വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന് ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശവും കോഴിക്കോട് ചെങ്ങോട്ടുമലയില്‍ അട്ടിമറിക്കപ്പെട്ടു. ഖനനത്തിനാനുമതിക്കായി ഡെല്‍റ്റ ഗ്രൂപ്പ് കമ്പനി സമര്‍പ്പിച്ച അപേക്ഷയില്‍ മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയെന്നാണ് കാണിച്ചിരിക്കുന്നത്. വന്യജീവി സങ്കേതവും ചെങ്ങോട്ടുമലയും തമ്മില്‍ 8.8 കിലോമീറ്റര്‍ ദൂരമാണുള്ളതെന്ന് വനംവകുപ്പ് സര്‍വേ വഴി കണ്ടെത്തി. വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളി കഴിഞ്ഞ വര്‍ഷം ഖനനത്തിന് അനുമതി നല്‍കിയതില്‍ ജില്ലാ കളക്ടറായിരുന്ന യു വി ജോസ് കമ്പനിക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് ചെങ്ങോടു മല ഖനനവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.
ചെങ്ങോടുമല ക്വാറിക്ക് അനധികൃതമായി ലൈസന്‍സ് നല്‍കിയ മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസും ക്വാറി മാഫിയയുമായുള്ള ബന്ധം വിജിലന്‍സ് അന്വേഷിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. നിലവിലെ ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി നേരത്തെ നല്‍കിയ പാരിസ്ഥിതികാനുമതി പഠനം നടത്താതെയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാരിസ്ഥിതികാനുമതി നല്‍കുന്ന സമിതിയിലെ അംഗമായ ഡി എഫ് ഒ യുടെ എതിര്‍പ്പ് അവഗണിച്ചും സമിതിയില്‍ പാരിസ്ഥിതിക വിദഗ്ധന്‍ ഇല്ലാതയും തിടുക്കപ്പെട്ടാണ് ഖനനത്തിന് അനുമതി നല്‍കിയത്. ഇതില്‍ കലക്ടര്‍ കോഴ വാങ്ങിയിരുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.
ഖനനത്തിനുള്ള പാരിസ്ഥിതിക അനുമതി നല്‍കുന്നത് ജില്ലാതല സമിതികളാണ്(District Level Environment Impact Assessment Authority) . ജില്ലാ കലക്ടര്‍, ആര്‍ഡിഒ, ഡിഎഫ്ഒ, പാരിസ്ഥിതിക വിദഗ്ധര്‍ എന്നിവരാണ് സമിതിയിലുള്ളത്. ഖനനത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച കമ്പനി സമിതിക്ക് മുമ്പാകെ പദ്ധതി വിശദീകരിക്കണം. തുടര്‍ന്ന് തൊട്ട് താഴെയുള്ള സമിതി പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. വനംവകുപ്പ്, റവന്യുവകുപ്പ്, ജിയോളജിസ്റ്റ്, ഫീല്‍ഡ് എക്‌സ്‌പേര്‍ട്ടുകള്‍, ജലവിഭവവകുപ്പ്, തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളാണ് ഇതിലുണ്ടാവുക. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കിലും വീണ്ടും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാതല സമിതിക്ക് ഉത്തരവിടാം.
ചെങ്ങോട്ടുമലയിലെ ഖനനാനുമതി നല്‍കുന്നതിന് മുമ്പുള്ള സ്ഥലപരിശോധനയില്‍ ജിയോളജിസ്റ്റും പരിസ്ഥിതി വിദഗ്ധനും ജലവിഭവവകുപ്പ് പ്രതിനിധിയും മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധിച്ച സമിതിയിലെ ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും ജിയോളജി വകുപ്പ് ഖനനത്തിന് അനുമതി നല്‍കാമെന്ന് അറിയിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ആര്‍ഡിഒ കണ്‍വീനറായ സമിതിക്ക് സമര്‍പ്പിച്ചു. ജില്ലാതല സമിതി യോഗം ചേരുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്ക് ഫീല്‍ഡ് പരിശോധന റിപ്പോര്‍ട്ട് ലഭിച്ചത്. പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് കണ്ടെത്തി. പ്രദേശവാസികള്‍ സമരം നടത്തുന്നത് പരിഗണിച്ച് വിശദമായ പരിശോധന വേണമെന്ന് സമിതിക്ക് മുമ്പാകെ ഡിഎഫ്ഒ നിലപാടെടുത്തതിനെത്തുടര്‍ന്ന് അപേക്ഷ മാറ്റിവെച്ചു. യോഗത്തിന്റെ മിനിട്‌സ് പുറത്തു വന്നപ്പോള്‍ ചെങ്ങോട്ടുമല ക്വാറിക്ക് അനുമതി നല്‍കിയിരുന്നു. ഇങ്ങനെ മാറ്റിവെച്ച അപേക്ഷയില്‍ അനുമതി നല്‍കിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് ഖനന വിരുദ്ധ സമരസമിതി ചൂണ്ടിക്കാണിക്കുന്നത്.
പാരിസ്ഥിതികാനുമതി നല്‍കിയതോടെ പ്രദേശവാസികള്‍ സമരം ശക്തമാക്കി. ചെങ്ങോട്ടുമല സന്ദര്‍ശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് അനുമതിയില്ലാതെ മരംമുറിച്ചതായി കണ്ടെത്തി കമ്പനിക്കെതിരെ കേസെടുത്തു. മരംമുറിക്കാനുള്ള അപേക്ഷ കമ്പനി സമര്‍പ്പിച്ചെങ്കിലും വനംവകുപ്പ് നിഷേധിച്ചു. ഇതിനിടെയാണ് പാലക്കാട്-തൃശ്ശൂര്‍ അതിര്‍ത്തിയില്‍ സൂര്യ ഗ്രാനൈറ്റ്‌സ് എന്ന കമ്പനിയുടെ ക്വാറിക്ക് എതിരായ ഹര്‍ജിയില്‍ കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിര്‍ദേശം കോടതിയില്‍ നിന്നുണ്ടായത്. ഇത് ചെങ്ങോട്ടുമലയിലും ബാധകമാണെന്ന് വനംവകുപ്പ് ജില്ലാ കലക്ടറെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെങ്ങോട്ടുമലയില്‍ ഖനനത്തിന് പാരിസ്ഥികാനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ വനംവകുപ്പ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇന്ത്യന്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ അനുമതിക്കായി കമ്പനി അപേക്ഷ നല്‍കി.
വനംവകുപ്പിന്റെ റിപ്പോര്‍ട്ട് പഞ്ചായത്ത് കഴിഞ്ഞ ഹിയറിംഗില്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ലൈസന്‍സിനുള്ള കമ്പനിയുടെ അപേക്ഷ കമ്മിറ്റി തള്ളിയതെന്ന് കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് ദ ക്യൂവിനോട് പറഞ്ഞു.
2010 ഓഗസ്ത് 8നാണ് മലബാര്‍ വന്യജീവി സങ്കേതം നിലവില്‍ വന്നത്. 74.22 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സങ്കേതത്തിന്റെ കോര്‍ ഏരിയ 54 ചതുരശ്ര കിലോമീറ്ററാണ്. പ്രഖ്യാപനം കഴിഞ്ഞ ഒമ്പത് വര്‍ഷമായിട്ടും വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ചിട്ടില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്നാണ് തടസ്സപ്പെട്ടത്. വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി നിശ്ചയിക്കുകയും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍ അതിന് പത്ത് കിലോമീറ്ററിനകത്ത് ഖനനത്തിന് അനുമതി നല്‍കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍. ഇത് മുന്‍നിര്‍ത്തിയുള്ള പരിശോധനയില്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ ഊരാളുങ്കല് സൊസൈറ്റിയുടെ പത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി വനംവകുപ്പ് കണ്ടെത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
പാരിസ്ഥിതികാനുമതി നല്‍കുന്ന ജില്ലാതല സമിതിക്കെതിരെയും വനംവകുപ്പ് കലക്ടര്‍ക്ക് പരാതി നല്‍കി. സമിതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും മിനിട്ട്‌സ് കൃത്യമായി തയ്യാറാക്കുന്നില്ലെന്നും പരിശോധന നടത്താതെ അനുമതി നല്‍കുന്നുമെന്നുമാണ് വനംവകുപ്പിന്റെ ആരോപണം.
ഡെല്‍റ്റാ ഗ്രൂപ്പിന്റെ അപേക്ഷയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചാല്‍ ക്വാറി തുടങ്ങുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കപ്പെടുമെന്നാണ് സമരസമിതിയുടെ ആശങ്ക. ജില്ലാ കലക്ടര്‍ നിയോഗിച്ച സമിതി ഖനനം നടത്തിയാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്നും കൂടുതല്‍ പഠനം വേണമെന്നും റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ പാരിസ്ഥിതികാനുമതി റദ്ദാക്കാന്‍ സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി തയ്യാറാകണമെന്ന് സമരസമിതി ആവശ്യപ്പെടുന്നു.