അത്യാസന്ന നിലയിലായിരുന്നിട്ടും പൊലീസ് മരുന്നുവാങ്ങാനുള്ള പണം പോലും തന്നില്ലെന്ന് പൊലീസുകാരന്‍ ഓടിച്ച ഓട്ടോ ഇടിച്ച് മരിച്ച ശങ്കറിന്റെ ബന്ധു. ഗുരുതര പരുക്കേറ്റ ശങ്കറിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച സമയത്ത് ദരിദ്രരായ തങ്ങളുടെ കൈയില്‍ പണമുണ്ടായിരുന്നില്ലെന്നും മൊബൈല്‍ പണയം വെയ്ക്കാന്‍ തുനിഞ്ഞപ്പോഴാണ് സി ടി സ്‌കാന്‍ ചെയ്ത് കിട്ടിയതെന്നും ശങ്കറിന്റെ ഇളയച്ഛന്റെ മകന്‍ ഉണ്ണി 'ദ ക്യൂ'വിനോട് പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ അത്യാസന്നനിലയിലായിരുന്ന കസിന്റെ ചികിത്സയ്ക്ക് വേണ്ടി പലരോടും യാചിച്ചതിനേക്കുറിച്ച് കരഞ്ഞുകൊണ്ടാണ് ഉണ്ണി സംസാരിച്ചത്.
ശങ്കറിന് ബ്ലഡ് ടെസ്റ്റ് നടത്താനും സി ടി സ്‌കാന്‍ ചെയ്യാനും പണമുണ്ടായിരുന്നില്ല. മരുന്നുവാങ്ങാന്‍ പോലും ഞങ്ങളുടെ കൈയില്‍ പണമില്ലായിരുന്നു. മെഡിക്കല്‍ കോളേജിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പണം കടം ചോദിച്ചെങ്കിലും കിട്ടിയില്ല. സ്‌കാന്‍ ചെയ്തതിന്റെ 3,500 രൂപ ഇനിയും കൊടുക്കാനുണ്ട്.ഉണ്ണി
“ഞാനും അച്ഛനും (അര്‍ജുനന്‍) ഞായറാഴ്ച്ച വൈകിട്ട് താലൂക്ക് ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ശങ്കറിന്റെ വായിലൂടെ രക്തം വരുന്നുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ സിഐ ആണ് വണ്ടാനത്തേക്ക് (മെഡിക്കല്‍ കോളേജ്) കൊണ്ടുപോകുന്നതാണ് നല്ലതെന്ന് പറഞ്ഞത്. ആംബുലന്‍സില്‍ കയറാന്‍ ഒരു പൊലീസുകാരന്‍ പോലും തയ്യാറായില്ല. അച്ഛന് വയ്യാത്തതുകൊണ്ട് ഞാനും ശങ്കറിന്റെ 74 വയസായ അമ്മയുമാണ് ഓടിയത്. കൈയിലുണ്ടായിരുന്ന കുറച്ച് പൈസ മെഡിക്കല്‍ കോളേജില്‍ ചെന്ന് കുറച്ചുകഴിഞ്ഞപ്പോഴേക്കും തീര്‍ന്നു. ആശുപത്രിക്കാര്‍ നാല് ബ്ലഡ് സാംപിള്‍ പുറത്ത് ടെസ്റ്റ് ചെയ്യാനായി തന്നു. 1,600 രൂപയാണ് ഫീസായി പ്രൈവറ്റ് ലാബുകാര്‍ പറഞ്ഞത്. 300 രൂപ കൊടുത്തപ്പോള്‍ ഒരെണ്ണം ചെയ്ത് തന്നു. ബാക്കി മൂന്നെണ്ണവും പിന്നീട് മെഡിക്കല്‍ കോളേജുകാര്‍ തന്നെ ടെസ്റ്റ് ചെയ്തു. ഇതിനിടയിലാണ് പൊലീസ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരോട് പോയി പൈസ ചോദിച്ചത്. കടമായിട്ടാണ് ചോദിച്ചത്. അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ ചേര്‍ത്തല എസ്‌ഐയുടെ മൊബൈല്‍ നമ്പര്‍ തന്നു. 'ഞങ്ങളാണ് തന്നതെന്ന് പറയരുത്' എന്ന് പറഞ്ഞാണ് തന്നത്. എസ്‌ഐയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. സി ടി സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. കാശില്ലാത്തതിനാല്‍ എന്റെ മൊബൈല്‍ ഫോണ്‍ അവിടെ പണയം വെയ്ക്കാന്‍ നോക്കി. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ അത് വേണ്ടെന്ന് പറഞ്ഞ് സ്‌കാന്‍ ചെയ്തു. 'പൈസ തരണേ ചേട്ടാ. അല്ലെങ്കില്‍ ഞങ്ങളുടെ ശമ്പളത്തില്‍ നിന്ന് പിടിക്കും' എന്ന് അവര്‍ പറഞ്ഞു. 3,500 രൂപ അവിടെ ഇപ്പോഴും കൊടുക്കാനുണ്ട്. തിങ്കളാഴ്ച്ച ശങ്കര്‍ മരിച്ചതിന് ശേഷമാണ് പൊലീസ് വന്നത്.
പൊലീസ് പിടിച്ച ഓട്ടോക്കാരനോട് (മനോജ്) പിന്നീട് സംസാരിച്ചിരുന്നു. പൊലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയപ്പോള്‍ ചേസ് ചെയ്ത് പിടിക്കുകയായിരുന്നു. സാറിന് വണ്ടി ഓടിക്കാന്‍ അറിയില്ല എന്നും താന്‍ തന്നെ സ്‌റ്റേഷനിലേക്ക് ഓടിച്ചെത്തിക്കാമെന്നും ഡ്രൈവര്‍ പറഞ്ഞു. പൊലീസുകാരന്‍ അയാളെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വയലാര്‍ പാലം ഇറങ്ങിവരുന്നതിനിടെയാണ് ശങ്കറിനെ ഇടിച്ചത്. അവന്‍ നടന്നു പോകുകയായിരുന്നു. പിറകില്‍ നിന്നാണ് ഇടിച്ചത്. അവന്‍ റോഡില്‍ കിടന്ന് നിലവിളിച്ചപ്പോള്‍ പൊലീസുകാരന്‍ ഇറങ്ങി ഓടി. ഓട്ടോ ഡ്രൈവറാണ് ശങ്കറിനെ വണ്ടിപിടിച്ച് ആശുപത്രിയിലെത്തിച്ചത്.”
ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ രണ്ടര സെന്റ് സ്ഥലത്താണ് ശങ്കറിന്റെ എപ്പോള്‍ വേണമെങ്കിലും മേല്‍ക്കൂര ഇടിഞ്ഞ് തലയില്‍ വീണേക്കാവുന്ന അവസ്ഥയിലുള്ള വീട്. വിഷാദവും അപസ്മാരവും ബാധിച്ച അമ്മയോടൊപ്പം (ഓമന) അവിവാഹിതനായാണ് ശങ്കര്‍ (36) കഴിഞ്ഞിരുന്നത്. 14 വര്‍ഷമായി ഒരു പൂക്കടയിലെ ജീവനക്കാരനായിരുന്നു. ശങ്കറിന്റെ അച്ഛന്‍ ഷണ്‍മുഖന്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ വന്ന് മരിച്ചു. ശങ്കറിന്റെ സഹോദരി സിന്ധു 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തു. അപസ്മാര രോഗിയായിരുന്ന സിന്ധുവിന് അടുക്കളയില്‍ തലചുറ്റി വീണപ്പോള്‍ കൈയ്ക്ക് ഗുരുതരമായി പൊളളലേല്‍ക്കുകയുണ്ടായി. ഡോക്ടര്‍മാര്‍ക്ക് സിന്ധുവിന്റെ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നു. തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിലേക്ക് വീണ അവര്‍ സ്വയം തീ കൊളുത്തിയാണ് ജീവനൊടുക്കിയത്. കുടുംബത്തോടൊപ്പം മാറിക്കഴിയുന്ന ശങ്കറിന്റെ രണ്ട് സഹോദരന്‍മാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. മറ്റൊരു സഹോദരി രജനി ഹോം നേഴ്‌സായി ജോലി ചെയ്യുന്നു. സഹോദരന്‍ മരിച്ച വിവരം രജനി അറിഞ്ഞോയെന്ന് ഉറപ്പില്ലെന്ന് ഉണ്ണി പറയുന്നു.
ഞായറാഴ്ച്ച വൈകിട്ട് 5.40ന് വീട്ടില്‍ നിന്ന് ചേര്‍ത്തല ടൗണിലേക്ക് പോകുകയായിരുന്നു ശങ്കര്‍. എഎസ്‌ഐ കെ എം ജോസഫും എം ആര്‍ രജീഷും ചേര്‍ന്ന് വാഹനപരിശോധനയ്ക്കിടെ പിടിച്ച ഓട്ടോ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ നിയന്ത്രണം വിട്ട് ശങ്കറിനെ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. സമീപത്തെ ബോര്‍ഡ് തകര്‍ത്ത ഓട്ടോ മരത്തിലിടിച്ചാണ് നിന്നത്. ത്രീ വീലര്‍ ഡ്രൈവിങ് ലൈസന്‍സില്ലാത്ത സിപിഒ എംആര്‍ രജീഷ് ആണ് ഓട്ടോ ഓടിച്ചിരുന്നത്. വയലാര്‍ പാലത്തിന് സമീപം വെച്ചുണ്ടായ അപകടത്തില്‍ ശങ്കറിന്റെ തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ 10.45ന് ശങ്കര്‍ മരിച്ചു. അപകടശേഷം ഓട്ടോ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പൊലീസെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.