Special Report

‘അങ്ങനെയൊരാള്‍ ഇപ്പോള്‍ പ്രോഗ്രാമില്‍ ഇല്ല’; ബ്യൂറോ ഉദ്ഘാടനത്തില്‍ നെഹ്‌റു ഗ്രൂപ്പ് സിഇഒയെ പങ്കെടുപ്പിക്കില്ലെന്ന് ദേശാഭിമാനി

വിവാദത്തിനൊടുവില്‍ നെഹ്‌റു ഗ്രൂപ്പിനെ ബ്യൂറോ ഉദ്ഘാടനത്തില്‍ നിന്നൊഴിവാക്കി ദേശാഭിമാനി  

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നെഹ്‌റു ഗ്രൂപ്പ് സിഇഒയും സെക്രട്ടറിയുമായ പി കൃഷ്ണകുമാറിനെ ഒഴിവാക്കി. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള മാനേജ്‌മെന്റിന് പാര്‍ട്ടി പത്രം വേദിയൊരുക്കുന്ന വാര്‍ത്ത വിവാദമായ സാഹചര്യത്തിലാണ് ആശംസയറിയിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്ന കൃഷ്ണകുമാറിന്റെ പേര് ദേശാഭിമാനി വെട്ടിയത്. നെഹ്‌റു ഗ്രൂപ്പ് സിഇഒ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പത്രത്തിന്റെ ജനറല്‍ മാനേജരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ ജെ തോമസ് 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

പി കൃഷ്ണകുമാര്‍ എന്നൊരാള്‍ ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നില്ല. ഒഴിവാക്കിയതാണോയെന്ന് അറിയില്ല. അങ്ങനെയൊരാള്‍ ഇപ്പോള്‍ പ്രോഗ്രാമില്‍ ഇല്ല.  
കെ ജെ തോമസ്

നോട്ടീസില്‍ പേരുണ്ടായിരുന്നോ? എന്തുകൊണ്ടാണ് ഒഴിവാക്കിയത് തുടങ്ങിയ കാര്യങ്ങള്‍ കോയമ്പത്തൂര്‍ ബ്യൂറോയില്‍ ചോദിച്ചാലേ അറിയൂ എന്നും ചടങ്ങില്‍ അദ്ധ്യക്ഷ പദവി വഹിക്കുന്ന കെ ജെ തോമസ് കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവുമായി 'ദ ക്യൂ' ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.

പരിപാടിയില്‍ പി കൃഷ്ണകുമാറിനെ പങ്കെടുപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും ശബ്ദമുയര്‍ന്നിരുന്നു.

ജൂലൈ 14ന് നടക്കുന്ന ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നെഹ്റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാര്‍ ആശംസയറിക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് 'ദ ക്യൂ'വിന് ലഭിച്ചിരുന്നു. ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങില്‍ പി രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. ജിഷ്ണു കേസില്‍ സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ തോല്‍പിച്ച് മാനേജ്മെന്റ് പകവീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നെഹ്റു കോളേജില്‍ സമരം നടത്തുന്നതിനിടെയാണ് സിപിഐഎമ്മിന്റെ രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന ദേശാഭിമാനി ചടങ്ങില്‍ സ്ഥാപനമേധാവിയ്ക്ക് വേദി ഒരുങ്ങിയത്.

പി കൃഷ്ണകുമാറിനെ ക്ഷണിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പ്രതികരണം. ജിഷ്ണു കേസില്‍ ശക്തമായ നിലപാടെടുത്ത പാര്‍ട്ടി പത്രം വ്യാവസായിക താല്‍പര്യത്തിന് വഴങ്ങുകയാണോയെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ചോദിച്ചു. കഴിഞ്ഞ മാസം സിപിഐഎം എംഎല്‍എ പി കെ ശശി നെഹ്‌റു ഗ്രൂപ്പിന്റെ പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ജിഷ്ണുവിന്റെ കുടുംബം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേശീയ ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരിക്കും പരാതി കൊടുത്തിരുന്നു. വിഷയം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയിരിക്കുന്നതിനിടെയാണ് സിഇഒയ്ക്ക് സിപിഐഎം മുഖപത്രം വേദിയൊരുക്കുന്ന വാര്‍ത്ത ജിഷ്ണുവിന്റെ കുടുംബം അറിഞ്ഞത്.

ദേശാഭിമാനി ‘അക്ഷരമുറ്റം’ ക്യാംപെയ്നിന്റെ സ്പോണ്‍സര്‍മാരായിരുന്നു നെഹ്റു ഗ്രൂപ്പ്. ജിഷ്ണു സംഭവത്തിന് ശേഷം ഒഴിവാക്കിയ നെഹ്റു ഗ്രൂപ്പിനെ വ്യാവസായിക താല്‍പര്യത്തിന് വേണ്ടി ദേശാഭിമാനി വീണ്ടും സമീപിക്കുന്നതിന്റെ ഭാഗമായിരുന്നു ഉദ്ഘാടന ക്ഷണമെന്ന് ആരോപണമുണ്ട്.

പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയ്. 17കാരനായ ജീഷ്ണുവിനെ 2017 ജനുവരി ആറിന് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കൂട്ടുകാര്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണുവിനെ രക്ഷിക്കാനായില്ല. കോപ്പിയടി ആരോപിച്ച് കോളേജ് അധികൃതര്‍ നടപടിയെടുത്തതിനേത്തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. കോളേജില്‍ ഇടിമുറിയും രക്തക്കറയും കണ്ടെത്തിയതോടെ കേസില്‍ ദുരൂഹതയേറി. കോളേജ് അധികൃതരില്‍ നിന്നുണ്ടായ പീഡനവും ഭീക്ഷണിയും വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. നീതി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ സമരം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ജിഷ്ണു കേസില്‍ കോളേജ് മാനേജ്മെന്റ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഒന്നാം പ്രതിയായതിനേത്തുടര്‍ന്നാണ് അനുജന്‍ പി കൃഷ്ണകുമാര്‍ സിഇഒ, സെക്രട്ടറി ചുമതലകള്‍ ഏറ്റെടുത്തത്. കേസ് അന്വേഷണം നടക്കുന്നതിനിടെ കൃഷ്ണകുമാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരുന്നു. കോളേജിനും തന്റെ സഹോദരനുമെതിരെ ഗൂഡാലോചനയുണ്ടെന്നാരോപിച്ച് കൃഷ്ണകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയുണ്ടായി. സമൂഹമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും തന്റെ ജ്യേഷ്ഠനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ കോളേജിലെത്തി ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഹ്റു ഗ്രൂപ്പിനെ തകര്‍ക്കാന്‍ ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തനം നടക്കുന്നു. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം എന്നീ ആവശ്യങ്ങളാണ് കൃഷ്ണകുമാര്‍ ഉന്നയിച്ചിരുന്നത്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT