അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയ്ക്കെതിരെയും പങ്കാളിയായ അജിത്തിനെതിരെയും സമരസമിതിക്കെതിരെയും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് അനുപമയ്ക്ക് കുഞ്ഞിനെ കിട്ടിയതിന് ശേഷവും നടക്കുന്നത്. അജിത്തിനെതിരെ ജാതിഅധിക്ഷേപം ഉള്‍പ്പെടെയുള്ള പ്രചാരണങ്ങളും മറ്റു ഭാര്യമാരും കുട്ടികളുമുണ്ടെന്ന വ്യാജ പ്രചരണങ്ങളും 'കാള, താടി' എന്നൊക്കെ വിളിച്ചുള്ള വ്യക്തിഅധിക്ഷേപവുമാണ് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. സമരസമിതിയേയും അതിലുള്‍പ്പെട്ടവരെയും അവഹേളിച്ചുകൊണ്ടുള്ള പ്രചരണങ്ങളും സജീവമാണ്. ഒപ്പം അജിത്ത് ഒരു ദളിത് ക്രിസ്ത്യന്‍ ആണെന്നത് ജാതീയമായ അധിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കി. ഇതിനൊപ്പം സമൂഹ മാധ്യമങ്ങളിലെ വിവിധ പ്രൊഫൈലുകളിലൂടെയും, ഗ്രൂപ്പുകളിലൂടെയും വലിയ ബോഡി ഷെയിമിംഗും അജിത്ത് നേരിടുന്നുണ്ട്.
ഈ വിഷയവുമായി മുന്നിട്ടിറങ്ങിയതുമുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അജിത്ത് ദ ക്യുവിനോട് പറഞ്ഞു. വിഷയത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും അജിത്ത് പ്രതികരിച്ചു.
'വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് സര്‍ക്കാര്‍ ജോലി തരണം എന്ന് പറഞ്ഞുകൊണ്ട് വന്നിട്ടുള്ള ഒരു പോസ്റ്റ് ആണ് ഏറ്റവും പുതുതായി കണ്ടത്. സമരത്തിന് പിന്തുണ നല്‍കികൊണ്ട് വന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ പേരുള്‍പ്പെടുത്തി ഇട്ട പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. സമരസമിതിയോ ഞാനോ അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചിട്ടില്ല. ജാതിയുടെ പേരില്‍ ആക്രമിക്കുകയും മൂന്ന് ഭാര്യമാരും മൂന്ന് കുട്ടികളുമുണ്ട് എന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയുമാണ്. സി.പി.ഐ.എം സൈബര്‍ പോരാളികളാണ് ഇത് ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഇത് പാര്‍ട്ടി അറിഞ്ഞു കൊണ്ട് നടക്കുന്നതാണ്. പാര്‍ട്ടിയുടെ വ്യക്തമായ അജണ്ട തന്നെയാണ് ഇതിനു പിന്നിലുള്ളത്. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം ഷിജു ഖാനെതിരെ പറയുമ്പോള്‍ അവര്‍ തിരിച്ച് പ്രതികരിക്കുന്നത് ഈ രീതിയിലാണ്. ഈ വിഷയത്തില്‍ പൊലീസിലും സൈബര്‍ പൊലീസിലും പരാതി നല്‍കും,' അജിത്ത് ദ ക്യുവിനോട് പറഞ്ഞു.
ഇടത് അനുഭാവമുള്ള സൈബര്‍ ഇടങ്ങളില്‍ നിന്നാണ് അജിത്തിന് എതിരായ ആക്രമണങ്ങള്‍ കൂടുതലായും നടക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക പി.ഇ ഉഷ പറഞ്ഞു. അജിത്തിനെ കാള, തൊപ്പി, താടിക്കാരന്‍ തുടങ്ങിയ വാക്കുകളുപയോഗിച്ച് ബോഡി ഷെയിമിംഗ് നടത്തുകയും ' അയിത്തേ'ട്ടന്‍ എന്ന് പറഞ്ഞ് ജാതീയമായ കമന്റുകളും പോസ്റ്റുകളും വരെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഉഷ പറഞ്ഞു.
'അജിത്ത് ഒരു ദളിത് ക്രിസ്ത്യന്‍ ആയതുകൊണ്ടാണ് അയാളുടെ പുറകേ നടന്ന് വളരെ മോശമായ രീതിയില്‍ ബോഡി ഷെയ്മിംഗ് നടത്തുന്നതും അയാളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ലൈംഗികാരോപണങ്ങള്‍ നടത്തുന്നതും. മനുഷ്യനെ ജീവിക്കാന്‍ വിടാത്ത തരത്തിലുള്ള അപമാനം സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. സൈബര്‍ സഖാക്കളും സംസ്ഥാന നേതൃത്വത്തില്‍ വരെയുള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ട്. കേരളത്തിലെ ദളിതര്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടോ എന്ന ചോദ്യമാണ് ഇതില്‍ അടിവരയിട്ടു വരുന്നത്.
ഒരുവര്‍ഷം മുമ്പ് വരെ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളല്ലേ അജിത്. അന്ന് അദ്ദേഹത്തിന്റെ പേരില്‍ കേസുണ്ടായിരുന്നോ? പിന്നെ എങ്ങനെയാണ് ഇങ്ങനെ ഒരു പരാതി കൊടുക്കുമ്പോഴേക്കും ഇത്രയും നീചനായത്. കുടുംബ കോടതിയില്‍ പരസ്പര സമ്മത പ്രകാരം എടുത്തിട്ടുള്ള ഒരു വിവാഹമോചന അപേക്ഷയില്‍ പോലും അയാളെക്കുറിച്ച് ഒരു കുറ്റവും പറഞ്ഞിട്ടില്ല. വിവാഹമോചനം കേരളത്തില്‍ ആദ്യമായിട്ട് നടക്കുന്ന സംഭവം ആണോ? അജിത്തിനെ തൊപ്പി, താടി, കാള എന്നൊക്കെ വിളിക്കുന്നത് മര്യാദയാണോ? ഏറ്റവും അവസാനം കണ്ട ഒരു പോസ്റ്റില്‍ സംവരണത്തെ ആക്ഷേപിക്കുകയാണ്. അജിത്തിനെ 'അയിത്തേ'ട്ടന്‍ എന്ന് പറയുന്നതിലെ അര്‍ത്ഥം എന്താണ്? സി.പി.ഐ.എം ഗ്രൂപ്പിന്റെ വരേണ്യതയും ദളിത് വിരുദ്ധതയും വികലമായ ലൈംഗിക സങ്കല്‍പങ്ങളുമാണ് ഇതിലൂടെ തുറന്നുകാട്ടുന്നത്,' പി.ഇ ഉഷ പറഞ്ഞു.
കഴിഞ്ഞ ദിവസം 'ടീം ചെങ്കൊടിയേന്തിയ കൈകള്‍, എം സ്വരാജ് ഫാന്‍സ്' എന്ന പേജില്‍ നിന്ന് അനുപമയ്ക്കും എം.എല്‍.എ കെ.കെ രമയ്ക്കുമെതിരെ മോശമായ പ്രചരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം തന്റേതല്ലെന്ന് വ്യക്തമാക്കികൊണ്ട് എം.സ്വരാജ് തന്നെ രംഗത്തെത്തിയിരുന്നു. കെ കെ രമയേയും അനുപമയേയും 'ഒരു വെടി, രണ്ട് വെടി' എന്നിങ്ങനെ വിളിച്ച് ആക്ഷേപിക്കുന്ന തരത്തലായിരുന്നു പോസ്റ്റ്. ഇതൊക്കെ സി.പി.ഐ.എം അംഗീകരിച്ചു കൊടുത്തിരിക്കുകയാണോ? സ്വരാജ് അത് വേണ്ട എന്ന് പറഞ്ഞില്ല. പകരം തന്റെ ഉത്തരവാദിത്തം അല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ഒരു ഒളിച്ചോടല്‍ അല്ലേ എന്നാണ് ഉഷ ചോദിക്കുന്നത്.
അനുപമയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ സാംസ്‌കാരിക നായകന്മാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്. അനുപമ നടത്തുന്ന സമരത്തിനെ പിന്തുണച്ചു കൊണ്ട്, വിഷയത്തില്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തിന്റെ പോസ്റ്റര്‍ മാറ്റി എഡിറ്റ് ചെയ്ത് 'ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക' എന്ന രീതിയില്‍ പ്രചരിപ്പിക്കുകയുണ്ടായി. സംഭവം എഡിറ്റ് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ഷഫീഖ് സുബൈദ ഹക്കിം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
അനുപമയ്ക്ക് കുട്ടിയെ കിട്ടിയതോടു കൂടി സൈബര്‍ സഖാക്കള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ സി.പി.ഐ.എമ്മിലേക്കെത്തിയ പി.എസ് പ്രശാന്ത് അടക്കമുള്ളവരുടെ ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കണ്ടു. അനുപമയ്‌ക്കെതിരെയോ അജിത്തിനെതിരെയോ ആരോപണം ഉണ്ടെങ്കില്‍ നിയമപരമായി നീങ്ങുകയാണ് വേണ്ടത്. അല്ലാതെ ഇത്ര മോശമായി പ്രതികരിക്കുകയല്ല. ഇവര്‍ നന്നായി ജീവിക്കുമെന്ന് കാണുന്നതിലെ പേടിയാണോ ഇവര്‍ക്കെന്ന് അറിയില്ലെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 24നാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ വെച്ച് കുഞ്ഞിനെ കൈമാറിയത്. ദത്ത് വിവാദവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ ഗുരുതര ആരോപണങ്ങള്‍ അനുപമ ഐ.എ.എസ് നടത്തിയ വകുപ്പു തല അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പാര്‍ട്ടിയുമായി ബന്ധമുള്ള കേസില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് അനുപമ നേരത്തെ ദ ക്യുവിനോട് പറഞ്ഞിരുന്നു. അനുപമയുടെ കുഞ്ഞിനെ എടുത്തുകൊണ്ടു പോയ പിതാവ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണെന്നതും ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ സമീപനത്തെ സ്വാധിനിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.