Special Report

താരങ്ങളുടെ മുഖം മുറിയാതെ പോസ്റ്ററൊട്ടിക്കുന്നവര്‍, ഈ ദിവസക്കൂലിക്കാരെ ആര് സഹായിക്കും?

ജെയ്ഷ ടി.കെ

സിനിമകളുടെ വരവറിയിച്ച് വഴിയരികിലും കെട്ടിടങ്ങള്‍ക്ക് മുകളിലും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമുണ്ട് സിനിമാ മേഖലയില്‍. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ ദുരിതമനുഭവിക്കുന്നവരില്‍ ഒരു കൂട്ടര്‍. ചലച്ചിത്ര മേഖലയിലെ സംഘടിത വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ഫിലിം പോസ്റ്റര്‍ തൊഴിലാളികള്‍. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതിന് പിന്നാലെ ചലച്ചിത്ര മേഖല നിശ്ചലമായപ്പോള്‍ പോസ്റ്റര്‍ തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണ്. തിയറ്ററുകള്‍ ഇനി എന്ന് തുറക്കുമെന്ന കാര്യത്തിലും, സിനിമകളുടെ റിലീസിലുമുള്ള അനിശ്ചിതത്വം ഇവരുടെ ജീവിതത്തിലും അനിശ്ചിതത്വമായി മാറിയിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താരസംഘടന അമ്മ അവര്‍ക്ക് കീഴിലുള്ള 500ലേറെ അംഗങ്ങളുടെ ക്ഷേമവും, ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക കരുതല്‍ നിധിയുമായി തൊഴിലില്ലാതായ ദിവസ വേതനക്കാരുടെ സഹായത്തിനെത്തിയപ്പോള്‍ അസംഘടിത മേഖലയായ പോസ്റ്റര്‍ പതിക്കുന്ന തൊഴിലാളികളെ ആരും ഓര്‍ത്തില്ലെന്നാണ് ഇവരുടെ പരാതി. വര്‍ഷങ്ങളായി ഈ മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന പലരുടെയും കുടുംബം ചലച്ചിത്ര മേഖല സ്തംഭിച്ചതോടെ കൊടും ദുരിതത്തിലായെന്ന് കുന്ദംകുളം ഭാവനാ തിയറ്ററിന് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുന്ന കെ.നാസര്‍. മറ്റൊരു ജോലി ചെയ്യാമെന്ന് വിചാരിച്ചാല്‍ ലോക്ക് ഡൗണ്‍ ആയതുകൊണ്ട് അതിനും സാധിക്കില്ലെന്നും നാസര്‍ ദ ക്യുവിനോട് പറഞ്ഞു.

'ഞങ്ങളൊക്കെ സാധാരണ തൊഴിലാളികളാണ്, എപ്പോള്‍ വേണമെങ്കിലും പറഞ്ഞുവിടാം. ഞങ്ങളുടെ ക്ഷേമത്തിന് സംഘടനകളും ഇല്ല. 30 വര്‍ഷമായി ഞാന്‍ ഈ തൊഴില്‍ ചെയ്യുന്നു. സംസ്ഥാനത്തുടനീളം ആയിരത്തിലധികം ആളുകളാണ് സിനിമാ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇതൊക്കെ കണ്ടിട്ട് ആരെങ്കിലും സഹായിക്കാന്‍ വരുമെന്നാണ് പ്രതീക്ഷ',നാസര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സിനിമാ റിലീസുകള്‍ ഇല്ലാതായോടെ മറ്റൊരു വരുമാനമാര്‍ഗമില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് പോസ്റ്ററുകള്‍ ഒട്ടിക്കുന്ന സുരേഷ്. 10 വര്‍ഷമായി ഈ ജോലി ചെയ്യുന്നു. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് ചലച്ചിത്ര മേഖലയില്‍ നിന്ന് ആരെങ്കിലും എത്തുമെന്ന് പ്രതീക്ഷയുണ്ട്, സുരേഷ് ദ ക്യുവിനോട് പറഞ്ഞു. മാര്‍ച്ച് പകുതി മുതല്‍ തിയറ്ററുകള്‍ അടച്ചിട്ടതോടെ വരുമാനം പൂര്‍ണമായും നിലച്ചു. വീടിന്റെ വാടക പോലും കൊടുക്കാന്‍ നിവൃത്തിയില്ലാതായി. ആരും സഹായിച്ചില്ലെങ്കില്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ കുടുംബം പട്ടിണിയാകുമെന്നും പാലക്കാട് സ്വദേശിയായ അബ്ബാസ് ദ ക്യുവിനോട് പറഞ്ഞു.

തിയറ്ററുകള്‍ അടച്ചിട്ടതോടെ സിനിമകളുടെ വിതരണ വിഭാഗത്തില്‍ സഹകരിക്കുന്ന ഫിലിം റപ്രസന്റേറ്റീവുകളും കടുത്ത പ്രതിസന്ധിയിലായിരുന്നു. നൂറിലധികം വരുന്ന ഫിലിം റപ്രസന്റേറ്റീവുകളെ സഹായിക്കാന്‍ നിര്‍മ്മാതാക്കളുടെയും തിയറ്ററുടമകളുടെയും ഭാഗത്ത് നിന്ന് ചിലെരത്തി. ഇവര്‍ക്ക് സഹായ വാഗ്ദാനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍, സുരേഷ് ഗോപി എം.പി, എം.രഞ്ജിത്ത് തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ തിയറ്ററുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ പോസ്റ്റര്‍ തൊഴിലാളികളിലേക്ക് സഹായമെത്തിയില്ല.

വളരെ തുച്ഛമായ വരുമാനത്തില്‍ കൃത്യതയോടെ ജോലി ചെയ്യുന്ന വിഭാഗമാണ് പോസ്റ്റര്‍ ഒട്ടിക്കുന്ന തൊഴിലാളികളെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഡിസ്ട്രിബ്രൂട്ടറുമായ ഷാജി പട്ടിക്കര ദ ക്യുവിനോട് പറഞ്ഞു. മഴയായാലും വെയിലായാലും ഈ വിഭാഗത്തിന് ജോലി ചെയ്യാതിരിക്കാനാകില്ല. ഉയരമുള്ള ഭാഗങ്ങളില്‍ ഗോവണിയില്‍ നിന്നാണ് ഒട്ടിക്കുന്നത്. ഏറെ അപകട സാധ്യതയുള്ള തൊഴില്‍ കൂടിയാണ്. ജോലിക്കിടയില്‍ പരുക്കേറ്റിട്ടുള്ളവരും നിരവധിയാണ്. വലിയ പോസ്റ്ററുകളാണെങ്കില്‍ ആറ് ഭാഗങ്ങള്‍ ആയാണ് വരുന്നത്. അത് കൃത്യമായി മുഖവും അക്ഷരങ്ങളും തെറ്റാതെ ഒട്ടിച്ചെടുക്കണം. ഏറെ ശ്രമകരമാണ് ഇവരുടെ ജോലി. ഒരു വലിയ പോസ്റ്റര്‍ ഒട്ടിച്ചാല്‍ ലഭിക്കുന്നത് 4 രൂപ 50 പൈസയാണ്. എല്ലായിടത്തും പോസ്റ്റര്‍ എത്തിയില്ലെങ്കില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്ററുടമകളുടെയും വക ശകാരവും വേറെ. ഇത്ര കഷ്ടപ്പെട്ട് സിനിമാ മേഖലക്ക് വേണ്ടി തൊഴിലെടുക്കുന്ന വിഭാഗത്തെ സഹായിക്കാന്‍ ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ലെന്നത് നിരാശപ്പെടുത്തുന്നതാണെന്നും ഷാജി പട്ടിക്കര ദ ക്യുവിനോട്. വര്‍ഷങ്ങളായി അവരെ നേരിട്ടറിയാം അവരുടെ കഷ്ടപ്പാടുകളും. തിയേറ്ററുകള്‍ അടച്ചതോടെ പട്ടിണിയിലാണ് ഇവരെന്നും ഷാജി പട്ടിക്കര.

പോസ്റ്റര്‍ ഒട്ടിക്കാനുള്ള പശ സംഘടിപ്പിക്കേണ്ടതും, യാത്രാച്ചെലവ് എടുക്കേണ്ടതും ഇവര്‍ തന്നെയാണ്. പോസ്റ്ററുകള്‍ മഴമൂലം നശിക്കുകയോ, ആരെങ്കിലും നശിപ്പിക്കുകയോ ചെയ്താല്‍ അവിടെ പോയി പകരം പോസ്റ്റര്‍ ഒട്ടിക്കണം. എന്നിട്ടും പത്തോ ഇരുപതോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലും. തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാതായതോടെ ജോലി ഇല്ലാതായ ഈ വിഭാഗത്തെ സഹായിക്കാന്‍ വിതരണക്കാരോ, നിര്‍മ്മാതാക്കളോ, സംഘടനകളോ, താരങ്ങളോ മുന്‍കയ്യെടുക്കണമെന്നും ഷാജി പട്ടിക്കര കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT