തനിക്കെതിരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ എ എന്‍ ഷംസീറാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സിപിഐഎം എംഎല്‍എയുടെ ഇന്നത്തെ കാര്‍ സഞ്ചാരമെന്ന് സി ഒ ടി നസീര്‍. പൊലീസ് തെരയുന്ന കാറില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ഷംസീര്‍ എത്തിയത് നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ടാണെന്ന് നസീര്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു. വണ്ടി കണ്ടുകിട്ടിയില്ല എന്നാണ് പൊലീസ് തന്നോട് പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളില്‍ പിടിക്കുമെന്നും അറിയിച്ചിരുന്നു. പൊലീസിന് എല്ലാ തെളിവുകളും കൊടുത്തിട്ടുണ്ട്. തന്നെ വധിക്കാന്‍ ശ്രമിച്ചത് എ എന്‍ ഷംസീര്‍ തന്നെയാണ്. അക്രമ രാഷ്ട്രീയം അവസാനിക്കണമെങ്കില്‍ ഗൂഢാലോചന നടത്തിയവര്‍ കൂടി നിയമത്തിന് മുന്നില്‍ വരണം. നീതിക്ക് വേണ്ടി ശ്രമം തുടരുമെന്നും ഭയന്ന് പിന്മാറില്ലെന്നും നസീര്‍ വ്യക്തമാക്കി.
ഗൂഢാലോചനയ്ക്ക് ഈ വണ്ടി ഉപയോഗിച്ചു എന്ന് പറഞ്ഞത് എന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ്. എന്നിട്ട് ഷംസീറിന് ഒരു പങ്കുമില്ലെന്ന് വിശ്വസിക്കാന്‍ നമ്മളെല്ലാം പൊട്ടന്‍മാരാണോ?സി ഒ ടി നസീര്‍
തലശ്ശേരി സ്‌റ്റേഡിയത്തിന്റെ നവീകരണത്തിനായി കോടികള്‍ ചെലവഴിച്ചെന്ന അവകാശവാദത്തില്‍ വിശദീകരണം ചോദിച്ചതാണ് വധശ്രമത്തില്‍ കലാശിച്ചത്. നാല് കോടി രൂപ സ്‌റ്റേഡിയത്തിന് വേണ്ടി ചെലവഴിച്ചിട്ടില്ലെന്ന് ഏത് സാധാരണക്കാരനും തെളിയിക്കാന്‍ കഴിയും. കൊല്ലാന്‍ തന്നെയായിരുന്നു ഉദ്ദേശ്യം. എന്‍ കെ രാഗേഷും ഷംസീറും തമ്മിലുള്ള ബന്ധം തലശ്ശേരിക്കാരായ എല്ലാവര്‍ക്കും അറിയാം. ഷംസീര്‍ പറയാതെ രാഗേഷ് ഒന്നും ചെയ്യില്ല. രാഗേഷുമായി നല്ല വ്യക്തിബന്ധമാണുണ്ടായിരുന്നതെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പി ജയരാജനെതിരെ നസീര്‍ മത്സരിച്ചിരുന്നു. മെയ് 18ന് തലശ്ശേരി കായ്യത്ത് റോഡിലെ ഗേള്‍സ് സ്‌കൂള്‍ പരിസരത്ത് വെച്ച് നസീറിനെ ഒരു സംഘം ആക്രമിച്ചു. നസീറിന്റെ തലയ്ക്കും വയറിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റു. തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ എ എന്‍ ഷംസീറാണെന്ന് നസീര്‍ മൊഴി നല്‍കിയെങ്കിലും എംഎല്‍എ ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഷംസീറിന്റെ സഹോദരന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ സിഡി 6887 നമ്പര്‍ ഇന്നോവ കാറിലാണ് ഗൂഢാലോചന നടന്നതെന്നും ഷംസീറിന്റെ അനുയായിയായ എന്‍ കെ രാഗേഷാണ് നസീറിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും മുഖ്യപ്രതി പൊട്ടി സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. 6887 ഇന്നോവ കാറിനുള്ളിലിരുന്ന് കിന്‍ഫ്ര പാര്‍ക്കിന് സമീപത്ത് വെച്ചും കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനടുത്തും ഗൂഢാലോചന നടത്തിയെന്നും സന്തോഷ് പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ വാഹനം പൊലീസ് കണ്ടെത്തിയിരുന്നില്ല. ഇതിനിടയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് എംഎല്‍എ വിവാദകാറില്‍ എത്തിയത്.
സി ഒ ടി നസീര്‍ പറഞ്ഞത്
“നിയമത്തിനെ നോക്കുകുത്തിയാക്കുന്ന പരിപാടിയാണിത്. അന്വേഷണസംഘത്തിന് മൊഴി കൊടുത്തിട്ട് അതു പോലും വിലക്കെടുത്തില്ല. ഗൂഢാലോചന നടന്നത് ഈ വാഹനത്തിലാണെത് പ്രതികളുടെ മൊഴിയാണ്. ആ വാഹനത്തില്‍ തന്നെ എംഎല്‍എ സഞ്ചരിക്കുന്നത് ഏറ്റവും വലിയ തെളിവാണ്. പൊലീസും നിയമവും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലേ? അത് എങ്ങനെ പാലിക്കപ്പെടുന്നു എന്നതിനേക്കുറിച്ചുള്ള സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. വണ്ടി കണ്ടുകിട്ടിയില്ല. തെരഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് പൊലീസ് പറഞ്ഞത്. രണ്ട് ദിവസം കൊണ്ട് പിടിക്കുമെന്നും പറഞ്ഞു. ആ വണ്ടിയിലാണ് ഇത്ര പരസ്യമായി യാത്ര ചെയ്യുന്നത്. ഗൂഢാലോചനയ്ക്ക് ഈ വണ്ടി ഉപയോഗിച്ചു എന്ന് പറഞ്ഞത് എന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ്. എന്നിട്ട് ഷംസീറിന് ഒരു പങ്കുമില്ലെന്ന് വിശ്വസിക്കാന്‍ നമ്മളെല്ലാം പൊട്ടന്‍മാരാണോ?
ഉന്നതതല അന്വേഷണത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍. പൊലീസിന് എല്ലാ തെളിവും കൊടുത്തിട്ടുണ്ട്. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. പ്രതികളില്‍ ചിലരെ കിട്ടിയിട്ടുമുണ്ട്. പക്ഷെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെങ്കില്‍ ഗൂഢാലോചന നടത്തിയവര്‍ കൂടി നിയമത്തിന് മുന്നില്‍ വരണം. സുപ്രീം കോടതി വരെ കേസിന് പോകേണ്ടി വന്നാലും നീതി കിട്ടാന്‍ വേണ്ടിയുള്ള ശ്രമം തുടരും. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായിട്ട് നില്‍ക്കുമ്പോഴാണ് ആക്രമിക്കപ്പെടുന്നത്. ഈ കാലഘട്ടത്തിലും ഭയപ്പെടുത്തി എല്ലാം നേടാമെന്നും വരുതിക്ക് നിര്‍ത്താമെന്നുമുളള ധാരണയാണ് അവര്‍ക്കുള്ളത്. ഭയം കൊണ്ട് ആരും പ്രതികരിക്കില്ല എന്നാണ് അവരുടെ വിചാരവും ആത്മവിശ്വാസവും. അത് തെറ്റാണെന്ന് കാലം തെളിയിക്കുന്നുണ്ട്. പ്രതികരിക്കുന്നവരെ ഉന്മൂലനം ചെയ്യുക തന്നെയാണ് ലക്ഷ്യം. അത് കാണുമ്പോള്‍ ധൈര്യമില്ലാത്ത ചിലരൊക്കെ നിര്‍ത്തിയിട്ട് പോകും.
എന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ഷംസീര്‍ തന്നെയാണ്. അതില്‍ സംശയമില്ല. അന്വേഷണത്തിലും സംശയിക്കേണ്ട ആവശ്യമില്ല. ഷംസീറിന്റെ വലംകൈയാണ് രാഗേഷ്. ഷംസീര്‍ പറയാതെ എന്‍ കെ രാഗേഷ് ഉറങ്ങുക പോലും ചെയ്യില്ല. ഷംസീര്‍ എന്തുപറഞ്ഞാലും അനുസരിക്കുന്നയാളാണ്. രാജേഷുമായി നല്ല വ്യക്തിബന്ധമാണുണ്ടായിരുന്നത്. ഒരു തരത്തിലുള്ള വൈരാഗ്യവും ഉണ്ടായിരുന്നില്ല. ഷംസീറിനൊപ്പം ഏതുസമയത്തും ഒപ്പമുള്ള ആളാണ് രാഗേഷെന്ന് തലശ്ശേരിയിലുള്ളവര്‍ക്ക് അറിയാം. ഷംസീറിന്റെ വണ്ടിയില്‍ തന്നെ പോയാണ് ഗൂഢാലോചന നടത്തിയത്. എന്നിട്ട് ഷംസീറിന് ഒന്നും അറിയില്ലെന്നാണ് പറയുന്നത്. അങ്ങനെ അറിയില്ല എന്ന് പറഞ്ഞാല്‍ തീരുന്ന കാര്യമില്ല ഇത്.
കൊല്ലുക തന്നെയായിരുന്നു അവരുടെ 100 ശതമാനം ഉദ്ദേശ്യം. തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ഞങ്ങളില്‍ ചിലര്‍ അഭിപ്രായം പറഞ്ഞതും പ്രതിഷേധിച്ചതുമാണ് കാരണം. ഞങ്ങളുടെ പ്രതിഷേധം ജനങ്ങളില്‍ ചലനമുണ്ടാക്കിത്തുടങ്ങിയിരുന്നു. വളരെ ലാഘവത്തോടെയാണ് 4-5 കോടി രൂപ വെറുതെ എഴുതി നശിപ്പിച്ചു കളയുന്നത്. ജനങ്ങളുടെ പണമാണിത്. ആ പണം എന്തിന് വേണ്ടി ചിലവഴിച്ചു എന്നതില്‍ വ്യക്തതയില്ല. പുല്ലുവെയ്ക്കാന്‍ മൂന്ന് കോടി ചെലവെന്നാണ് പറയുന്നത്. ആ പുല്ലൊന്നും ഇപ്പോഴില്ല. 2022 ഖത്തര്‍ ലോകകപ്പിന് വേണ്ടി പുല്ലൊരുക്കിയതിന് ഇതിന്റെ അത്രയും പണം പോലും വന്നിട്ടില്ല.
ഈ സ്റ്റേഡിയത്തിന് സമപത്ത് തന്നെ മറ്റൊരു സ്റ്റേഡിയമുണ്ട്. പുല്ലുവെച്ചത് എല്ലാമുള്‍പ്പെടെ അതിന് ആകെ ചെലവായത് 99 ലക്ഷം രൂപയാണ്. ഇവിടെ പുല്ലുവെച്ചതിന് മാത്രം 3 കോടി രൂപ. നാല് കോടി രൂപ എന്ത് ചെയ്തു എന്ന് ചോദിച്ചതാണ് ഇത്രയും വലിയ പ്രശ്‌നമായത്. പുല്ലുവെച്ചതിനും മതില്‍ പുതുക്കി പണിതതിനും പെയിന്റ് അടിച്ചതിനും നാല് കോടിയായെന്നാണ് പറയുന്നത്. അത്രയും പണം അവിടെ ചെലവഴിച്ചിട്ടില്ലെന്ന് ഏതൊരു സാധാരാണക്കാരനും എളുപ്പത്തില്‍ തെളിയിക്കാവുന്ന കാര്യമാണ്. മുഴുവന്‍ പതിനാറരക്കോടിയുടെ പദ്ധതിയാണ് സ്റ്റേഡിയത്തിന്റെ നവീകരണത്തിന് വേണ്ടി പ്രഖ്യാപിച്ചത്. നാല് കോടി ചെലവാക്കിയെന്ന് കാണിച്ച് ഉദ്ഘാടനമൊക്കെ നടത്തി. പക്ഷെ പഴയതിനേക്കാള്‍ വലിയ മാറ്റമൊന്നും കാണാനില്ല. അതെങ്ങനെ വികസനമാകും?”