Special Report

ജാതിവിവേചനം കെട്ടിച്ചമച്ചത്; സമരം ചെയ്യുന്നത് ഇൻസ്റ്റിറ്റ്യൂട്ടിനെ നശിപ്പിക്കുന്നവർ: അടൂർ ഗോപാലകൃഷ്ണൻ

കോട്ടയത്തുള്ള കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ശങ്കർ മോഹനെതിരെ വിദ്യാർഥികൾ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ. ശങ്കർ മോഹൻ ജാതി വിവേചനം കാണിക്കുന്ന ആളല്ലെന്നും സമരം ചെയ്യുന്നവരുടെ ഉദ്ദേശം ഇൻസ്റ്റിറ്റ്യൂട്ടിനെ നശിപ്പിക്കലാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചില ജീവനക്കാർക്ക് അവരുടെ തന്നെ പ്രശ്‌നങ്ങൾ കൊണ്ട് ജോലി പോകുമെന്നായപ്പോൾ ജാതി പറഞ്ഞ് ഇറങ്ങിയിരിക്കുകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ ദ ക്യു' വിനോട് പ്രതികരിച്ചു.

ജാതി പ്രശ്‌നങ്ങളൊന്നും ഇൻസ്റ്റിറ്റ്യൂട്ടിൽ ഇല്ല. ഡയറക്ടർ അങ്ങനെ ഒരാളല്ല. സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ കത്തിൽ ഡയറക്ടർക്ക് എതിരെ പറയുന്നതെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. സമരം ചെയ്യുന്ന വിദ്യാർഥികളും ജീവനക്കാരും ജാതിവിവേചനം നേരിട്ടെന്ന് പറയുന്നതിന് വെറുതെയാണെന്നും ജാതിയൊക്കെ അവർ ഉണ്ടാക്കിയെടുക്കുന്നതാണ് എന്നും അടൂർ ഗോപാലകൃഷ്ണൻ ദ ക്യു' വിനോട് പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണൻ ദ ക്യുവിനോട്

സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ പേരിൽ ഒരു കത്ത് വന്നിരുന്നു. അതിൽ എഴുതിയിരിക്കുന്നതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. അത് പ്രചരിപ്പിക്കുന്നത് വഴി ആ ഇൻസ്റ്റിറ്റിയൂഷനെ നശിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. സമരം ചെയ്യുന്ന വിദ്യാർഥികളും ജീവനക്കാരും ജാതിവിവേചനം നേരിട്ടെന്ന് പറയുന്നത് വെറുതെയാണ്.

സ്വീപ്പിംഗ് തൊഴിലാളികൾക്ക് ജാതിവിവേചനം നേരിട്ടെന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. ജാതിയൊക്കെ അവർ ഉണ്ടാക്കി എടുക്കുന്നതാണ്. ജാതി പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരല്ല ഡയറക്ടർ ശങ്കർ മോഹനോ അവിടെ ഉള്ളവരോ. ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ അറിയാതെ ഒന്നും നടക്കില്ല. എന്നോട് കൺസൾട്ട് ചെയ്ത ശേഷം മാത്രമാണ് അതിനകത്ത് എല്ലാം നടക്കുന്നത്. അപ്പോൾ അവിടെ ഏതെങ്കിലും വിധത്തിലുള്ള അനീതി നടക്കുന്നുണ്ടെങ്കിൽ ഞാൻ അത് തടയില്ലേ.

ചില ആളുകൾക്ക് അവരുടെ തന്നെ കുഴപ്പങ്ങൾ കാരണം പുറത്താകുമെന്ന പേടി കൊണ്ടാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. അതിൽ വിദ്യാർഥികളുമുണ്ട് ജീവനക്കാരുമുണ്ട്. പണിയെടുക്കാൻ തീരെ താൽപര്യമില്ലാത്ത ചില ഉദ്യോഗസ്ഥരുണ്ട്. ഡിസംബർ ആകുമ്പോഴേക്കും അവരുടെ ടേം തീരും. അപ്പോൾ അതിന് മുമ്പ് ജോലി സംരക്ഷിക്കാനാണ് ഇപ്പോൾ ജാതി പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്.

ജാതി പറഞ്ഞ് ഏതെങ്കിലും ഒരു ഇൻസ്റ്റിറ്റിയൂഷൻ നടത്താൻ പറ്റുമോ. എല്ലാത്തിനും ഒരു മര്യാദയില്ലേ നമ്മുടെ നാട്ടിൽ. സംവരണ സീറ്റുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്നതും വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ്. റിസർവേഷൻ സീറ്റിലായാലും ആളുകളെ എടുക്കുന്നത് മാർക്കിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ വരുന്ന എല്ലാവരെയും എടുക്കാൻ പറ്റില്ലല്ലോ. അപ്പോൾ ബ്രില്ല്യന്റ് ആയവരെ കണ്ടെത്താൻ ആദ്യം നമ്മൾ 60 ശതമാനമോ 70 ശതമാനമോ ഒക്കെ മിനിമം മാർക്കായി വെക്കും.

പിന്നെ മറ്റുള്ള വിഭാഗത്തിൽ പെട്ടവരെ കൂടി അകത്തേക്ക് കൊണ്ടുവരാൻ നമ്മൾ ചെയ്യുന്നത് മിനിമം മാർക്കിന്റെ ബാർ 40 ശതമാനമോ 45 ശതമാനമോ വരെ താഴ്ത്തും. ഇത് അടൂർ ഗോപാലകൃഷ്ണനോ ഡയറക്ടർ ശങ്കർ മോഹനോ ഇരുന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. എൽ.ബി.എസ് എന്ന് പറയുന്ന ബോഡിയാണ് ഈ റിസർവേഷൻ കാര്യങ്ങളൊക്കെ ചെയ്യുന്നത്. ജാതി പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നതാണ്. ജാതി അടിസ്ഥാനത്തിലുള്ള നിബന്ധനകളെല്ലാം നമ്മൾ പാലിക്കുന്നുണ്ട്.

വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ

ശങ്കർ മോഹൻ ഡയറക്ടറായി വന്നതുമുതൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വലിയ രീതിയിലുള്ള ജാതി വിവേചനവും ദളിത് വിരുദ്ധതയുമാണ് നടക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. കെ ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിൽ സംവരണം അട്ടിമറിച്ചുകൊണ്ട് പ്രവേശനം നടത്തി. ഇതിനെതിരെ പ്രതികരിച്ച വിദ്യാർഥികൾക്ക് നേരെ കടുത്ത പ്രതികാര നടപടികളാണ് ശങ്കർ മോഹൻ സ്വീകരിച്ചത്.

ഡയറക്ടറുടെ അനാസ്ഥ മൂലം ​ഗ്രാന്റുകളും ഫെലോഷിപ്പുകളും കൃത്യമായി ലഭിക്കാതെ വന്നതോടെ ഭക്ഷണത്തിന്റെ ഫീസ് പോലും കൊടുക്കാനാകാതെ ഒരു വിദ്യാർഥിക്ക് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. സംവരണ അട്ടിമറിക്കെതിരെ കോടതിയിൽ പോയ ഒരു വിദ്യാർഥിക്ക് അനുകൂലമായ വിധി ലഭിച്ചു. അതിനർഥം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമവിരുദ്ധമായാണ് അഡ്മിഷൻ‌ നടക്കുന്നത് എന്നല്ലേ എന്നും വിദ്യാർഥികൾ ദ ക്യുവിനോട് പറഞ്ഞു.

പച്ചയായ സംവരണ അട്ടിമറിയാണ് ഇവിടെ നടക്കുന്നത്. സംവരണ സീറ്റുകളിൽ ഇവർ ആളുകളെ എടുക്കില്ല. എഡിറ്റിം​ഗ് ഡിപ്പാർട്ട്മെന്റിൽ പത്തിൽ പത്ത് സീറ്റും ജെനറൽ വിഭാ​ഗത്തിനാണ് കൊടുത്തിരിക്കുന്നത്. മറ്റ് പല ഡിപ്പാർട്ട്മെന്റുകളിലും സംവരണ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്.

സംവരണം എന്നത് ദളിതർക്കുള്ള സർക്കാരിന്റെ ഔദാര്യമാണെന്ന് കരുതുന്ന ഒരാൾ എങ്ങനെയായിരിക്കും ആ സീറ്റിൽ പഠിക്കാൻ വരുന്ന വിദ്യാർ‌ഥികളെ കാണുന്നത്. വ്യക്തി സ്വാതന്ത്ര്യങ്ങൾ പോലും ലംഘിക്കുന്ന നിബന്ധനകൾ ഉൾപ്പെടുത്തിയ ബോണ്ട് ആണ് അഡ്മിഷൻ സമയത്ത് വിദ്യാർഥികളിൽ നിന്ന് ഒപ്പിട്ട് വാങ്ങുന്നത്. ഇതുവരെ ഒരു ബാച്ച് പോലും പൂർണ്ണമായ സർട്ടിഫിക്കറ്റുകളോടുകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയിട്ടില്ല.

വലിയ ഫീസ് നൽകി പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത വിദ്യാർഥികളാണ് ഇവിടെ വരുന്നത്. അങ്ങനെ വരുന്നവരുടെ കയ്യിൽ നിന്ന് ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നു പറ‍ഞ്ഞ് വാങ്ങുന്നത് വലിയ തുകയാണ്. ഭക്ഷണത്തിന്റെ ഫീസ് കുറക്കണമെന്ന് പലതവണ ‍ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പോൾ അദ്ദേഹത്തിന്റെ മറുപടി കൂട്ടത്തിൽ ഏറ്റവും ബുദ്ദിമുട്ടുള്ള രണ്ട് കുട്ടികളുടെ ഭക്ഷണത്തിന്റെ പണം സ്പോൺസർ ചെയ്യാൻ ആളുകളെ കണ്ടെത്തി തരാം എന്നായിരുന്നു.

ഞങ്ങൾക്ക് വേണ്ടത് ചാരിറ്റിയല്ലെന്നും, എല്ലാ വിദ്യാർഥികൾക്കും ലഭിക്കുന്ന രീതിയിൽ സബ്സിഡി നിരക്കിലുള്ള ഭക്ഷണമാണെന്നും പറഞ്ഞപ്പോൾ ഡയറക്ടറുടെ മറുപടി സർക്കാർ നിങ്ങൾക്ക് തരുന്നതെല്ലാം പിന്നെ ചാരിറ്റിയല്ലേ എന്നായിരുന്നു. സംവരണത്തെ പോലും ഇത്ര വിലകുറച്ച് കാണുന്ന ഒരാൾ കെ.ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കാൻ യോ​ഗ്യനല്ല.

സ്വീപ്പിം​ഗ് തൊഴിലാളികൾ ഉന്നയിച്ച ആരോപണങ്ങൾ

ഇന്റർവ്യൂ നടത്തിയാണ് ഞങ്ങളെ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലീനിങ്ങിനായി ജോലിക്ക് എടുത്തത്. എന്നാൽ രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഡയറക്ടറുടെ വീട്ടിലെ പണികളും എടുക്കണമെന്ന് പറയുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ പണിയുടെ ഭാ​ഗമാണെന്നും, ചെയ്തില്ലെങ്കിൽ ജോലി പോകുമെന്നും പറഞ്ഞായിരുന്നു ഞങ്ങളെ കൊണ്ട് പണിയെടുപ്പിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റർ ദൂരെയാണ് ഡയറക്ടറുടെ വീട്. അവിടെ പോയപ്പോൾ ഡയറക്ടറുടെ ഭാര്യ ജാതിയേതാണെന്ന് ചോദിച്ചു. പുറത്തെ കുളിമുറിയിൽ നിന്ന് കുളിക്കാതെ അകത്ത് കയറ്റില്ല. വെള്ളം ചോദിച്ചാൽ അവരുടെ ​ഗ്ലാസിൽ കൊണ്ടുവന്ന് പുറത്തിരിക്കുന്ന ​ഗ്ലാസിലേക്ക് മുട്ടാതെ ഒഴിച്ചുതരും. ഡയറക്ടറുടെ ടൊയ്ലറ്റ് വൃത്തിയാകുന്നില്ലെന്ന് പറഞ്ഞ് കൈകൊണ്ട് ഉരച്ച് കഴുകിക്കും. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇവിടെ ഇങ്ങനൊക്കെയാണെന്ന് ചെയർമാൻ അടൂർ ​ഗോപാലകൃഷ്ണനും അറിയാമെന്നും സ്വീപ്പിം​ഗ് തൊഴിലാളികൾ ദ ക്യു വിനോട് പറഞ്ഞു.

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

നസ്രിയയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ അമ്മ, പ്രിയദർശിനി എന്ന പേരിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നത്: എം സി ജിതിൻ

മിമിക്രി കലാകാരന്മാർ നടന്മാരാകുന്ന സംസ്കാരം തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല, മലയാള സിനിമയാണ് എന്നെ പ്രചോദിപ്പിച്ചത്: ശിവകാർത്തികേയൻ

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

SCROLL FOR NEXT