Pinterest
Special Report

പൊള്ളുന്ന കടല്‍; വറുതിയില്‍ എരിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍, തൊഴിലാളി അവകാശ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ റെജിമോന്‍ കുട്ടപ്പന്‍ ഇംഗ്ലീഷ് മാധ്യമമായ 'ദ ലീഡ്' ല്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, താല്‍ക്കാലിക ജോലികള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാക്കിക്കൊണ്ട് അറബിക്കടലിന്റെ ചൂട് വര്‍ധിച്ചുകൊണ്ടിരിക്കുകയാണോ? അതെയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പല കാരണങ്ങളാല്‍ സമുദ്രോപരിതലത്തില്‍ താപനില വര്‍ധിക്കുന്നതിനേത്തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റുകള്‍ തുടച്ചയായി വീശിയടിക്കുകയാണ്. വള്ളങ്ങള്‍ കരയില്‍ കയറ്റിവെച്ച് കുടിലില്‍ തുടരാന്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നു, ചിലര്‍ ഭക്ഷണവിതരണ ആപ്പുകളില്‍ ഡെലിവറി ബോയ് ജോലി ചെയ്ത് കുടുംബം പോറ്റുന്നു. “ആഴ്ചയില്‍ നാല് ദിവസമെങ്കിലും കടലിലിറങ്ങുന്നതില്‍ നിന്ന് വിലക്കുണ്ടാകും. ദിവസ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങള്‍. ഇത്തരം വിലക്കുകള്‍ മിക്കപ്പോഴും കൃത്യവുമല്ല' നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ പറയുന്നു.

ഒരുപാട് ചെറുപ്പക്കാര്‍ ഭക്ഷണ വിതരണ ആപ്പുകളിലെ ഡെലിവറി ബോയ്സായും ഷോപ്പിംഗ് മാളുകളില്‍ സെയില്‍സ് ഗേളായും സെയില്‍സ് ബോയിയായും ജോലി ചെയ്യുന്നവരായി മാറി.
ടി പീറ്റര്‍

സാധാരണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടായിത്തുടങ്ങുന്നത് വസന്തകാലത്താണ്. കാലവര്‍ഷം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിക്കുന്ന ഇവ ഡിസംബറോടെ അവസാനിക്കുകയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുതലായിരുന്നു. ദക്ഷിണേന്ത്യന്‍ തീരത്ത് ചുഴലിക്കാറ്റുകള്‍ തുടര്‍ച്ചയായി ആഞ്ഞടിച്ചു.

വായു, ഹിക്ക, ക്യാര്‍, മഹാ എന്നീ ചുഴലിക്കാറ്റുകള്‍ ഈ വര്‍ഷം തെക്കന്‍ തീരപ്രദേശങ്ങളില്‍ വീശിയടിക്കുകയോ കടന്നുപോവുകയോ ചെയ്തു. ഇവ കൂടാതെ ന്യൂനമര്‍ദ്ദങ്ങളുമുണ്ടായി. ഈ ക്ഷോഭങ്ങളുടെ സമയത്തെല്ലാം കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കുണ്ടായിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രത്യേകിച്ച് അറബിക്കടലില്‍ ചൂട് അതിവേഗം വര്‍ധിക്കുകയാണെന്ന് താപനിലയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തോട് വളറെ വേഗത്തിലാണ് അറബിക്കടല്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ചൂട് കൂടും തോറും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ക്ക് അത്
വഴിവെയ്ക്കുന്നു.
സാറ്റലൈറ്റ് യുഗത്തില്‍(1965ന് ശേഷം) ആദ്യമായാണ് ഏകദേശം ഒരേ സമയത്ത് തന്നെ രണ്ട് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതെന്ന് കാലാവസ്ഥ വിദഗ്ധനായ രാജീവ് എരിക്കുളം ചൂണ്ടികാണിക്കുന്നു. ഒക്ടോബര്‍ അവസാനവാരം ഒമാന്‍ തീരപ്രദേശത്ത് കൂടി കടന്നുപോയ ക്യാര്‍ ചുഴലിക്കാറ്റും ഒമാനടുത്തെത്തിയ ശേഷം വഴിമാറി ഇന്ത്യയിലേക്ക് കടന്നുവന്ന മഹാ ചുഴലിയുമാണ് അദ്ദേഹം പരാമര്‍ശിച്ചത്.

ആഗോളതാപനം അറബിക്കടലിനെ ചൂട് പിടിപ്പിക്കുകയാണ്. അതുകൊണ്ട് വരും വര്‍ഷങ്ങളില്‍ നമ്മള്‍ ഇതിലും കൂടുതല്‍ ചുഴലിക്കാറ്റുകളും സൂപ്പര്‍ ചുഴലിക്കാറ്റുകളും കാണാന്‍ പോകുകയാണ്. ബുള്‍ബുളും നക്രിയും ഹലോങ്ങും വരാനിരിക്കുന്നു.
രാജീവ് എരിക്കുളം

സാറ്റലൈറ്റ് യുഗത്തിൽ(1965ന് ശേഷം) ആദ്യമായാണ് രണ്ട് ചുഴലിക്കാറ്റുകൾ ഒരേസമയം രൂപാന്തരപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷകനായ രാജീവ് എരിക്കുളം ചൂണ്ടികാണിച്ചു. ഒക്ടോബർ അവസാനം ഒമാൻ തീരപ്രദേശത്ത് കൂടി കടന്നുപോയ ക്യാർ ചുഴലിക്കാറ്റും ഇന്ത്യയിൽ കടന്നുവന്ന മഹാ ചുഴലിയുമാണ് അദ്ദേഹം പരാമർശിച്ചത്.

ആഗോളതാപനം അറബിക്കടലിനെ ചൂട് പിടിപ്പിക്കുകയാണ്. അതിനാൽ വരും വർഷങ്ങളിൽ ഇതിലും കൂടുതൽ ചുഴലിക്കാറ്റുകൾ രൂപാന്തരപ്പെട്ടേക്കാം. മഹായ്ക്ക് ശേഷം ബുൾബുൾ,നക്രി,ഹലോങ് എന്നീ ചുഴലികൾ രൂപപ്പെടും.
രാജീവ് എരിക്കുളം

ചുഴലികളുടെ ചരിത്രം

വായു, ഹിക്ക, ക്യാര്‍, മഹാ എന്നീ നാല് തീവ്ര ചുഴലിക്കാറ്റുകളാണ് 2019ല്‍ വീശിയടിച്ചത് (കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 118.52 കിലോമീറ്ററോ അതിനു മുകളിലോ ആയിരുന്നു)

1891ന് ശേഷം ചരിത്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1902, 1948, 1975, 1982, 1998, 2004,2015 എന്നീ വര്‍ഷങ്ങളിലാണ് അറബിക്കടല്‍ ഏറ്റവും ക്ഷോഭം കൊണ്ടത്. ഈ വര്‍ഷങ്ങളിലെല്ലാം അഞ്ചോ അതിലധികമോ ചുഴലിക്കാറ്റുകള്‍ (പരമാവധി വേഗത മണിക്കൂറില്‍ 31.48 കിലോമീറ്ററോ അതിനു മുകളിലോ) അറബിക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്.

ഓഖിയുടെ സാറ്റലൈറ്റ് ചിത്രം 

1975ന് ശേഷം പ്രതിവര്‍ഷം അഞ്ചോ അതിലധികമോ ചുഴലിക്കാറ്റ് അനുഭവപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു. 1891നും 1974നുമിടയിലെ 2 വര്‍ഷങ്ങളില്‍ മാത്രമാണ് അഞ്ചോ അതില്‍ കൂടുതല്‍ ചുഴലിക്കാറ്റുകളുണ്ടായത്. 1975നും 2019നും ഇടയില്‍ ഇത്തരം ആറ് ചുഴലി വര്‍ഷങ്ങളുണ്ടായി. 1891-2019 വര്‍ഷകാലയളവില്‍ 1902ലാണ് ഏറ്റവും കൂടുതല്‍ തവണ ചുഴലി അനുഭവപ്പെട്ടത്. അഞ്ച് വട്ടം ചുഴലിക്കാറ്റടിച്ച ആ വര്‍ഷത്തിലെ നാലെണ്ണം അതിതീവ്രമായിരുന്നു.

1891നും 2018നുമിടയില്‍ ഏറ്റവുമധികം ചുഴലികള്‍ രൂപപ്പെട്ടത് 1998ലാണ്(6 തവണ). ഇതില്‍ മൂന്നെണ്ണം തീവ്രചുഴലിക്കാറ്റുകളായി മാറി. (പരമാവധി വേഗം മണിക്കൂറില്‍ 62.968 കിലോമീറ്ററോ അതിനു മുകളിലോ). 1902ന് ശേഷം ഗുരുതമായ നാല് ചുഴലികളുണ്ടായ വര്‍ഷമാണ് 2019 (പരമാവധി വേഗം മണിക്കൂറില്‍ 88.89 കിലോമീറ്ററോ അതിനു മുകളിലോ). 1902ല്‍ നാലും 2004ല്‍ മൂന്നും തീവ്ര ചുഴലിക്കാറ്റുകള്‍ വീശിയടിച്ചു.

ചുഴലിക്കാറ്റും ദാരിദ്ര്യവും

ആഗോളതാപനം ശാസ്ത്രജ്ഞര്‍ക്ക് പഠനവിഷയമാകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത് അതിജീവനത്തിന്റെ പ്രശ്‌നമാണെന്ന് പുരോഹിതനും മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ആക്ടിവിസ്റ്റുമായ ഫാ. യൂജീന്‍ പെരേര പറയുന്നു.

ആഗോളതാപനം ഭൂഗോളത്തെ മുഴുവന്‍ ചൂട് പിടിപ്പിക്കുകയാണ്. തല്‍ഫലമായി സമുദ്രോപരിതല താപനില കൂടുകയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞര്‍ക്ക് ഇത് ആഗോളതാപനം മാത്രമാണ്. പക്ഷെ മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ജീവിതമാര്‍ഗമാണ് നഷ്ടമാകുന്നത്. അതവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു.
ഫാ. യൂജിന്‍ പെരേര

2017 നവംബര്‍ 30നാണ് ഇന്ത്യയുടെ ദക്ഷിണ മുനമ്പായ പുത്തലത്തിന്റെ തെക്ക് ദിശയിലൂടെ ഓഖി കടന്നുപോയത്. പിന്നീട് വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് നീങ്ങി ലക്ഷദ്വീപില്‍ ദിശ മാറിയെത്തിയെങ്കിലും കന്യാകുമാരിയിലും തിരുവനന്തപുരത്തും വന്‍ നാശമാണ് ഓഖി വിതച്ചത്. കേരളത്തില്‍ 1,843 കോടി രൂപയുടെയും തമിഴ്നാട്ടില്‍ 1,000 കോടി രൂപയുടെയും നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിക്കപ്പോഴും അശാസ്ത്രീയമായ ജാഗ്രതാനിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിക്കുന്നതെന്ന് ഫാദര്‍ യൂജിന്‍ പരാതിപ്പെട്ടു.

2017 നവംബറില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ അതോറിറ്റി പരാജയപ്പെട്ടു. നൂറുകണിക്കിന് ആളുകളെ ഇപ്പോഴും കാണ്‍മാനില്ല. ആ വീഴ്ച്ച മറച്ചുവെയ്ക്കാന്‍ അവര്‍ കാര്യങ്ങളില്‍ അമിതവ്യഗ്രത പ്രകടിപ്പിക്കുകയാണിപ്പോള്‍.
യൂജീന്‍ പെരേര

അടിക്കടിയുള്ള വിലക്കുകള്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയെന്നും ഓഖി ദുരന്തത്തെ പറ്റി പുസ്തകം എഴുതുന്ന ഫാദര്‍ യൂജിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കെഎസ്ഡിഎംഎ Vs ഐഎംഡി

ദേശീയ കാലാവസ്ഥാപഠന വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് പറയുന്നത്.

കാറ്റ് രൂപപ്പെടുന്നതിനും അതിന്റെ ശക്തിയ്ക്കും അനുസരിച്ച് ഐഎംഡിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്

മുന്നറിയിപ്പ് നല്‍കാന്‍ അവര്‍ ആവശ്യപ്പെടുമ്പോള്‍ ഞങ്ങള്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നു. ചുഴലിക്കാറ്റിന്റെ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചാണ് കടലില്‍ മത്സ്യത്തൊഴിലാളികളെ തടഞ്ഞുകൊണ്ട് പരസ്യഅറിയിപ്പുകള്‍ നല്‍കുന്നത്. ഓഖിയുടെ സമയത്ത് കൃത്യമായി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതില്‍ ഐഎംഡി പരാജയപ്പെട്ടെന്നും ശേഖര്‍ പ്രതികരിച്ചു.

ദ്രുതഗതിയില്‍ തീവ്രത കൂടിയതിനാല്‍ ഓഖി ദുരന്തം പ്രവചിക്കാന്‍ ഐഎംഡിക്ക് സാധിച്ചില്ലായെന്ന് ഈ വര്‍ഷം ഫെബ്രുവരി ഏഴിന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പ്രസ്താവിക്കുകയുണ്ടായി. ചുഴലിക്കാറ്റിനെ പറ്റി കൃത്യമായി പ്രവചിക്കാന്‍ സമുദ്രോപരിതല താപനിലയെപ്പറ്റിയുള്ള വിവരങ്ങള്‍ തെര്‍മല്‍ സാറ്റലൈറ്റുകള്‍ വഴി ശേഖരിക്കുകയും അതിനെയെല്ലാം സംയോജിപ്പിച്ച് ഐഎംഡി ഒരു ചുഴലിക്കാറ്റ് പ്രവചന മാതൃക തയ്യാറാക്കമമെന്നും സമിതി ശുപാര്‍ശ ചെയ്തു. ആഗോളതാപനം മൂലം ഓഖി പോലെയുള്ള ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍, ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവചിക്കാനായി ആഗോളതലത്തില്‍ നടത്തുനന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഐഎംഡി മെച്ചപ്പെട്ട സംവിധാനം ഏര്‍പ്പെടുത്തണം. അത്യാവശ്യമെങ്കില്‍ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് ചുഴലിക്കാറ്റ് പ്രവചിക്കുന്നതില്‍ ഗവേഷണം നടത്തണം. 2019 നവംബര്‍ 29ന് ഐഎംഡി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ ഓഖി ചുഴലിക്കാറ്റിനേക്കുറിച്ച് വ്യക്തമായ പ്രവചനം ഉണ്ടായിരുന്നില്ല. ചുഴലിക്കാറ്റിന് വേണ്ട ഗൗരവം നല്‍കാതിരുന്നത് ഇതിനാലാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

തീവ്രത ദ്രുതഗതിയില്‍ വര്‍ധിച്ചതിനാല്‍ ഒരു ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാന്‍ ഐ എം ഡിയ്ക്ക് വേണ്ടത്ര സമയം ലഭിച്ചില്ല. അതുകൊണ്ടുതന്നെ ബാധിക്കപെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും കൃത്യമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനായില്ല.
പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്  
ഓഖിയില്‍ തിരുവനന്തപുരം ചെറിയതുറയില്‍ നിന്ന് കാണാതായ സേവ്യറിന്റെ സഹോദരി മറിയാമ്മ  

ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ച 2017 നവംബര്‍ 30ന് തന്നെയാണ് ഔദ്യോഗിക മുന്നറിയിപ്പുമുണ്ടാകുന്നത്. അപ്പോഴേക്കും മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പുറപ്പെട്ടിരുന്നു. ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മൂന്ന് ദിവസം മുന്നേ തന്നെ സാധ്യതാ നിര്‍ദ്ദേശം നല്‍കണമെന്നിരിക്കെ ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിന്റെ ദ്രുതഗതിയിലുള്ള തീവ്രത യുക്തിസഹമായ ന്യായീകരണമാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനങ്ങള്‍ക്കും സാങ്കേതികത്വത്തെപറ്റി വ്യക്തമായ ധാരണയുണ്ടാകില്ലായെന്ന വസ്തുത നിലനില്‍ക്കുന്നു. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു തയ്യാറെടുപ്പ് വേണ്ടതാണ്. ഐഎംഡി പുറപ്പെടുവിച്ച നിര്‍ദ്ദേശം മാധ്യമങ്ങളിലൂടെയോ റേഡിയോ സ്‌റ്റേഷനുകളിലൂടെയോ വ്യാപകമായി പ്രചരിക്കപ്പെട്ടില്ലെന്ന് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഓഖി തീരത്തടിക്കുന്നതിന് മുന്നേ തന്നെ മാധ്യമങ്ങളിലൂടെ സമയോചിതമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടതായിരുന്നു.

ഐഎംഡിയുടെ വാദം

കണക്കുകളും വസ്തുതകളും അടിസ്ഥാനമാക്കിയാണ് തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഐഎംഡികേരള വിഭാഗത്തിന്റെ ചുമതലയുള്ള കെ സന്തോഷ് പ്രതികരിച്ചു. ഒരു ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തിരുവനന്തപുരത്ത് അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ചുഴലിക്കാറ്റുകളോ ന്യൂനമര്‍ദ്ദങ്ങളോ അഞ്ച് ദിവസം മുന്‍പ് തന്നെ പ്രവചിക്കാന്‍ സാധിക്കും. ഈ മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളെ ഒരുപാട് സഹായിക്കുന്നുണ്ട്. ഒരാഴ്ച്ചയിലധികം കടലില്‍ തങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ഏറെ ഗുണകരമാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അതിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഐഎംഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഞങ്ങളുടെ മുന്നറിയിപ്പുകള്‍ കൃത്യമല്ല എന്നുള്ള ആരോപണങ്ങള്‍ തെറ്റാണ്. ഒരുപാട് വികസിത സജ്ജീകരണങ്ങളും വിദഗ്ധരും അടങ്ങുന്ന ഞങ്ങളുടെ കണ്ടെത്തലുകള്‍ ഒരിക്കലും തെറ്റാകില്ല. അത് ശാസ്ത്രീയമാണ്.
കെ സന്തോഷ്

താപനവും പ്രസരണവും

ആഗോളതാപനം മൂലം അറബിക്കടലില്‍ ഉണ്ടാകുന്ന കൊടുങ്കാറ്റുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഹിരോയുകി മുറകാമി, ജി എ വെച്ചി, എസ് അണ്ടര്‍വുഡ് എന്നീ ശാസ്ത്രജ്ഞന്മാരുടെ പഠനം കണ്ടെത്തിയിട്ടുണ്ട്. കാര്‍ബണ്‍ പ്രസരണം കാലാവസ്ഥാ ക്രമങ്ങളിലുണ്ടാക്കുന്ന പ്രഭാവത്തേക്കുറിച്ച് പല ഗവേഷകരും ഉറ്റുനോക്കുന്നുണ്ട്.

അറബിക്കടലില്‍ അതിതീവ്ര ചുഴലിക്കൊടുങ്കാറ്റുകളുടെ ആവര്‍ത്തനം കൂടി വരുന്നതിനേക്കുറിച്ചുള്ള 2017ലെ ഒരു പഠനത്തില്‍ കാര്‍ബണ്‍ പ്രസരണം നേരിട്ട് ആഘാതം ഏല്‍പിക്കുന്നതിനേക്കുറിച്ച് തീര്‍പ്പ് കല്‍പിക്കുന്നില്ലെങ്കിലും അവ തമ്മിലുള്ള പരസ്പര ബന്ധം കാണിച്ചുതരുന്നുണ്ട്.

എ ടി ഇവാന്‍, സി ചുങ്, വി രാമനാഥന്‍, ജെ പി കൊസിന്‍ എന്നിവര്‍ കഴിഞ്ഞ 30 വര്‍ഷത്തെ ചുഴലിക്കാറ്റുകളേക്കുറിച്ചും കാര്‍ബണ്‍ പ്രസരണത്തേക്കുറിച്ചുമുള്ള വിവരങ്ങള്‍ പരിശോധിച്ചു. കാര്‍ബണ്‍ പ്രസരണം സമുദ്രോപരിതലത്തിലെ സൗര ആഗിരണത്തോത് വര്‍ധിപ്പിക്കുകയാണെന്ന് കണ്ടെത്തി. മാത്രമല്ല ചുഴലി രൂപീകരണത്തിന് കാരണമാകുന്ന തരത്തില്‍ കാറ്റിന്റെ വേഗതയില്‍ മാറ്റമുണ്ടാക്കുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

ഇതിന്റെ ഫലമായി മണ്‍സൂണിന് മുമ്പും ശേഷവും അതിതീവ്ര ചുഴലിക്കൊടുങ്കാറ്റുകളുടെ തീവ്രത വര്‍ധിച്ചു. 2014വരെ മണ്‍സൂണിന് ശേഷം അതിതീവ്ര ചുഴലിക്കൊടുങ്കാറ്റുകള്‍ കാണപ്പെട്ടിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

സെയില്‍സ് ബോയ്‌സ്/ഗേള്‍സ്

മത്സ്യത്തൊഴിലാളി സമൂഹത്തിലെ ഒരുപാട് യുവതീയുവാക്കള്‍ നഗരങ്ങളില്‍ ചെന്ന് സെയില്‍സ് ഗേളായും ഡെലിവറി ബോയിയായും ജോലി ചെയ്യുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാജു ലിയാന്‍സ് പറയുന്നത്.

കടലില്‍ ഇറങ്ങുന്നത് വല്ലപ്പോഴും മാത്രമായി. ഇറങ്ങിയാല്‍ തന്നെ എന്തെങ്കിലും കിട്ടുമോ എന്ന് ഉറപ്പില്ല. എത്രയായാലും ഇന്ധനവും മറ്റു ചിലവുകളും കുറയ്ക്കാന്‍ കഴിയില്ല.
സാജു ലിയാന്‍സ്

സബ്‌സിഡി റേറ്റില്‍ ഇന്ധനം പോലും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. മിക്കപ്പോഴും കരിഞ്ചയെ ആണ് ഞങ്ങള്‍ ആശ്രയിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒരു 10,000 രൂപയെങ്കിലും മീന്‍പിടുത്തതിനായി ചെലവിടണം. ഈ സാഹചര്യത്തില്‍ മീന്‍ ലഭിച്ചില്ലെങ്കിലുള്ള അവസ്ഥ താങ്ങാനാകില്ലെന്നും സാജു പറയുന്നു.

ഓഖി ദുരന്തത്തിന് ശേഷം ഒരുപാട് പേര്‍ക്ക് ബോട്ടും മറ്റ് സാമഗ്രികളും നഷ്ടപ്പെട്ടത് മൂലം മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക നില കൂടുതല്‍ വഷളായെന്നാണ് സാജു ചൂണ്ടിക്കാട്ടി. ഒട്ടുമിക്ക മത്സ്യത്തൊഴിലാളികളും സാമ്പത്തികമായി ഇപ്പോള്‍ മോശം അവസ്ഥയിലാണ്. ഒരു ബോട്ട് വാങ്ങാന്‍ മുന്‍പ് അഞ്ച് പേര്‍ ചേര്‍ന്ന് പിരിവിട്ടാല്‍ മതിയായിരുന്നു. ഇപ്പോള്‍ അതേ ബോട്ട് വാങ്ങാന്‍ പത്ത് ആളുകള്‍ ചേര്‍ന്ന് പിരിവിടണം. കിട്ടുന്ന മീന്‍ വീതിക്കുമ്പോഴും കുറവ് വരും. ഈയൊരു സാഹചര്യത്തിലാണ് മീന്‍പിടുത്തം വിലക്കി അനാവശ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങളുണ്ടാകുന്നത്. പരമ്പരാഗത മീന്‍പിടുത്തത്തേക്കുറിച്ച് അറിയാത്ത ഒരു തലമുറ ഉടന്‍ വളര്‍ന്നുവരും അത് പത്ത് വര്‍ഷത്തിനുള്ളില്‍ സംഭവിക്കാന്‍ പോകുകയാണെന്നും സാജു കൂട്ടിച്ചേര്‍ത്തു.

32 ലക്ഷം രൂപ നഷ്ടപരിഹാരം

തുടരെയുള്ള വിലക്കുകള്‍ മൂലം മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ദിനങ്ങള്‍ മുടങ്ങുന്നതിനാല്‍ നഷ്ടപരിഹാരമായി 32 ലക്ഷം രൂപ നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒരു കുടുംബത്തിന് 2000 രൂപ വച്ച് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സ്‌കീമിനേക്കുറിച്ച് വ്യക്തതയില്ലെന്നും പീറ്റര്‍ പ്രതികരിച്ചു.

എല്ലാ മാസവും ഇത് തുടരുമോ എന്നതിലും ഇത് വാര്‍ഷിക പ്രതിഫലമാണോ എന്നതിലും വ്യക്തതയില്ല. ഈ 2000 രൂപ മത്സ്യത്തൊഴിലാളികളുടെ നഷ്ടങ്ങള്‍ക്ക് ഒരു പരിഹാരമാണോ?
ടി പീറ്റര്‍

കഴിഞ്ഞ ആഴ്ച 11,000 ശാസ്ത്രജ്ഞന്മാര്‍ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മനുഷ്യരുടെ ജീവിതരീതിയില്‍ ഉടന്‍ ഒരു പരിവര്‍ത്തനം ഉണ്ടായില്ലെങ്കില്‍ മുന്‍പ് കാണാത്തവിധത്തിലുള്ള ദുരിതമുണ്ടാകുമെന്നാണ് അവരുടെ പ്രവചനം.

മഹാദുരന്തത്തെ പറ്റി അത് എന്താണോ അത് അങ്ങനെ തന്നെ മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് ശാസ്ത്രജ്ഞരുടെ ധാര്‍മികബാധ്യതയാണ്. ഈയൊരു ബാധ്യതയുടെ അടിസ്ഥാനത്തില്‍ ലോകത്തെങ്ങുമുള്ള 11,000 ശാസ്ത്രജ്ഞന്മാര്‍ വ്യക്തമായും അസന്ദിഗ്ധമായും പ്രഖ്യാപിക്കുന്നു; ഭൂമി ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥ നേരിടുകയാണ്.
ശാസ്ത്രജ്ഞര്‍

നാല് പതിറ്റാണ്ടിലെ കാലാവസ്ഥ ഗവേഷണവും ആശങ്കയുളവാക്കുന്ന ജനസംഖ്യാവര്‍ധനയും മാംസ ഉല്‍പാദനവും വ്യോമയാത്രയും വൃക്ഷനഷ്ടവും ഹരിതഗ്രഹപ്രഭാവും ഊര്‍ജ ഉപഭോഗവും പഠിച്ചതിന്റെ ഫലങ്ങള്‍ ചേര്‍ത്തുവെച്ചാണ് ശാസ്ത്രജ്ഞര്‍ ബയോസയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനം തയ്യാറാക്കിയത്.

40 വര്‍ഷം പതിവ് പോലെ കാലാവസ്ഥ ഉച്ചകോടികളും ചര്‍ച്ചകളും നടത്തി ഏതാനും കാര്യങ്ങള്‍ ചെയ്തു എന്നല്ലാതെ ഒരു മാറ്റവുമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞില്ല. ഈ ആപത്തിനെ അഭിമുഖീകരിക്കുന്നതില്‍ നാം ഭീമമായി പരാജയപ്പെട്ടിരിക്കുന്നു.
ബയോസയന്‍സ് ലേഖനത്തില്‍ ശാസ്ത്രജ്ഞര്‍  

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT