Special Report

'നീ വേണം ഈ മോശം അഭിപ്രായം മാറ്റാന്‍': അന്നയുടെ ജീവനെടുത്ത കോര്‍പ്പറേറ്റ് സമ്മര്‍ദങ്ങള്‍

ക്ലോക്കിനൊപ്പം ഓടുക എന്നതാണ് കോര്‍പ്പറേറ്റ് ലോകത്തിന്റെ രീതി. ഒരു നിമിഷത്തെ അമാന്തം കോടികളുടെ നഷ്ടം വരുത്തിവെയ്ക്കുമെന്നതിനാല്‍ ജീവനക്കാര്‍ക്കും സമ്മര്‍ദ്ദം കൂടും. എട്ട് മണിക്കൂര്‍ ജോലിയെന്ന തൊഴില്‍ നിയമമൊന്നും ഇവിടെ ബാധകമാകില്ല. പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് കേവലം ഒരു മണിക്കൂര്‍ പോലും ഉറങ്ങാനാകാറില്ല എന്നതാണ് സത്യം. ജോലിഭാരവും വിശ്രമമില്ലായ്മയും പലരെയും മാനസിക സമ്മര്‍ദ്ദത്തിലാക്കും. മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സ തേടുന്നവരും കൂടിയ ഡോസിലെ ഗുളികകള്‍ കഴിക്കുന്നവരുമായ ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ സമ്മര്‍ദ്ദം ഒട്ടനവധി ചെറുപ്പക്കാരുടെ ജീവനുമെടുത്തിട്ടുണ്ട്. ചിലര്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തും. മറ്റ് ചിലര്‍ അകാലരോഗികളാകും. ഇത്തരം രോഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ അവരുടെ ജീവനുമെടുത്തേക്കാം. ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുന്ന യുവതീയുവാക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ നാം ദിവസവുമെന്നവണ്ണം മാധ്യമങ്ങളിലൂടെ അറിയുന്നുമുണ്ട്.

കോര്‍പ്പറേറ്റ് ലോകത്തിന്റെ ഈ തൊഴില്‍ രീതികള്‍ക്ക് മാറ്റം വരുത്താനും യുവാക്കളുടെ ജോലി ഭാരം ഒരു പരിധി വരെയെങ്കിലും കുറയ്ക്കാനുമാണ് തങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് കൊച്ചി കങ്ങരപ്പടി സ്വദേശി സിബി ജോസഫ് പറയുന്നത്. സിബി ജോസഫും ഭാര്യ അനിതയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അവരുടെ മകള്‍ അന്ന സെബാസ്റ്റ്യന്റെ മരണത്തിലൂടെയാണ്. പൂനെയിലെ ഏണസ്റ്റ് യംഗ്(ഇ.വൈ) എന്ന ഓഡിറ്റിംഗ് സ്ഥാപനത്തിലെ ഓഡിറ്ററായിരുന്ന അന്ന ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സ് മാത്രമുണ്ടായിരുന്ന അന്നയുടെ ജീവനെടുത്തത് അമിത ജോലിഭാരവും വിശ്രമമില്ലായ്മയുമാണ്.

അമിത ജോലിഭാരമാണ് തന്റെ മകളുടെ ജീവനെടുത്തതെന്ന് ചൂണ്ടിക്കാട്ടി അന്ന മരിച്ചതിന് തൊട്ടുപിന്നാലെ തന്നെ അനിത ഇ.വൈ പൂനെ ഓഫീസിലേക്ക് കത്ത് മെയില്‍ ചെയ്തിരുന്നു. ഇന്ന് സെപ്തംബര്‍ ഇരുപതിന് അന്ന മരിച്ചിട്ട് അറുപത് ദിവസം തികഞ്ഞു. ഇത്രയും ദിവസമായിട്ടും ഈ കത്തിന് യാതൊരു മറുപടിയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പന്ത്രണ്ട് ദിവസം മുമ്പ് ഇ.വൈയുടെ ഇന്ത്യയിലെ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് വീണ്ടും കത്തയച്ചപ്പോഴാണ് ഒരു അനുശോചന സന്ദേശമെങ്കിലും തങ്ങള്‍ക്ക് ലഭിച്ചതെന്നും പൂനെ ഓഫീസിലേക്ക് അയച്ച മെയില്‍ ഏതോ വിധത്തില്‍ ചോരുകയായിരുന്നുവെന്നും സിബി ദ ക്യൂവിനെ അറിയിച്ചു. താമസസ്ഥലത്ത് കുഴഞ്ഞ് വീണ അന്നയെ ആശുപത്രിയിലെത്തിച്ചെങ്കിലും കമ്പനി പ്രതിനിധികളാരും ആശുപത്രിയിലെത്തിയില്ല. പിന്നീട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോരാനും ഇവരുടെ സഹായമൊന്നും ലഭിച്ചില്ല. സംസ്‌കാര ചടങ്ങുകള്‍ക്കും കമ്പനിയില്‍ നിന്നും ആരും എത്തിയിരുന്നില്ലെന്നും സിബി കൂട്ടിച്ചേര്‍ത്തു.

നിരവധി വന്‍കിട കോര്‍പ്പറേറ്റുകളുടെ ഓഡിറ്റിംഗ് ജോലികള്‍ നിര്‍വഹിക്കുന്ന കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യയുടെ പൂനെ ഓഫീസില്‍ മാര്‍ച്ച് 18നാണ് അന്ന ജോലിയ്ക്ക് കയറിയത്. ഫെബ്രുവരിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കോഴ്സ് പാസായ അന്നയുടെ ആദ്യ ജോലിയായിരുന്നു ഇത്. 'അമിത ജോലിഭാരം കാരണം ഒട്ടേറെ പേര്‍ ജോലി രാജിവച്ചു. നീ വേണം ഈ മോശം അഭിപ്രായം മാറ്റാന്‍' എന്നാണ് ആദ്യ ദിവസം തന്നെ ടീം മാനേജര്‍ അന്നയോട് പറഞ്ഞത്. എന്നാല്‍ അത് ആത്മവിശ്വാസം നല്‍കി കൂടെ നിര്‍ത്താനുള്ള ശ്രമം മാത്രമാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ അന്നയ്ക്ക് മനസ്സിലായി. ജൂലൈ ഏഴിന് പൂനെയില്‍ വച്ച് നടന്ന അന്നയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നുമെത്തിയ തങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ പോലും സമയം ലഭിക്കാത്തത്ര ജോലിഭാരമുണ്ടായിരുന്നു അവള്‍ക്കെന്ന് അച്ഛന്‍ പറഞ്ഞു.

ആറ് ഓഡിറ്റ് ടീമുകളുള്ള കമ്പനിയില്‍ ഔട്ട്സൈഡ് ഇടപാടുകാരെ നോക്കുന്ന ജോലിയായിരുന്നു അന്ന ഉള്‍പ്പെട്ട ടീമിന്. മരണപ്പെടുന്ന ദിവസങ്ങളില്‍ അന്നയ്ക്ക് കൈകാര്യം ചെയ്യേണ്ടിയിരുന്നത് ബജാജ് ഓട്ടോസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നിന്റെ കണക്കുകളും. ഓഹരി വിപണിയുടെ റിസല്‍റ്റ് വരുന്ന ദിവസമായതിനാല്‍ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ രാവും പകലുമില്ലാതെയാണ് ജോലി ചെയ്യേണ്ടിയിരുന്നത്. രാത്രി പന്ത്രണ്ട് മണി വരെ ജോലി ചെയ്ത ശേഷം ഒന്നരയോടെയാണ് താമസസ്ഥലത്ത് എത്തിച്ചേരുക. അപ്പോഴേക്കും ഓഫീസില്‍ നിന്നും അധിക ജോലി ഏല്‍പ്പിച്ചുകൊണ്ടുള്ള വിളി വരുമായിരുന്നെന്നും അച്ഛന്‍ വെളിപ്പെടുത്തുന്നു. അതും തീര്‍ത്ത് തികച്ചും ഒരു മണിക്കൂര്‍ പോലും ഉറങ്ങാനാകാതെ ഏഴരയോടെ വീണ്ടും ഓഫീസിലേക്കുള്ള പുറപ്പാടായി. വീണ്ടും ഇതേ ദിനചര്യകള്‍ തന്നെ. നാല് മാസമായി ഇതുതന്നെയാണ് സംഭവിച്ചിരുന്നതെന്ന് അച്ഛന്‍ വ്യക്തമാക്കി. അന്ന തന്റെ സുഹൃത്തുക്കള്‍ക്കും അമ്മയ്ക്കും അയച്ച വാട്സ്ആപ്പ് ശബ്ദ സന്ദേശങ്ങളില്‍ ഈ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. എല്ലാവരും ഈ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇ.വൈ എന്ന സ്ഥാപനം ലോകം മുഴുവനുമുള്ള പല സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ഓഡിറ്റിംഗ് ജോലികള്‍ നിര്‍വഹിക്കുന്ന സ്ഥാപനമായതിനാല്‍ ഭാവിയിലേക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞ് അന്ന തന്നെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഒടുവില്‍ ആരോഗ്യം മോശമാകുന്നെന്ന് കണ്ട് ജോലി രാജി വച്ച് ഓഗസ്റ്റ് ഒന്ന് മുതല്‍ നാട്ടില്‍ തന്നെ തങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യം അവളെ അതിനും അനുവദിച്ചില്ല. രാജി വയ്ക്കാന്‍ തീരുമാനിച്ച തിയതിയ്ക്ക് പത്ത് ദിവസം മുമ്പ് അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു.

അന്ന ജോലി ചെയ്ത ടീമില്‍ നിന്നും ആറ് പേരാണ് ജോലിഭാരം മൂലം ഈ വര്‍ഷം രാജിവച്ചതെന്നും സിബി പറയുന്നു. മാനേജരും അസിസ്റ്റന്റ് മാനേജരും സുന്ദരവാക്കുകള്‍ പറഞ്ഞ് എല്ലാവരെയും കൂടെ നിര്‍ത്തുമെങ്കിലും യാതൊരു വിധ പിന്തുണയും നല്‍കിയിരുന്നില്ല. മാനേജര്‍ ക്രിക്കറ്റ് കളിയുടെ സമയം നോക്കി മീറ്റിംഗുകള്‍ തീരുമാനിക്കുന്നയാളാണെങ്കില്‍ അസിസ്റ്റന്റ് മാനേജരായ സ്ത്രീയാണ് രാത്രി ഒന്നരയ്ക്കും മറ്റും ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുമായി ബന്ധമില്ലാത്ത അധിക ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടല്ല, പകരം അന്നയുടെ ഗതി ഇനി ആര്‍ക്കും വരരുതെന്ന് കരുതിയിട്ടാണ് തങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്നയുടെ മരണം കോര്‍പ്പറേറ്റ് കൊലപാതകങ്ങളില്‍ ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നാണ് ഇതേക്കുറിച്ച് പ്രശസ്ത മനശ്ശാസ്ത്രജ്ഞനും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മനശ്ശാസ്ത്ര വിഭാഗം തലവനുമായ മോഹന്‍ റോയ് പറയുന്നത്. കോര്‍പ്പറേറ്റ് ജീവിതത്തില്‍ ഇത് സ്വാഭാവികം മാത്രമാണ്. കൂലിത്തൊഴിലിനും യൂണിയന്‍ ഉണ്ട് എന്നാല്‍ കോര്‍പ്പറേറ്റ് ജോലിയില്‍ അതില്ല. അതുകൊണ്ടാണ് നിരന്തരം ഇത്തരം മരണങ്ങള്‍ കോര്‍പ്പറേറ്റ് ലോകത്തുനിന്നും ഉണ്ടാകുന്നത്. ഒരു മുതലാളിയും തൊഴിലാളിയെ സുഖിപ്പിക്കാനല്ല ശ്രമിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗജന്യ താമസസ്ഥലവും ഗതാഗതവും ഭക്ഷണം ടേബിളില്‍ എത്താനുള്ള സൗകര്യവും ഒരുക്കുമ്പോള്‍ സ്ഥാപന ഉടമയ്ക്ക് ജീവനക്കാരെക്കുറിച്ചുള്ള കരുതലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതൊരു വലിയ ചൂഷണമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് തന്നെ ഒരു ബര്‍ഗര്‍ കഴിച്ച് വിശപ്പടക്കുമ്പോള്‍ മുതലാളി ലാഭിക്കുന്നത് ജീവനക്കാര്‍ ഭക്ഷണത്തിനായി പുറത്തുപോകാനെടുക്കുന്ന അവരുടെയും അതിലൂടെ തനിക്ക് ലഭിക്കുന്ന അധിക ഉല്‍പ്പാദന സമയവുമാണ്. എന്നാല്‍ ജീവനക്കാരന് നഷ്ടമാകുന്നത് അയാളുടെ ആരോഗ്യം തന്നെയുമാണെന്നും മോഹന്‍ റോയ് കൂട്ടിച്ചേര്‍ത്തു.

തൊഴിലും വ്യക്തിജീവിതവും സാമൂഹിക ജീവിതവും ഒത്തുചേര്‍ന്നാല്‍ മാത്രമാണ് ഏതൊരു മനുഷ്യനും പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കാന്‍ സാധിക്കൂ. എന്നാല്‍ വ്യക്തിജീവിതവും സാമൂഹിക ജീവിതവും നശിപ്പിച്ച് ഒരാളെ പൂര്‍ണ്ണമായും തൊഴിലിനായി മാത്രം സജ്ജരാക്കുകയെന്നതാണ് കോര്‍പ്പറേറ്റ് ലോകത്തിന്റെ നിലപാട്. തിരുവനന്തപുരം സ്വദേശിയായ ഒരാളെ ചെന്നൈയിലും ചെന്നൈ സ്വദേശിയെ തിരുവനന്തപുരത്തും ജോലിയ്ക്ക് നിയമിച്ചാണ് അവര്‍ ഈ നയം നടപ്പാക്കുന്നത്. പിന്നീട് ഫ്ളാറ്റ്, വാഹനം തുടങ്ങിയ പ്രലോഭനങ്ങളിലൂടെ ഇ.എം.ഐ കുരുക്കില്‍ പെടുത്തി ജീവനക്കാരെ അടിമകളാക്കുന്ന അടവാണ് കോര്‍പ്പറേറ്റുകളുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.എം.ഐ അടച്ചു തീര്‍ക്കണമെന്ന കാരണത്താല്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവര്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, സ്ഥാപനം ആവശ്യപ്പെടുന്നത്രയും നേരം ജോലി ചെയ്യാനും അവര്‍ നിര്‍ബന്ധിതരാകുകയാണ്. അത് മാത്രമല്ല, വര്‍ക്ക് അറ്റ് ഹോം എന്നതും കോര്‍പ്പറേറ്റുകളുടെ മറ്റൊരു ചൂഷണമാണെന്നാണ് അദ്ദേഹം പറയുന്നത്. വീട്ടിലിരുന്ന് ഒരാള്‍ ജോലി ചെയ്യുമ്പോള്‍ ഓഫീസ് മെയിന്റനന്‍സ് എന്ന അമിത ചിലവില്‍ നിന്നാണ് കോര്‍പ്പറേറ്റുകള്‍ രക്ഷപ്പെടുന്നത്. കറന്റിനും വെള്ളത്തിനും പാര്‍ക്കിംഗിനും ഒന്നും പണം മുടക്കേണ്ടി വരില്ല. കോര്‍പ്പറേറ്റ് ചെലവ് ലഭിച്ച് ഗാര്‍ഹിക ചെലവില്‍ തങ്ങളുടെ ഉല്‍പ്പാദനം ഉറപ്പാക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യുന്നു. കാരണം, വെള്ളം, കറന്റ് തുടങ്ങിയ എല്ലാവിധ ചെലവുകളും ഗാര്‍ഹിക അടിസ്ഥാനത്തില്‍ വളരെ കുറവാണ്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളെ ചൂഷണം ചെയ്യലാണ്. നമ്മുടെ സംവിധാനത്തിന്റെ കുഴപ്പങ്ങളെ കുറിച്ച് വാചാലരാകുന്ന കോര്‍പ്പറേറ്റുകള്‍ ആ സംവിധാനത്തിലെ തന്നെ പഴുതുകള്‍ കണ്ടെത്തി തടിച്ചുകൊഴുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനസികാരോഗ്യത്തിന് ചെറുപ്പക്കാര്‍ പലപ്പോഴും സഹായം തേടാറില്ലെന്നതും പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. പലര്‍ക്കും ഇതൊരു പ്രശ്നമാണെന്ന് അറിയില്ല. എന്നാല്‍ ആരോഗ്യമുള്ള ഒരു മനസ്സുണ്ടെങ്കിലേ ആരോഗ്യമുള്ള ഒരു ശരീരവും ഉണ്ടാകൂ. ഇത് രണ്ടും പരസ്പര പൂരകങ്ങളാണെന്ന് ആരും ഓര്‍ക്കാറില്ല. മാനസിക ആരോഗ്യം ദുര്‍ബലമാകുന്നത് ശാരീരിക ആരോഗ്യത്തെയും ബാധിക്കും. ഇതാണ് ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് സംഭവിക്കുന്നതെന്നും മോഹന്‍ റോയ് വ്യക്തമാക്കി. അന്ന എന്ന പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു സഹായം തേടണമെന്ന തോന്നല്‍ പോലും ഉണ്ടാകാനിടയില്ലെന്നും അതാണ് അവളുടെ മരണത്തില്‍ എത്തിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം.

അതേസമയം ഇതിനെല്ലാം കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് നിയമങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ കോര്‍പ്പറേറ്റ് സെക്ടറിനെയാണ്. ഇന്ത്യയ്ക്ക് പുറത്ത് ഇതിലും വലിയ കോര്‍പ്പറേറ്റുകള്‍ ഉള്ള രാജ്യങ്ങളില്‍ പോലും നടക്കാത്ത ദുരന്തങ്ങള്‍ ഇവിടെ സംഭവിക്കുന്നത് സര്‍ക്കാര്‍ അവയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാലാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് നമ്മുടെ സംവിധാനം എത്രമാത്രം പരാജയമാണെന്ന് തിരിച്ചറിയുന്നത്. ഒരു ജീവനക്കാരന്റെ ആരോഗ്യം നശിച്ചാല്‍ അത് തങ്ങളെയാണ് ബാധിക്കുന്നതെന്ന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ചിന്തിക്കുന്നില്ല. ജീവനക്കാരാണ് തങ്ങളുടെ മുഖ്യആസ്തിയെന്ന് കോര്‍പ്പറേറ്റുകളും തിരിച്ചറിയണം. ഹ്യൂമന്‍ റിസോഴ്സ് വിഭാഗം ജീവനക്കാരുടെ തൊഴില്‍ ജീവിതത്തിനൊപ്പം വ്യക്തി ജീവിതവും സാമൂഹിക ജീവിതവും മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേറ്റുകളുടെ ലാഭക്കൊതിക്കിരയായവരില്‍ ഒടുവിലായി വാര്‍ത്തകളില്‍ നിറയുന്ന പേര് മാത്രമാണ് അന്ന സെബാസ്റ്റ്യന്‍ എന്നത്. ഓഹരി വിപണിയില്‍ തങ്ങളുടെ നേട്ടം പതിന്മടങ്ങാക്കാന്‍ ജീവനക്കാരെ ബലിയാടുകളാക്കുന്നവരാരും ഈ മരണങ്ങളില്‍ ഉത്തരവാദികളായി മാറാറില്ല. ഒരു ടീം മാനേജരെയോ അസിസ്റ്റന്റ് മാനേജരെയോ ശിക്ഷിച്ച് കൈകഴുകലാണ് നാളിതുവരെ കണ്ടിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ജോലിയുള്ളയിടങ്ങളില്‍ അതനുസരിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കാമെന്ന ബോധത്തിലേക്ക് ആരും പോകാറില്ല. കാരണം, അത് അമിതചിലവാണല്ലോ? അതുകൊണ്ട് തന്നെ പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയരാക്കിയും ഇ.എം.ഐ പോലുള്ള ബാധ്യതകളില്‍പ്പെടുത്തിയും ഉന്നത വിദ്യാഭ്യാസം നേടിയവരെ തത്വത്തില്‍ അടിമകളാക്കി വയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നു. തങ്ങളുടെ അമിതചിലവ് ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് അമിതജോലി അടിച്ചേല്‍പ്പിക്കുന്നതിലൂടെ മനുഷ്യാവകാശം കൂടിയാണ് ഇവര്‍ ലംഘിക്കുന്നത്.

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മ്യൂസിക് ലോഞ്ചുമായി തെക്ക് വടക്ക് ടീം, 'കസകസ' ക്യാമ്പസുകളിലേക്ക്,

മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അന്ന വിളിച്ചിരുന്നു, പറഞ്ഞത് ജോലിഭാരത്തെ കുറിച്ച്, സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ചേട്ടൻ പൂസല്ല, മാസ്സാണ്; വിനായകൻ ആടിത്തകർത്ത 'തെക്ക് വടക്കി'ലെ ആദ്യഗാനം 'കസ കസ' എത്തി

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ക്രിപ്റ്റോ കറന്‍സി പ്രൊമോഷൻ വിഡിയോകൾ, സംഭവിച്ചതെന്ത്?

SCROLL FOR NEXT