന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. റിപ്പോര്‍ട്ടില്‍ പ്ലാന്റേഷന്‍ സ്വാഭാവിക വനമായി മാറിയ കാര്യം വ്യക്തമാക്കിയിട്ടും സിസിഎഫ് അത് മുഖവിലയ്‌ക്കെടുക്കാത്തത് എന്താണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും ചോദ്യം.
അധികാരം ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റേയും സുപ്രീം കോടതിയുടേയും അനുമതി നേടിയെടുത്ത് ഘട്ടംഘട്ടമായി തേക്കുതോട്ടങ്ങള്‍ വെട്ടിമാറ്റി സ്വാഭാവിക വനം വളര്‍ത്താന്‍ സത്വര നടപടികളെടുക്കുമെന്നത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 2013 ല്‍ ബേഗൂര്‍ റേഞ്ചില്‍ ഇരുമ്പ് പാലത്ത് പുതുതായി തേക്ക് പ്ലാന്റേഷന്‍ ആരംഭിച്ചത് നാട്ടുകാര്‍ സമരം നടത്തി തടഞ്ഞിരുന്നു. വയനാട്ടില്‍ ഇനി ഒരിക്കലും ഏകവിളത്തോട്ടം വെക്കില്ല എന്ന് അന്നത്തെ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. വീണ്ടും ഏകവിളത്തോട്ടം എന്ന ആശയവുമായി ഉന്നത വനപാലകര്‍ രംഗത്ത് വരുന്നത് ചില സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആരോപണങ്ങളുണ്ട്.
ആര്‍എഫ്ഒ കെ പി സമദ് ഡിഎഫ്ഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട്
1958, 1959 ഒണ്ടയങ്ങാടി തേക്ക് ആന്റ് സോഫ്റ്റ് വുഡ് പ്ലാന്റേഷന്റെ ഫൈനല്‍ ഫെല്ലിംഗ് നടത്തുന്ന വിഷയത്തിലേക്ക് അങ്ങയുടെ ശ്രദ്ധ സാദരം ക്ഷണിക്കുന്നു. 1958 ഒണ്ടയങ്ങാടി തേക്ക് ആന്റ് സോഫ്റ്റ് പ്ലാന്റേഷന്‍ (39.26ഹെക്ടര്‍), 1959 ഒണ്ടയങ്ങാടി തേക്ക് ആന്റ് സോഫ്റ്റ് വുഡ് പ്ലാന്റേഷന്‍ (42.90ഹെക്ടര്‍) എന്നിവ വര്‍ക്കിംഗ് പ്ലാന്‍ പ്രകാരം 2018-19 ലും 2019-20ലും ഫൈനല്‍ ഫെല്ലിങ് നടത്തേണ്ട തോട്ടങ്ങളാണ്. 1958 തോട്ടം മുറിക്കുന്നതിന് വേണ്ടി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു. എങ്കിലും ആയതിന്റെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ടി രണ്ട് തോട്ടങ്ങളിലേയും തേക്ക്, സോഫ്റ്റ് വുഡ് മരങ്ങള്‍ മാര്‍ക്ക് ചെയ്യുന്നതിന് വേണ്ടി വിശദമായി പരിശോധന നടത്തിയതില്‍ രണ്ട് തോട്ടങ്ങളും സ്വാഭാവിക വനത്തിലേക്ക് മാറിയിട്ടുള്ളതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ടി തോട്ടങ്ങളില്‍ ധാരാളമായി കുമിഴ്, ആഞ്ഞിലി, സോപ്പ് മരം, കുളിര്‍മാവ്, വീട്ടി, അത്തി, പുന്ന, പാല, കുന്നി, എടല, വെട്ടി, വട്ട, വെണ്ടേക്ക്, പൂവം, നെല്ലി, വേങ്ങ, ഞാവല്‍, കുടംപുളി, പാതിരി, കമ്പിളി, കണിക്കൊന്ന, ചേര്, വേപ്പ്, മാവ്, ചടച്ചി എന്നീ ഇനങ്ങളില്‍പ്പെട്ട മരങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ടി രണ്ട് തോട്ടങ്ങളിലും ഫൈനല്‍ ഫെല്ലിംങ് നടത്തേണ്ടതുണ്ടോ എന്നും അഥവാ നടത്തുകയാണെങ്കില്‍ തന്നെ ടി ഭാഗം വീണ്ടും പ്ലാന്റ് ചെയ്യേണ്ടതുണ്ടോ എന്ന കാര്യവും അറിയിച്ച് തരണമെന്നും ബോധിപ്പിക്കുന്നു. 2013-2014ല്‍ ആലത്തൂര്‍ തേക്ക് തോട്ടം വെട്ടി മാറ്റിയ സ്ഥലത്ത് വീണ്ടും തേക്ക് തോട്ടം നട്ടുപിടിപ്പിക്കാനും 2017-2018 ല്‍ തിരുനെല്ലി യൂക്കാലിപ്റ്റസ് തോട്ടം വെട്ടിയ സ്ഥലത്ത് 'മീലിയ ഡൂബിയ' പ്ലാന്റേഷന്‍ വെച്ചുപിടിപ്പിക്കാനും ശ്രമിച്ചപ്പോഴെല്ലാം നാട്ടുകാരുടെ എതിര്‍പ്പും സമരവും ഉണ്ടാവുകയും, തുടര്‍ന്ന് ടി പ്ലാന്റേഷന്‍ മിശ്രവിള തോട്ടമായി മാറ്റുകയുമാണ് ചെയ്തതെന്ന വിവരവും ബോധിപ്പിച്ച് കൊള്ളുന്നു.