Special Report

പി.ടി.തോമസിന്റെ വാദം പൊളിയുന്നു; മതിപ്പ് വില പരിഗണിച്ചില്ല,കരാര്‍ തുകയെക്കാള്‍ കുറച്ചു,രേഖയില്ലാത്ത ഭൂമി കൈമാറ്റത്തിന് കൂട്ടുനിന്നു

ഇടപ്പള്ളി ഭൂമി ഇടപാടില്‍ പാവപ്പെട്ട കുടുംബത്തെ സഹായിക്കാനാണ് ശ്രമിച്ചതെന്ന പി.ടി. തോമസ് എംഎല്‍എയുടെ വാദം പൊളിയുന്നു. നേരത്തെ നിശ്ചയിച്ച തുകയില്‍ നിന്നും 23 ലക്ഷം രൂപ കുറച്ചാണ് പി.ടി. തോമസ് ഇടപെട്ട് കരാറുണ്ടാക്കിയതെന്നാണ് പുറത്ത് വരുന്നത്. അഞ്ചുമന ക്ഷേത്രത്തിന് സമീപത്ത് ഭൂമിക്ക് സെന്റിന് 50 ലക്ഷം രൂപ വിലയുണ്ട്. 4 സെന്റ് ഭൂമിക്കും വീടിനും 80 ലക്ഷം രൂപ നിശ്ചയിച്ചതിലൂടെ കുടുംബത്തെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു എന്നതിന് പുറമേ രേഖയില്ലാത്ത ഭൂമി കൈമാറ്റത്തിന് സഹായിച്ചുവെന്ന ആരോപണവും പി ടി തോമസിനെതിരെ ഉയരുന്നുണ്ട്.

പി.ടി. തോമസ് ഇടപെട്ട് കരാറുണ്ടാക്കിയത് 80 ലക്ഷം രൂപയ്ക്കായിരുന്നുവെങ്കിലും കൈമാറാനായെത്തിച്ചത് 40 ലക്ഷം മാത്രമായിരുന്നു. പണം കൈമാറിയ ഉടന്‍ വീട് പൊളിക്കുന്നതിനായി ജെസിബി കൊണ്ടുവന്നിരുന്നുവെന്നു.ഇതില്‍ ദുരൂഹതയുണ്ടെന്നും കുടുംബത്തിന് ബാക്കി 40 ലക്ഷം രൂപ കൈമാറാതെ കബളിപ്പിക്കാനായിരുന്നു നീക്കമെന്നും ആരോപണമുണ്ട്. പണം കൈമാറുന്നത് കണ്ടുവെന്നാണ് പി.ടി. തോമസ് എംഎല്‍എ തന്നെ പറയുന്നത്. കരാറിലുള്ള തുകയേക്കാള്‍ കുറച്ച് നല്‍കിയത് മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ പി.ടി. തോമസും കൂട്ടുനിന്ന് കൊണ്ടാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കള്ളപ്പണം കൈമാറുന്നത് തടയാന്‍ എംഎല്‍എയായ പി.ടി. തോമസ് എന്തുകൊണ്ട് ഇടപെട്ടില്ലെന്ന ചോദ്യത്തിനും ഉത്തരം നല്‍കേണ്ടി വരും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇടപ്പള്ളി ചാരോത്ത് വീട്ടില്‍ ദിനേശന്റെ കുടുംബത്തിന്റെ ഭൂമി കൈമാറ്റമാണ് വിവാദമായിരിക്കുന്നത്. നാല് സെന്റ് സ്ഥലവും വീടുമാണ് കൈമാറ്റം ചെയ്തത്. റിയല്‍ എസ്റ്റേറ്റുകാരാനായ വി എസ് രാമകൃഷ്ണന്‍ പണം കൈമാറാനായെത്തിയപ്പോള്‍ പി.ടി. തോമസ് എംഎല്‍എയും സ്ഥലത്തുണ്ടായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജനും കൗണ്‍സിലറും ഒപ്പമുണ്ടായിരുന്നു. രണ്ട് ബാഗുകളിലായി എത്തിച്ച പണം എണ്ണുന്നതിന് എംഎല്‍എയും സാക്ഷിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇതിനിടെ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയതോടെ പിടി തോമസ് എംഎല്‍എ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇത് പുറത്തറിഞ്ഞതോടെ പ്രതിരോധവുമായി പി.ടി. തോമസ് എംഎല്‍എ തന്നെ രംഗത്തെത്തി. പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ സിപിഎം സഹായിക്കാത്തത് കൊണ്ടാണ് താന്‍ ഇടപെട്ടതെന്നാണ് പിടി തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. വര്‍ഷങ്ങളായി പരിചയമുള്ള രാമകൃഷ്ണനെ സഹായിക്കാനാണ് പി.ടി. തോമസ് ശ്രമിച്ചതെന്നാണ് ആരോപണം. മതിപ്പ് വില കൂടുതലുള്ള സ്ഥലം റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വേണ്ടി വിലപേശി കുറച്ചതും പി.ടി. തോമസാണെന്നും റിപ്പോര്‍ട്ടുണ്ട്.

വെണ്ണല സ്വദേശിയായ വി എസ് രാമകൃഷ്ണന്‍ 15 വര്‍ഷം മുമ്പാണ് ഈ സ്ഥലം വാങ്ങിയത്. ഈ വീടും സ്ഥലവും ഉള്‍പ്പെടെ രണ്ട് ഏക്കറോളം സ്ഥലമായിരുന്നു രാമകൃഷ്ണന്‍ വാങ്ങിയത്. കുടികിടപ്പവകാശമുള്ളവരെ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് രാമകൃഷ്ണന്‍ നടത്തിയിരുന്നത്. സമീപത്തുള്ളവര്‍ നേരത്തെ ഒഴിഞ്ഞു പോയെങ്കിലും ദിനേശന്റെ കുടുംബം തയ്യാറായില്ല. നേരത്തെ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഒരുകോടി മൂന്ന് ലക്ഷം രൂപയാണ് വില നിശ്ചയിച്ചതെന്ന് സിപിഎം ഏരിയാ സെക്രട്ടറി വിന്‍സെന്റ് ദ ക്യുവിനോട് പറഞ്ഞു. ഇതിന് രാമകൃഷ്ണന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പി.ടി. തോമസ് എംഎല്‍എ മധ്യസ്ഥനായി 80 ലക്ഷത്തിന് കരാറുണ്ടാക്കുന്നത്. ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതിയായ ദിനേശന്റെ കുടുംബത്തെ സഹായിക്കാനാണ് ശ്രമിച്ചതെന്നാണ് പി.ടി. തോമസ് എംഎല്‍എയുടെ വാദം. നേരത്തെ നിശ്ചയിച്ച തുകയില്‍ നിന്നും കുറച്ച് നല്‍കാന്‍ കരാറുണ്ടാക്കിയതിലൂടെ ഈ വാദം പൊളിയുകയാണെന്ന് സിപിഎം ചൂണ്ടിക്കാണിക്കുന്നു. രണ്ട് ലക്ഷം രൂപ വരെയാണ് പണമായി കൈമാറാന്‍ കഴിയുക. 40 ലക്ഷം രൂപ കൈമാറാന്‍ ശ്രമിച്ചത് നിയമലംഘനമാണ്. അകൗണ്ട് വഴി പണം കൈമാറിയെന്ന് കരാറുണ്ടാക്കിയാണ് നിയമലംഘനം നടത്തിയതെന്നും പുറത്തുവരുന്നുണ്ട്.

ഭൂമി കച്ചവടത്തിന് ഇടനില നിന്ന എംഎല്‍എ ഇന്‍കംടാക്‌സുകാരെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരിച്ച പി. ടി. തോമസ് പറഞ്ഞത് അഞ്ചുമന ക്ഷേത്രത്തിന്റെ കുടികിടപ്പ് ഭൂമിയാണെന്നായിരുന്നു. കെ എന്‍ രവീന്ദ്രനാഥിന്റെ കുടുംബത്തിന്റെ ഭൂമിയാണെന്ന് പിന്നീട് തിരുത്തി. ഓഫീസില്‍ എത്തിയതിന് ശേഷമാണ് ഇന്‍കംടാക്‌സുകാര്‍ പരിശോധന നടത്തിയ കാര്യം അറിഞ്ഞതെന്നാണ് മറ്റൊരു വാദം. ഭൂമി കൈമാറ്റ സ്ഥലത്ത് നിന്നും പുറത്തിറങ്ങിയപ്പോള്‍ സമീപത്തുള്ളവരാണ് ഇന്‍കംടാക്‌സുകാര്‍ വന്ന കാര്യം അറിയിച്ചതെന്ന് പിന്നീട് തിരുത്തി. പി.ടി. തോമസ് സ്ഥലത്തുണ്ടായിരുന്നുവെന്ന വീട്ടുകാരുടെ പ്രതികരണം വന്നതിന് ശേഷമാണ് ഈ തിരുത്തല്‍.

വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് പിടി തോമസ്

രാജീവന്‍ ആവശ്യപ്പെട്ടതിനുസരിച്ചാണ് മധ്യസ്ഥനായതെന്ന് പി.ടി. തോമസ് എംഎല്‍എയുടെ വാദം. രാമകൃഷ്ണനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ കുടുംബത്തെ സഹായിക്കുകയാണ് താന്‍ ചെയ്തത്. ഭൂമി ഇടപാടില്‍ രാമകൃഷ്ണന്‍ എത്രപണം കൈമാറിയെന്ന് തനിക്ക് അറിയില്ല. രാമകൃഷ്ണന്‍ കുറ്റക്കാരനാണെങ്കില്‍ അയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.

ഭൂമി തട്ടിയെടുക്കാന്‍ പി.ടി. തോമസ് കൂട്ടുനിന്നുവെന്ന് ഗിരിജന്‍

കോടികള്‍ വിലമതിക്കുന്ന ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാന്‍ പി.ടി. തോമസ് എംഎല്‍എ കൂട്ടുനിന്നുവെന്ന് സിപിഎം നേതാവായ ഗിരിജന്‍ ആരോപിക്കുന്നു. പണം കൈമാറാനായി പിടി തോമസും രാമകൃഷ്ണനും എത്തിയപ്പോള്‍ സ്ഥലമുടമയായ രാജീവന്‍ വിളിച്ചിട്ടാണ് പോയത്. കരാറിന് വിരുദ്ധമായി പണം നേരിട്ട് നല്‍കാന്‍ ശ്രമിച്ചതും പി.ടി. തോമസ് ഇടപെട്ടിട്ടാണ്. നേരത്തെ നിശ്ചയിച്ച 1.03 കോടി രൂപയില്‍ നിന്നും 80 ലക്ഷം മാത്രം കുടുംബത്തിന് നല്‍കിയതിന്റെ ബാക്കി തുക ആര്‍ക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും ഗിരിജന്‍ ആവശ്യപ്പെടുന്നു.

പി.ടി. തോമസിനെതിരായ ആരോപണം രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസര്‍ക്കാരിനുമെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന നേതാവാണ് പി.ടി. തോമസ്. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍കംടാക്‌സ് വിഭാഗത്തിന്റെ അന്വേഷണവും പി.ടി. തോമസിന് കുരുക്കാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT