'കേരളത്തിന്റെ ഹീറോകളായിരുന്നു മത്സ്യത്തൊഴിലാളികള്‍. തരംതാണ നിലയിലാണ് ഇപ്പോള്‍ ഞങ്ങളെ കാണുന്നത്. വീടുകളിലിരിക്കുകയാണ്. സൗജന്യ റേഷന്‍ തന്നിട്ട് അത് മാത്രം വേവിച്ച് കഴിക്കാനാണോ സര്‍ക്കാര്‍ പറയുന്നത്'.
പേരൂര്‍ക്കട മാര്‍ക്കറ്റില്‍ മത്സ്യവില്‍പ്പന നടത്തുന്ന ജാനറ്റ് പ്ലീറ്റര്‍ ചോദിക്കുന്നു.
കേരളത്തിന്റെ തീരമേഖലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. ട്രോളിംഗ് നിരോധനത്തിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളും വന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കടലില്‍ പോകാനാകുന്നില്ല. ഇതോടെ സംസ്ഥാനത്തെ 169000 മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ സൗജന്യ റേഷനും കൊവിഡ് പാക്കേജും വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നു.
എല്ലാ വര്‍ഷവും ഈ മാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാറുള്ള സഹായം മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 1500 രൂപ വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കാറുള്ളതാണ്. ഒരുമാസത്തേക്കുള്ള അരിയും പലവ്യഞ്ജനകിറ്റും നല്‍കണം. അല്ലെങ്കില്‍ മറ്റൊരു ദുരന്തത്തിലേക്കായിരുന്നു മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ നീങ്ങുക. പട്ടിണിയാകും.ടി പീറ്റര്‍, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കടലില്‍ പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും മീന്‍ പിടിക്കാന്‍ പോകേണ്ടെന്ന് തീരുമാനിച്ചവരാണ് വേളിയിലെ മത്സ്യത്തൊഴിലാളികള്‍. കോറോണ വ്യാപനം തടയുന്നതിന് വേണ്ടിയായിരുന്നു സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഈ ഗ്രാമങ്ങള്‍ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് മത്സ്യത്തൊഴിലാളിയായ ആന്റോ പറയുന്നു. വരുമാനം നിലച്ചു. കടം കൂടുന്നു. അരി വാങ്ങാനും കുട്ടികളും ഫീസടയ്ക്കാനും പണമില്ല. നല്ല ഭക്ഷണം പോലും കുട്ടികള്‍ക്ക് കൊടുത്തിട്ട് മാസങ്ങളായി. മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങള്‍ മത്സ്യഫെഡില്‍ നിന്നും ബാങ്കില്‍ നിന്നും ലോണെടുത്താണ് വാങ്ങിയത്. അതിന്റെ തിരിച്ചടവ് മുടങ്ങിയിട്ട് മാസങ്ങളായി.
ഞങ്ങള്‍ ദരിദ്രരായി. പട്ടിണിയിലായി. 25 വര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള ജീവിതമാണ് ഇപ്പോള്‍ ഉള്ളത്. ഞങ്ങള്‍ സമരത്തിനില്ല.സര്‍ക്കാരിന്റെ കൂടെയാണ്. തിരിച്ച് എന്താണ് ഞങ്ങള്‍ക്ക് തരുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് കടാശ്വാസം പ്രഖ്യാപിക്കണം. ഇന്‍ഷുറന്‍സ് പുതുക്കാനുള്ള സാവകാശം തരണം. സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ട് പോകാനാകൂ. മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞു.ആന്റോ
പുരുഷന്‍മാര്‍ക്ക് കടലില്‍ പോകാനായില്ലെങ്കിലും സ്ത്രീകള്‍ മത്സ്യവില്‍പ്പന നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അത് മുടങ്ങിയതോടെ കുടുംബം മുന്നോട്ട് കൊണ്ടു പോകാനാകാത്ത സ്ഥിതിയാണെന്ന് ഇവര്‍ പറയുന്നു.
തൊഴില്‍രഹിതരായ യുവാക്കള്‍ മത്സ്യക്കച്ചവടത്തിലേക്ക് മാറിയതും സ്ത്രീകള്‍ക്ക് തിരിച്ചടിയായി. പുരുഷന്‍മാരുടെ കൈയ്യിലായി ഇതും. കൊവിഡ് കഴിഞ്ഞാലും മീന്‍ കച്ചവടം ഉണ്ടാകില്ല. മത്സ്യം വാങ്ങരുതെന്ന് പ്രചരിപ്പിക്കുന്നതും കച്ചവടം കുറയാനിടയാക്കി.ജാനറ്റ്
തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള എല്ലാ ഹാര്‍ബറുകളും അടച്ചിട്ടിരിക്കുകയാണ്. ട്രോളിംഗ് നിരോധന കാലത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ മത്സ്യം ലഭിച്ചിരുന്നത്. അത് മുടങ്ങിയതോടെ പ്രതിസന്ധി കൂടിയെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ഏഴ് മാസമായിട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലിയ വള്ളങ്ങള്‍ കടലില്‍ പോയിട്ടില്ല. മത്തിയും അയലയും ലഭിക്കുന്നില്ല. ലോക്ഡൗണിന് ശേഷം ചെറിയ വള്ളങ്ങള്‍ക്ക് കടലില്‍ പോകാന്‍ അനുമതി ലഭിച്ചു. മെയ് 28ന് വലിയ വള്ളങ്ങളും പോകാന്‍ തീരുമാനിച്ചെങ്കിലും മഴ തുടങ്ങി. മഴക്കാലത്താണ് ചാള, അയല, നത്തോലി എന്നിവയാണ് കൂടുതല്‍ ലഭിക്കുക. ഒരു വള്ളം കടലിലിറക്കാന്‍ 30000 രൂപ വരെ വേണം. കടങ്ങള്‍ പെരുകുന്നു. ഇതിനിടെ ഇന്ധന വില ദിവസേന ഉയര്‍ന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ഒരാഴ്ചയായി എറണാകുളം മേഖലയില്‍ നിന്നും വള്ളങ്ങള്‍ കടലില്‍ പോകുന്നുണ്ട്. ചെമ്മീനാണ് ലഭിക്കുന്നത്. ഇതിനിടെ രണ്ടാംഘട്ട നിയന്ത്രണങ്ങള്‍ വന്നു. ചെല്ലാനത്ത് ട്രിപ്പിള്‍ ലോക് ഡൗണായി. കായലിലും മീന്‍ പിടിക്കാന്‍ പറ്റില്ല. മാര്‍ക്കറ്റുകളും അടച്ചു. പൊന്നാനി മുതല്‍ കൊല്ലം വരെയുള്ള വള്ളങ്ങള്‍ എറണാകുളത്തെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് വിറ്റിരുന്നത്. ഇതെല്ലാം ഇനി എന്ന് പഴയ രീതിയിലാകുമെന്ന് ഇവര്‍ ചോദിക്കുന്നത്.
കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച്് മീന്‍ പിടിക്കാന്‍ പോകാമെന്നാണ് ഇവര്‍ നല്‍കുന്ന ഉറപ്പ്. പല മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതും തുടരും. താല്‍ക്കാലിക സാമ്പത്തിക സഹായമല്ല വേണ്ടത്. സ്ഥിരമായ വരുമാനം ഉണ്ടാക്കാനുള്ള സൗകര്യം ഒരുക്കണം. മത്സ്യവിപണനം ശക്തിപ്പെടുത്തുന്നതിനായുള്ള നടപടി വേണം. മീനിന്റെ വില നിശ്ചയിക്കാനും അത് സംഭരിക്കാനും ഇടപെടലുണ്ടാകണം. 120 രൂപയാണ് അയലയുടെ വില. അത് അമ്പത് രൂപയ്ക്കാണ് മത്സ്യത്തൊഴിലാളിയോട് വാങ്ങുന്നത്. വില ഇങ്ങനെ ഉയരാതെ നോക്കേണ്ടത് സര്‍ക്കാരാണെന്നും ഇവര്‍ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കായി കൊറോണ പാക്കേജ് വേണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഇത് കൂടാതെ ചാള്‍സ് ജോര്‍ജ്ജ് മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്
-ഓണ്‍ലൈനിലെ മത്സ്യ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുക
-മത്സ്യഫെഡ് ഇതിന് മുന്‍കൈ എടുക്കണം
-മത്സ്യബന്ധനത്തിനും ഹാര്‍ബറുകളിലും ഇളവ് നല്‍കണം
-ഭക്ഷ്യവസ്തുക്കള്‍ നല്‍കുക
-സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക