Special Report

ഇലക്ട്രൽ ബോണ്ട്‌ :സുപ്രീം കോടതി സീൽ ചെയ്ത ഭണ്ഡാരപ്പെട്ടി

ഇലക്ട്രൽ ബോണ്ടിലൂടെ 2018 മുതൽ 2024 വരെയുള്ള കാലയളവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമാഹരിച്ച തുകയുടെ 80 ശതമാനത്തോളം ലഭിച്ചത് ബിജെപിക്കായിരുന്നു. 2022-23 കാലത്ത് മാത്രം ഏകദേശം 1300 കോടി രൂപ, കോൺഗ്രസ്സിന് ലഭിച്ചത് ഈ തുകയുടെ ഏഴിലൊന്ന് ഭാഗം മാത്രം. വെറും 171 കോടി. ഇത്തരത്തിൽ കുത്തക കമ്പനികളുടെയും അതിസമ്പന്നരുടെയും കയ്യിൽ നിന്നും പ്രൊട്ടക്റ്റ് മണി പോലെ വാങ്ങിയിരുന്ന ബിജെപിയുടെ ഒരു വലിയ നിധികുംഭത്തിനാണ് സുപ്രീം കോടതി ഇപ്പോൾ കൂച്ചുവിലങ്ങിട്ടത്

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ ബോണ്ട് വഴിയുള്ള ധനസമാഹരണത്തിന് സുപ്രീം കോടതി വിലക്കേർപ്പെടുത്തി. ഇലക്ട്രൽ ബോണ്ടുകളുടെ വിതരണം നടത്തിയിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോണ്ടുകളുടെ വിതരണം നിർത്താനും സുപ്രീം കോടതി നിർദേശം നൽകി. രാജ്യത്തെ പൊതുജനങ്ങളുടെ വിവരാവകാശ സ്വാതന്ത്രത്തെയും ഭരണഘടനയുടെ 19(1) (എ) വകുപ്പിനെയും ഇലക്ട്രൽ ബോണ്ട് സംവിധാനം ഹനിക്കുന്നുവെന്നും രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്തു ഭരണത്തിലെത്തിക്കുന്ന ജനങ്ങൾക്ക് ആ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് അറിയാൻ അവകാശമുണ്ട് എന്നും സുപ്രീം കോടതി ചൂണ്ടി കാട്ടി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്.

പ്രസ്തുത കാരണത്താൽ ഇത് വരെയുള്ള ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ സമർപ്പിക്കണം. കേന്ദ്ര സർക്കാർ സമർപ്പിക്കുന്ന ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തണം. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ പറയുന്ന പ്രധാന ഭാഗങ്ങൾ ഇതൊക്കെയാണ്.

2024 ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇലക്ട്രൽ ബോണ്ടിന്റെ മുഖ്യ പ്രായോജകർ എന്ന രീതിയിൽ കേന്ദ്രസർക്കാറിനും ബിജെപിക്കും കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് ഇത്. 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രൽ ബോണ്ടിന്റെ വിൽപ്പനയിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പിന് ആവശ്യമായ പണമുണ്ടാക്കിയത് ബിജെപിയായിരുന്നു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്. ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുമെന്നും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുന്നുവെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സിപിഎം, ഡോ ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്നിവരായിരുന്നു പ്രധാന ഹർജിക്കാർ.

സി.പിഎം ദേശീയ ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി.

എന്താണ് ഇലക്ട്രൽ ബോണ്ട് ?

2018 ജനുവരി 2 നാണു പൊളിറ്റിക്കൽ ഫണ്ടിങ്ങിന് വേണ്ടി ഇലക്ട്രൽ ബോണ്ട് എന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. ഒന്നാം എൻ.ഡി.എ സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയാണ് തൊട്ട് മുമ്പുള്ള വർഷത്തെ ദേശീയ ബജറ്റിൽ ഈ സംവിധാനം കൊണ്ട് വരുന്നത്. ഇതിന്റെ ഭാഗമായി 1951- ലെ ജനപ്രാതിനിധ്യ നിയമം, 2010- ലെ വിദേശ സംഭാവന നിയന്ത്രണ നിയമം, 196- ലെ വരുമാന നികുതി നിയമം, 2013- ലെ കമ്പനി ആക്ട് തുടങ്ങി നിയമങ്ങൾ ഭേദഗതി ചെയ്തു.

ഇതുപ്രകാരം 20000 രൂപക്ക് മുകളിൽ കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ കിട്ടുന്ന സംഭാവന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന വ്യവസ്ഥ അട്ടിമറിക്കപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിൽ ഉണ്ടായിരുന്ന കമ്പനികൾക്ക് മേലുള്ള നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കി. എത്ര പണം വേണമെങ്കിലും കൃത്യമായ രേഖയുടെ പോലും ആവശ്യമില്ലാതെ സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശം ലഭിച്ചു. ജനാധിപത്വ സംവിധാനത്തെ ഇതൊരു പണാധിപത്വ വ്യവസ്ഥയിലേക്ക് മാറ്റി. ജനാധിപത്യം കോർപ്പറേറ്റ് വൽക്കരിക്കപ്പെട്ടു.

2020-21 കാലഘട്ടത്തിൽ രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബോണ്ട് വിഹിതം.

ബോണ്ട് വിൽക്കപ്പെട്ടിരുന്നത് എങ്ങനെ ?

ദേശീയ ധന മന്ത്രാലയത്തിനാണ് ബോണ്ടുകളുടെ കൈകാര്യ ചുമതലയുണ്ടായിരുന്നത്. എന്നാൽ വിൽപ്പന അടക്കമുള്ള അതിന്റെ ഇടപാടുകളുടെ ചുമതല രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 29 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകൾക്കായിരുന്നു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്ന് ഓരോ വർഷത്തിലെയും ഇടവിട്ടുള്ള നാല് മാസങ്ങളിലെ ഒന്ന് മുതൽ പത്ത് വരെയുള്ള തിയ്യതികളിലാണ് ഇലക്ട്രൽ ബോണ്ട് വിൽക്കപ്പെടുക.

2018 ജനുവരി 2 മുതൽ ഇത് വരെ 29 ഘട്ടങ്ങളായാണ് രാജ്യത്ത് ഇലക്ട്രൽ ബോണ്ടുകളുടെ വിൽപ്പന നടന്നത്. ഇതിലൂടെ ഇത് വരെ സമാഹരിക്കപ്പെട്ടത് പതിനയ്യായിരത്തോളം കോടി രൂപയാണ്. ഇത്തരത്തിൽ ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതാണ് പ്രധാനമായും ഹർജിക്കാരും കോടതിയും ചോദ്യം ചെയ്തതും.

ഒന്നാം എൻ.ഡി.എ സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി

ഇലക്ട്രൽ ബോണ്ട് ഉപകാരപെട്ടിരുന്നത് ആർക്ക് ?

ഇലക്ട്രൽ ബോണ്ടിലൂടെ 2018 മുതൽ 2024 വരെയുള്ള കാലയളവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമാഹരിച്ച തുകയുടെ 80 ശതമാനത്തോളം ലഭിച്ചത് ബിജെപിക്കായിരുന്നു. പതിനായിരം മുതൽ ഒരു ലക്ഷത്തിന്റെയും അവിടെനിന്ന് ഇങ്ങോട്ടുള്ള വിവിധ തുകയിൽ ഇലക്ട്രൽ ബോണ്ടുകൾ നിലവിലുണ്ടെങ്കിൽ പോലും അതിൽ കൂടുതലും വിൽക്കപ്പെട്ടത് ഒരു കോടിക്ക് മുകളിലുള്ള ബോണ്ടുകളായിരുന്നു. രാജ്യത്തെ പ്രധാന സമ്പന്നരും കോർപ്പറേറ്റുകളുമെല്ലാം ബോണ്ടുകൾ നൽകിയിരുന്നത് രാജ്യത്തെ മുഖ്യ കക്ഷിയായ ബിജെപിക്കായിരുന്നു.

രാജ്യത്തെ എല്ലാ മേഖലയിലും അധികാരം കയ്യാളുന്ന സർക്കാറുകളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തന്നെ സംഭാവന നൽകാൻ വാണിജ്യതാല്പര്യങ്ങളും മറ്റും മുൻ നിർത്തി സമ്പന്നരായ വ്യക്തികളും കോർപ്പറേറ്റ് കമ്പനികളും നിർബന്ധിക്കപ്പെട്ടിരുന്നു. അതിലൂടെ മാത്രമേ തങ്ങളുടെ ആനുകൂല്യങ്ങളും താല്പര്യങ്ങളും സംരക്ഷിക്കാൻ പറ്റൂ എന്ന ബോധ്യം കേന്ദ്ര സർക്കാർ തങ്ങളുടെ വിവിധ സംവിധാനങ്ങളിലൂടെ സമ്പന്നരായ വ്യക്തികളെയും കമ്പനികളെയും നിരന്തരം ഓർമപ്പെടുത്തികൊണ്ടിരുന്നു.

ഇലക്ട്രൽ ബോണ്ടുകളോട് സഹകരിക്കാത്ത കമ്പനികളിൽ റെയ്ഡ്, നോട്ടീസ് അടക്കമുള്ളവ കൊണ്ട് വന്നും സമർദ്ദ തന്ത്രങ്ങൾ ഉപയോഗിച്ചു. രാജ്യത്തെ പ്രധാന മദ്യനിർമ്മാണ കമ്പനിയായ ഐ.എഫ്. ബി ആഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡിന് നേരെ നടന്ന റെയ്ഡുകളും നോട്ടീസുകളും അതിനൊരു ഉദാഹരണമാണ്.

നിരന്തരമായ ഇത്തരം കേന്ദ്ര നീക്കങ്ങളിൽ നിന്ന് രക്ഷ നേടാൻ 40 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങുന്നുവെന്ന് അവസാനം കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ രാഹുൽ ചൌധരിക്ക് പത്രകുറിപ്പിറക്കേണ്ടി വന്നു. ഇലക്ട്രൽ ബോണ്ട് വാങ്ങിയ കമ്പനികൾക്ക് ആദായ നികുതിയിളവടക്കം കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനങ്ങളുണ്ടായി.

2022-23 കാലത്ത് ഏകദേശം 1300 കോടി രൂപ ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ ഭരണകക്ഷിയായ ബിജെപിയ്ക്ക് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന് ഹാജരാക്കിയ കണക്ക് പറയുന്നത്. കോൺഗ്രസ്സിന് ലഭിച്ചത് ഈ തുകയുടെ ഏഴിലൊന്ന് ഭാഗം മാത്രം. വെറും 171 കോടി. ഇക്കാലയവിൽ ബിജെപിയ്ക്ക് ലഭിച്ച മൊത്തം സംഭാവന 2,120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും സമാഹരിച്ചത് ഇലക്ട്രൽ ബോണ്ടിൽ നിന്നാണ്.

പൊളിഞ്ഞ കേന്ദ്രവാദം

തിരഞ്ഞെടുപ്പുകൾ സുതാര്യമാക്കുക, കള്ളപ്പണം തടയുക എന്നതായിരുന്നു ഇലക്ട്രൽ ബോണ്ട് കൊണ്ട് വരുന്നത് മുതൽ കേന്ദ്ര സർക്കാർ പാർലമെന്റിലും പുറത്തും ഉന്നയിച്ച പ്രധാന വാദം. എന്നാൽ രാജ്യത്ത് റിയൽ എസ്റ്റേറ്റ്, സ്വർണ്ണം, ഹവാല പോലെയുള്ള സമാന്തര സമ്പദ് വ്യവസ്ഥ മാർഗങ്ങളിലൂടെ വരുന്ന കള്ളപണത്തേ നിയമപരമാക്കിയെടുത്ത് സംഭാവനകളായി തങ്ങളുടെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക് ഉപയോഗിക്കുകയാണ് ഭാരതീയ ജനതാ പാർട്ടിക്ക് കീഴിലുള്ള കേന്ദ്രസർക്കാർ ഇലക്ട്രൽ ബോണ്ടുകളിലൂടെ ചെയ്തത്.

2018 മുതൽ ഇത് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ടുകൾ വിൽക്കപ്പെട്ടത് 2019 ലോകസഭാ ഇലക്ഷന് മുന്നോടിയുള്ള വില്പ്പനയിലാണ് എന്നത് ഈ വാദത്തേ സാധൂകരിക്കുന്നു. 2019 ലോക സഭാ തിരഞ്ഞെടുപ്പിൽ കണക്ക് പ്രകാരം രാഷ്ട്രീയ പാർട്ടികൾ ചിലവാക്കിയ ആകെ തുക 58000 കോടിയായിരുന്നു. ഇതിന്റെ വിനിയോഗത്തിൽ 45 ശതമാനമായിരുന്നു ബിജെപിയുടേത് . തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച ഈ കണക്കുകൾക്ക് പുറമെ ഇതിന്റെ നാലിരട്ടിയോളം ബിജെപി ചിലവഴിച്ചിട്ടുണ്ടെന്നാണ് ചില രഹസ്യാന്വേഷണ ഏജൻസികളുടെ കണക്കുകൾ പറയുന്നത്.

ഇലക്ട്രൽ ബോണ്ടിന്റെ വിൽപ്പനയുടെ 19 ആം ഘട്ടമായിരുന്ന 2019 ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയുള്ള ആകെ വിൽപ്പനയായ 1213 കോടിയുടെ 80 ശതമാനവും നേടിയത് ബിജെപിയായിരുന്നു. ശേഷം നടന്ന അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഇലക്ട്രൽ ബോണ്ടിലൂടെ കോടികൾ ഒഴുകി.

വ്യത്യസ്ത ലോക സഭാ തിരഞ്ഞെടുപ്പുകളിൽ ദേശീയ പാർട്ടികൾ തിരഞ്ഞെടുപ്പുകൾക്ക് ചിലവഴിച്ച തുക

നിരോധനത്തിലേക്ക് സുപ്രീം കോടതിയെ നയിച്ച പ്രധാന കാരണങ്ങൾ

ഇലക്ട്രൽ ബോണ്ട് ലോക സഭയിലൂടെ പാസ്സാക്കിയെടുക്കാൻ ഒന്നാം എൻ.ഡി.എ സർക്കാർ ആലോചിച്ചു തുടങ്ങുന്ന സമയത്ത് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്തെ പരമോന്നത ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയും ഇതിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരുന്നു.

അന്നത്തെ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഊർജിത് പട്ടേൽ ഇലക്ട്രൽ ബോണ്ട് ഇൻഡ്യയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള ആഘാതങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സത്യവാങ്മൂലമായി സുപ്രീം കോടതിയിൽ സമർപ്പിച്ചു.

ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവും അതിലുപരി ജനാധിപത്യ വിരുദ്ധവുമാണെന്ന് ചൂണ്ടി കാട്ടി സി.പിഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരിയും ദൽഹി ആസ്ഥാനമായുള്ള നിയമ സംരക്ഷണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റൈറ്റ്സ് എന്ന സംഘടനയും സുപ്രീം കോടതിയിൽ ഹർജി നല്കി. 2023 ഒക്ടോബറിലാണ് കേസില്‍ സുപ്രീം കോടതി വാദം കേട്ടുതുടങ്ങിയത്‌.

തിരഞ്ഞെടുപ്പ് സംഭാവനകളെയും വിദേശത്ത് നിന്നുള്ള നിക്ഷേപങ്ങളിലും സുതാര്യതയാണ് ഉദേശിക്കുന്നത് എങ്കിൽ അത് നൽകുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിൽ എന്താണ് പ്രശ്നം എന്നാണ് കേന്ദ്രസർക്കാറിനോട് കോടതി ചോദിച്ചത്. അതോടപ്പം സംഭാവനകൾ നൽകുന്നവരുടെ വിവരങ്ങൾ പുറത്ത് വിടാത്തത് മൂലം ആ പണം നിയമാനുസൃത പണമെന്ന് എങ്ങനെ ഉറപ്പാക്കുമെന്നും സുപ്രീം കോടതി ചോദിച്ചു.

സുപ്രീം കോടതിയുടെ വിധിയുടെ പ്രധാന ഭാഗങ്ങൾ

1. ഇലക്ട്രൽ ബോണ്ടുകളുടെ വിതരണം നിർത്തലാക്കാൻ വിതരണ ചുമതലയുണ്ടായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

2. പദ്ധതി വിവരാവകാശ നിയമവും ഭരണഘടനയുടെ 19 (1) (എ) വകുപ്പിനെയും ലംഘിക്കുന്നു.

3. ഇതിന് വേണ്ടി ഭേദഗതി ചെയ്ത നാല് നിയമങ്ങളും പുനസ്ഥാപിക്കണം.

4. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്തു ഭരണത്തിലെത്തിക്കുന്ന ജനങ്ങൾക്ക് ആ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് അറിയാൻ അവകാശമുണ്ട്.

5. ഇത് വരെയുള്ള ബോണ്ട് വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകണം .

6.പ്രസ്തുത വിവരങ്ങൾ പൊതുജനങ്ങങ്ങൾക്ക് ലഭിക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തണം .

മൂന്നാം പ്രധാനമന്ത്രി പദത്തിലേക്ക് 2024 ലോകസഭ ഇലക്ഷനിൽ മൽസരിക്കാൻ നിൽക്കുന്ന പ്രധാന മന്ത്രി നരേന്ദ്രമോഡി

ലോകസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ അകലെ വളരെ അടുത്ത് നിൽക്കെ ഇലക്ട്രൽ ബോണ്ടുകൾ നിർത്തലാക്കണമെന്ന് പറഞ്ഞുള്ള സുപ്രീം കോടതിയുടെ വിധി രാജ്യത്തെ ജാനധിപത്വ വിശ്വാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ്.

ജനാധിപത്യ സംവിധാനവും തിരഞ്ഞെടുപ്പ് പ്രക്രിയയും ജനങ്ങളിൽ നിന്ന് അകന്ന് കോർപ്പറേറ്റുകളിലേക്ക് അടുക്കുന്നത് തടയാൻ ഒരു പരിധി വരെ ഇതിന് സാധിക്കും. മുഖ്യ ഭരണ കക്ഷി എന്ന നിലയിൽ സംഭാവനകളിൽ ഒരു പാർട്ടിക്ക് മാത്രം കിട്ടാവുന്ന വലിയ ആധിപത്യം കുറച്ചെങ്കിലും ഇല്ലാതാക്കാൻ ഇതിനെ കൊണ്ടാവും. ഈ വിധി ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതേകിച്ചും ജനാധിപത്യത്തേ കുറച്ചും കൂടി ബലപ്പെടുത്തും. പണാധികാരത്തിൽ നിന്ന് മോചിപ്പിക്കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT