Special Report

‘സിപിഎം അട്ടപ്പാടി പദ്ധതി എതിര്‍ക്കുന്നത് കൈക്കൂലി കിട്ടാത്തതിനാല്‍’; ഫണ്ട് സംഘടിപ്പിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസെന്ന് എച്ച്ആര്‍ഡിഎസ്

എ പി ഭവിത

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് 1,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനും 5,000 ഏക്കറില്‍ അനധികൃത പാട്ടകൃഷി നടത്താനുമുള്ള എച്ച്ആര്‍ഡിഎസിന്റെ പദ്ധതി വിവാദമായിരുന്നു.

അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വേണ്ടി തങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതി തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് എച്ച്ആര്‍ഡിഎസ് (ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി). സിപിഎമ്മിലെ ഒരു വിഭാഗം വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ടെന്നും അത് നല്‍കാത്തതാണ് വിരോധത്തിന് പിന്നിലെന്നും എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ ആരോപിച്ചു. പാലക്കാട് എം പിയും സിപിഎം നേതാവുമായ എം ബി രാജേഷ് ആവശ്യപ്പെട്ടതു പ്രകാരമാണ് അട്ടപ്പാടിയില്‍ പദ്ധതി നടപ്പാക്കാനെത്തിയത്. പിന്നീട് അദ്ദേഹം സഹകരിച്ചില്ല. സിപിഐ ഭരിക്കുന്ന പുതൂര്‍ പഞ്ചായത്തിലെ പ്രസിഡന്റിന്റെ ഭര്‍ത്താവ് പദ്ധതിയുടെ കരാര്‍ ആവശ്യപ്പെട്ടു. നല്‍കാത്തതിനാല്‍ സിപിഐ എതിര്‍ക്കുകയാണെന്നും അജി കൃഷ്ണന്‍ 'ദ ക്യൂ'വിനോട് പറഞ്ഞു.

വയനാട്ടില്‍ ആദിവാസികള്‍ക്ക് നല്‍കിയ കാര്യം കല്‍പറ്റ എംഎല്‍എ ശശിയില്‍ (സി കെ ശശീന്ദ്രന്‍) നിന്ന് അറിഞ്ഞതനുസരിച്ചാണ് എം ബി രാജേഷ് ഞങ്ങളെ അട്ടപ്പാടിയിലേക്ക് ക്ഷണിച്ചത്. ശശിയുടെ മണ്ഡലത്തിലെ പൊഴുതന പഞ്ചായത്തിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. എം ബി രാജേഷിനെ തറക്കല്ലിടാന്‍ ക്ഷണിച്ചെങ്കിലും വന്നില്ല. എ കെ ബാലന്‍ ഓഫീസ് ഉദ്ഘാടനത്തിനും എത്തിയില്ല. പദ്ധതിയുമായി പിന്നീട് സഹകരിക്കാതിരുന്നതെന്താണെന്ന് അറിയില്ല.
അജി കൃഷ്ണന്‍
ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു കൃഷ്ണന്റെ സഹോദരന്‍ അജി കൃഷ്ണനാണ് ്അട്ടപ്പാടി പദ്ധതിയുടെ നടത്തിപ്പ് ചുമതല.   

അജി കൃഷ്ണന്റെ വാദങ്ങള്‍ തള്ളി മുന്‍ എംപി എം ബി രാജേഷ് രംഗത്തെത്തി. അജി കൃഷ്ണന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് എം ബി രാജേഷ് 'ദ ക്യൂ'വിനോട് പ്രതികരിച്ചു. വയനാട്ടിലെ പദ്ധതിയുടെ മാതൃകയില്‍ അട്ടപ്പാടിയിലും അത് നടപ്പാക്കാന്‍ പിന്തുണ തേടി തന്നെ സമീപിക്കുകയായിരുന്നു. സി കെ ശശീന്ദ്രന്‍ എംഎല്‍എ എച്ച്ആര്‍ഡിഎസിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ പദ്ധതിയുമായി സഹകരിച്ചിരുന്നു. അവരുടെ സമീപനത്തില്‍ മാറ്റം വന്നു. പല വ്യവസ്ഥകളും അവര്‍ മുന്നോട്ട് വച്ചു. സിഎസ്ആര്‍ ഫണ്ടുകള്‍ സംഘടിപ്പിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഏജന്‍സിയുടെ വക്താവായി നിന്ന് പണം കണ്ടെത്തി കൊടുക്കാന്‍ കഴിയാത്തതിനാല്‍ പിന്മാറി. ഇടനിലക്കാരനാകാന്‍ പറ്റില്ലായിരുന്നു. ഇതിന് പിന്നില്‍ പല താല്‍പര്യങ്ങളും ഉണ്ടെന്ന് പലരും ശ്രദ്ധയില്‍ പെടുത്തി. രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായതിനാല്‍ അതിന്റെ ഭാഗമാകാന്‍ താല്‍പര്യമുണ്ടായില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.

പദ്ധതിയെ എതിര്‍ക്കുന്ന ഒറ്റപ്പാലം സബ്കളക്ടര്‍ ജെറോമിക് ജോര്‍ജ് മതംമാറ്റ ലോബിയുടെ ആളാണെന്ന് അജി കൃഷ്ണന്‍ ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് എച്ച്ആര്‍ഡിഎസിന്റെ തീരുമാനം. ആദിവാസികളുടെ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ ആരുടേയും അനുമതി വേണ്ട. വീടുകള്‍ക്ക് ഉറപ്പ് പോരെന്നും സുരക്ഷിതത്വ പ്രശ്നമുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന പട്ടിക വര്‍ഗ വികസന വകുപ്പ് റിപ്പോര്‍ട്ടും സൊസൈറ്റി തള്ളി. പദ്ധതിയുടെ ഭാഗമായുള്ള 192 വീടുകള്‍ പൂര്‍ത്തിയായെന്നും 108 എണ്ണത്തിന്റെ നിര്‍മ്മാണം ഉടന്‍ കഴിയുമെന്നും അജി കൃഷ്ണന്‍ അവകാശപ്പെട്ടു. വൈദ്യുതി ലഭിച്ചാല്‍ ഉടമകള്‍ക്ക് വീടുകള്‍ കൈമാറും. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് സൊസൈറ്റിയുടെ തീരുമാനം. കേരള ഗവര്‍ണര്‍ പി സദാശിവവും കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ മുണ്ടെയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും എച്ച്ആര്‍ഡിഎസ്

“പദ്ധതി രാഷ്ട്രീയ താല്‍പര്യത്തോടെ തന്നെ”

ഞങ്ങള്‍ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട്. ബിജെപിയുടെ പ്രവര്‍ത്തകരാണ് ഞങ്ങള്‍. ബിജെപി ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ്. സിഎസ്ആര്‍ ഫണ്ട് വടക്കേ ഇന്ത്യയിലെ വന്‍കിട ഗ്രൂപ്പുകള്‍ കൈവശപ്പെടുത്തിയിരുന്നതാണ്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് എച്ച്ആര്‍ഡിഎസിന് ലഭിച്ച് തുടങ്ങിയത്. ഞങ്ങളുടെ സ്വാധീനവും ഇടപെടലും കൊണ്ടാണ് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്ന് കത്ത് കൊടുത്തിട്ടാണ് പല കമ്പനികളുടെയും സിഎസ്ആര്‍ ഫണ്ടുകള്‍ തന്നത്. ; എച്ച്ആര്‍ഡിഎസ്

ബിജെപി പ്രദേശിക നേതൃത്വം നല്‍കിയ പട്ടികയിലുള്ളവര്‍ക്കാണ് വീട് നല്‍കിയതെന്നാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം. എച്ച് ആര്‍ ഡി എസിന്റെ പ്രസിഡന്റായ എസ് കൃഷ്ണകുമാര്‍ ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതും ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നതും ചൂണ്ടിക്കാണിക്കുന്നു. ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു കൃഷ്ണന്‍ അട്ടപ്പാടി പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടറുമായിരുന്നു. ബിജുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം എച്ച്ആര്‍ഡിഎസിന്റെ ഫേസ്ബുക്ക് പേജില്‍ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും ആരോപണങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

പാട്ടകൃഷിയുടെ കരാറില്‍ ദുരൂഹതയുണ്ടെന്നും ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് എച്ച്ആര്‍ഡിഎസ് ഭൂമി കൈയടക്കുകയാണെന്നും വിമര്‍ശനമുയരുന്നുണ്ട്. കോര്‍പ്പറേറ്റ് ഫണ്ടിന്റെ ഒരു വീതം ഉപയോഗിച്ച് ഊരുകളില്‍ കടന്നുകയറി ബിജെപിയ്ക്ക് വേണ്ടി പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കുകയാണ് എച്ച്ആര്‍ഡിഎസ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദിവാസി ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കലക്ടറുടെ അനുമതി വേണമെന്ന നിയമം പാലിച്ചില്ലെന്നും പാട്ടകൃഷി പാടില്ലെന്നും കാണിച്ച് പട്ടിക വര്‍ഗ വികസന വകുപ്പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച വീടുകള്‍ക്ക് കൈവശവാകാശ രേഖ നല്‍കാനാവില്ലെന്ന നിലപാടിലാണ് ഷോളയൂര്‍, അഗളി, പതൂര്‍ പഞ്ചായത്തുകളും.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT