എം.ജി സര്‍വകലാശാലയില്‍ നാനോ സയന്‍സില്‍ ഗവേഷണം ചെയ്യുന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്‍ നാളെ മുതല്‍ സര്‍വകലാശാല പടിക്കല്‍ നിരാഹാര സമരമിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കുന്നില്ലെന്ന് ആരോപിച്ചാണ് ദീപ നിരാഹാര സമരത്തിനൊരുങ്ങുന്നത്.
ഹൈക്കോടതിയുടെയും എസ്.സി എസ്.ടി കമ്മീഷന്റെയും നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് സര്‍വകലാശാലയുടെ നടപടിയെന്ന് ദീപ ദ ക്യുവിനോട് പറഞ്ഞു. 2011ലാണ് നാനോ സയന്‍സില്‍ എം.ഫിലിന് ദീപ പ്രവേശനം നേടിയത്. 2012ല്‍ എം.എഫില്‍ പൂര്‍ത്തിയാക്കിയ ദീപ 2014ല്‍ പി.എച്ച്.ഡി നടപടികള്‍ ആരംഭിച്ചു. എം.ഫില്‍ നടപടികള്‍ തുടങ്ങിയ കാലം തൊട്ട് നേരിടുന്നതാണ് ജാതി വിവേചനമെന്ന് ദീപ പറയുന്നു.
2012 ഏപ്രിലില്‍ എം.ഫില്‍ തീസിസ് പൂര്‍ത്തിയാക്കി 2014 മാര്‍ച്ചില്‍ പി.എച്ച്.ഡി അഡ്മിഷന്‍ ലഭിക്കുന്നത് വരെയുള്ള കാലയളവില്‍ ഐ.ഐ.യു.സി.എന്‍.എന്‍ (ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) അടിമയെപ്പോലെ തീസിസ് കറക്ഷന്‍, പേപ്പര്‍ ഇവാലുവേഷന്‍ തുടങ്ങി മറ്റു ജോലികള്‍ ചെയ്യിപ്പിച്ചുവെന്നും ദീപ ആരോപിക്കുന്നു.
2011 മുതല്‍ തുടങ്ങുന്ന ജാതി വിവേചനം
വിഷയത്തില്‍ കുറ്റക്കാരായ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ കളരിക്കലിനെ ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദീപ സമരത്തിനൊരുങ്ങുന്നത്.
'2011 മാര്‍ച്ചിലാണ് ഐ.ഐ.യു.സി.എന്‍.എന്നില്‍ എം.എഫിലിന് പ്രവേശനം നേടുന്നത്. എം.ഫില്‍ പഠനത്തിന്റെ ഭാഗമായുള്ള ആറ് മാസ പ്രൊജക്ടിന് ദളിത് ഇതര വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയ്ക്ക് പുറത്തുള്ള പ്രമുഖ ക്യാംപസുകളില്‍ അവസരങ്ങള്‍ ഒരുക്കി നല്‍കുകയും ദളിത് വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം ഒഴിവാക്കുകയും ചെയ്തു. അന്ന് ഐ.ഐ.യു.സി.എന്‍.എന്നില്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന ഡോ. നന്ദകുമാര്‍ കളരിക്കല്‍ ഞങ്ങള്‍ പഠിക്കുന്ന സ്വന്തം സ്ഥാപനത്തില്‍ പോലും പ്രൊജക്ട് വര്‍ക്കിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞു. തുടര്‍ന്ന് അന്നത്തെ ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടറായിരുന്ന പ്രൊഫ. സാബു തോമസിനെ കണ്ട് പരാതി പറഞ്ഞതിന് ശേഷമാണ് സര്‍വകലാശാലയില്‍ പ്രൊജക്ട് ചെയ്യാന്‍ സാധിച്ചത്. ഈ നന്ദകുമാര്‍ ഇന്ന് ഐ.ഐ.യു.സി.എന്‍.എന്‍ ആന്‍ഡ് ഫിസിക്‌സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടറും സിന്‍ഡിക്കേറ്റ് മെമ്പറുമാണ്. സാബു തോമസ് ആണ് നിലവില്‍ എം.ജി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍.
വിസി സാബു തോമസ്, നന്ദകുമാര്‍ കളരിക്കല്‍ നടത്തുന്ന ജാതി വിവേചനത്തെ പിന്തുണയ്ക്കുകയും തനിക്കെതിരായ ജാതി വിവേചനം തുടരുകയുമാണ്
പിന്നീട് എന്റെ എം.ഫില്‍ ഫെലോഷിപ്പ് മനപൂര്‍വ്വം തടഞ്ഞുവെച്ചു. തുടര്‍ന്ന് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് അയ്യങ്കാളി ഭവനില്‍ ചെന്ന് ഇടപെട്ടതിന് ശേഷമാണ് ഐ.ഐ.യു.സി.എന്‍.എന്‍ ഫെലോഷിപ്പ് ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ എം.എഫില്‍ പ്രോജക്ട് റിപ്പോര്‍ട്ട് നന്ദകുമാര്‍ കറക്ട് ചെയ്തില്ല. തുടര്‍ന്ന് പ്രൊഫസര്‍ സാബു തോമസ് കറക്ട് ചെയ്ത് തരികയായിരുന്നു. എന്നാല്‍ ഇത് നന്ദകുമാര്‍ എക്‌സ്‌റ്റേര്‍ണല്‍ എക്‌സാമിനര്‍ക്ക് മുന്നില്‍ വെച്ച് തള്ളിപ്പറയുകയും അദ്ദേഹത്തോട് എന്റെ എം.ഫില്‍ തീസിസ് സ്വീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് എന്റെ സമയവും പണവും നഷ്ട്‌പ്പെടുത്തി വീണ്ടും പുതിയത് സമര്‍പ്പിക്കേണ്ടി വന്നു. ഇതിന് പിന്നാലെ എന്റെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുകയും ഗവേഷണത്തിനുള്ള എന്റെ ഒരു വര്‍ഷം തടസ്സപ്പെടുത്തുകയും ചെയ്തു. വിസി സാബു തോമസ്, നന്ദകുമാര്‍ കളരിക്കല്‍ നടത്തുന്ന ജാതി വിവേചനത്തെ പിന്തുണയ്ക്കുകയും തനിക്കെതിരായ ജാതി വിവേചനം തുടരുകയുമാണ്,' ദീപ പറഞ്ഞു.
മോഷ്ടാവ് എന്ന മുദ്രകുത്തലും അധിക്ഷേപവും
2012 ഏപ്രില്‍ മാസം എം.എഫില്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 2014ലാണ് പിഎച്ച്ഡിക്ക് ജോയിന്‍ ചെയ്യുന്നത്. എന്നാല്‍ പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് സമയബന്ധിതമായി നടത്താതെ തന്നോട് വര്‍ക്ക് റിപ്പോര്‍ട്ട് (ലാബ് റിപ്പോര്‍ട്ട്) സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ദീപ പറഞ്ഞു.
വര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യമായ പഠന സാമഗ്രികള്‍ നല്‍കരുതെന്ന് ഡോ. നന്ദകുമാര്‍ ലാബ് നടത്തിപ്പുകാരിയായ ഡോ. രാജിയോട് പറഞ്ഞു. തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നും കടംവാങ്ങിയാണ് വര്‍ക്ക് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്. അത് സമര്‍പ്പിച്ചപ്പോള്‍ റോബിന്‍ അഗസ്റ്റിന്‍ എന്ന വ്യക്തിയുടെ വിവരങ്ങള്‍ മോഷ്ടിച്ചെന്ന് പറഞ്ഞ് പരസ്യമായി 50 ആളുകളുള്ള സദസ്സില്‍ വെച്ച് മോഷ്ടാവ് എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും ദീപ പറയുന്നു.
2015ല്‍ ഗൈഡുമാര്‍ ഇടപെട്ട് തീസിസ് വര്‍ക്കുകള്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയെങ്കിലും സെന്ററില്‍ അക്കാലത്തുണ്ടായിരുന്ന പ്രവീണ്‍ ഗോവിന്ദ് എന്ന സംഘപരിവാറുകാരനെ വിട്ട് തന്നെ ലാബില്‍ നിന്നും ഇറക്കിവിട്ടെന്നും ദീപ പറയുന്നു. തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടംഗ സിന്‍ഡിക്കേറ്റ് അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ഇതില്‍ നന്ദകുമാറും വി.സി സാബു തോമസും കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. നന്ദകുമാറിനെ തുടര്‍ന്നുള്ള നടപടിയെന്ന നിലയില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. നന്ദകുമാര്‍ കളരിക്കലിനെതിരെ എസ്.സി/ എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഗവര്‍ണര്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കാണാന്‍ ശ്രമിച്ചതിന് പൊലീസ് അതിന് അനുവദിക്കാതെ തന്നെ കരുതല്‍ തടങ്കലില്‍ വെച്ചു
അന്നത്തെ വി.സി സാബു സെബാസ്റ്റ്യന്‍ ഇടപെട്ട് പഠന സാമഗ്രികള്‍ ലഭ്യമാക്കിയെങ്കിലും നന്ദകുമാര്‍ ഐ.ഐ.യു.സി.എന്‍.എന്നില്‍ തുടര്‍ന്നതിനാല്‍ തനിക്ക് പിന്നീടും പല തടസ്സങ്ങളും നേരിടേണ്ടി വന്നെന്നും ദീപ പറയുന്നു.
ഹൈക്കോടതിയും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും ഇടപെട്ടു
സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. 2018ല്‍ തനിക്ക് അനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചു. ഗവേഷണം പൂര്‍ത്തിയാക്കുന്നതിന് എല്ലാ സാഹചര്യങ്ങളും ലഭ്യമാക്കണമെന്ന് വിസിയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഒന്നും നാളിതുവരെ നടപ്പായില്ലെന്നാണ് ദീപ പറയുന്നത്.
വി.സി തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഈ വിഷയം നേരിട്ട് പരിശോധിച്ച് ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ച് ദീപയുടെ ഗവേഷണം പൂര്‍ത്തീകരിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കേണ്ടതാണ് എന്നാണ് 2020 ആഗസ്റ്റ് 25ന് പട്ടിക ഗോത്ര വര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടത്. എന്നാല്‍ അതും നടപ്പായില്ല.
വിഷയം ഗവര്‍ണറെ നേരിട്ട് അറിയിക്കുന്നതിനായി ശ്രമിച്ചിരുന്നെന്നും ദീപ പറയുന്നു. ഗവര്‍ണര്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കാണാന്‍ ശ്രമിച്ചതിന് പൊലീസ് അതിന് അനുവദിക്കാതെ തന്നെ കരുതല്‍ തടങ്കലില്‍ വെച്ചുവെന്നും ദീപ പറയുന്നു.
ഭീം ആര്‍മി ജോയിന്‍ സെക്രട്ടറി അഖിലും ഭീം ആര്‍മിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ശരവണന്‍ എന്നിവരും നിരാഹാര സമരം തുടങ്ങുമെന്നും ഭീം ആര്‍മി സ്റ്റേറ്റ് പ്രസിഡന്റ് റോബിന്‍ പറഞ്ഞു.
ഭീം ആര്‍മിയുടെ പിന്തുണ
ഭീം ആര്‍മി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ദീപ സര്‍വകലാശാലയുടെ ജാതി വിവേചനത്തിനെതിരെ സമരമിരിക്കാന്‍ ഒരുങ്ങുന്നത്. ദീപയ്‌ക്കൊപ്പം ഭീം ആര്‍മി ജോയിന്‍ സെക്രട്ടറി അഖിലും ഭീം ആര്‍മിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ശരവണന്‍ എന്നിവരും നിരാഹാര സമരം തുടങ്ങുമെന്നും ഭീം ആര്‍മി സ്റ്റേറ്റ് പ്രസിഡന്റ് റോബിന്‍ പറഞ്ഞു.
' ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും ഗവേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ട പഠന സൗകര്യങ്ങളൊന്നും ദീപയ്ക്ക് ലഭ്യമാക്കുന്നില്ല. കുറച്ച് വര്‍ഷങ്ങളായി പുറത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. ഹോസ്റ്റല്‍ സൗകര്യം പോലും നല്‍കുന്നില്ല. സര്‍വകലാശാലയില്‍ നിന്നും താന്‍ നേരിടുന്ന ജാതി വിവേചനവും മറ്റും ചൂണ്ടിക്കാട്ടി ദീപ ഒന്നര മാസം മുന്നെ ഒരു ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. അങ്ങനെയാണ് വിഷയം ഭീം ആര്‍മിയുടെ ശ്രദ്ധയില്‍പെടുന്നത്. നാളെ മുതല്‍ ദീപ സര്‍വ്വകലാശാല പടിക്കല്‍ നിരാഹാരമിരിക്കാന്‍ പോവുകയാണ്. അവര്‍ക്കൊപ്പം പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി ജോയിന്‍ സെക്രട്ടറി അഖിലും ഭീം ആര്‍മിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ശരവണന്‍ എന്നിവരും നിരാഹാര സമരം തുടങ്ങുമെന്നും റോബിന്‍ പറഞ്ഞു.
സമരത്തിന്റെ ആവശ്യങ്ങള്‍
ആര്‍.ടി.ഐ ആക്ട് പ്രകാരം സര്‍വകലാശാലയില്‍ നിന്ന് രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. തന്റെ കരിയര്‍ നശിപ്പിക്കുന്നതിനായി പ്രത്യേകം തന്നെ ഉന്നം വെച്ച് അവിടുന്ന് പറഞ്ഞുവിടുക എന്ന ഉദ്ദേശമാണ് ഉണ്ടായിരിക്കുന്നതെന്ന് അതിലൂടെ മനസിലായിരിക്കുന്നതെന്നും ഒക്ടോബര്‍ 26ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദീപ പറഞ്ഞിരുന്നു.
കോടതി ഉത്തരവ് നടപ്പിലാക്കുക, പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുക, ലാബ് അനുവദിച്ചു നല്‍കുകയും ആവശ്യമായ മെറ്റീരിയലുകള്‍ ലഭ്യമാക്കുകയും ചെയ്യുക, ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുക, തടഞ്ഞുവെച്ച ഫെലോഷിപ്പ് തുക ലഭ്യമാക്കുക, വിഷയം പ്രത്യേകമായി പരിഗണിച്ചുകൊണ്ട് എക്സ്റ്റന്‍ഷന്‍ ഫീസ് ഈടാക്കാതെ തന്നെ വര്‍ഷം നീട്ടി അനുവദിക്കുക, കുറ്റക്കാരനെന്ന് കണ്ടെത്തിയ നന്ദകുമാര്‍ കളരിക്കലിനെതിരെ ഡിസ്മിസ് നടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദീപ നിരഹാരമിരിക്കാനൊരുങ്ങുന്നത്.