പാലക്കാട് ജില്ലയിലെ കൊങ്ങപ്പാടം ദളിത് കോളനിയിൽ നിന്ന് സ്വാതന്ത്ര്യാനന്തരം ഉന്നത വിദ്യാഭ്യാസം നേടിയത് ഒരാൾ മാത്രമാണ്. എട്ടാം ക്ലാസ് കഴിഞ്ഞാൽ ഇവിടുത്തെ കുഞ്ഞുങ്ങൾ പണിക്ക് പോകും. വിദ്യാഭ്യാസം എന്തിനാണെന്നോ അതുകൊണ്ട് തങ്ങൾക്കെന്താണ് നേട്ടമെന്നോ ഒന്നും അവരുടെ ചിന്തകളിൽ പോലുമില്ല. ഈ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ഏതെങ്കിലും വിധത്തിലുള്ള ശ്രമങ്ങൾ ഇന്നോളം അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല. ഇവിടെ സ്ഥിര വരുമാനമുള്ള ഒരു കുടുംബം പോലും ഇല്ലായിരുന്നു.
എന്നാൽ കൊങ്ങപ്പാടത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 2013 ലാണ് എന്റെ കൊങ്ങപ്പാടം എന്ന പദ്ധതി തുടങ്ങുന്നത്. കോളനിക്ക് തൊട്ടടുത്ത് പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർഥിയായിരുന്ന സജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി രൂപീകരിക്കപ്പെട്ടത്. കോളനിയിൽ നിന്ന് ഒരു കുട്ടിയെ എങ്കിലും തൊട്ടടുത്ത എഞ്ചിനീയറിംഗ് കോളേജിൽ എത്തിക്കുക എന്നതായിരുന്നു പ്രാരംഭ ഘട്ടത്തിൽ പദ്ധതിയുടെ ലക്ഷ്യം.
കുട്ടികളെ വിദ്യാഭ്യാസത്തിന്റെ ആവശ്യം എന്ത് എന്ന് ബോധവാൻമാരാക്കുകയായിരുന്നു ആദ്യപടി. കോളനിയിലെ തന്നെ അംഗനവാടിയിൽ വെച്ച് അദ്ധ്യാപകരുടെ സഹായത്തോടെ കുട്ടികൾക്ക് ട്യൂഷൻ നൽകി. ആരും പത്താം ക്ലാസ് പാസാകാതിരുന്ന കോളനിയിൽ നിന്ന് പദ്ധതി തുടങ്ങി ആദ്യ വർഷം തന്നെ പത്താം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും പാസായി. ഇന്ന് കൊങ്ങപ്പാടത്ത് മൂന്ന് ബി ടെക് വിദ്യാർഥികളുണ്ട്. പദ്ധതി വഴി പഠിച്ച ഐ.ടി.ഐ വിദ്യാർഥിനിക്ക് ക്യാംപസ് സെലക്ഷനിൽ ജോലി കിട്ടി. കൊങ്ങപ്പാടത്തെ കുട്ടികൾക്ക് ഇന്ന് സ്വപ്നങ്ങളുണ്ട്. ഇത് അരികുവത്കരിക്കപ്പെട്ട ഒരു ജനത വിദ്യാഭ്യാസത്തിലൂടെ നേടിയ വിപ്ലവത്തിന്റെ കഥയാണ്.